എത്രമാത്രം ആത്മാര്‍ഥമാണ് നമ്മുടെ സ്‌നേഹം?

സ്‌നേഹിക്കുന്നവരെ സേവിക്കാനും അവര്‍ക്ക് വേണ്ടി പ്രയാസം സഹിക്കാനുമുള്ള സന്നദ്ധത മനുഷ്യനില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഗുണമാണ്. കാമുകന്‍ ഏത് പാതിരാത്രി വിളിച്ചാലും കാമുകി ഇറങ്ങിചെല്ലുന്നതും അവളുടെ എന്താഗ്രഹവും സാധിപ്പിച്ചു കൊടുക്കാന്‍ കാമുകന്‍ ശ്രമിക്കുന്നതും അതിന്റെ ഫലമായിട്ടാണ്. ദമ്പതികളായ രണ്ടു പേരുടെ സമ്മാനത്തിന്റെ കഥ പറയുന്ന അമേരിക്കന്‍ ചെറുകഥാകൃത്ത് ഒ ഹെന്റിയുടെ 'ദ ഗിഫ്റ്റ് ഓഫ് മാഗി' വളരെ പ്രശസ്തമാണ്. തന്റെ പ്രിയതമന് ഏറെ പ്രിയപ്പെട്ട വാച്ചിനൊരു ചെയിന്‍ സമ്മാനിക്കാന്‍ താന്‍ വളരെ കരുതലോടെ വളര്‍ത്തിയെടുത്ത തലമുടി വിറ്റുപണം കണ്ടെത്തുന്ന ഡെല്ലയെന്ന ഭാര്യയെയും തന്റെ പ്രിയതമയുടെ അഴകും അലങ്കാരവുമായി തലമുടി മനോഹരമായി കെട്ടിവെക്കാന്‍ ചീര്‍പ്പുകളുടെ സെറ്റ് വാങ്ങാന്‍ തനിക്ക് അനന്തരമായി ലഭിച്ച പ്രിയപ്പെട്ട വാച്ചി വില്‍ക്കുന്ന ജിം എന്ന ഭര്‍ത്താവിനെയുമാണ് അതില്‍ അവതരിപ്പിക്കുന്നത്.

കഥകളിലും നോവലുകളിലും മാത്രമല്ല, ആത്മാര്‍ത്ഥമായ സ്‌നേഹം നിലനില്‍ക്കുന്നിടത്തെല്ലാം കാണുന്ന യാഥാര്‍ഥ്യമാണിത്. നേതാവിനെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന അനുയായിയെ സംബന്ധിച്ചടത്തോളം അദ്ദേഹത്തിന്റെ കല്‍പനകള്‍ നിറവേറ്റുന്നത് ഒരു ഭാരമായിരിക്കില്ല. മാത്രമല്ല, അദ്ദേഹത്തിന് നിര്‍വഹിച്ചു കൊടുക്കുന്ന സേവനങ്ങളുടെ പേരില്‍ അവന്റെ മനസ്സ് സന്തോഷിക്കുകയും ചെയ്യും. എന്തെങ്കിലും കാരണത്താല്‍ ആ സ്‌നേഹം ഇല്ലാതായാല്‍ അയാള്‍ക്ക് വേണ്ടി ചെയ്യുന്ന ഓരോ കാര്യവും വലിയ ഭാരമായിട്ടായിരിക്കും അവന് അനുഭവപ്പെടുക. സ്‌നേഹമുണ്ടായിരുന്നപ്പോഴും അതിന്റെ അഭാവത്തിലും ചെയ്തിരുന്നത് ഒരേ കാര്യങ്ങള്‍ തന്നെയായിരുന്നെങ്കിലും ഒന്ന് ആനന്ദദായകവും മറ്റേത് ഭാരവുമായിട്ടാണ് അനുഭവപ്പെടുന്നത്.

സ്രഷ്ടാവായ അല്ലാഹുവിനോടുള്ള സത്യവിശ്വാസികളുടെ സ്‌നേഹവും ഈ മാനദണ്ഡം വെച്ച് അളക്കാവുന്നതാണ്. സ്രഷ്ടാവിനെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന ഒരാള്‍ക്ക് അവന്റെ കല്‍പനകള്‍ ശിരസാവഹിക്കുന്നതും അവന് ആരാധനകള്‍ അര്‍പിക്കുന്നതും ഒരിക്കലും ഭാരമാവില്ല. പകരം അവന് ആനന്ദവും ആശ്വാസവുമാണത് പകരുക. നമസ്‌കാരവും നോമ്പും അടക്കമുള്ള ആരാധനകള്‍ ഒരാള്‍ക്ക് ഭാരമായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ അല്ലാഹുവിനോടുള്ള സ്‌നേഹത്തില്‍ വന്നിരിക്കുന്ന പ്രശ്‌നത്തെയാണത് സൂചിപ്പിക്കുന്നത്. സത്യവിശ്വാസികള്‍ വളരെ ഗൗരവത്തില്‍ തന്നെ കാണേണ്ട വിഷയമാണിത്. കാരണം ഒരാള്‍ക്ക് അയാളുടെ കുടുംബവും സമ്പത്തും വരുമാന മാര്‍ഗങ്ങളുമാണ് അല്ലാഹുവിനേക്കാളും അവന്റെ ദൂതനേക്കാളും പ്രിയപ്പെട്ടതെങ്കില്‍ അവന്‍ ദൈവിക ശിക്ഷ കാത്തിരുന്നു കൊള്ളട്ടെയെന്നാണ് വിശുദ്ധ ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നത്. (അത്തൗബ: 24)

സ്രഷ്ടാവിനോടുള്ള സ്‌നേഹം കുറയുമ്പോള്‍ അവന്റെ ശാസനകള്‍ വലിയ ഭാരമായി മാറുന്നത് പോലെ, അവന്റെ വിലക്കുകള്‍ ലംഘിക്കുന്നതില്‍ മനുഷ്യന് യാതൊരു പ്രയാസവുമില്ലാത്ത അവസ്ഥയും ഉണ്ടാവും. എന്നാല്‍ തന്നെ മറന്ന് പരിധിവിട്ട് ജീവിച്ചവര്‍ക്ക് പോലും തന്റെ കാരുണ്യം കൊണ്ട് പൊറുത്തു കൊടുക്കുമെന്നാണ് അല്ലാഹുവിന്റെ വാഗ്ദാനം. സ്വന്തത്തോട് അതിക്രമം പ്രവര്‍ത്തിച്ച അത്തരം ആളുകള്‍ തന്റെ കാരുണ്യത്തിന്റെ കാര്യത്തില്‍ നിരാശരാവരുതെന്നാണ് അവന്‍ പറയുന്നത് (അസ്സുമര്‍: 53). അവന്‍ സവിശേഷമായി പാപങ്ങള്‍ പൊറുത്തു കൊടുക്കുന്ന വിശുദ്ധ റമദാന്‍ പോലുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ് നാം വേണ്ടത്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics