ഖത്തറല്ല സൗദികൂടിയാണ് ലക്ഷ്യം

ഭൗതികമായ മാറ്റവും രാഷ്ട്രീയ മാറ്റവും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളുണ്ട്. രാഷ്ട്രീയവും സാമൂഹികവുമായ മാറ്റം ഒരുപക്ഷെ, ഭൗതിക മാറ്റത്തെക്കുറിച്ചുള്ള നമ്മുടെ കണക്കുകൂട്ടലുകള്‍ക്കപ്പുറമുള്ള വസ്തുതകള്‍ വഹിക്കുന്നതായിരിക്കും.

മിഡില്‍ ഈസ്റ്റ് ഭൗമ-രാഷ്ട്രീയ മേഖല എന്നത് ധാരാളം വ്യക്തികളുടെയും അജണ്ടകളുടെയും ആസൂത്രണങ്ങളുടെയും, പ്രയോഗപരീക്ഷണ മേഖല കൂടിയാണ്. ഓരോരുത്തര്‍ക്കും അവരവരുടെ പദ്ധതികളുണ്ടെങ്കിലും അവയുടെ ആന്തരിക വ്യതിചലനങ്ങള്‍ മിഡില്‍ ഈസ്റ്റ് നയത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ അനുവദിക്കുന്നില്ല. ഒരു ഭീകരസംഘത്തെ മറ്റൊന്നിനെക്കൊണ്ട് പ്രകോപിപ്പിച്ച് ഹിംസ സൃഷ്ടിക്കുന്ന അമേരിക്കക്ക്, അത്തരം ഭീകരസംഘടനകള്‍ ഉണ്ടാക്കിത്തീര്‍ക്കുന്ന നാശങ്ങള്‍ തന്നെ കൈകാര്യം ചെയ്യുന്നതില്‍ വ്യാപൃതരാവേണ്ട അവസ്ഥ ഉരുത്തിരിഞ്ഞിരിക്കുന്നു.

യഥാര്‍ത്ഥത്തില്‍, ഇന്നത്തെ മിഡില്‍ ഈസ്റ്റിനു വേണ്ടി ഗുണപരമായ ഒരു പദ്ധതിയും മുന്നോട്ടു വെക്കുവാന്‍ യു.എസിനു സാധിക്കില്ല എന്നത് ഏവര്‍ക്കും അറിയാം. ട്രംപിന്റെ പദവിയുടെ അനിവാര്യത എന്നത് ദിനേനയെന്നോണം അമേരിക്കന്‍ ഏജന്‍സികളും, ലോബികളും നിര്‍മ്മിച്ചെടുത്തുകൊണ്ടിരിക്കുന്ന ഒന്നാണ്. ഉദാഹരണത്തിന്, യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ട്രംപിന്റെ ഖത്തറിനെക്കുറിച്ചുള്ള ഒരു ട്വീറ്റ് തള്ളിക്കളഞ്ഞിരുന്നു. അതില്‍, സൗദി അറേബ്യന്‍ സന്ദര്‍ശനവേളയില്‍ താനാണ് ഇത്തരമൊരു തീരുമാനം നടപ്പിലാക്കാനംഗീകാരം നല്‍കിയതെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ട്. ഖത്തറുമായുള്ള ബന്ധം തുടരേണ്ടതുള്ളതിനാല്‍, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ട്രംപിന് വിരുദ്ധമായി യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് രംഗത്ത് വരികയും ഖത്തറിന്റെ ബഹിഷ്‌കരണത്തിന് അമേരിക്ക അനുകൂലമല്ല എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

എന്നാല്‍ വിചിത്രമായ ഒരു കാര്യം; വിരളമായി മാത്രമെ അമേരിക്കന്‍ മാധ്യമങ്ങള്‍ ഖത്തറിന്റെ ബഹിഷ്‌കരണം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായുള്ളു. കാരണം വ്യക്തമാണ്. മിഡില്‍ ഈസ്റ്റിലെയോ മറ്റോ പ്രതിസന്ധികളില്‍ (അവയില്‍ ഭൂരിപക്ഷവും യു.എസ്സും സഖ്യകക്ഷികളും സൃഷ്ടിച്ചവയാണെന്നത് ചേര്‍ത്ത് വായിക്കുക) ശ്രദ്ധ ചെലുത്തുവാന്‍ കഴിയാത്തവിധം അമേരിക്ക അതിന്റെ തന്നെ പ്രശ്‌നങ്ങളാല്‍ അസ്വസ്ഥമാണ്. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ തങ്ങളുടെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് അമേരിക്കയെ ആശ്രയിക്കുന്നതില്‍ നിലനില്‍ക്കുന്ന യുക്തിയില്ലായ്മ മനസ്സിലാക്കുവാന്‍ ഈ ഒരൊറ്റ കാര്യം തന്നെ മതിയാവും.

ഖത്തറിനെ ഒറ്റപ്പെടുത്തുന്നതിനായി പ്രഖ്യാപിക്കപ്പെട്ട കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ ഒറ്റ നോട്ടത്തില്‍, ഈ നടപടി അതെടുത്തവര്‍ക്ക് തന്നെയാണ് വലിയ ആപത്തുകള്‍ വരുത്തിവെക്കുകയെന്ന് കാണാം. വാസ്തവത്തില്‍, ഖത്തര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകര സംഘടനയായി മുസ്‌ലിം ബ്രദര്‍ഹുഡിനെയും, ഹമാസിനേയും തരംതിരിക്കുക വഴി വലിയ അബദ്ധമാണവര്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

ഹമാസിനെക്കുറിച്ച് ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും, ലോകത്ത് ഒരു മുസ്‌ലിമും അവന്റെ സ്വബോധത്തില്‍ ഹമാസിനെ ഭീകര സംഘടനയായി കാണുകയില്ല. ഹമാസ് എന്നത് ഇസ്രയേലിന്റെ ഫലസ്തീന്‍ - ജറൂസലേം കടന്നാക്രമണത്തിന്റെ ഫലമായി ഉയിരെടുത്ത പ്രതിരോധ പ്രസ്ഥാനമാണ് എന്നത് ലോകത്തിന് അറിവുള്ളതാണ്. ഹമാസ് എന്ന പ്രസ്ഥാനത്തില്‍ എത്തിച്ചേരുന്നത് വരെ മുസ്‌ലിം രാഷ്ട്രങ്ങള്‍ ഫലസ്തീന് വിഷയത്തില്‍ ഉറച്ച നിലപാടെടുത്തിട്ടില്ലായിരുന്നു എന്നതില്‍ സംശയമില്ല.

ഈ രാഷ്ട്രങ്ങള്‍ അനിവാര്യമായും തങ്ങളുടെ ചരിത്രത്തോടും ജനങ്ങളോടും ഇതിനു ഉത്തരം പറയേണ്ടിവരും. ഭാവിയിലെങ്കിലും ഹമാസിനെ സഹായിക്കുന്നതിലൂടെ അവര്‍ക്ക് ഈ പരാജയത്തിന്റെ ഒരു പരിധിവരെയെങ്കിലും നികത്താന്‍ കഴിഞ്ഞേക്കും. ഖത്തര്‍ ഇത്തരത്തില്‍ തങ്ങളുടെ പങ്ക് നിര്‍വ്വഹിക്കാന്‍ ശ്രമിച്ചിട്ടുള്ള വിരളമായ രാഷ്ട്രങ്ങളിലൊന്നാണ്. അതിനാല്‍ തന്നെ ഇസ്‌ലാമിക ലോകത്തിന്റെ വലിയ പിന്തുണയും അഭിനന്ദനവും അര്‍ഹിക്കുന്ന രാഷ്ട്രം കൂടിയാണ് ഖത്തര്‍. പക്ഷെ, അമേരിക്കയുടെ പ്രീതി നേടുന്നതിനായി, ഹമാസിനെ സഹായിക്കുന്നു എന്ന പേര് പറഞ്ഞ്, ഖത്തറിനോട് വഞ്ചനാത്മക സമീപനം സ്വീകരിച്ചിട്ടുള്ള മുഴുവന്‍ രാജ്യങ്ങളും (വ്യക്തികളും, സംഘടനകളും) മനസ്സിലാക്കേണ്ട ഒരു കാര്യം, അവര്‍ക്ക് ഗുണകരമായ ഒന്നുംതന്നെ അമേരിക്കയില്‍നിന്നും ലഭിക്കുകയില്ല. കാരണം, മറ്റുള്ളവരുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്താന്‍ കഴിയാത്തവിധം അമേരിക്ക അതിന്റെതന്നെ പ്രശ്‌നങ്ങളാല്‍ സര്‍പ്പിളമായിട്ടാണുള്ളത്.

'കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി'യെയും (PKK), 'ഡെമോക്രറ്റിക് യൂണിയന്‍ പാര്‍ട്ടി'യെയും (PYD), 'പീപ്പിള്‍സ് പ്രൊട്ടക്ഷന് യൂണിറ്റ്‌സി'നെയും(YPG) പോലുള്ള സംഘങ്ങളെ നിലനിര്‍ത്തിക്കൊണ്ട് തുക്കിക്കെതിരെയുള്ള ഭീകര പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന അമേരിക്കക്ക് മറ്റാരുടെയെങ്കിലും മേല്‍ 'തീവ്രവാദത്തെ പിന്തുണക്കുന്നു' എന്നാരോപിച്ച് ആളാവാനുള്ള ഒരു അര്‍ഹതയുമില്ല.

യഥാര്‍ത്ഥത്തില്‍, യു. എസ് അതിന്റെ സഖ്യകഷികളുടെ പോലും അവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഉയരുന്ന ഒരു ചോദ്യം:'ഏതാണ് കുറഞ്ഞ തോതില്‍ ഹാനികരം, അമേരിക്കയുമായുള്ള ചങ്ങാത്തമോ അതോ വിരോധമോ?'

ഖത്തര്‍ പ്രതിസന്ധി എന്നത് ഇസ്‌ലാമിക രാഷ്ട്രങ്ങളുടെകൂടി പ്രധിസന്ധിയാണ്. അവര്‍ അതിനെ അവര്‍ക്കിടയില്‍തന്നെ പരിഹരിക്കേണ്ടതുണ്ട്. നമ്മുടെ വ്യാഖ്യാനമനുസരിച്ച്, ഖത്തര്‍ പ്രശ്‌നം എന്നത് മേഖലയിലെ സംഘര്‍ഷസാധ്യത വര്‍ദ്ധിപ്പിക്കുന്നതിനായി മുന്‍കൂട്ടി ആസൂത്രണം ചെയ്തുണ്ടാക്കിയ ഒരു പ്രധിസന്ധിയാണ്. അതിനാല്‍, ഈ പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചവര്‍ അത് തങ്ങളെ കൂടുതല്‍ അസ്ഥിരതയിലേക്ക് തള്ളിവിടുന്നതും തങ്ങള്‍ക്ക്തന്നെ യാതൊരു ഉപകാരവും ചെയ്യുന്നതല്ല എന്നും മനസ്സിലാക്കുന്നത് നല്ലതാണ്.

തുര്‍ക്കിയുടെ നിഷ്പക്ഷതയും മധ്യസ്ഥതയും
ഖത്തറുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ടായിട്ടു പോലും തുടക്കം തൊട്ടു തന്നെ രംഗം ശാന്തമാക്കാനും ഒരു മധ്യസ്ഥന്റെ റോള്‍ വഹിക്കാനും തുര്‍ക്കി ശ്രമിച്ചു പോന്നു. സൗദി അറേബ്യയാണ് മേഖലയിലെ സുസ്ഥിരതയുടെ പ്രധാന ഘടകങ്ങളിലൊന്നെന്നിരിക്കെ പല വിഷയങ്ങളിലുമുള്ള വിയോജിപ്പുകളെ അവഗണിച്ചുകൊണ്ട് ഇതുവരെയും തുര്‍ക്കി അതിനെ അസ്വസ്ഥമാക്കുവാനിടയുള്ള വ്യവഹാരങ്ങളില്‍ നിന്നെല്ലാം സ്വയം മാറി നില്‍ക്കുകയാണ്.

ഈജിപ്തില്‍ നടന്ന പട്ടാള അട്ടിമറിയെക്കുറിച്ചു ചിന്തിക്കുകയാണെങ്കില്‍, നമ്മള്‍ ഇന്നുദ്ധരിക്കുന്ന മഹാ അസ്ഥിരതകളുടെ ആദ്യ ചുവടുകളായിരുന്നു അത് എന്ന് മനസ്സിലാക്കാന്‍ കഴിയും. അതുപോലെ ഗെസി പ്രതിഷേധങ്ങളുടെ മറവില്‍ തുര്‍ക്കിയിലും ഈജിപ്തിലെ പട്ടാള അട്ടിമറിക്ക് സമാന്തരമായി ഒരു പട്ടാള അട്ടിമറി പദ്ധതി ഇട്ടിരുന്നു എന്ന് നമ്മള്‍ അറിയുന്നു. സൗദി ഈജിപ്തിലെ അട്ടിമറിയെ അനുകൂലിച്ചപ്പോള്‍ തുര്‍ക്കി അതിനെ ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്. എന്തിരുന്നാലും സൗദി അറേബ്യ ഈജിപ്ഷ്യന്‍ പട്ടാള അട്ടിമറിയെ അനുകൂലിച്ചു എന്നതിന്റെ പേരില്‍ തുര്‍ക്കി ആ രാജ്യവുമായുള്ള അതിന്റെ ബന്ധം വ്രണപ്പെടുത്തിയില്ല. കാരണം, ഒരു അപകടം, അത് സൗദി അറേബ്യയെയാണ് ലക്ഷ്യം വെക്കുന്നതെങ്കിലും, അതിന്റെ എല്ലാ ദോഷ ഫലങ്ങളും തുര്‍ക്കിയെയും മുഴുവന്‍ മുസ്‌ലിം ലോകത്തെയും ബാധിക്കാന്‍ ഇടയാകും. അതിനാല്‍ അവരുടെ എല്ലാ തര്‍ക്കങ്ങളെയും അവഗണിച്ച്, തുര്‍ക്കിയുടെ സൗദിയുമായുള്ള ബന്ധം ഏറ്റവും ഉയര്‍ന്ന തലത്തില്‍ തന്നെ തുടരേണ്ടതുണ്ട്. മുഴുവന്‍ മുസ്‌ലിം ലോകത്തിന്റെയും ഇണക്കത്തിനും, സമാധാനത്തിനും, സംരക്ഷണത്തിനും വേണ്ടി സൗദിയും തുര്‍ക്കിയും നയിക്കുന്ന നേതൃപരമായ പങ്കിന്റെ കാര്യത്തില്‍ ഇതു വളരെ പ്രധാനമാണ്.

ഗള്‍ഫ് സംഘര്‍ഷത്തില്‍ ഒരു മധ്യസ്ഥന്റെ പങ്കാണ് തുര്‍ക്കി വഹിച്ചതെങ്കിലും, അത് ഖത്തറിന് അനുകൂലമായും സൗദിക്ക് എതിരായുമാണ് നിലകൊണ്ടിട്ടുള്ളത് എന്ന വാദമുന്നയിക്കുന്നവര്‍ സദുദ്ദേശപരമായിട്ടല്ല കാര്യങ്ങളെ നോക്കി കാണുന്നത്. ഒരു പൊരുത്തമില്ലാത്ത പക്ഷപാതിത്വം (saymmteric partialtiy) നിലനില്‍ക്കുകയും, അതില്‍ ഒരു വിഭാഗം മറ്റേതിനെ ഏതാണ്ട് ഇല്ലായ്മ ചെയ്യുമെന്ന അവസ്ഥയിലായിരിക്കുകയും ചെയ്യുമ്പോള്‍ എന്ത് സമീപനമാണ് അവിടെ സ്വീകരിക്കേണ്ടത്? ഒരു വിഭാഗം പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ മധ്യസ്ഥത വഹിക്കാന്‍ അവിടെ രണ്ടു ഭാഗങ്ങള്‍ ഉണ്ടാ യിരിക്കുകയില്ല . കൈവരുന്ന ആദ്യത്തെ അവസരത്തില്‍ തന്നെ തങ്ങളുടെ സഖ്യകക്ഷിയെ വിറ്റുതീര്‍ക്കുവാന്‍ തുര്‍ക്കി ഇന്ന് അമേരിക്കയല്ല.

തുര്‍ക്കിയുടെ ചങ്ങാത്തവും വിയോജിപ്പും സത്യസന്ധമാണ്. 'സെപ്റ്റംബര്‍ 11' ആക്രമണത്തിന്റെ പേരില്‍ സൗദി അറേബ്യയെ പഴിചാരാനുള്ള യു.എസിന്റെ തീരുമാനത്തെ തുര്‍ക്കി ശക്തമായും പരസ്യമായുമാണ് എതിര്‍ത്തതെന്ന് മറന്നു പോകരുത്. അനീതിയെ നേരിടേണ്ടിവന്ന ഘട്ടത്തില്‍, തുര്‍ക്കി അമേരിക്കക്കെതിരെ സൗദിക്കു വേണ്ടി എഴുന്നേറ്റു നിന്നു. തുര്‍ക്കി സൗദി അറേബ്യയോടെപ്പം തന്നെ തുടര്‍ന്നും നിലകൊള്ളും. അനീതിയെ നേരിടേണ്ടിവന്ന ഖത്തറിനോടൊപ്പം അത് നിലകൊള്ളുന്നത് പോലെ.

ഇത്തരത്തില്‍ അന്യായമായ പ്രചാരണങ്ങളുടെ ഭാഗമായിത്തീരുന്നതിലൂടെ സൗദി ഒരു വലിയ അപകടാവസ്ഥയിലാണ് എത്തപ്പെടുന്നത്. അതുകൊണ്ട് നമ്മുടെ സുഹൃത്തിനോട്, സഹോദര രാജ്യത്തോട്, കാണിക്കാന്‍ കഴിയുന്ന ഏറ്റവും ചങ്ങാത്തവും സാഹോദര്യ പ്രകടനവും എന്തെന്നു വെച്ചാല്‍, അതിനെ അപകടത്തില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ്.

വിവ: റഖീബ്
Source: middleeastobserver.org

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics