സ്‌നേഹവും പ്രേമവും നിലക്കുന്നില്ല

ദമ്പതികള്‍ക്കിടയിലെ സ്‌നേഹത്തിന് പ്രായം ഒരു തടസ്സമാവരുത്. കാരണം സ്‌നേഹം നിലക്കുന്ന ഒരു പ്രായമില്ല. തിരക്കുകളും അതിന് കാരണമാവരുത്. കാരണം, ഇണയെന്നത് നിന്നെ സംബന്ധിച്ചടത്തോളം ജീവിതത്തിലെ സുപ്രധാന കാര്യങ്ങളിലൊന്നാണ്. സമ്പത്തിന്റെ കുറവും അതിന് കാരണമല്ല. സ്‌നേഹവും പ്രേമവും പണം ആവശ്യമില്ലാത്തതാണെന്നത് തന്നെ കാരണം.

പുഞ്ചിരിച്ചും പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടും യാത്ര ചോദിച്ചാണ് നീ വീട്ടില്‍ നിന്നും പുറപ്പെടേണ്ടത്. വീട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ നിന്നെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കാന്‍ സാവകാശം നീ നല്‍കണം. നിനക്കിഷ്ടമില്ലാത്ത അവസ്ഥയില്‍ അവളെ കാണുന്നത് ഒഴിവാക്കുന്നതിനാണത്. പ്രത്യേകിച്ചും ദീര്‍ഘ യാത്രകള്‍ കഴിഞ്ഞ് വരുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

നല്ല വാക്കുകള്‍ കൊണ്ട് ഇണയെ നീ ലാളിക്കണം. അങ്ങയേറ്റം കര്‍ക്കശക്കാരനായ ഉമര്‍ ബിന്‍ അല്‍ഖത്താബ്(റ) പോലും ഇങ്ങനെ പറയാറുണ്ടായിരുന്നു: ഒരാള്‍ തന്റെ കുടുംബത്തിലായിരിക്കുമ്പോള്‍ കൊച്ചു കുട്ടിയെ പോലെയാവണം. അവന്‍ സമൂഹത്തിലായിരിക്കുമ്പോള്‍ പുരുഷനുമായിരിക്കണം.

ഒരു ഭാര്യ പറയുന്നു: വൈവാഹിക ജീവിതം പതിനെട്ട് വര്‍ഷം പിന്നിട്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അത്താഴം ഒരുക്കി. മാംസം കരിഞ്ഞ് പാത്രിത്തിന്റെ അടിയില്‍ പിടിച്ചിരുന്നു, കറിയില്‍ ഉപ്പ് കൂടി പോയിരുന്നു. ഒന്നും മിണ്ടാതെ ഭര്‍ത്താവ് ഭക്ഷണം കഴിച്ചു. ഭക്ഷണത്തിന് ശേഷം വലിയൊരു ഭൂമികുലുക്കം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഭക്ഷണം കഴിഞ്ഞ് ഞാന്‍ പാത്രങ്ങളെല്ലാം കഴുകിക്കൊണ്ടിരിക്കെ അദ്ദേഹം വന്ന് എന്നെ കെട്ടിപ്പിടിച്ച് നെറ്റിയിലൊരു ചുംബനം നല്‍കുകയാണ് ചെയ്തത്. ഞാന്‍ ചോദിച്ചു: എന്തിനാണ് ഈ ചുംബനം?
അദ്ദേഹം പറഞ്ഞു: ഇന്ന് നീയുണ്ടാക്കിയ ഭക്ഷണം ഒരു പുതുമണവാട്ടി ഉണ്ടാക്കിയ ഭക്ഷണം പോലെയായിരുന്നു. അതുകൊണ്ട് ഒരു പുതുമണവാട്ടിയോട് പെരുമാറുന്നത് പോലെ നിന്നോട് പെരുമാറാമെന്ന് ഞാന്‍ കരുതി.

ആ ഭര്‍ത്താവ് അതിന്റെ പേരില്‍ ഇണയോട് ദേഷ്യപ്പെട്ടില്ലെന്ന് മാത്രമല്ല, അതിന്റെ പേരില്‍ അവളെ പ്രയാസപ്പെടുത്തുന്നതിന് പകരം ആ സന്ദര്‍ഭം അവളോട് കൂടുതല്‍ അടുപ്പം പ്രകടിപ്പിക്കാനുള്ള അവസരമാക്കി മാറ്റുകയും ചെയ്തു. പുളിയുള്ള നാരങ്ങയില്‍ നിന്ന് മധുരമുള്ള പാനീയമുണ്ടാക്കുന്ന പോലെ കാര്യങ്ങളെ പോസീറ്റിവായിട്ടാണ് അദ്ദേഹം സമീപിച്ചത്. ദാമ്പത്യ ജീവിതത്തിന്റെ സന്തോഷകരമായ മുന്നോട്ടുപോക്കിന് നാം പ്രായോഗികമാക്കേണ്ട ഒന്നാണിത്.

ജനലിന്റെ പൊട്ടിയ ഗ്ലാസ്സ് ശരിയാക്കണം, അതിലൂടെ അയല്‍ക്കാര്‍ തന്നെ നോക്കുമെന്ന് ഭാര്യ പറയുമ്പോള്‍ 'അവര്‍ നിന്നെ കണ്ടാല്‍ അവരുടെ ചെലവില്‍ അത് ശരിയാക്കി തരും' എന്ന് മറുപടി നല്‍കുന്ന ഭര്‍ത്താവും നാം ആദ്യം പറഞ്ഞ ഭര്‍ത്താവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണം.

ഓരോ കാര്യത്തിലും തന്റെ ഇഷ്ടങ്ങള്‍ ഭാര്യ പരിഗണിക്കണമെന്ന് നീ ആഗ്രഹിക്കുന്ന പോലെ അവളുടെ ഇഷ്ടങ്ങളെ നീയും പരിഗണിക്കണം. ബന്ധത്തില്‍ വല്ല വരള്‍ച്ചയും അനുഭവപ്പെടുന്നതായി തോന്നിയാല്‍ ചില പതിവ് ശീലങ്ങളെ മാറ്റാനുള്ള വഴികള്‍ തേടണം. അവ ജീവിതത്തിന് നവോന്മേഷം പകരും. ഭര്‍ത്താവിനോടും മക്കളോടുമുള്ള ബാധ്യതകളും വീട്ടുജോലികളും വര്‍ഷങ്ങളായി നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന ഭാര്യ ആഗ്രഹിക്കുന്ന ഒന്നാണ് ഭര്‍ത്താവിനൊപ്പമുള്ള യാത്ര. അപ്രതീക്ഷിതമായി നാളെ നമുക്കൊരു യാത്ര പോകാം എന്ന് അവളോട് പറയുമ്പോള്‍ മൊത്തം അന്തരീക്ഷത്തെ തന്നെയത് മാറ്റുകയാണ്. ഭര്‍ത്താവിന്റെ അരികില്‍ വിമാനത്തില്‍ ഇരിക്കുമ്പോള്‍ സ്വന്തത്തെ നിയന്ത്രിക്കാന്‍ കഴിയാതെ കരയുകയാണവള്‍. എന്നിട്ടവള്‍ പറയുന്നു: അന്തരീക്ഷത്തിന്റെ ഈ മാറ്റം എത്ര മനോഹരമാണ്, അതിലേറെ എന്നെ ആനന്ദിപ്പിക്കുന്നത് നിങ്ങളെന്റെ ഒപ്പമുണ്ടെന്നതാണ്.

വിവ: നസീഫ്

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics