വമ്പന്‍ ബിസിനസ്സ് ഡീലിന്റെ പരിണതി

പൈശാചികത പല ഭാവത്തിലും എന്നതിന്റെ ഏറ്റവും പുതിയ പതിപ്പായിരുന്നിരിക്കണം ഐ.എസ് എന്ന ദുര്‍ഭൂതത്തിന്റെ എഴുന്നള്ളിപ്പ്. ഇതിന്റെ ഉറവിടവും യഥാര്‍ഥ പ്രായോജകരും ആരാണെന്നു ലോകവും ലോകരും തിരച്ചറിഞ്ഞ സാഹചര്യത്തില്‍ പുതിയ ചില നാടകങ്ങള്‍ക്കുള്ള അരങ്ങൊരുക്കത്തിലാണ് അണിയറ ശില്‍പികള്‍. സംവിധായകന്റെ വിസില്‍ മുഴങ്ങുന്നതും കാത്തിരിക്കുകയാണ് തിരശ്ശീലക്ക് പിന്നിലെ കാവലാളുകള്‍.

കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളിലെ ചരിത്രം പരിശോധിച്ചാല്‍ മധേഷ്യയെ യുദ്ധ സാഹചര്യങ്ങളിലേക്കോ യുദ്ധ സമാന സാഹചര്യങ്ങളിലേക്കോ വലിച്ചിഴക്കുകയായിരുന്നു എന്നു ബോധ്യപ്പെടും. പുതിയ ലോകക്രമ തമ്പ്രാക്കന്മാര്‍ പ്രതിസന്ധിയിലാകുമ്പോള്‍ മധ്യേഷ്യയില്‍ പ്രതിസന്ധികളുണ്ടാക്കുക എന്ന ലളിതമായ കര്‍മ്മം അനുവര്‍ത്തിക്കുകയാണ് പതിവ്. ഇറാന്‍-പശ്ചിമേഷ്യാ യുദ്ധം. പശ്ചിമേഷ്യാ-ഇറാഖ് പോര്. അമേരിക്കന്‍ ഇറാഖ് നേര്‍ക്കു നേര്‍ പോരാട്ടം. വേള്‍ഡ് ട്രേഡ് സെന്റര്‍ വഴി അഫ്ഗാന്‍ ഓപറേഷന്‍. ഐ.എസ് പ്രഛന വേഷം. ഇതാ ഒടുവിലത്തേതിന്റെ തുടക്കം എന്ന തലക്കെട്ടില്‍ ജി.സി.സി പ്രതിസന്ധി. ഓരോന്നും നടമാടിയ കാലത്തെ ലോക പൊലീസിന്റെ അവസ്ഥയായിരുന്നു മറ്റിടങ്ങളിലെ വ്യവസ്ഥയെ തകിടം മറിച്ചതിന്റെ കാരണങ്ങള്‍ എന്നു മനസ്സിലാകും. എന്നിട്ട് ഒരു ദശകത്തിനു ശേഷം ആത്മകഥകയെഴുതി കുമ്പസരിക്കും. അതും ഇരകള്‍ തന്നെ പണം കൊടുത്തു വായിച്ച് നെടുവീര്‍പ്പിടുകയും ചെയ്യും.

രാജ്യാന്തരത്തില്‍ ഏറെ തന്ത്ര പ്രാധാന്യമുള്ള ഈജിപ്തില്‍ ജനാധിപത്യ സ്വഭാവത്തില്‍ ചരിത്രത്തിലാദ്യമായി ഒരു സര്‍ക്കാര്‍ ഉണ്ടായപ്പോള്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ ഒരു കൊച്ചു രാജ്യം അതിനെ സന്തോഷ പുര്‍വ്വം സ്വാഗതം ചെയ്തിരുന്നു. ഇത് ഒരു വലിയ പാതകമായിട്ടാണ് ആരോപിക്കുന്നത്. ഒരു പക്ഷെ ഇതായിരിക്കാം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നര്‍മ്മം. ധീരമായ നിലപാടുകളുണ്ടാകുക. ഭീകര മുദ്ര ദുരുപയോഗം ചെയ്യാതിരിക്കുക. ജനഹിതം മാനിക്കുക. വിവേകത്തോടെ മാത്രം പ്രതികരിക്കുക. അശരണരുടെ തണലാകുക. എന്നീ പാതകങ്ങള്‍ക്കാണത്രെ. പ്രദേശത്തിന്റെ മൊത്തം പരിപാലകര്‍ ഉപരോധം തീര്‍ത്തിട്ടുള്ളത്.

ഈ അന്ത്യശാസനാ വിളമ്പരം ആദ്യം സ്വാഗതം ചെയ്തത്. മധ്യേഷ്യയിലെ അര്‍ബുദമെന്നറിയപ്പെടുന്ന രാജ്യമാണെന്നതിനാല്‍ വിവേകമുള്ളവര്‍ക്കൊക്കെ കാര്യം ഗ്രഹിക്കാനായിട്ടുണ്ട്.

ഇഴജന്തുക്കളോ ക്ഷുദ്ര ജീവികളോ തല്ലിക്കൊല്ലപ്പെട്ടാല്‍ ഉണ്ടായേക്കാവുന്ന ബഹളം പോലും ഒരു മനുഷ്യന്‍ അക്രമിക്കപ്പെടുന്ന സാഹചര്യത്തിലൊ കൊല്ലപ്പെടുന്ന സാഹചര്യത്തിലൊ ഇല്ലാതായിരിക്കുന്നു. ഭീകരവാദി അല്ലെങ്കില്‍ തീവ്രവാദി എന്നു പറയുക മാത്രം ചെയ്താല്‍ മതി. ഏത്ര മഹനീയ വ്യക്തിത്വത്തേയും തുറുങ്കിലടക്കാനും തൂക്കിലേറ്റാനും ഇതു തന്നെയാണ് കുറുക്കുവഴി. ഇത്തരം നീചവും നികൃഷ്ടവുമായ സമീപനങ്ങളില്‍ ധാര്‍മ്മികതയുടെ പക്ഷത്ത് നില്‍ക്കുന്നു എന്നതും ഈ കൊച്ചു രാജ്യത്തെ ഒറ്റപ്പെടുത്താനുള്ള കരുക്കള്‍ നീക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട് എന്നതും ഖേദകരം തന്നെ.

ഐക്യരാഷ്ട്രസഭ പോലും ഖത്തറിനെതിരെയുള്ള ആരോപണങ്ങള്‍ നിരുത്തരവാദപരമാണെന്നു പ്രഖ്യാപിച്ചിട്ടുണ്ട് എന്നത് ഏറെ ആശ്വാസദായകമത്രെ. വന്‍ശക്തികളുടെ അവിഹിത സന്താനമായ സയണിസ്റ്റ് രാജ്യത്തെ ഭീതിപ്പെടുത്തുന്നവരല്ല മറിച്ച് പ്രീതിപ്പെടുത്തുന്നവരാണ് ഈ പരിസരത്തുണ്ടാവേണ്ടത് എന്ന മിനിമം പരിപാടി വന്‍ ശക്തികളുടെ കാര്‍മ്മികത്വത്തില്‍ നടക്കുമ്പോള്‍ അതിനു ഓശാന പാടുന്ന ലജ്ജാകരമായ സ്ഥിതി വിശേഷത്തിന് ലോകം സാക്ഷിയായിരിക്കുന്നു.

ലോകത്ത് പലപ്പോഴും ജനാധിപത്യ സംവിധാനങ്ങളില്‍ പോലും വീഴ്ചകള്‍ വരാറുണ്ട്. രാഷ്ട്രീയ നീക്കങ്ങളിലൂടെ അവയെല്ലാം പരിഹരിക്കപ്പെടാറുമുണ്ട്. എന്നാല്‍ ദൈവ വിശ്വാസികളായി കൊട്ടിഘോഷിക്കപ്പെടുന്ന സമൂഹങ്ങളില്‍ നടമാടുന്നത്ര വേദനാജനകമായ സ്ഥിതി വിശേഷം മറ്റെവിടേയും ദര്‍ശിക്കാനാകുന്നില്ല. ഇതു തന്നെയായിരിക്കാം ഏറ്റവും ദൗര്‍ഭാഗ്യകരമായ അവസ്ഥയും. ആഫ്രിക്കന്‍ മധ്യേഷ്യന്‍ ആസിയാന്‍ രാജ്യങ്ങളിലും സ്ഥിതിയില്‍ ഒരു മാറ്റവും ഇല്ല. വിശ്വാസത്തെ കേവലാലങ്കാരമാക്കിയതായിരിക്കാം ഇത്തരം നീതി നിഷേധങ്ങള്‍ക്ക് പ്രചോദനം.

സുര്യനസ്തമിക്കാത്ത രാജ്യങ്ങളുടെ അധിപന്മാര്‍ തിരിച്ചു പോകുമ്പോള്‍ ഓരോ പ്രദേശത്തിനും രാജ്യത്തിനും പരിഹരിക്കാന്‍ പ്രയാസമാകും വിധത്തിലുള്ള എന്തെങ്കിലും കുരുക്ക് സമ്മാനിച്ചിട്ടാണ് പടിയിറങ്ങിപ്പോയിട്ടുള്ളതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന സത്യമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അതിര്‍ത്തി തര്‍ക്കവും, ഇറാന്‍-ഗള്‍ഫ് തര്‍ക്കങ്ങളും ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും ഫലസ്തീന്‍ പ്രശ്‌നവും ഒക്കെ പെട്ടെന്നു ഗ്രഹിക്കാവുന്ന ഉദാഹരണങ്ങളാണ്. ഇതൊന്നും ഈ നൂറ്റാണ്ടിലൊ അടുത്ത നൂറ്റാണ്ടിലൊ പരിഹരിക്കപ്പെടാന്‍ പോകുന്നില്ലെന്നതും ഒരു സത്യമാണ്.

ലോകത്തുള്ള ഓരോ പ്രതിസന്ധിയും എടുത്തു പരിശോധിച്ചാല്‍ തങ്ങളുടെ ന്യായവാദങ്ങളില്‍ ഓരോരുത്തരും ഉറച്ചു നില്‍ക്കുന്നത് കാണാം. രാജ്യാന്തര ഗാത്രത്തില്‍ പടര്‍ന്നു പിടിച്ച ഇത്തരം ശാഠ്യങ്ങളില്‍ അയവു വരിക തന്നെ വേണം. ഇവ്വിധം അസ്ഥിരമായ രാജ്യാന്തര രാഷ്ടീയ അധര വ്യായാമങ്ങള്‍ മാറ്റി നിര്‍ത്തി ഒരു പുതിയ പ്രക്രിയയിലൂടെ പ്രശ്‌ന പരിഹാരത്തിനു ശ്രമിക്കാന്‍ ഉത്തമരായ സമൂഹത്തിന് ബാധ്യതയുണ്ട്. ഓരോ രാജ്യത്തേയും മത സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ മുഖാമുഖം ഇരുന്ന് അതതു പ്രദേശത്തെ ഊരാ കുരുക്കുകള്‍ അഴിക്കുക തന്നെ വേണം. ഒരു വക മുന്‍ധാരണയും ഇല്ലാതെയുള്ള തുറന്ന ചര്‍ച്ചകള്‍ ഇവ്വിഷയത്തില്‍ നടക്കണം. മാനവിക മാനുഷിക പരിഗണനകള്‍ക്കപ്പുറമുള്ള പ്രദേശിക  ദേശീയ അന്തര്‍ ദേശീയ രാഷ്ട്രീയ മാനങ്ങളൊന്നും ഇവിടെ അജണ്ടയിലുണ്ടാവരുത്.

സാന്ദര്‍ഭികമായി ഒരു ചോദ്യം പങ്കു വെയ്ക്കാം. കുറ്റാന്വേഷണ സംവിധാനത്തിലെ പ്രഥമ ചോദ്യം ഈ കൃത്യത്തിന്റെ ഗുണഭോക്താവ് ആരാണ്? ലോകത്ത് കാലാകാലങ്ങളായി പൊട്ടി പുറപ്പെട്ടു കൊണ്ടിരിക്കുന്ന ഭീകര തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി അനുമാനിക്കാന്‍ പോലും കഴിയാത്തത്ര കോടാനു കോടികളുടെ ആയുധ കച്ചവടത്തിന്റെ ഗുണഭോക്താക്കള്‍ ആരെന്ന ചോദ്യത്തെ ലോകം ഒറ്റകെട്ടായി ഉന്നയിക്കാത്തിടത്തോളം നമുക്ക് ഇരുട്ടില്‍ തപ്പാം.

ഈയിടെ നടത്തപ്പെട്ട വമ്പന്‍ ബിസിനസ്സ് ഡീലിന്റെ ആഘോഷപ്പൂത്തിരി പൊട്ടിപ്പുറപ്പെടാന്‍ പൈശാചിക ശക്തികള്‍ ശ്വാസമടക്കി കാത്തിരിക്കുമ്പോള്‍, എല്ലാം ഉടയ തമ്പുരാനില്‍ ഭരമേല്‍പിച്ച് നമുക്ക് പ്രാര്‍ഥനാ നിരതരാവാം.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics