സകാത്തിലൂടെ സാമൂഹിക സുസ്ഥിതി

പ്രകടനപരതയുടെയും പൊങ്ങച്ചത്തിന്റെയും അടയാളങ്ങളില്‍ നിന്ന് മുക്തമാകുമ്പോള്‍ മാത്രമേ സകാത്തും ദാനധര്‍മങ്ങളും പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂവെന്ന് ഇസ്‌ലാമിക ശരീഅത്ത് വ്യക്തമാക്കുന്നു. ഇടതു കൈ പോലും അറിയാതെ വലതുകൈ നല്‍കുന്ന ദാനത്തെ പ്രവാചകന്‍(സ) പ്രശംസിച്ചിട്ടുണ്ട്. പരലോകത്ത് യാതൊരു തണലും ഇല്ലാത്ത സന്ദര്‍ഭത്തില്‍ തണല്‍ ലഭിക്കുന്ന ഏഴ് കൂട്ടരില്‍ ഒന്നായി അത്തരക്കാരെ എണ്ണുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, ആളുകളെ കാണിക്കുന്നതിനും പെരുമനടിക്കുന്നതിനും വേണ്ടി സമ്പത്ത് ചെലവഴിക്കുന്നവരെ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവരുടെ കൂട്ടത്തിലാണ് അല്ലാഹു എണ്ണിയിട്ടുള്ളത്.

ദരിദ്രജനങ്ങളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനും അവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കുന്നതിനും വേണ്ടിയാണിത്. അതോടൊപ്പം തന്നെ അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതിലും അവര്‍ക്ക് സുരക്ഷയൊരുക്കുന്നതിലുമുള്ള താല്‍പര്യവും അതില്‍ പ്രകടമാണ്.

വിശുദ്ധ ഖുര്‍ആന്‍ മിക്കയിടത്തും നമസ്‌കാരത്തോട് ചേര്‍ത്തു കൊണ്ടാണ് സകാത്തിനെയും പറഞ്ഞിട്ടുള്ളതെന്നത് അതിന്റെ പ്രാധാന്യത്തെയാണ് കുറിക്കുന്നത്. 'നിങ്ങള്‍ നമസ്‌കാരം നിലനിര്‍ത്തുക, സകാത്ത് നല്‍കുക' എന്നാണ് പൊതുവെ ഖുര്‍ആന്റെ പരാമര്‍ശം.

സമ്പത്തിനോടുള്ള സ്‌നേഹം സ്വാഭാവികമാണ്. അതേസമയം അതിനോടുള്ള സ്‌നേഹത്തില്‍ ആണ്ടുപോയാല്‍ അല്ലാഹുവിനോടുള്ള സ്‌നേഹത്തില്‍ നിന്നും പരലോകത്തിന് വേണ്ടിയുള്ള മുന്നൊരുക്കത്തില്‍ നിന്നും മനസ്സിനെയത് തെറ്റിക്കും. സമ്പത്തിന്റെ ഉടമയുടെ കൈകൊണ്ടു തന്നെ അതിലൊരു നിശ്ചിത വിഹിതം നിര്‍ബന്ധമായും കൊടുപ്പിക്കുന്നതിന് പിന്നിലെ യുക്തി അതിനോടുള്ള അവന്റെ അമിത താല്‍പര്യം ഇല്ലാതാക്കലാണ്. പണം സമ്പാദിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായത് കൊണ്ട് സന്തോഷം നേടാനാവില്ലെന്നും മറിച്ച് അല്ലാഹുവിന്റെ തൃപ്തിക്കനുസരിച്ച് അത് ചെലവഴിക്കുന്നതിലാണ് സന്തോഷമെന്നും മനുഷ്യനെയത് ഉണര്‍ത്തുന്നു. ''നീ അവരുടെ സമ്പത്തില്‍നിന്നു ധര്‍മം വസൂല്‍ചെയ്ത് അവരെ ശുദ്ധീകരിക്കുകയും (നന്മയുടെ മാര്‍ഗത്തില്‍) വളര്‍ത്തുകയും ചെയ്യുക.'' (അത്തൗബ: 103) ദൈവിക വചനത്തിന്റെ ഉദ്ദേശ്യമിതാണ്.

അഹ്മദ് അല്‍ഹബാബി അദ്ദേഹത്തിന്റെ 'അല്‍ഇസ്‌ലാമുല്‍ മുഖാറന്‍' എന്ന പുസ്തകത്തില്‍ പറയുന്നു: സകാത്ത് നല്‍കുന്ന വ്യക്തിക്ക് അല്ലാഹു നല്‍കിയ ഐശ്വര്യമെന്ന അനുഗ്രഹത്തിനുള്ള നന്ദിയാണ് സകാത്ത്. ഒരു അടിമ അല്ലാഹു നല്‍കിയ അനുഗ്രങ്ങള്‍ ചെലവഴിക്കലും നിശ്ചയിക്കപ്പെട്ട കാര്യങ്ങള്‍ക്ക് അവ ഉപയോഗിക്കലുമാണ് നന്ദി പ്രകടനം.

ദരിദ്രരോടും അവശജനവിഭാഗങ്ങളോടുമുള്ള കാരുണ്യവും അനുകമ്പയുമായി സമ്പത്തിന്റെ ഒരു വിഹിതം അവര്‍ക്ക് വേണ്ടി ചെലവഴിക്കാനുള്ള അല്ലാഹുവിന്റെ കല്‍പന നടപ്പാക്കലാണ് അല്ലാഹുവിന്റെ അനുഗ്രഹത്തിനുള്ള നന്ദി. അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാത്തവര്‍ അവയെ ഇല്ലാതാക്കുകയാണ്. സമ്പന്നര്‍ തങ്ങളുടെ സകാത്ത് തടയുമ്പോഴാണ് ദരിദ്രര്‍ പട്ടിണി കിടക്കേണ്ടി വരുന്നത്. അലി ബിന്‍ അബൂത്വാലിബ്(റ) ഒരിക്കല്‍ പറഞ്ഞു: 'സമ്പന്നന്‍ നിഷേധിച്ചതിനെ തുടര്‍ന്നല്ലാതെ ഒരു ദരിദ്രനും പട്ടിണി കിടന്നിട്ടില്ല.'

സകാത്ത് നല്‍കുന്നവനിലും സ്വീകരിക്കുന്നവനിലും ചിന്താപരവും ബുദ്ധിപരവുമായ ഉണര്‍വുണ്ടാക്കുന്നു. അതോടൊപ്പം അത് ഇരുവര്‍ക്കും ശാരീരികമായ കരുത്തും ഭദ്രതയും നല്‍കുന്നു. അതിലൂടെ ദാരിദ്ര്യവും രോഗവും പട്ടിണിയും ഇല്ലാതാക്കപ്പെടുന്നു. സമ്പന്നര്‍ തങ്ങളുടെ നിര്‍ബന്ധ ബാധ്യതയെന്ന നിലയില്‍ സകാത്ത് നല്‍കുമ്പോള്‍ നിര്‍ഭയത്വവും സുസ്ഥിരതയുമാണുണ്ടാക്കുന്നത്. ഇതിലൂടെയാണ് പ്രഥമ ഇസ്‌ലാമിക സമൂഹത്തിന് ശാന്തവും സ്വസ്ഥവുമായ ജീവിതം സാധിച്ചത്. അതിലൂടെ ഇസ്‌ലാമിക സമൂഹം പരസ്പരം ശക്തിപ്പെടുത്തുന്ന ഇഷ്ടികകള്‍ ചേര്‍ത്ത് നിര്‍മിച്ച ഒരു കെട്ടിടം പോലെ ഭദ്രമായി നിലകൊണ്ടു. അവര്‍ പരസ്പരം സഹായിച്ചപ്പോള്‍ ഉത്തമ ദൈവദാസന്‍മാരും സഹോദരങ്ങളുമായി അവര്‍ മാറി.

വിവ: നസീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus