ബിഹാറില്‍ ബി.ജെ.പി കാലുറപ്പിക്കുന്നതെങ്ങനെ?

ബിഹാറിലെ ചാപ്രക്കടുത്തുള്ള ബദ്‌ലാപുര, ചിരന്ദ്ഗാവ് ഗ്രാമങ്ങള്‍ക്കിടയിലെ ചെറിയൊരു പ്രദേശത്തെ വളരെ ചെറിയൊരു അമ്പലത്തില്‍ നാല്‍പതോളം സ്ത്രീകള്‍ ഒരുമിച്ച് കൂടിയിരിക്കുകയാണ്. വേനലിലെ ഉച്ചക്ക് ശേഷമുള്ള കൊടും ചൂടിനെ അവഗണിച്ച് ഹിന്ദു ദൈവമായ ശിവനുള്ള ആരാധനയില്‍ മുഴുകിയിരിക്കുകയാണവര്‍. 'ശിവ് ചര്‍ച്ച'യാണ് അവിടെ നടക്കുന്നതെന്ന് അമ്പലത്തിന് സമീപത്തുണ്ടായിരുന്ന പൂജാരിയായ അജയ് പാണ്ഡേ വിശദീകരിച്ചു തന്നു. അമ്പലത്തിന് ചുറ്റുമുള്ള അഞ്ച് ഗ്രാമങ്ങളിലെ സ്ത്രീകള്‍ എല്ലാ ദിവസവും ഉച്ചക്ക് ശേഷം ഒരുമിച്ച് കൂടി മൂന്നോ നാലോ മണിക്കൂര്‍ പ്രാര്‍ഥനയില്‍ ഏര്‍പ്പെടും. പല ജാതിയിലും ഉപജാതിയിലും പെട്ടവരാണ് അവരെന്നതും ശ്രദ്ധേയമാണ്.

സാരണ്‍ ജില്ലയിലെ മതജീവിതത്തില്‍ പുതുതായി ചേര്‍ക്കപ്പെട്ട ഒന്നാണ് ശിവ് ചര്‍ച്ച. ''മൂന്നോ നാലോ വര്‍ഷങ്ങള്‍ മുമ്പാണ് ഇത് ഞങ്ങളുടെ പ്രദേശത്ത് ആരംഭിച്ചത്'' സമീപഗ്രാമമായ ബനിയാപൂരിലെ ദലിത് ആക്ടിവിസ്റ്റായ അരുണ്‍ കുമാര്‍ ദാസിന്റെ വാക്കുകളാണിത്. ദലിത് സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് ഇത്തരത്തിലുള്ള മതപരമായ ചടങ്ങുകള്‍ എന്നും അദ്ദേഹം പറയുന്നു. ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹരേന്ദ്ര ഭായിയാണ് ബിഹാറിന് ശിവ് ചര്‍ച്ചകള്‍ പരിചയപ്പെടുത്തി കൊടുത്തത്. ബിഹാറിലെ സിവാനിലുള്ള ഭൂമിഹാര്‍ ജാതില്‍ പിറന്നയാളാണ് ഹരേന്ദ്ര ഭായ്. ബിഹാറിലേക്ക് മടങ്ങി വരുന്നതിന് മുമ്പ് അദ്ദേഹവും ഭാര്യ നീലവും ഝാര്‍ഘണ്ഡില്‍ ശിവ് ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു എന്നും പാണ്ഡേ പറയുന്നു. എന്നാല്‍ അത്ര വലിയ കാര്യമാണോ ഈ ശിവ് ചര്‍ച്ച? അതെ, ബിഹാറില്‍ അധികാരത്തിലെത്തുന്നതിന് ബി.ജെ.പി സ്വീകരിച്ച തന്ത്രങ്ങളുടെ ഭാഗമാണത്.

സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ബിഹാറില്‍ കാര്യമായ കാല്‍വെപ്പൊന്നും നടത്താന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല. ഇന്ത്യയില്‍ മിക്കയിടത്തും പാര്‍ട്ടിക്ക് പിന്തുണയായിട്ടുള്ള ഉയര്‍ന്ന ജാതിക്കാര്‍ അവിടെ കോണ്‍ഗ്രസിനൊപ്പമായിരുന്നു എന്നതാണ് കാരണം. അതിലുപരിയായി ഹിന്ദുത്വ പാര്‍ട്ടിയുടെ ഭൂരിപക്ഷ രാഷ്ട്രീയത്തോട് വിയോജിക്കുന്നവരാണ് അവിടത്തെ ജനങ്ങളെന്നും പാട്‌ന കേന്ദ്രീകരിച്ച് സാമുദായിക സൗഹാര്‍ദത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അല്‍ഖൈര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഡയറക്ടര്‍ അര്‍ശദ് അജ്മല്‍ പറയുന്നു. 1980കളുടെ അവസാനത്തില്‍ രാമജന്മ ഭൂമി പ്രസ്ഥാനത്തിലൂടെയാണ് കടന്നു വരുന്നത്. ഭഗല്‍പൂര്‍ മുസ്‌ലിം വിരുദ്ധ കൂട്ടകൊല അതിന് ആക്കം പകരുകയും ചെയ്തു. എന്നാല്‍ 1990ല്‍ ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായപ്പോള്‍ ആ വളര്‍ച്ചക്ക് അദ്ദേഹം തടയിട്ടു. അദ്ദേഹത്തിന് കീഴില്‍ സര്‍ക്കാര്‍ സംഘ്പരിവാര്‍ സംവിധാനങ്ങള്‍ തകര്‍ത്തെറിഞ്ഞുവെന്ന് പാട്‌നയിലെ ഏഷ്യന്‍ ഡെവലപ്‌മെന്റ് റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള ഷൈബാല്‍ ഗുപ്ത പറയുന്നു.

2000ന്റെ തുടക്കത്തില്‍ പാര്‍ട്ടി (ബി.ജെ.പി) പ്രതീക്ഷ വെച്ചത് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദളുമായുള്ള സഖ്യത്തിലാണ്. അര പതിറ്റാണ്ടു കൊണ്ട് അധികാരത്തില്‍ പങ്കാളിത്തം വഹിക്കാനും അതിലൂടെ പാര്‍ട്ടിക്ക് സാധിച്ചു. പാട്‌നയിലെ ബി.ജെ.പി നേതാവ് സഞ്ജയ് പാസ്വാന്‍ പാര്‍ട്ടിയുടെ വളര്‍ച്ചക്ക് ഭരണസംവിധാനത്തെ പരമാവധി ഉപയോഗപ്പെടുത്തി. ജില്ലിയിലെയും ബ്ലോക്കുകളിലെയും പ്രാദേശിക ഭരണസമിതികളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ നിയമിക്കുക മാത്രമല്ല, സംഘ്പരിവാര്‍ പോഷക സംഘടനകള്‍ സംസ്ഥാനത്ത് വ്യാപിക്കുകയും വോട്ടര്‍മാരിലെ വിഭാഗങ്ങളെ കൃത്യമായി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

ഇങ്ങനെ ദലിത് സ്ത്രീകള്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ട ഒന്നാണ് ശിവ് ചര്‍ച്ചയെന്ന് അരുണ്‍ കുമാര്‍ ദാസ് സൂചിപ്പിച്ചു. ആചാരപരമായ ഒരു കര്‍മമൊന്നും അല്ല അത്. പ്രാര്‍ഥനകള്‍ ഭോജ്പൂരി ഭാഷയിലായിരുന്നു. ഹിന്ദു ദേവന്‍മാര്‍ക്കിടയില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്ന ശിവനാണ് അവിടത്തെ പ്രതിഷ്ഠ. 'അതില്‍ പ്രത്യേകമായ പ്രാര്‍ഥനാ രീതിയൊന്നും ഇല്ല' എന്നാണ് പാണ്ഡേ പറയുന്നത്. ''ചിലപ്പോള്‍ ഭജനാലാപനം ഉണ്ടാവും. മറ്റുചിലപ്പോള്‍ കഥാപ്രസംഗമായിരിക്കും. ക്ഷേത്ര പരിപാടികള്‍ക്കനുസരിച്ചായിരിക്കും അത് സംഘടിപ്പിക്കപ്പെടുക. ഒരു സ്ത്രീ തന്റെ കുട്ടിക്ക് സുഖമില്ലാതാകുമ്പോള്‍ അവന്‍ സുഖം പ്രാപിച്ചാല്‍ ഒരു ശിവ് ചര്‍ച്ച സംഘടിപ്പിക്കാം എന്ന തരത്തില്‍ നേര്‍ച്ചയാക്കാറുമുണ്ട്.''

മറ്റ് സംഘ് അനുബന്ധ സംവിധാനങ്ങളും സമാനമായ രീതിയില്‍ മറ്റ് ജനവിഭാഗങ്ങളിലേക്ക് എത്തുന്നു. ദരിദ്രരായ ഗ്രാമീണരെ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ഒന്നാണ് ഝുഗി ഝോപ്ടി സംഘര്‍ഷ് മോര്‍ച്ച (Jhuggi Jhopdi Sangharsh Morcha)യെന്ന് സാമുദായിക സൗഹാര്‍ദം ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഭഗല്‍പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'പരിധി' എന്ന എന്‍.ജി.ഒ പ്രവര്‍ത്തകന്‍ ഉദയ് പറയുന്നു. അതേസമയം ബിഹാറിലെ യുവാക്കളെ കേന്ദ്രീകരിച്ചാണ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തിക്കുന്നത്. മുഖ്യമായും യുവാക്കളെയും ദലിതുകളെയുമാണ് ലക്ഷ്യം വെക്കുന്നതെന്ന് സഞ്ജയ് പാസ്വാന്‍ പറയുന്നു.

മുസാഹര്‍, ചാമാര്‍ വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘമാണ് വനവാസി കല്യാണ്‍ ആശ്രമമെന്ന് ദാസ് ചൂണ്ടിക്കാട്ടുന്നു. അവിടെ സഞ്ജയെ പോലുള്ള ബി.ജെ.പി 'വളന്റിയര്‍മാര്‍' ഉണ്ട്. നഗരങ്ങളിലെ ചേരികളിലെ കുട്ടികള്‍ക്കായി ഒരാള്‍ ശിക്ഷാ കേന്ദ്ര എന്ന പേരില്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നവര്‍ പാര്‍ട്ടിയുമായി അകലം പാലിച്ചാണ് ജനങ്ങളോട് സംവദിക്കാറുള്ളത്, നന്നെ ചുരുങ്ങിയത് പരസ്യമായിട്ടെങ്കിലും. ''വി.എച്ച്.പിക്ക് ബി.ജെ.പിയുമായുള്ള ബന്ധവും ഗൂഢമായ ഉദ്ദേശ്യത്തോടെയാണത് പ്രവര്‍ത്തിക്കുന്നതെന്നും ആളുകള്‍ക്ക് അറിയാമെന്നതാണ് പ്രശ്‌നം'' എന്ന് സഞ്ജയ് പറയുന്നു. അതേസമയം കൈയ്യകലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിവ് ചര്‍ച്ച പോലുള്ളത് അങ്ങനെയല്ലെന്നും അദ്ദേഹം പറയുന്നു.

ആദ്യമായി ഒരു ചേരിയില്‍ ചെന്നപ്പോള്‍ ആളുകള്‍ സംശയത്തോടെ തന്നെ സ്വീകരിച്ചത് സഞ്ജയ് അനുസ്മരിക്കുന്നുണ്ട്. ''രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ആവശ്യങ്ങള്‍ക്കായി തങ്ങളെ ഉപയോഗപ്പെടുത്തുന്നു എന്നാണ് അവര്‍ കരുതുന്നത്. അവരെ സഹായിക്കാന്‍ ചെല്ലുന്ന ആരെയും അവര്‍ വിശ്വാസത്തിലെടുക്കുന്നുമില്ല.'' എന്നദ്ദേഹം പറയുന്നു. എന്നാല്‍ അദ്ദേഹം നിരന്തരം അവിടെ സന്ദര്‍ശിക്കുകയും അവിടത്തെ കക്കൂസുകള്‍ വൃത്തിയാക്കുന്നതിന് സ്വന്തം പോക്കറ്റില്‍ നിന്ന് 50,000 രൂപ ചെലവാക്കുകയും ചെയ്തു. തന്റെ പ്രവര്‍ത്തനം ക്രമേണെ പാര്‍ട്ടിക്ക് സഹായകമാകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതിലൂടെ നാല് മാസം കൊണ്ട് തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഇരട്ട ലക്ഷ്യത്തോടെയാണ് ഈ പരിശ്രമങ്ങളെല്ലാം നടക്കുന്നത്. ജാതിസഖ്യങ്ങള്‍ പുനസംവിധാനിക്കലും സംഘടനക്ക് വേണ്ടി നിലമൊരുക്കലുമാണവ. അതിലൊന്നായ ശിവ് ചര്‍ച്ച ജാതി സ്വത്വത്തെ മായ്ച്ചുകളയാന്‍ ലക്ഷ്യം വെച്ചുള്ളതാണെന്ന് പാണ്ഡേ പറയുന്നു. ''ആദ്യമായി മുഴുവന്‍ സ്ത്രീകളും പരസ്പരം ഇടപഴകാന്‍ തുടങ്ങിയിരിക്കുന്നു. ജാതി ചിന്ത ഇല്ലാതായിരിക്കുന്നു. വലിയൊരു മാറ്റമാണിത്.'' എന്ന് അദ്ദേഹം പറഞ്ഞു.

തെരെഞ്ഞെടുപ്പുകള്‍ കൃത്യമായിട്ടത് തെളിയിക്കുന്നു. ചാപ്ര ഒരു ഉദാഹരണമായി എടുക്കാം. അവിടത്തെ ഒന്നേകാല്‍ ലക്ഷം വോട്ടര്‍മാരില്‍ 40 ശതമാനം മുസ്‌ലിംകളും ദലിതുകളുമാണ്. പരമ്പരാഗതമായി ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിന് വോട്ടു നല്‍കുന്നവരാണവര്‍. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാദള്‍ ചാപ്രയില്‍ ആറും ബി.ജെ.പി രണ്ടും സീറ്റുകള്‍ നേടി. അതേസമയം കോണ്‍ഗ്രസും ജനതാദളും (JDU) ഓരോ സീറ്റ് വീതമാണ് നേടിയത്. ദലിത്-മുസ്‌ലിം സഖ്യങ്ങള്‍ രൂപപ്പെടുന്നത് തടഞ്ഞ് വിശാല ഹിന്ദു കൂട്ടം രൂപീകരിക്കാന്‍ ബി.ജെ.പി ശ്രമിച്ചിരുന്നെങ്കില്‍ യാദവന്‍മാരുടെ ചെലവില്‍ വലിയ നേട്ടം അവര്‍ക്കുണ്ടാക്കാമായിരുന്നു. മുസ്‌ലിംകള്‍ക്കെതിരെയുള്ള വാചകകസര്‍ത്തുകളും അതേ തന്ത്രത്തിന്റെ ഭാഗമാണ്. ''ലാലുവിനൊപ്പം ആയതുകൊണ്ടാണ് ഞങ്ങള്‍ ഉന്നം വെക്കപ്പെടുന്നത്'' എന്നാണ് ചാപ്രയിലെ രാഷ്ട്രീയ ജനതാദള്‍ ജില്ലാ പരിഷത് അധ്യക്ഷന്‍ ജീലാനി മുബീന്‍ പറയുന്നത്.

ഇതിലൂടെ സമാന്തരമായി സംഘടനയും സ്ഥാപിക്കപ്പെടുന്നു. ഒരിക്കല്‍ കൂടി ശിവ് ചര്‍ച്ചയിലേക്ക് വരാം. സ്ത്രീകളെ സംഘടിപ്പിക്കുക മാത്രമല്ല അത് ചെയ്യുന്നത്. പ്രാദേശിക നേതൃത്വത്തെ അതില്‍ നിന്ന് കണ്ടെത്തുകയും ചെയ്യുന്നു. ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നവര്‍ അതില്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ സജീവമാകുന്നവരെ കണ്ടെത്തി മറ്റു ഗ്രാമങ്ങളിലെ സംഘാടന ചുമതല അവരെ ഏല്‍പിക്കുന്നു. ഇത്തരത്തില്‍ നേതൃഘടന രൂപപ്പെടുന്നുവെന്ന് പാട്‌നയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ രൂപേഷ് പറയുന്നു.

അക്രമണങ്ങളുടെ വ്യാപനം
2000ല്‍ തുടക്കം കുറിച്ച് സംഘ്പരിവാര്‍ അനുബന്ധ സംവിധാനങ്ങള്‍ 2005ല്‍ ശക്തിപ്പെട്ടെങ്കിലും 2013ല്‍ നിതീഷ് കുമാര്‍ ബി.ജെ.പിയുമായുള്ള സംഖ്യം ഉപേക്ഷിച്ചത് അതിന് വലിയ കോട്ടം വരുത്തി. എന്നാല്‍ തെരെഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പരസ്യമായി തന്നെ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ''2014ലെ തെരെഞ്ഞെടുപ്പില്‍ സംസ്ഥാനം വ്യക്തമായ ധ്രുവീകരണത്തിന് സാക്ഷ്യം വഹിച്ചു''വെന്ന് ദര്‍ഭംഗയിലെ വിദ്യാഭ്യാസ വിദഗ്ദനായ മനാസ് ബിഹാരി വര്‍മ പറയുന്നു. 'നീ ഹിന്ദുവാണ് അതുകൊണ്ട് ഹിന്ദുവിന് വോട്ടു ചെയ്യണമെന്ന് പൊതുനിരത്തുകളില്‍ വെച്ച് ആളുകളോട് പറഞ്ഞു.'' എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വര്‍ഗീയ ആക്രമണങ്ങളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് വലിയ കുതിച്ചു ചാട്ടമുണ്ടായി. 2013 ജൂണിനും 2015 ഡിസംബറിനും ഇടയില്‍ ഏറ്റവും ചുരുങ്ങിയത് 667 വര്‍ഗീയ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ മുഹമ്മദ് സജ്ജാദ് പറുന്നു.ഈ വര്‍ഗീയ കലാപകങ്ങള്‍ പ്രത്യേക രീതിയിലായിരുന്നുവെന്ന് ഉദയ് പറയുന്നു. ചിലയിടങ്ങളില്‍ ബനിയകള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയില്‍ സംഘട്ടനങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മറ്റുചിലയിടങ്ങളില്‍ യാദവര്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. അതിലെ മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. ''നിങ്ങള്‍ വൈശാലിയും മുസഫര്‍പൂറും എടുത്തു നോക്കൂ, മിക്ക അക്രമങ്ങളും ചെയ്യുന്നത് മല്ല വിഭാഗമാണ്.'' എന്ന് സജ്ജാദ് പറയുന്നു. ''കഴിഞ്ഞ 20 വര്‍ഷമായി പ്രദേശം അവരുടെ കൈവശമാണുള്ളത്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ അവരുടെ നിയന്ത്രണത്തിലാണ്. ഇഷ്ടികക്കളങ്ങള്‍ക്ക് സ്ഥലം നല്‍കിയത് അവരാണ്. പക്ഷികളെയും മീനുകളെയും പിടിക്കുന്നതും അവരാണ്.'' അതിലൂടെയെല്ലാം അവര്‍ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടായിരുന്നു. അവര്‍ ഇങ്ങനെ ശക്തിപ്പെട്ടു വരുന്നത് രജപുത്രരില്‍ അസ്വസ്ഥതയുണ്ടാക്കി. മല്ലകളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാമെന്ന പ്രതീക്ഷയില്‍ അവരില്‍ മുസ്‌ലിം വിരുദ്ധ വികാരം കുത്തിവെക്കുകയാണ് ബി.ജെ.പിയിപ്പോള്‍ ചെയ്യുന്നതെന്നും സജ്ജാദ് അഭിപ്രായപ്പെട്ടു.

പ്രവര്‍ത്തനം തുടരുന്നു
തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുകയും മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്‌തെങ്കിലും അതൊന്നും സംഘ്പരിവാര്‍ പ്രവര്‍ത്തനങ്ങളെ ബാധിച്ചില്ല. വാട്‌സപ്പ് പോലുള്ള സംവിധാനങ്ങളിലൂടെ അവര്‍ മെസ്സേജുകള്‍ പ്രചരിപ്പിച്ചു. അറാ ഗ്രാമത്തിനടുത്തുള്ള തന്റെ ഓഫീസിലിരുന്ന് ഒരു യുവ ബാങ്കിംഗ് ഏജന്റ് ഒരാള്‍ പശുവിനെ മര്‍ദിക്കുന്ന വീഡിയോ കാണിച്ചിട്ട് ചോദിച്ചു ''ഇതില്‍ എന്തെങ്കിലും സത്യം ഉണ്ടാവും, അല്ലേ?'' ജാതിയോടും സമുദായത്തോടും കൂറ് വളര്‍ത്താനുള്ള മാര്‍ഗമായിട്ടാണ് ഇത്തരം മെസ്സേജുകള്‍ ഉപയോഗിക്കുന്നത്. ''അവര്‍ ഇവിടെ വിജയിച്ചിരുന്നില്ല. ഇപ്പോല്‍ എങ്ങനെയാണ് ആളുകളെ അവര്‍ക്കൊപ്പം കിട്ടിയത്? ഹിന്ദുക്കളെ മുസ്‌ലിംകള്‍ക്കെതിരെ തിരിച്ചാണത്.'' എന്ന് മുബീന്‍ വിശദീകരിക്കുന്നു.

അതേസമയം എല്ലാവരെയും ആകര്‍ഷിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ലെന്നതും വസ്തുതയാണ്. ചിരന്ദഗാവ് ഗ്രാമത്തിലെ ഹരേകൃഷ്ണ പാസ്വാന്‍ എന്ന യുവാവ് ശിവ് ചര്‍ച്ചയെ കുറിച്ച് പറയുന്നു: ''ഒരുമിച്ചിരുന്ന് പ്രാര്‍ഥിക്കുകയും അതിന് ശേഷം ഉയര്‍ന്ന ജാതിക്കാര്‍ അവരുടെ വീട്ടിലേക്കും ഞങ്ങള്‍ ഞങ്ങളുടെ വീട്ടിലേക്കും മടങ്ങുകയും ചെയ്യുന്നത് കൊണ്ട് എന്ത് ഫലമാണുള്ളത്? ഞങ്ങളോടൊപ്പം ആഹാരം കഴിക്കാന്‍ അവരിപ്പോഴും തയ്യാറല്ല. മതത്തില്‍ മാത്രമാണ് ഞങ്ങള്‍ക്ക് സമത്വം നല്‍കുന്നത്, പൊതുവായ മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിലല്ല.''

പരിമിതമായ സമത്വമാണ് ശിവ് ചര്‍ച്ച മുന്നോട്ടു വെക്കുന്നത്. വര്‍ണ സമ്പ്രദായം അവസാനിക്കുന്ന നാള്‍ ഇന്ത്യന്‍ സമൂഹവും അവസാനിക്കുമെന്നാണ് പാണ്ഡേ പറയുന്നത്. ''വ്യത്യസ്ത ജാതികളാണുള്ളത്. മുന്‍കഴിഞ്ഞ രാജാക്കന്‍മാരും ഭരണാധികാരികളും സൃഷ്ടിച്ചെടുത്തതാണത്.''

ബജ്‌റംഗ്ദളിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഹരേകൃഷ്ണ പാസ്വാന്റെ വീടിന് സമീപത്തെ ഗ്രാമങ്ങളില്‍ നിന്നും അതില്‍ ചേര്‍ന്നിട്ടുള്ള മിക്ക യുവാക്കളും ബ്രാഹ്മണന്‍മാരും രജപുത്രന്‍മാരുമാണ്. താഴ്ന്ന ജാതിയിലുള്ള ചിലരെല്ലാം അതിലേക്ക് പോയിട്ടുണ്ടെങ്കിലും അതിലേക്ക് പോകാത്തവരാണ് കൂടുതലും. ഞങ്ങളെല്ലാം ഞങ്ങളുടെ തന്നെ ജോലികളുടെ തിരക്കിലാണ്. എന്നാണ് പാസ്വാന്‍ പറയുന്നത്. പ്രകടനങ്ങള്‍ക്ക് സാധാരണയായി ബജ്‌റംഗ് ദള്‍ പുറത്തു നിന്ന് ആളുകളെ കൊണ്ടുവരികയാണ് ചെയ്യാറുള്ളത്. അത്തരം കൂട്ടങ്ങളില്‍ 20 ശതമാനം ഗ്രാമവാസികളും ബാക്കി 80 ശതമാനം പുറമെ നിന്നുള്ളവരുമാണുണ്ടാവാറുള്ളതെന്ന് മുബീന്‍ പറയുന്നു.

ധ്രുവീകരണം ശക്തിപ്പെട്ടു വരികയാണ്. ചാപ്രക്കടുത്തുള്ള വജ്ദിപൂരിലുള്ള ഒരു മുസ്‌ലിം യുവാവ് പേരു വെളിപ്പെടുത്താതെ പറഞ്ഞു: ''ഞങ്ങളുടെ ഗ്രാമത്തിലെ ആളുകള്‍ പറയുന്നത് അവര്‍ക്ക് വേണമെങ്കില്‍ എന്നെ കൊല്ലാമെന്നാണ്.'' വജ്ദിപൂര്‍ പോലുള്ള സ്ഥലങ്ങളില്‍ ഇരു സമുദായങ്ങള്‍ക്കുമിടയിലുള്ള അവിശ്വാസം വളരെ ശക്തമാണ്. മാര്‍ച്ച് 13ന് ഒരു മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടതിന് കുറിച്ച് ചോദിച്ചപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് തങ്ങള്‍ക്കറിയില്ലെന്നാണ് നാല് യുവാക്കള്‍ പ്രതികരിച്ചത്. ''രാത്രിയാണത് സംഭവിച്ചത്'' അതില്‍ ഒരാള് പറഞ്ഞു. ''അവര്‍ ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്തു എന്നാണ് ഞങ്ങള്‍ കേട്ടത്. ഈ പ്രദേശത്ത് ഒരു ബജ്‌റംഗ്ദല്‍ പ്രവര്‍ത്തകനുമില്ല.'' പിന്നീട് അവര്‍ പരാതികളുടെ കെട്ടഴിക്കാന്‍ തുടങ്ങി. ''ഞങ്ങളുടെ ഉത്സവങ്ങള്‍ ആഘോഷിക്കുന്നത് മുസ്‌ലിംകള്‍ തടയുന്നു.'' അവരില്‍ ഒരാള്‍ പറഞ്ഞു. ഭൂരിപക്ഷം ഹിന്ദുക്കള്‍ കഴിയുന്ന, ഏതാനും മുസ്‌ലിം വീടുകള്‍ മാത്രമുള്ള പ്രദേശത്തെ സംബന്ധിച്ചടത്തോളം തീര്‍ത്തും അവിശ്വസനീയമായ വാദമാണത്. അവര്‍ക്ക് സങ്കല്‍പിക്കാന്‍ പോലും സാധിക്കാത്ത ആരോപണമാണത്.

അവലംബം: scroll.in

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics