എന്തിന്റെ പേരിലാണ് ഖത്തര്‍ ക്രൂശിക്കപ്പെടുന്നത്?

ലണ്ടന്‍ ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്നപ്രമുഖ പത്രമായ 'അല്‍ഹയാത്ത്'ല്‍ വന്ന സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈറിന്റെ പ്രസ്താവന കാര്യങ്ങളുടെ നിഗൂഢത വര്‍ധിപ്പിക്കുകയാണ് ചെയ്തത്. 'ഹമാസിനെയും ബ്രദര്‍ഹുഡിനെയും പിന്തുണക്കുന്നത് ഖത്തര്‍ അവസാനിപ്പിക്കണം' എന്നതാണ് ആ പ്രസ്താവന. കാരണം പുതിയ പ്രതിസന്ധി പൊട്ടിപുറപ്പെട്ടപ്പോള്‍ ഖത്തറിനെതിരെ തിരിയാനുള്ള കാരണമായി നാം മനസ്സിലാക്കിയിരുന്നത് ഖത്തറിലേക്ക് ചേര്‍ത്ത് പ്രചരിപ്പിക്കപ്പെട്ട പ്രസ്താവനയായിരുന്നു. ഇറാനെതിരെ കോപ്പുകൂട്ടരുതെന്നാവശ്യപ്പെടുന്ന പ്രസ്തുത പ്രസ്താവന റിയാദ് ഉച്ചകോടിയുടെ ആഹ്വാനത്തെ മറികടക്കലായിട്ടാണ് പരിഗണിക്കപ്പെടുക. അതിന്റെ അടിസ്ഥാനത്തില്‍ ചില സൗദി പത്രങ്ങള്‍ ഖത്തറിനെ 'ഇറാന്‍ ചാരന്‍' എന്നുവരെ വിശേഷിപ്പിച്ചു.

പ്രതിസന്ധിയുടെ കാരണം നിര്‍ണയിക്കുന്നതില്‍ ഏറ്റവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനൊപ്പമാണ് ഖത്തറിന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് റഷ്യന്‍ ഹാക്കര്‍മാരാണെന്ന വെളിപ്പെടുത്തലുമായി എഫ്.ബി.ഐ (Federal Bureau of Investigation) രംഗത്ത് വന്നിട്ടുള്ളത്. പ്രതിസന്ധിക്ക് തിരികൊളുത്തിയ ഹാക്കിംഗിന്റെ കേന്ദ്രത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ഖത്തറുകാര്‍ നേരത്തെ തന്നെ അമേരിക്കയോടും തുര്‍ക്കിയോടും ആവശ്യപ്പെട്ടതാണ്.

ഈയൊരു പശ്ചാത്തലത്തില്‍ അപകടകരമായ ഈ പ്രതിസന്ധിയുടെ കാരണം മനസ്സിലാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. അതേസമയം ഖത്തറിനും അവിടത്തെ ജനതക്കും എതിരെയുള്ള ഉപരോധ സമാനമായ അവസ്ഥയും മാധ്യമങ്ങളുടെ ആക്രമണവുമാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്. അപ്പോഴും ഇറാനെ ആക്രമിക്കരുതെന്ന് പറഞ്ഞതിന്റെ പേരിലാണോ അതല്ല, ഹമാസിനെയും ബ്രദര്‍ഹുഡിനെയും സഹായിക്കുന്നതിന്റെ പേരിലാണോ ഖത്തര്‍ ക്രൂശിക്കപ്പെടുന്നതെന്ന് നമുക്കറിയില്ല. ഇനി ഇതൊന്നുമല്ലാത്ത മറ്റ് വല്ല കാരണവും ഈ രാഷ്ട്രീയവും സാമ്പത്തികവുമായ യുദ്ധപ്രഖ്യാപനത്തിനുണ്ടോ എന്നും നമുക്കറിയില്ല.

വസ്തുതകള്‍ സ്ഥിരീകരിക്കാത്തതും അവ്യക്തവുമാണെങ്കിലും അതുസംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ പരിഗണിക്കപ്പെടേതാണ്. ഖത്തറിനും അവിടത്തെ ജനതക്കും മേല്‍ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ അത് തുറന്നു കാണിക്കേണ്ട മാധ്യമങ്ങള്‍ അവയുടെ ധര്‍മം നിര്‍വഹിച്ചിട്ടില്ല. പകരം ഭരണകൂടങ്ങളുടെ കുഴലൂത്തുകാരായി അവ മാറുകയാണ് ചെയ്തത്.

ഇങ്ങനെയുള്ള അവസ്ഥ അറബ് ലോകത്തെ സംബന്ധിച്ചടത്തോളം പുതുമയുള്ള ഒന്നല്ലെങ്കിലും ആരോപണങ്ങളുടെ ഭാഷ പരിഭ്രമം വളര്‍ത്തുന്നത് തന്നെയാണ്. ഇറാനെ ആക്രമിക്കരുതെന്ന് ആഹ്വാനം ചെയ്‌തെന്ന വിവരം ശരിയാണെങ്കില്‍ തന്നെ അതൊരു കുറ്റകൃത്യമായി ഞാന്‍ മനസ്സിലാക്കുന്നില്ല. വിശേഷിച്ചും അങ്ങനെയുള്ള കാഴ്ച്ചപാടും അഭിപ്രായവും വെച്ചുപുലര്‍ത്തുന്ന ചിലരെങ്കിലും ഉണ്ടായിരിക്കെ. പ്രസ്തുത കാഴ്ച്ചപ്പാടുള്ള ഒരാളാണ് ഞാന്‍. എന്നാല്‍ അതേസമയം ഇറാന്റെ രാഷ്ട്രീയ നിലപാടുകളോട് വിയോജിക്കുന്നതിനും നിലവിലെ ചില പ്രശ്‌നങ്ങളുടെ (യമന്‍ അതില്‍ എടുത്തുപറയേണ്ട ഒന്നാണ്) ഉത്തരവാദിത്വം അവര്‍ക്ക് മേല്‍ കെട്ടിവെക്കുന്നതിനും അതൊരു തടസ്സമായി മാറുന്നുമില്ല. ഇറാനെതിരെ രാഷ്ട്രീയമോ സൈനികമോ ആയ സംഘര്‍ഷത്തിന് മുതിരുന്നതിനെ കുറിച്ച് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അപ്രകാരം ഇറാനെതിരെ ഇസ്രയേലുമായി സഖ്യമുണ്ടാക്കുന്നതിനെ രാഷ്ട്രീയത്തിലെ പൊറുക്കപ്പെടാത്ത മഹാപാപമായിട്ടാണവര്‍ കണക്കാക്കുന്നത്.

ഇസ്രയേല്‍ ഹമാസിനെ ഭീകരപ്രസ്ഥാനമായിട്ടാണ് കാണുന്നത്. അതില്‍ അമേരിക്ക അവരോട് ഐക്യദാര്‍ഢ്യപ്പെടുകയും ചെയ്യുന്നുവെന്ന് മനസ്സിലാക്കുന്ന നമ്മള്‍ സൗദി വിദേശകാര്യ മന്ത്രിയില്‍ നിന്ന് പ്രതീക്ഷിച്ച ഒന്നല്ല ഇപ്പോഴുണ്ടായിരിക്കുന്നത്. ഖത്തര്‍ ഫലസ്തീനികളുടെ പ്രതിരോധത്തെ പിന്തുണക്കുന്നുവെന്നത് സൗദിയെ പ്രതികൂലമോ അനുകൂലമോ ആയി ബാധിക്കുന്ന ഒരു കാര്യമല്ലെന്നാണ് എന്റെ വാദം. അതേസമയം ഖത്തര്‍ ബ്രദര്‍ഹുഡിന് നല്‍കുന്ന പിന്തുണ അതുപോലെയല്ല. മുമ്പ് പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ ഈജിപ്തിലെ ബ്രദര്‍ഹുഡ് പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും അഭയം തേടിയത് സൗദിയിലും കുവൈത്തിലുമായിരുന്നു. ചിലരെല്ലാം അബൂദബിയിലും അഭയം തേടിയിട്ടുണ്ട്. (അവരില്‍ ഒരാളായ ഡോ. ഇസ്സുദ്ദീന്‍ ഇബ്‌റാഹീം വര്‍ഷങ്ങളോളം ശൈഖ് സായിദിന്റെ കൂടിയാലോചകനായിരുന്നു) ദോഹയില്‍ അവശേഷിക്കുന്നവരേക്കാള്‍ അവരുടെ സാന്നിദ്ധ്യം ശക്തവും ശ്രദ്ധേയവുമായിട്ടുള്ളത് ലണ്ടനിലാണെന്നും സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ. അവിടെ നിന്നും പോകേണ്ടി വന്ന പലരും തുര്‍ക്കിയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്.

ഖത്തറിലെ അമേരിക്കയുടെ അല്‍ഉദൈദ് സൈനികത്താവളത്തെ ചൊല്ലിയുള്ള ചര്‍ച്ചകളും ആശങ്കയുണ്ടാക്കുന്നതാണ്. സൈനിക താവളങ്ങള്‍ നീക്കം ചെയ്യപ്പെടേണ്ട ഒരു ന്യൂനതയായിട്ടാണ് എന്റെ തലമുറ കണ്ടിരുന്നത്. എന്നാല്‍ രാഷ്ട്രങ്ങള്‍ക്കിടയിലെ മത്സരത്തിനിടയില്‍ ഇക്കാലത്ത് അറബ് മണ്ണിലെ വൈദേശിക സാന്നിദ്ധ്യം മാറില്‍ പ്രദര്‍ശിപ്പിക്കുന്ന കീര്‍ത്തിമുദ്രയായി മാറിയിരിക്കുകയാണ്.

വന്‍രാഷ്ട്രങ്ങളുടെ മേല്‍ക്കോയ്മക്കെതിരെയുള്ള പോരാട്ടത്തിന്റെ കാലം അവസാനിച്ചിരിക്കുന്നുവെന്നും, അവയുടെ സംരക്ഷണവും അടുപ്പവും നേടുന്നതിനായിരിക്കുന്നു പുതിയ പോരാട്ടങ്ങള്‍ എന്നും മനസ്സിലാക്കുമ്പോള്‍ അതുണ്ടാക്കുന്ന ഞെട്ടല്‍ വിട്ടുമാറുന്നില്ല. തൂണുകള്‍ തകര്‍ന്നടിയുകയും കാരണവന്‍മാര്‍ ഇല്ലാതാവുകയും ചെയ്ത അറബ് ഭവനത്തിലെ സഹോദരങ്ങള്‍ക്കിടയിലെ ഏറ്റുമുട്ടല്‍ പോലെയാണിത്. നല്ല ഒരു പരിണതിയായിരിക്കില്ല അതുണ്ടാക്കുക. അത് സംഭവിക്കാതിരിക്കണമെങ്കില്‍ അതിനെതിരെ നാം ശബ്ദമുയര്‍ത്തേണ്ടതുണ്ട്. ഞങ്ങളുടെ പേരില്‍ ഇത് ചെയ്യരുതെന്ന് മുദ്രാവാക്യമുയര്‍ത്തണം.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics