എന്തുകൊണ്ട് അവര്‍ അല്‍ജസീറയെ ഉന്നം വെക്കുന്നു?

1996 നവംബര്‍ 1 അറബ് സമൂഹം അത്ര വേഗം മറക്കാന്‍ സാധ്യതയില്ലാത്ത ഒരു ദിവസമാണ്. സ്വേച്ഛാധിപതികളുടെ പുകഴ്ത്തുപാട്ടായി മാത്രം മാധ്യമപ്രവര്‍ത്തനം ഒതുങ്ങിയിരുന്ന അറബ് ലോകത്ത് ആര്‍ജ്ജവത്തോടെ ഖത്തറിന്റെ മണ്ണില്‍ അല്‍ജസീറ പിറവി കൊണ്ട ദിവസമാണത്. വാര്‍പ്പു മാതൃകകളെ അവഗണിച്ചു കൊണ്ട് ചോദ്യം ചെയേണ്ടതിന്റെ ചോദ്യം ചെയ്തും തുറന്നു പറയേണ്ടതിനെ തുറന്നു പറഞ്ഞും തനിച്ചു വെട്ടിയ വഴികളില്‍ അല്‍ജസീറ ഒറ്റക്ക് നടന്നു. ഖത്തര്‍ എന്ന രാജ്യത്തെ ലോക ഭൂപടത്തില്‍ വരച്ചു കാണിച്ച പ്രധാന ഘടകമായിരുന്നു അല്‍ജസീറ. 'ശബ്ദമില്ലാത്തവരുടെ ശബ്ദം' (Voice of Voiceless people). അത് തന്നെയാണ് ഖത്തര്‍ സ്വപ്നം കണ്ടതും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ 'ഒരു മനുഷ്യാവകാശ പ്രവര്‍ത്തനം'. എതിര്‍പ്പുകള്‍ സമ്പാദിച്ചപ്പോഴും അതിനു വേണ്ടി ഖത്തര്‍ പണം വാരിയെറിഞ്ഞു.

അറബ് ലോകത്ത് സെന്‍സിറ്റീവ് പൊളിറ്റിക്കല്‍ വിഷയങ്ങള്‍ കൈകാര്യം ചെയുന്ന ഏക ചാനലായി അല്‍ജസീറ. വിവാദപരമായ പല സംവാദ പരിപാടികളും ഭരണകൂടത്തിന്റെ അഴിമതിക്കഥകളും മനുഷ്യാവകാശ ലംഘനങ്ങളും ധൈര്യ സമേതം സംപ്രേഷണം ചെയ്തു. പല ഭരണകര്‍ത്താക്കളും മുമ്പത്തേക്കാള്‍ സൂക്ഷ്മതയില്‍ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ തയാറാവും വിധത്തില്‍ ചാനല്‍ നിര്‍ണായകമായി ഇടപെട്ടു. പശ്ചിമേഷ്യയില്‍ ചില രാജാക്കന്മാരുടെ മൗത്ത് പീസായി മാത്രം പ്രവര്‍ത്തിച്ചിരുന്ന പല മാധ്യമങ്ങളുടെയും കുത്തക തകര്‍ന്നടിഞ്ഞു. എന്തിനും വിധേയപ്പെടാന്‍ മാത്രം വിധിക്കപ്പെട്ട അറബ് പൊതു വികാരത്തെ ശക്തമായി അഭിസംബോധന ചെയ്തു അല്‍ജസീറ.

2000ലെ 'ഇന്‍തിഫാദ' കാലഘട്ടത്തിലാണ് അല്‍ജസീറ ശ്രദ്ധിക്കപ്പെടുന്നത്. 2001 അഫ്ഗാനിസ്ഥാനിലും  2003ല്‍ ഇറാഖിലും അമേരിക്ക നടത്തിയ ക്രൂരമായ നരഹത്യയുടെ നേര്‍ ചിത്രങ്ങള്‍ അല്‍ജസീറയുടെ ധീരരായ മാധ്യമ പ്രവര്‍ത്തകര്‍ ലോകത്തിനു മുന്നില്‍ വരച്ചു കാട്ടി. ജീവന്‍ പണയം വെച്ച് കൊണ്ട് യുദ്ധഭൂമിയില്‍ നിന്നും അവര്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരുപാട് കാലത്തെ പരിചയ സമ്പത്തുള്ള കേളി കേട്ട പല ലോക മാധ്യമങ്ങളും അല്‍ജസീറയെ ആശ്രയിക്കേണ്ടി വന്നു. സാഹസികമായ ഈ മാധ്യമ പ്രവര്‍ത്തനത്തില്‍ രക്തസാക്ഷിത്വം വരിച്ചത് നിരവധി മാധ്യമ പ്രവര്‍ത്തകരാണ്.

ആഫ്രിക്കയിലും പശ്ചിമേഷ്യയിലും മറ്റു ചാനലുകള്‍ കടന്നു ചെല്ലാത്തിടത്ത് കടന്നു ചെന്ന് അവിടത്തെ പരുക്കന്‍ ജീവിതങ്ങള്‍ ഒപ്പിയെടുത്തു. തങ്ങളുടെ ജനതയെ പതിറ്റാണ്ടുകള്‍ അടക്കിവാണ പല സ്വേഛാധിപതികള്‍ക്കും  അല്‍ജസീറ തല വേദനയായി. 2011 ല്‍  മുല്ലപ്പൂ വിപ്ലവം ടുണീഷ്യയില്‍ പുറപ്പെട്ടപ്പോള്‍ അതിനെ ജനങ്ങളോടൊപ്പം നിന്ന് ജ്വലിപ്പിച്ചു നിര്‍ത്തിയത് അല്‍ജസീറയാണ്. വിപ്ലവം പല അറബ് രാജ്യങ്ങളിലേക്ക് കൂടി കത്തിപ്പടര്‍ന്നു. ഈജിപ്തിലെ 'വിമോചന ചത്വര'ത്തിന്റെ തെരുവില്‍ മാസങ്ങളോളം വലിച്ചു കെട്ടിയ തുണി ശീലയിലയില്‍ പതിനായിരങ്ങളുടെ ആര്‍പ്പു വിളികളോടെ  ചാനല്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഒരു വാര്‍ത്താ ചാനലിന് ലഭിക്കുന്ന അഭൂതപൂര്‍വമായ ജനപിന്തുണയില്‍ ലോകം അമ്പരന്നു. അറബ് സമൂഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി അല്‍ജസീറ. ചുരുക്കത്തില്‍ ടുണീഷ്യയില്‍ നിന്നും ബിന്‍ അലിയെയും ഈജിപ്തില്‍ നിന്നും ഹുസ്‌നി മുബാറകിനെയും ലിബിയയില്‍ ഗദ്ദാഫിയെയും കെട്ടു കെട്ടിച്ചത് അല്‍ജസീറയാണ്. ആ നാടുകളിലെ ജനങ്ങളുടെ ഇഷ്ടത്തോടൊപ്പം ജനാധിപത്യത്തിന് വേണ്ടി നിലകൊണ്ടു എന്നതാണ് അല്‍ജസീറ ചെയ്ത പാതകമായി വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈജിപ്തില്‍ പതിറ്റാണ്ടുകള്‍ ക്രൂരമായ ഏകാധിപത്യത്തിനു അന്ത്യം കുറിച്ച് കൊണ്ട് ജനാധിപത്യ പരമായി തെരെഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡണ്ട് മുഹമ്മദ് മുര്‍സിയെ പട്ടാള അട്ടിമറിയിലൂടെ തുറങ്കിലടച്ചപ്പോള്‍ അമേരിക്കയുടെയും  ഇസ്രായേലിന്റെയും അറബ് സ്വേച്ഛാധിപതികളുടെയും ലക്ഷ്യത്തിനു വേണ്ടി നില കൊണ്ടില്ല എന്നത് അവരുടെ കടുത്ത ശത്രുതക്ക് മറ്റൊരു കാരണമായി. ജനഹിതം പുലരാന്‍ ആഗ്രഹിക്കുന്ന മാധ്യമങ്ങളൊന്നും ഒരു അട്ടിമറിയെയും ഒരു കാലത്തും പ്രോത്സാഹിപ്പിച്ചിട്ടില്ല. സിസി ഈജിപ്തില്‍ ചാനല്‍ ഓഫീസ് അടച്ചു പൂട്ടി റിപ്പോര്‍ട്ടര്‍മാരെ തുറങ്കിലടച്ചപ്പോള്‍ ജനങ്ങള്‍ സ്വയം റിപ്പോര്‍ട്ടര്‍മാരായി രംഗത്തു വന്നു. അവര്‍ പകര്‍ത്തിയ ക്ലിപ്പുകളും ചിത്രങ്ങളും അല്‍ജസീറ ബ്ലോഗില്‍ അപ്‌ലോഡ് ചെയ്തു. മുല്ലപ്പൂ വിപ്ലവത്തിന് മുന്‍പുള്ള അറബ് ലോക ക്രമം തിരിച്ചു കൊണ്ട് വരാന്‍ ഭയ ചകിതരായായ അറബ് രാജാക്കന്മാര്‍ ബില്യണ്‍ കണക്കിനു ഡോളര്‍ വാരിയെറിഞ്ഞു. പക്ഷെ അവരുടെ ലക്ഷ്യവുമായി പലപ്പോഴും നേര്‍ക്ക് നേരെ ഏറ്റുമുട്ടിയത് അല്‍ജസീറയാണ്.

1999 ജനുവരി 27 നു അല്‍ജസീറയുടെ ഏറ്റവും ജനപ്രിയ പരിപാടികളില്‍ ഒന്നായ 'ദി ഓപ്പോസിറ്റ് ഡയറക്ഷന്‍' എന്ന പരിപാടി ജനങ്ങള്‍ കാണാതിരിക്കുന്നതിനു അള്‍ജീരിയന്‍ ഗവണ്‍മെന്റ് വൈദ്യുതി വിഛേദിച്ചു. ഈ വാര്‍ത്താ ചാനല്‍ ജനങ്ങളെ എത്ര മാത്രം സ്വാധീനിച്ചു എന്നതിന്റെ നിരവധി ഉദാഹരണങ്ങളില്‍ ഒന്ന് മാത്രമാണിത്. പറയാന്‍ മടിക്കുന്ന സത്യം ഉച്ചൈസ്തരം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ പല രാജ്യങ്ങളിലും വിലക്കിനെ അഭിമുഖീകരിക്കേണ്ടി വന്നു. ജനങ്ങള്‍ക്കിടയില്‍ നേടിയെടുത്ത സ്വീകാര്യതയാണ് പലപ്പോഴും ഭരണകൂട എതിര്‍പ്പുകളെ മറി കടക്കാന്‍ സഹായകമായത്. ഇതിനിടയില്‍ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ അല്‍ജസീറയെ തേടിയെത്തി. പല സര്‍വേകളിലും ലോകത്തിലെ ഏറ്റവും സ്വാധീനിക്കപ്പെട്ട ഗൂഗിള്‍, ആപ്പിള്‍ എന്നീ ലോകോത്തര ബ്രാന്‍ഡുകള്‍ക്കൊപ്പം അല്‍ജസീറയും തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ മാധ്യമ ശ്രൃംഖലകളില്‍ ഒന്നാണ് അല്‍ജസീറ. ചാനലിന്റെ വളര്‍ച്ചയോടൊപ്പം ഖത്തറും മേഖലയിലെ ഒഴിച്ചു കൂടാനാവാത്ത ശക്തിയായി (Soft Power) മാറി. പല രാഷ്ട്രീയ വിഷയങ്ങളിലും ഖത്തര്‍ മധ്യസ്ഥനായി.

കെട്ടുപാടുകളില്ലാതെ സത്യത്തിനു വേണ്ടി നിലകൊള്ളാന്‍ തയാറായ ഒരു മാധ്യമ സ്ഥാപനത്തിന് കൂച്ചുവിലങ്ങിടാന്‍ പല ശക്തികളും തുടക്കം മുതലേ ശ്രമിച്ചു കൊണ്ടിരുന്നു. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇപ്പോള്‍ ഗള്‍ഫ് മേഖലയില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍. അറബ് ലോകത്ത് മുല്ലപ്പൂ വിപ്ലവം പോലെ ഇനിയൊരു ജനാധിപത്യ പ്രക്ഷോഭവും അതിനെ പിന്തുണക്കാന്‍ ഒരു മാധ്യമവും ഉണ്ടാവരുത് എന്ന മനോഭാവവും ചാനലിനെതിരെയുള്ള നീക്കങ്ങളില്‍ വായിക്കാം. ഭാവിയില്‍ സീസിയും ഇസ്രയേലും ചേര്‍ന്ന് ഗസ്സയെയും ഹമാസിനെയും ആക്രമിക്കുമ്പോള്‍ സത്യം വിളിച്ചു പറയാന്‍ അല്‍ജസീറ ഇനി ഉണ്ടാവരുത് എന്ന ശാഠ്യമാണ് ചാനല്‍ അടച്ച പൂട്ടാനുള്ള പുതിയ സമ്മര്‍ദങ്ങള്‍ക്ക് പിന്നില്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിജീവനം അനിവാര്യമാവുമ്പോള്‍ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തു അത് നിലനില്‍ക്കുമെന്നു ലോകം പ്രത്യാശിക്കുന്നു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics