ഖത്തറിന് മേലുള്ള ഉപരോധം പരാജയപ്പെട്ടതെങ്ങനെ?

ഖത്തറിനെതിരായ ഉപരോധം തുടക്കത്തില്‍ തന്നെ വന്‍ പരാജയമായിരുന്നു. മേഖലയിലോ ആഗോള തലത്തിലോ യാതൊരു അനുകൂല തരംഗവും സൃഷ്ടിക്കാന്‍ ഉപരോധ ശക്തികള്‍ക്ക് സാധിച്ചില്ല. പ്രദേശത്തെ സംഭവ വികാസങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ് അതിന്റെ പരാജയം. ഒട്ടനവധി ഘടകങ്ങള്‍ ഈ പരാജയത്തിന് കാരണമായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടവ ഇവയാണ്:

1) ഗള്‍ഫ് അറബ് മേഖലകളിലും ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്നും ഉയര്‍ന്നു വന്ന അതിശക്തമായ പ്രതിഷേധം 'അതിനാല്‍ തന്നെ ഖത്തറിനെ പിന്തുണക്കുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് നീണ്ട വര്‍ഷങ്ങള്‍ തടവും വന്‍തുക പിഴയും വിധിക്കുന്ന നിയമ നിര്‍മാണങ്ങള്‍ ഉപരോധം അടിച്ചേല്‍പിച്ച രാജ്യങ്ങള്‍ക്ക് പ്രഖ്യാപിക്കേണ്ടി വന്നു.

2) റമദാന്‍ മാസത്തില്‍ കുടുംബ ബന്ധങ്ങള്‍ പോലും മുറിക്കുന്നത്ര മോശമായ തരത്തില്‍ പ്രഖ്യാപിച്ച ഉപരോധത്തിനെതിരെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി അടക്കമുള പാശ്ചാത്യ ലോകത്തെ രാഷ്ടീയ പ്രമുഖര്‍ ശക്തമായി വിമര്‍ശനങ്ങളുമായി രംഗത്തു വന്നു.

3) ജിസിസി രാജ്യങ്ങള്‍ക്കിടയിലെ അനൈക്യം, കുവൈത്ത്, ഒമാന്‍ എന്നീ രാഷ്ട്രങ്ങള്‍ ഖത്തര്‍ ഉപരോധത്തെ അനുകൂലിച്ചില്ലെന്നു മാത്രമല്ല തങ്ങളുടെ വ്യോമ മേഖലകളും തുറമുഖങ്ങളും ഖത്തറിന് വേണ്ടി തുറന്ന് കൊടുക്കുകയും ചെയ്തു. മധ്യസ്ഥ ശ്രമങ്ങളുമായി ഈ രണ്ട് രാജ്യങ്ങളും സജീവമായി രംഗത്തുമുണ്ട്.

4) നാല്: ലോക രാഷ്ടങ്ങള്‍ക്കിടയില്‍ ഉപരോധത്തിന് അനുകൂലമായ നിലപാട് വളര്‍ത്തിയെടുക്കുന്നതിലുണ്ടായ വമ്പിച്ച പരാജയം. കടുത്ത സമര്‍ദ്ദങ്ങളും പ്രലോഭനങ്ങളും ചെലുത്തിയിട്ടും ഹജ്ജ് ഉംറ കാര്‍ഡുകള്‍ മുതല്‍ സാമ്പത്തിക സഹായ പ്രലോഭനങ്ങള്‍ ഇറക്കിയിട്ടും ഏതാനും ദരിദ്ര രാഷട്രങ്ങളും ചെറു ദ്വീപുകളുമാണ് ഖത്തറിനെതിരെ നിലപാടെട്ടത്തത്. ഇത്രയും വലിയ സന്നാഹങ്ങള്‍ ഉണ്ടായിട്ടും, ലോക രാജ്യങ്ങള്‍ക്കിടയില്‍ ഉപരോധം പ്രഖ്യാപിച്ച മൂന്ന് രാജ്യങ്ങളുടെ യഥാര്‍ത്ഥ നിലയും വിലയും ഇതോടെ തെളിഞ്ഞു.

5) ഉപരോധത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രത്യേകിച്ച് ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി എന്നി സുപ്രധാന രാഷ്ടങ്ങള്‍ എതിര്‍ത്തത് ഗള്‍ഫിലെ മൂവര്‍ സംഘത്തിന് കനത്ത തിരിച്ചടിയായിരുന്നു. തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ സൗദി വിദേശ കാര്യ മന്ത്രി ജര്‍മന്‍ വിദേശകാര്യ മന്ത്രിയോടൊപ്പം നടത്തിയ പത്ര സമ്മേളനത്തില്‍ സൗദി മന്ത്രിയുടെ പ്രകടനം അതിദയനീയമായിരുന്നു.

6) അവ്യക്തമായ അമേരിക്കന്‍ നിലപാട്. അമേരിക്കന്‍ പ്രസിഡന്റും വിദേശകാര്യം, പ്രതിരോധം പോലുള്ള മന്ത്രാലയങ്ങളും തമ്മില്‍ ഖത്തര്‍ വിഷയത്തില്‍ യാതൊരു സ്വരചേര്‍ച്ചയും ഇല്ലായിരുന്നു. പരസ്പര വിരുദ്ധ നിലപാടാണ് ഇരുകൂട്ടരും പ്രകടിപ്പിച്ചത് .

7) ഉപരോധം പ്രഖ്യാപിച്ച രജ്യങ്ങള്‍ക്ക് തങ്ങളുടെ ആദ്യ നിലപാടുകളില്‍ നിന്ന് പിന്‍വാങ്ങണ്ടി വന്നു. തങ്ങള്‍ ഖത്തറിനെ ഉപരോധിക്കുകയല്ല ബഹിഷ്‌കരിക്കുകയാണെന്നാണ് അവരുടെ പുതിയ വാദം.

8) വ്യോമ ഉപരോധം വന്‍ പരാജയമായി. ഖത്തര്‍ എയര്‍വെയ്‌സിനെ ഉപരോധം കാര്യമായി ബാധിച്ചില്ല. ഈ നില തുടര്‍ന്നാല്‍ തങ്ങള്‍ക്കാണ് ദോഷമെന്ന് മനസിലാക്കിയ ഉപരോധക്കാര്‍ ഖത്തര്‍ എയര്‍വെയ്‌സ് ഒഴികെയുള്ള വിമാനങ്ങളെ വ്യോമ ഉപരോധത്തില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നു.

9) ഖത്തറിന്റെ ശാന്തവും പക്വവുമായ രാഷ്ട്രീയ മാധ്യമ നയതന്ത്ര നീക്കങ്ങളും അന്താരാഷ്ട്ര തലത്തില്‍ ഖത്തറിന് അനുകൂലമായ തരംഗം ഉണ്ടാക്കാന്‍ ഇതു വഴി സഹായിച്ചു. ലോകത്തിലെ പ്രമുഖരായ എല്ലാ രാഷ്ട്രത്തലവന്‍മാരും സൗദി രാജാവിനെ വിളിച്ച് തങ്ങളുടെ വിയോജിപ്പ് അറിയിക്കുകയും ചെയ്തു.

10) വളരെ ചടുലമായ നീക്കങ്ങളിലൂടെ അടിയന്തിരമായി തന്നെ ജനങ്ങള്‍ക്ക് ആവശ്യമുള്ള സാധന സാമഗ്രികളുടെ ലഭ്യത ഉറപ്പു വരുത്തുന്നതില്‍ ഖത്തര്‍ ഭരണകൂടം വിജയിച്ചു. ഉപരോധത്തിന്റെ യാതൊരു ലക്ഷണങ്ങളും ഖത്തറില്‍ കാണാന്‍ സാധിക്കില്ല.

11) തുര്‍ക്കിയുടെ ധീരവും ശക്തവുമായ നിലപാട്, ജൂണ്‍ അഞ്ചിന് ത്രിരാഷ്ട്ര സഖ്യം യഥാര്‍ത്ഥത്തില്‍ നടത്തിയത് യുദ്ധ പ്രഖ്യാപനമായിരുന്നു. പക്ഷെ തുര്‍ക്കിയുടെ ഇടപെടലുകള്‍ ഉപരോധക്കാരുടെ എല്ലാ പദ്ധതികളെയും കീഴ്‌മേല്‍ മറിച്ചു. ഖത്തറിനെതിരെ വല്ല അപക്വ നീക്കത്തിനും മുതിര്‍ന്നാല്‍ അത് ആത്മഹത്യക്ക് സമമാണെന് മൂവര്‍ സംഘത്തിന് മനസിലായി.

മേല്‍ സൂചിപ്പിച്ച കാരണങ്ങളാല്‍ ഖത്തറിനെതിരെയുള്ള അന്യായ ഉപരോധം ദയനീയമായി പരാജയപ്പെട്ടന്നത് ഉറപ്പാണ്, നിയമപരമായി യാതൊരു അടിസ്ഥാനവുമില്ലാത്ത യാതൊരു ജനകീയ പിന്തുണയും കിട്ടാത്ത മേഖലയിലും അന്താരാഷ്ട്ര രംഗത്തും അര്‍ഹിക്കുന്ന അവഗണന മാത്രം ലഭിച്ച ഈ തെറ്റായ ഉപരോധത്തിന്റെ സ്ഥാനം കാലത്തിന്റെ ചവറ്റുകുട്ടയിലായിരിക്കും.

വിവ: അബൂ അസ്മി

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics