ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട്

ഹജ്ജ് കര്‍മ്മങ്ങള്‍ക്കിടയില്‍ നടന്ന ഒരു സംഭവമാണ്. മിനയില്‍ വസിക്കുകയായിരുന്ന മലയാളി ഹാജിമാര്‍ക്ക് മലമൂത്രവിസര്‍ജ്ജനത്തിന് പോകാനാവുന്നില്ല. ശൗചാലയത്തിന് പുറത്ത് കാവലായി നിന്ന് ഒരു പട്ടാണി, പാകിസ്ഥാനികളെ മാത്രം അകത്ത് കയറ്റി വിടുകയാണ്. എന്റെ നാട്ടുകാരനായ ഒരാള്‍ക്ക് ധാര്‍മ്മികരോഷം അടക്കാനായില്ല. യെ ക്യാ ഹെ! യെ ടീക്...! ബാക്കി പറയാനുള്ള സാവകാശം കിട്ടുന്നതിനു മുമ്പേ മൂക്കിന് തന്നെ അടിവീണു! പട്ടാണി ഘഢാഘഢിയനാണ്. നമ്മുടെ സഹോദരന്‍ അരിഭക്ഷണം കഴിച്ച് വളര്‍ന്ന ഒരു പാവം മലയാളിയും. മൂക്കില്‍ നിന്ന് ചോര വാര്‍ത്ത് കൊണ്ട് അദ്ദേഹം നിലത്തിരുന്ന് പോയി. ഹജ്ജ് കര്‍മ്മങ്ങള്‍ക്കിടയില്‍ ദുര്‍വൃത്തിയോ വഴക്കോ പാടുള്ളതല്ല എന്ന് പ്രത്യേകം കല്‍പിക്കപ്പെട്ടതാണ്. ഹജ്ജിനു പോകുമ്പോള്‍  യാത്രയ്ക്കുവേണ്ട വിഭവങ്ങളും കരുതുക. പക്ഷേ, വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സൂക്ഷ്മത, അഥവാ തഖ്‌വയാകുന്നു എന്നും അറിയിച്ചിട്ടുണ്ട്. ബുദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ച് ജീവിക്കുക എന്നും. (സൂറതുല്‍ ബഖറ: 197)

ചില ഹാജിമാരുടെ കഥ ഇങ്ങനെയാണെങ്കില്‍, അതിലേറെ വിചിത്രമാണല്ലോ ഹജ്ജ് നടത്തിപ്പുകാരുടെ കഥ. ബിദ്അത്ത് ചെയ്യുന്നവരെയും, നമസ്‌കരിക്കാത്തവരെയും, മദ്യപിക്കുന്നവരെയുമൊക്കെ കൈകാര്യം ചെയ്യാന്‍ ശുര്‍ത്വയെ നിയോഗിച്ച രാജാക്കന്മാര്‍, അഹ്‌ലുല്‍ കിതാബുകാരുമായി കൂട്ട് കൂടുകയും, വിശ്വാസികളെ കൊന്ന് മുടിക്കാനുള്ള പദ്ധതികളൊരുക്കുകയും ചെയ്യുന്ന കാഴ്ച്ച! കഅ്ബാലയം കഴുകലും, അവിടത്തെ നമസ്‌കാരവും, ഹജ്ജുമൊന്നും ഇത്തരം ദുഷ്‌കര്‍മ്മങ്ങളില്‍ നിന്ന് അവരെ തടയുന്നുമില്ല.

റമദാനിലെ ഒരു പകലില്‍ ഭാര്യയുമായി ശയിച്ച സ്വഹാബിവര്യന്റെ കഥ കേള്‍ക്കാത്തവരായി ആരുമുണ്ടാവില്ല. അദ്ദേഹത്തിന് പറ്റിപ്പോയ അമളി നമുക്ക് സംഭവിക്കാറില്ലെന്ന് സമാധാനിക്കാനാവുമോ? തന്റെ വീഴ്ച്ചയില്‍ അദ്ദേഹം അതിയായി സങ്കടപ്പെടുകയും പരിഹാരം തേടുകയും ചെയ്തു. പാപമോചനവും, ബോണസ്സായി ഒരു കൊട്ട ഈത്തപ്പഴവും ലഭിക്കുകയും ചെയ്തു. പക്ഷേ, നമ്മുടെ വീഴ്ച്ചകള്‍ നാം തിരിച്ചറിയുന്നത് പോലുമില്ല! ഒരു റമദാനില്‍, മാസം മുഴുവന്‍, വ്യഭിചാര കഥയില്‍ അഭിരമിച്ചവരാണ് നമ്മള്‍. ഇഫ്താറിന്റെ സമയത്ത് പാപമോചനം തേടുന്നതിന് പകരം, ആ കഥതന്നെ പരസ്പരം പറഞ്ഞു രസിച്ചതിന് ഞാന്‍ സാക്ഷി. ഏതോ സ്വാമിയുടെ എന്തോ ഒന്നാണ് ജനങ്ങള്‍ക്കിപ്പോള്‍ കിട്ടിയിരിക്കുന്നത്. വാട്‌സാപ്പും, വീഡിയോയും, ട്രോളുകളും...! റമദാനാവുമ്പോഴേക്കും ഇത് പോയി മറ്റെന്തെങ്കിലും വരും.

അനാവശ്യ സംസാരങ്ങളും കലഹങ്ങളും തീര്‍ത്തും ഒഴിവാക്കേണ്ടുന്ന മാസമാണ് റമദാന്‍. അങ്ങനെ ചെയ്യാത്തവന്‍ പട്ടിണി കിടന്നിട്ട് ഒരു നേട്ടവുമില്ലെന്ന് റസൂലുല്ലാഹി(സ) പ്രത്യേകം ഉണര്‍ത്തിയതാണ്. പെരുന്നാള്‍ ദിവസം മുതല്‍ അതൊക്കെ ഹലാലാവും എന്നല്ലല്ലോ അതിനര്‍ത്ഥം. മറ്റ് പതിനൊന്ന് മാസങ്ങളിലും അല്ലാഹുവെ ഭയപ്പെട്ട് സൂക്ഷ്മതയോടെ, അഥവാ തഖ്‌വയോടെ, ജീവിക്കാനുള്ള പരിശീലനമാണത്. തഖ്‌വ വളര്‍ത്താനാണ് അല്ലാഹു വ്രതാനുഷ്ടാനം നിര്‍ബന്ധമാക്കിയത്. (സൂറതുല്‍ ബഖറഃ 183) പക്ഷേ, റമദാന്‍ ആരംഭിക്കുമ്പോള്‍ കലഹങ്ങളൊക്കെ പൊടിതട്ടിയെടുക്കുന്ന സമൂഹമാണ് നമ്മുടേത്. മാസപ്പിറവിയും, തറാവീഹും, സകാത്ത് വിതരണവും, പെരുന്നാളും, ഈദ് ഗാഹും, ഒക്കെ തര്‍ക്കം തന്നെ. എത്ര നൂറ്റാണ്ടുകളായാവോ ഇതൊക്കെ തുടങ്ങിയിട്ട്! മൂക്കുള്ള കാലം വരെ മാറാത്ത ജലദോഷങ്ങള്‍! അയല്‍വാസികളും ബന്ധുക്കളും മറ്റു പലരുമായുമുയുള്ള തര്‍ക്കങ്ങളൊക്കെ വേറെയും പലതുമുണ്ട്. റമദാന് മുമ്പും ശേഷവും അതൊക്കെ അങ്ങനെ തന്നെയുണ്ടാവും.

ഈമാന്‍ കാര്യങ്ങള്‍ ആറായിട്ടാണല്ലോ നാം എണ്ണുന്നത്. അഞ്ചെന്ന് എണ്ണുന്നവരെ കള്ളന്‍! കള്ളന്‍! എന്ന് വിളിക്കുകയും ചെയ്യും. സംസാരവും, അയല്‍പക്ക ബന്ധവും, ആതിഥ്യ മര്യാദയുമൊന്നും ഈമാന്‍ കാര്യങ്ങളില്‍ നാം പെടുത്തിയിട്ടില്ല. പക്ഷേ, അതൊക്കെ ഈമാന്‍ കാര്യങ്ങളായി തന്നെയാണ് റസൂസുല്ലാഹി(സ) പഠിപ്പിച്ചത്. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവന്‍ അയല്‍വാസിയെ ദ്രോഹിക്കാതിരിക്കട്ടെ. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവന്‍ അതിഥിയെ ബഹുമാനിക്കട്ടെ. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവന്‍ നല്ലത് പറയട്ടെ. അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ.(1) ശിര്‍ക്കിനോട് ചേര്‍ത്ത് പറയപ്പെട്ടതാണ് പൊളിവചനങ്ങള്‍. പൊളിവചനമെന്നാല്‍ കള്ളസാക്ഷ്യമാവാം, അല്ലാഹുവിന്റെ വചനങ്ങളെ ദുര്‍വ്യാഖ്യാനിക്കലാവാം, ഖുര്‍ആനിലെ പദങ്ങളുടെ വിശാലമായ അര്‍ത്ഥങ്ങളും ആശയങ്ങളും ഇല്ലെന്ന് പ്രചരിപ്പിക്കലാവാം, നിരപരാധികളെയും മഹാന്മാരായ പണ്ഡിതന്മാരെയും തീവ്രവാദികളെന്ന് വിളിക്കലാവാം. വിഗ്രഹങ്ങളാകുന്ന മാലിന്യങ്ങളെ വര്‍ജിക്കുവിന്‍, പൊളിവചനങ്ങളെയും വിട്ടകലുവിന്‍. (അല്‍ഹജ്ജ്: 30)

ഇസ്‌ലാം കാര്യങ്ങളും അങ്ങനെ തന്നെ. വിശക്കുന്നവന് ഭക്ഷണമൂട്ടുന്ന കാര്യം അവയില്‍ പെടില്ലെന്നാണ് നമ്മുടെ ധാരണ. ഇസ്‌ലാമിലെ ഏറ്റവും നല്ല കാര്യമെന്താണ് എന്ന് ചോദിക്കപ്പെട്ടപ്പോള്‍ റസൂസുല്ലാഹി (സ) പറഞ്ഞു. ഭക്ഷണമൂട്ടലും സലാം പറയലും.(2) അഗതികള്‍ക്ക് ഭക്ഷണം നല്‍കാന്‍ പരസ്പരം പ്രേരിപ്പിക്കാത്തവര്‍ വിധിനിര്‍ണ്ണയ ദിവസത്തെ നിഷേധിച്ചവനാണ് എന്ന് തീര്‍ത്തുപറഞ്ഞിരിക്കുന്നു പടച്ച റബ്ബ്. മരണാനന്തര രക്ഷാ-ശിക്ഷകളെ തള്ളിപ്പറയുന്നവനെ നീ കണ്ടിട്ടുണ്ടോ? അനാഥയെ ആട്ടിയകറ്റുന്നവനും അഗതിയുടെ ആഹാരം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനുമത്രെ അവന്‍. (അല്‍മാഊന്‍: 1-3)

ധാരാളം ധനികരുടെ സാന്നിധ്യമുള്ള ഒരു പള്ളിയില്‍ റമദാനോടനുബന്ധിച്ച് എസിയും, അതിന് മാത്രമായി വലിയ ജനറേറ്ററും വന്നിരിക്കുന്നു. തറാവീഹ് നമസ്‌കാരത്തിനിടയില്‍ വിശ്വാസികള്‍ക്ക് വിയര്‍ക്കാതിരിക്കാന്‍! തറാവീഹിന് ഇമാമായി വന്നിട്ടുള്ളത് ഝാര്‍ഖണ്ഡില്‍ നിന്നുള്ള ഒരു കൗമാരപ്രായക്കാരനാണ്. അര്‍ഷദ് മൊഈന്‍ എന്നാണ് പേര്. തകിട് ഷീറ്റ് കൊണ്ട് മേല്‍ക്കൂര പണിത പള്ളിയുടെ ടെറസ്സിലാണ് ഝാര്‍ഖണ്ഡുകാരന്‍ ഇമാമിന് പള്ളിക്കാര്‍ താമസം വിധിച്ചത്. അവനവിടെ ഒറ്റക്ക് കഴിച്ചുകൂട്ടി. അടുത്തൊരു ഹോട്ടലില്‍ നിന്ന് വരുന്ന ഉണക്കച്ചപ്പാത്തിയാണ് അവന്റെ അത്താഴവും മുത്താഴവും. ചപ്പാത്തിയല്ല, അരിയാഹാരമാണ് തന്റെ പതിവെന്ന് പള്ളിക്കാരോട് പറയാന്‍ പോലും അവന് ധൈര്യമില്ല. വിഭവ സമൃദ്ധമായ ഭക്ഷണമൊക്കെ കഴിഞ്ഞ് പള്ളിയിലെത്തുന്ന ഒരാള്‍ക്ക് പോലും പരദേശിയായ ഇയാളെ അതിഥിയായി വീട്ടിലേക്ക് വിളിക്കാനോ, വീട്ടില്‍ നിന്ന് വരുമ്പോള്‍ അയാള്‍ക്ക് അല്‍പം ഭക്ഷണം കൊണ്ട് വരാനോ ഉള്ള സന്മനസ്സുണ്ടായില്ല. ഝാര്‍ഖണ്ഡുകാരനായത് കൊണ്ടായിരിക്കണം അയാളോട് ജനങ്ങള്‍ ഇങ്ങനെ പെരുമാറിയത്. വടക്കേ ഇന്ത്യയില്‍ നിന്ന് തൊഴില്‍ തേടി വന്ന എത്രയോ മുസ്‌ലിംകള്‍ ഇന്ന് നമുക്കിടയില്‍ ജീവിക്കുന്നു. അവരോടൊക്കെ നമ്മുടെ സമീപനം ഇങ്ങനെ തന്നെ. ആകെക്കൂടി ഒരു അമീറുല്‍ ഇസ്‌ലാമിനെയാണ് നമുക്ക് പരിചയം. അവരുടെ നാട്ടില്‍ അവര്‍ അക്രമിക്കപ്പെടുകയാണെങ്കില്‍, പക്ഷേ, നമുക്ക് വല്ലാത്ത കോപം വരും. പകല്‍ മുഴുവന്‍ നോമ്പനുഷ്ടിക്കുകയും, രാത്രി നിന്ന് നമസ്‌കരിക്കുകയും, ആ നമസ്‌കാരത്തില്‍ ഖുര്‍ആന്‍ മുഴുവന്‍ കേള്‍ക്കുകയും ചെയ്യുന്ന ജനങ്ങളാണ് ഇങ്ങനെ പെരുമാറുന്നത്. തറാവീഹ് നമസ്‌കാരത്തിന് ഇമാമായി നില്‍ക്കാനുള്ള ഒരാളെയും, സ്വന്തം മഹല്ലിലോ, സംസ്ഥാനത്ത് തന്നെയോ കിട്ടിയില്ലെന്ന കാര്യം തന്നെ, ഖുര്‍ആനോട് മനുഷ്യര്‍ക്കുള്ള സ്‌നേഹത്തിന് തെളിവാണല്ലോ!

ജാഹിലിയ്യാ കാലത്ത് നമ്മളേക്കാളും മോശമായി ജീവിച്ചവരായിരുന്നു സ്വഹാബികളില്‍ പലരും. അവരില്‍ ചിലര്‍ മദ്യപിക്കുമായിരുന്നു. അലി(റ) പറയുന്നു. 'ഒരിക്കല്‍ അബ്ദുര്‍റഹ്മാനിബ്‌നു ഔഫ് ഭക്ഷണമൊരുക്കി ഞങ്ങളെ ക്ഷണിച്ചു. മദ്യവും വിളമ്പി. നമസ്‌കാര സമയമായപ്പോഴേക്കും ലഹരി തലക്ക് പിടിച്ചിരുന്നു. എന്നെയാണ് ഇമാമാക്കിയത്. അല്‍കാഫിറൂന്‍ സൂറത്ത് ഓതിയത് ഇങ്ങനെയാണ്. പറയുക: ഏ സത്യനിഷേധികളേ! നിങ്ങളാരാധിക്കുന്നതിനെ ഞാനാരാധിക്കുന്നില്ല. നിങ്ങളാരാധിക്കുന്നതിനെ ഞങ്ങളാരാധിക്കുന്നു!' അപ്പോള്‍ അല്ലാഹുവിന്റെ കല്പന വന്നു. സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്‌കാരത്തെ സമീപിക്കരുത്; നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നത് വരെ. (സൂറത്തുന്നിസാഅ്: 43) (തിര്‍മിദി)(3)

സൈദുബ്‌നു-അര്‍ഖം(റ) പറയുന്നു: 'നമസ്‌കാരത്തില്‍ ഞങ്ങള്‍ പരസ്പരം സംസാരിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ റസൂലുല്ലാഹി(സ) യുടെ പിന്നില്‍ നമസ്‌കരിക്കുന്നതിനിടയില്‍ ഞങ്ങളിലൊരാള്‍ അടുത്ത് നിന്ന ആളോട് സംസാരിച്ചുകൊണ്ടിരുന്നു. 'അങ്ങനെ അല്ലാഹുവിന്റെ കല്പന വന്നു. പ്രാര്‍ത്ഥനകളില്‍ നിങ്ങള്‍ ജാഗ്രത കൈക്കൊള്ളുവിന്‍. പ്രത്യേകിച്ചും ഉല്‍കൃഷ്ടമായ നമസ്‌കാരത്തില്‍. അനുസരണമുള്ള ദാസന്മാര്‍ നില്‍ക്കും പ്രകാരം അല്ലാഹുവിന്റെ മുമ്പില്‍ നില്‍ക്കുകയും ചെയ്യുവിന്‍. (അല്‍ബഖറ :238) (സ്വഹീഹ് മുസ്‌ലിം)(4)

ജാബിറുബ്‌നു അബ്ദില്ല പറയുന്നു: 'ജുമുഅയുടെ സമയത്ത് ശാമില്‍നിന്നുള്ള ഒരു കച്ചവടസംഘം പെരുമ്പറയടിച്ചുകൊണ്ട് മദീനയിലെത്തി. അപ്പോള്‍ നബി(സ) മിമ്പറില്‍ ഖുതുബ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പെരുമ്പറ കേട്ട് ആളുകള്‍ കച്ചവടസംഘം തങ്ങിയ ജന്നതുല്‍ ബഖീഇന്റെ ഭാഗത്തേക്ക് ഓടി. കേവലം പന്ത്രണ്ടുപേരേ പള്ളിയില്‍ അവശേഷിച്ചുള്ളൂ.' (ബുഖാരി)(5) അപ്പോള്‍ അല്ലാഹുവിന്റെ കല്പന വന്നു. വല്ല കച്ചവടമോ തമാശയോ കണ്ടാല്‍ അവര്‍ അങ്ങോട്ട് പിരിഞ്ഞുപോവുകയും നിന്നെ നിന്നപടി ഉപേക്ഷിക്കുകയും ചെയ്യുന്നുവല്ലോ. അവരോട് പറയുക: അല്ലാഹുവിങ്കലുള്ളത് കച്ചവടത്തേക്കാളും തമാശയേക്കാളും ശ്രേഷ്ഠമായതാകുന്നു. വിഭവദായകരില്‍ അത്യുത്തമനല്ലോ, അല്ലാഹു. (സൂറതുല്‍ജുമുഅ: 11) (ബുഖാരി)

നമ്മളൊന്നും ഒരിക്കലും ചെയ്യാന്‍ സാധ്യതയില്ലാത്ത കാര്യങ്ങള്‍ സ്വഹാബിമാരില്‍ ചിലര്‍ ആദ്യകാലങ്ങളില്‍ ചെയ്തു. അല്ലാഹു അവരുടെ വീഴ്ച്ചകള്‍ തിരുത്താനുള്ള കല്‍പനകളിറക്കി. ജീവിതലക്ഷ്യം മറന്ന് പോകാതിരിക്കാനുള്ള താക്കീതുകള്‍ നല്‍കി. ഇബ്‌നു മസ്ഊദ് (റ) പറയുന്നു. 'വിശ്വാസികള്‍ക്ക് ഇനിയും സമയമായില്ലയോ? ദൈവസ്മരണയാല്‍ അവരുടെ ഹൃദയങ്ങള്‍ ഭയപ്പെടുന്നതിനും? അവന്‍ അവതരിപ്പിച്ച സത്യത്തിനു മുമ്പില്‍ തലകുനിക്കുന്നതിനും? അവര്‍ പൂര്‍വകാലത്ത് വേദം ലഭിച്ചവരെപ്പോലെ ആയിപ്പോകാതിരിക്കുന്നതിനും? (സൂറതുല്‍ഹദീദ് 57:16) എന്ന് അല്ലാഹു ഞങ്ങളെ താക്കീത് ചെയ്തപ്പോള്‍, ഞങ്ങള്‍ ഇസ്‌ലാം സ്വീകരിച്ച് നാല് വര്‍ഷങ്ങളായതേ ഉണ്ടായിരുന്നുള്ളൂ.'(6) അപ്പോഴേക്കും താക്കീത് വന്നു. ഖുര്‍ആന്റെയും റസൂസുല്ലാഹി(സ)യുടെയും കല്‍പനകള്‍ വന്നപ്പോള്‍ അവര്‍ കേട്ടു, അനുസരിച്ചു. അങ്ങനെയാണ് മാനവ ചരിത്രത്തില്‍ തന്നെ തുല്യത കാണാനാവാത്ത മഹാന്മാര്‍ ഉദയം കൊണ്ടത്. അതേ ഖുര്‍ആന്‍ തന്നെയാണ് നമ്മളും ശ്രവിക്കുന്നത്. കാലം പോകും തോറും നമ്മുടെ കാര്യം ഇങ്ങനെയായി വരുന്നു!

നരകമോചനമാണ് ഏറ്റവും വലിയ രക്ഷ. അല്ലാഹുവെ ഭയന്ന് സൂക്ഷ്മതയോടെ ജീവിക്കുന്നവരാണ്, അഥവാ തഖ്‌വയുള്ളവരാണ് നരകത്തില്‍ വീഴാതെ രക്ഷപ്പെടുക. അതിനുള്ള ഭയവും സൂക്ഷ്മതയും നമ്മളിലുണ്ടാക്കാന്‍ വേണ്ടിയാണ്, നോമ്പും, ഹജ്ജും, നമസ്‌കാരവും, എല്ലാ ഇബാദത്തുകളും. നിശ്ചയം, നമസ്‌കാരം മ്ലേച്ഛകൃത്യങ്ങളില്‍നിന്നും ദുര്‍വൃത്തികളില്‍നിന്നും തടയുന്നതാകുന്നു. (അല്‍അന്‍കബൂത്ത് 29:45) പക്ഷേ, 'യാതൊരുവന്റെ നമസ്‌കാരം നീചകൃത്യങ്ങളെയും നിഷിദ്ധങ്ങളെയും തടയുന്നില്ലയോ അവന് നമസ്‌കാരമില്ല.'(7) 'ഒരുവന്റെ നമസ്‌കാരം അവനെ നീചകൃത്യങ്ങളില്‍നിന്നും നിഷിദ്ധങ്ങളില്‍നിന്നും തടയുന്നില്ലെങ്കില്‍ അതുകൊണ്ടവന്‍ അല്ലാഹുവില്‍ നിന്നുള്ള അകല്‍ച്ചയെയല്ലാതെ ഒന്നും വര്‍ധിപ്പിക്കുന്നില്ല.'(8) (ഇബ്‌നു അബീ ഹാതിം, ഇബ്‌നു ജരീര്‍) അല്ലയോ വിശ്വസിച്ചവരേ! നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കിയത് പോലെ നിങ്ങള്‍ക്കും വ്രതാനുഷ്ടാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവെ ഭയന്ന് സൂക്ഷ്മതയോടെ ജീവിക്കുന്നവരാവാന്‍ വേണ്ടി. (സൂറതുല്‍ബഖറഃ 2:183) അതിനാല്‍, പൊളിവചനങ്ങളും ദുഷ്‌കര്‍മ്മങ്ങളും ഒഴിവാക്കുന്നില്ലെങ്കില്‍, അവന്‍ ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കണമെന്ന് അല്ലാഹുവിന് നിര്‍ബന്ധമൊന്നുമില്ല (ബുഖാരി)(9) ജനങ്ങളേ! നിങ്ങള്‍ തഖ്‌വയുള്ളവരാവാന്‍ വേണ്ടി, നിങ്ങളുടെയും നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയ സകലരുടെയും സൃഷ്ടാവായ റബ്ബിന് വഴിപ്പെടുവിന്‍. (സൂറതുല്‍ബഖറഃ 2:21)

എന്നാല്‍, ആരാധനാ കര്‍മ്മങ്ങളോ, ഖുര്‍ആന്‍ വചനങ്ങളോ, സാരോപദേശങ്ങളോ ഒന്നും നമ്മുടെ ജീവിതത്തില്‍ ദൈവഭയമോ സൂക്ഷ്മതയോ ഉണ്ടാക്കാത്തതെന്തു കൊണ്ടാണ്? ലാ-ഇലാഹ-ഇല്ലല്ലാഹ് പറഞ്ഞവന് നരകമില്ല എന്നും, നരകത്തില്‍ വീണാല്‍ തന്നെ അല്‍പദിവസങ്ങള്‍ മാത്രം എന്നും (സൂറതുല്‍ബഖറ: 80) പൂര്‍വകാലത്ത് വേദം ലഭിച്ചവരെ പോലെ നമ്മളും തെറ്റിദ്ധരിച്ച് പോയോ! ലാ-ഇലാഹ-ഇല്ലല്ലാഹ് പറഞ്ഞവരെ കുരങ്ങുകളും പന്നികളുമാക്കിയ കഥ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. ഞങ്ങളുടെ റബ്ബ് അല്ലാഹുവാകുന്നു എന്ന് പ്രഖ്യാപിക്കുകയും അതില്‍ അടിയുറച്ച് നിലകൊള്ളുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ നരകമോചനമുള്ളൂ. (ഹാമീം അസ്സജദ :30-32)

നമുക്ക് ചിരിക്കാനുള്ള കാരണങ്ങള്‍ അധികമൊന്നുമില്ല. കരയാനുള്ള വക ധാരാളമുണ്ട് താനും. നമ്മുടെ തിന്മകളല്ലാതെ നാം ഭയപ്പെടേണ്ടതും സങ്കടപ്പെടേണ്ടതുമായി വേറെന്തുണ്ട്? ഇപ്പോള്‍ ഇക്കൂട്ടര്‍ ചിരിയൊന്നു കുറക്കുകയും ധാരാളം കരയുകയും ചെയ്യട്ടെ. കാരണം അവര്‍ നേടിവെച്ചിട്ടുള്ള തിന്മകളുടെ പ്രതിഫലം (അവരെ കരയിക്കുന്നതു) തന്നെയാകുന്നു. (സൂറതുത്തൗബഃ 9:82) പല വഴികളിലൂടെ സാരോപദേശങ്ങള്‍ ശറപറാ വന്ന് വീഴുകയാണ്. ആയത്തുകളും ഹദീസുകളും ഏതാണ്ട് മുഴുവനായി ജനം കേട്ടു കഴിഞ്ഞിരിക്കണം. പക്ഷേ, ജനഹൃദയങ്ങളില്‍ സ്വന്തം കര്‍മ്മദോഷങ്ങളുടെ കറ പിടിച്ചിരിക്കുകയാണ്. (സൂറതുല്‍മുതഫ്ഫിഫീന്‍: 14) മനസ്സുകള്‍ പാറപോലെയോ അതിനെക്കാള്‍ കൂടുതലോ കടുത്തുപോയി. (സൂറതുല്‍ബഖറ: 74) പാറപ്പുറത്ത് അല്‍പം മണ്ണുണ്ടായിരുന്നു. മഴ പെയ്തപ്പോള്‍ മണ്ണ് മുഴുവന്‍ ഒലിച്ചുപോയി. പാറപ്പുറം മിനുത്ത പാറപ്പുറം മാത്രമായി അവശേഷിച്ചു. (സൂറതുല്‍ബഖറഃ 2:264) ആത്മാര്‍ത്ഥമായ പശ്ചാത്താപമില്ലാതെ, ഹൃദയങ്ങളില്‍ കറ പിടിക്കുകയും, മനസ്സ് കടുത്തുപോവുകയും ചെയ്തത് കാരണം, കരയാന്‍ പോലും നമുക്കാവുന്നില്ല. സഹോദരനെ കൊന്നുകളഞ്ഞ ശേഷം, 'എന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെ ആകാന്‍ പോലും എനിക്ക് കഴിയാതെ പോയല്ലോ' എന്ന് ആദമിന്റെ പുത്രന്‍ കരഞ്ഞത് പോലെ, എനിക്ക് കരച്ചില്‍ വരുന്നില്ലല്ലോ എന്നോര്‍ത്ത് നമുക്കും കരയാം.

---- ---- ----
(1) عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلاَ يُؤْذِ جَارَهُ، وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيُكْرِمْ ضَيْفَهُ، وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ ‏"‏‏.‏ (صحيح البخاري)
(2) حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، حَدَّثَنَا اللَّيْثُ، قَالَ حَدَّثَنِي يَزِيدُ، عَنْ أَبِي الْخَيْرِ، عَنْ عَبْدِ اللَّهِ بْنِ عَمْرٍو، أَنَّ رَجُلاً، سَأَلَ النَّبِيَّ صلى الله عليه وسلم أَىُّ الإِسْلاَمِ خَيْرٌ قَالَ ‏ "‏ تُطْعِمُ الطَّعَامَ، وَتَقْرَأُ السَّلاَمَ عَلَى مَنْ عَرَفْتَ، وَعَلَى مَنْ لَمْ تَعْرِفْ ‏"‏‏.‏ (صحيح البخاري)
(3) حَدَّثَنَا عَبْدُ بْنُ حُمَيْدٍ، حَدَّثَنَا عَبْدُ الرَّحْمَنِ بْنُ سَعْدٍ، عَنْ أَبِي جَعْفَرٍ الرَّازِيِّ، عَنْ عَطَاءِ بْنِ السَّائِبِ، عَنْ أَبِي عَبْدِ الرَّحْمَنِ السُّلَمِيِّ، عَنْ عَلِيِّ بْنِ أَبِي طَالِبٍ، قَالَ صَنَعَ لَنَا عَبْدُ الرَّحْمَنِ بْنُ عَوْفٍ طَعَامًا فَدَعَانَا وَسَقَانَا مِنَ الْخَمْرِ فَأَخَذَتِ الْخَمْرُ مِنَّا وَحَضَرَتِ الصَّلاَةُ فَقَدَّمُونِي فَقَرَأْتُ ‏:‏ ‏(‏ قُلْ يَا أَيُّهَا الْكَافِرُونَ ‏)‏ لاَ أَعْبُدُ مَا تَعْبُدُونَ وَنَحْنُ نَعْبُدُ مَا تَعْبُدُونَ ‏.‏ قَالَ فَأَنْزَلَ اللَّهُ تَعَالَى ‏:‏ ‏(‏ يَا أَيُّهَا الَّذِينَ آمَنُوا لاَ تَقْرَبُوا الصَّلاَةَ وَأَنْتُمْ سُكَارَى حَتَّى تَعْلَمُوا مَا تَقُولُونَ ) (جامع الترمذي)
(4) حَدَّثَنَا يَحْيَى بْنُ يَحْيَى، أَخْبَرَنَا هُشَيْمٌ، عَنْ إِسْمَاعِيلَ بْنِ أَبِي خَالِدٍ، عَنِ الْحَارِثِ بْنِ شُبَيْلٍ، عَنْ أَبِي عَمْرٍو الشَّيْبَانِيِّ، عَنْ زَيْدِ بْنِ أَرْقَمَ، قَالَ كُنَّا نَتَكَلَّمُ فِي الصَّلاَةِ يُكَلِّمُ الرَّجُلُ صَاحِبَهُ وَهُوَ إِلَى جَنْبِهِ فِي الصَّلاَةِ حَتَّى نَزَلَتْ ‏{‏ وَقُومُوا لِلَّهِ قَانِتِينَ‏}‏ فَأُمِرْنَا بِالسُّكُوتِ وَنُهِينَا عَنِ الْكَلاَمِ ‏.‏
(صحيح مسلم)
(5) حَدَّثَنَا طَلْقُ بْنُ غَنَّامٍ، حَدَّثَنَا زَائِدَةُ، عَنْ حُصَيْنٍ، عَنْ سَالِمٍ، قَالَ حَدَّثَنِي جَابِرٌ ـ رضى الله عنه ـ قَالَ بَيْنَمَا نَحْنُ نُصَلِّي مَعَ النَّبِيِّ صلى الله عليه وسلم إِذْ أَقْبَلَتْ مِنَ الشَّأْمِ عِيرٌ، تَحْمِلُ طَعَامًا، فَالْتَفَتُوا إِلَيْهَا، حَتَّى مَا بَقِيَ مَعَ النَّبِيِّ صلى الله عليه وسلم إِلاَّ اثْنَا عَشَرَ رَجُلاً فَنَزَلَتْ ‏{‏وَإِذَا رَأَوْا تِجَارَةً أَوْ لَهْوًا انْفَضُّوا إِلَيْهَا‏}‏ (صحيح البخاري)
(6) أَنَّ ابْنَ مَسْعُودٍ، قَالَ مَا كَانَ بَيْنَ إِسْلاَمِنَا وَبَيْنَ أَنْ عَاتَبَنَا اللَّهُ بِهَذِهِ الآيَةِ ‏{‏ أَلَمْ يَأْنِ لِلَّذِينَ آمَنُوا أَنْ تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّهِ‏}‏ إِلاَّ أَرْبَعُ سِنِينَ.
(صحيح مسلم)
(7) قال ابن أبي حاتم : حدثنا محمد بن هارون المخرمي الفلاس ، حدثنا عبد الرحمن بن نافع أبو زياد ، حدثنا عمر بن أبي عثمان ، حدثنا الحسن ، عن عمران بن حصين قال : سئل النبي - صلى الله عليه وسلم - عن قول الله : ( إن الصلاة تنهى عن الفحشاء والمنكر ) قال : " من لم تنهه صلاته عن الفحشاء والمنكر ، فلا صلاة له " (ابن أبي حاتم)
(8) وقال ابن جرير : حدثنا القاسم ، حدثنا الحسين ، حدثنا خالد بن عبد الله ، عن العلاء بن المسيب ، عمن ذكره ، عن ابن عباس في قوله : (إن الصلاة تنهى عن الفحشاء والمنكر) قال : فمن لم تأمره صلاته بالمعروف وتنهه عن المنكر ، لم يزدد بصلاته من الله إلا بعدا. (ابن جرير)
(9) عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ وَالْجَهْلَ فَلَيْسَ لِلَّهِ حَاجَةٌ أَنْ يَدَعَ طَعَامَهُ وَشَرَابَهُ ‏"‏‏.
‏(صحيح البخاري

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus