ഭരണകൂടത്തിന്റെ കുഴലൂത്തുകാരാവേണ്ടവരല്ല പണ്ഡിതന്‍മാര്‍

ലോക മുസ്‌ലിം പണ്ഡിത വേദി വൈസ് പ്രസിഡന്റ് ഡോ. അഹ്മദ് റൈസൂനിയുമായി അല്‍ജസീറ നടത്തിയ അഭിമുഖം:

ഖത്തറിന് മേലുള്ള ഉപരോധത്തെ സംബന്ധിച്ച ചില പണ്ഡിതന്‍മാരുടെയും പണ്ഡിതവേദികളുടെയും നിലപാടുകളും ഫത്‌വകളും വിവാദങ്ങള്‍ ഉയര്‍ത്തിരിക്കുകയാണ്. ഉപരോധത്തിന് നിയമസാധുത നല്‍കാന്‍ ശ്രമിച്ചു കൊണ്ടുള്ള അത്തരം നിലപാടുകളെ എങ്ങനെ വിശദീകരിക്കാന്‍ സാധിക്കും? ദീനിന്റെ കള്ളിയിലാണോ അതല്ല രാഷ്ട്രീയത്തിന്റെ കള്ളിയിലാണോ അവരെ എണ്ണേണ്ടത്, പ്രത്യേകിച്ചും അത്തരം വ്യക്തികളിലും വേദികളിലും വലിയൊരു വിഭാഗത്തിന് മതപരവും ഔദ്യോഗികവുമായ സ്ഥാനങ്ങളുണ്ടായിരിക്കെ?
-ഒരു പണ്ഡിതന് തന്റെ വൈജ്ഞാനിക സ്വാതന്ത്ര്യം നഷ്ടപ്പെട്ടാല്‍ അയാളിലെ പണ്ഡിതന്‍ കൊല്ലപ്പെടുകയാണ് ചെയ്യുന്നതെന്ന് ഞാന്‍ പലപ്പോഴും ആവര്‍ത്തിച്ച് പറയുകയും എഴുതുകയും ചെയ്തിട്ടുള്ളതാണ്. താങ്കള്‍ സൂചിപ്പിച്ച ദീനീ വേദികള്‍ ഭരണാധികാരികളുടെ കല്‍പനക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. പല പണ്ഡിതസമിതികളും സര്‍ക്കാറിന് കീഴിലുള്ള കമ്പനികളെ പോലെ, ഭരണകൂടത്തിന്റെ പൂര്‍ണമായ നിയന്ത്രണത്തിലും ഉടമസ്ഥതയിലുമാണെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമായി മാറിയിരിക്കുന്നു. അതുകൊണ്ടു തന്നെ യുവാക്കളും വിദ്യാസമ്പന്നരും പൊതുജനങ്ങളും അത്തരം പണ്ഡിതന്‍മാരും വേദികളും പറയുന്ന കാര്യങ്ങള്‍ മുഖവിലക്കെടുക്കാറില്ലെന്നതും ശ്രദ്ധേയമാണ്. കാരണം ഭരണാധികാരികളും അവരുടെ മാധ്യമങ്ങളും ചൊല്ലിക്കൊടുക്കുന്നത് ഏറ്റുചൊല്ലുന്ന കേവലം തത്തകളായി അവ മാറിയിരിക്കുന്നു. അറിവിനും അതിന്റെ തേട്ടത്തിനുമനുസരിച്ചല്ല, മറിച്ച് രാഷ്ട്രീയത്തിനും അതിന്റെ ആവശ്യങ്ങള്‍ക്കും അനുസരിച്ചാണ് അവ സംസാരിക്കുന്നത്.

നിലവിലെ ഗള്‍ഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും അതിന് മുമ്പും നിലപാടുകളുടെ കാര്യത്തില്‍ കടുത്ത വിയോജിപ്പുകള്‍ മതവേദികള്‍ക്കും പണ്ഡിതന്‍മാര്‍ക്കും ഇടയില്‍ പ്രകടമാണ്. ഇത്തരം വിയോജിപ്പുകള്‍ മുസ്‌ലിം പൊതുസമൂഹത്തെ ഏത് തരത്തില്‍ സ്വാധീനിക്കുമെന്നാണ് താങ്കളുടെ അഭിപ്രായം?
- ഭരണകൂടത്തിന്റെ ആജ്ഞകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക പണ്ഡിതന്‍മാര്‍ ഒന്നാമതായി തങ്ങളുടെ രാഷ്ട്രങ്ങളുടെയും ഭരണകൂടങ്ങളുടെയും അടിസ്ഥാനത്തില്‍ അവര്‍ വേറിട്ടു നില്‍ക്കുന്നു. കാരണം ഔദ്യോഗിക പണ്ഡിതന്‍ തന്റെ രാജ്യത്തിന്റെയും അവിടത്തെ പ്രസിഡന്റിന്റെയും ഔദ്യോഗിക ദീനീ വക്താവായി മാറുകയാണ് ചെയ്യുന്നത്. പിന്നീട് ഔദ്യോഗിക പണ്ഡിതന്‍മാര്‍ക്കും സ്വതന്ത്ര പണ്ഡിതന്മാര്‍ക്കുമിടയില്‍ പണ്ഡിതന്‍മാര്‍ വേര്‍തിരിക്കപ്പെടുന്നു. സാധാരണയായി പൊതുജനം സ്വതന്ത്ര പണ്ഡിതന്‍മാരുടെ വാക്കുകളാണ് ശ്രദ്ധിക്കുക. ഭരണകൂടത്തിന്റെ കുഴലൂത്തുകാരെ അവര്‍ പരിഗണിക്കുന്നില്ല. ടാന്‍ജിയര്‍ (ത്വന്‍ജ) നഗരത്തില്‍ മുപ്പതിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഒരു കാര്യം ഞാനിപ്പോഴും ഓര്‍ക്കുന്നു. ഒരു പ്രമുഖ പണ്ഡിതന്‍ വെള്ളിയാഴ്ച്ച ഖുതുബ നിര്‍വഹിക്കാനായി മിമ്പറിയില്‍ കയറി ജനങ്ങളോട് പറഞ്ഞു: ഔഖാഫ് മന്ത്രാലയത്തില്‍ നിന്ന് വന്നിട്ടുള്ള ഖുതുബയാണിത്. നിങ്ങള്‍ പത്രങ്ങളിലൂടെയും റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും കേള്‍ക്കുന്ന കാര്യങ്ങള്‍ മാത്രമേ ഇതിലുള്ളൂ... അതുകൊണ്ട് ഞാനത് നിങ്ങള്‍ക്ക് വായിച്ചു തരുന്നില്ല. എന്നിട്ട് ആ കടലാസ് മടക്കി കീശയിലിട്ട് തന്റെ ഖുതുബ നിര്‍വഹിച്ചു.

പണ്ഡിതന്‍മാരെ രാഷ്ട്രീയത്തില്‍ ബന്ധിക്കുന്ന പ്രശ്‌നത്തിന് എങ്ങനെ പരിഹാരം കണ്ടെത്താനാവും?
-ഭരണകൂടങ്ങള്‍ക്ക് തങ്ങള്‍ക്കിണങ്ങിയ പണ്ഡിതന്‍മാരെയും പണ്ഡിത സമിതികളെയും ഒരുക്കുകയും അതിന് സാധ്യമായ മാര്‍ഗങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുമ്പോള്‍ നിഷേധിക്കാനോ തള്ളിക്കളയാനോ കഴിയാത്ത യാഥാര്‍ഥ്യമാണിത്. ഭരണകൂടങ്ങള്‍ തങ്ങളോടു കൂറ് പുലര്‍ത്തുന്ന മാധ്യമ പ്രവര്‍ത്തകരെയും സാംസ്‌കാരിക നായകരെയും ഉണ്ടാക്കിയെടുക്കുന്നത് പോലെ തങ്ങളോട് കൂറ് പുലര്‍ത്തുന്ന പണ്ഡിതന്‍മാരെയും പണ്ഡിതവേദികളെയും ഉണ്ടാക്കിയെടുക്കുന്നു. ഭരണകൂടത്തിന്റെ ആജ്ഞാനുവര്‍ത്തികളായി വര്‍ത്തിക്കുന്നവര്‍ക്ക് ബദലായി സ്വതന്ത്രമായി  ചിന്തിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന പണ്ഡിതന്‍മാരും ചിന്തകരും മാധ്യമ വേദികളും ഉണ്ടാകുക എന്നതാണ് ഇതിന് പരിഹാരം.

ഭരണകര്‍ത്താക്കള്‍ക്കുള്ള (ഉലുല്‍ അംറ്) അനുസരണം മുസ്‌ലിംകളെ സംബന്ധിച്ചടത്തോളം അവഗണിക്കാനാവാത്ത കാര്യമാണെന്ന തരത്തിലുള്ള ഫത്‌വകളും അഭിപ്രായ പ്രകടനങ്ങളും 'ഭരണാധികാരിയെ അനുസരിക്കല്‍ നിര്‍ബന്ധ ബാധ്യതയാണെന്നും, അദ്ദേഹത്തെ ധിക്കരിക്കാവതല്ലെന്നു'മുള്ള പഴയകാല ചര്‍ച്ചയിലേക്കാണ് നമ്മെ കൊണ്ടു പോകുന്നത്. തികച്ചും രാഷ്ട്രീയമായ തീരുമാനങ്ങളെ ന്യായീകരിക്കുന്നതിനും അവക്ക് നിയമസാധുത നല്‍കുന്നതിനും ഈ കര്‍മശാസ്ത്ര തത്വം ഉപയോഗപ്പെടുത്തുന്നില്ലേ?
- ഭരണകര്‍ത്താക്കളെ ധര്‍മത്തിലും അധര്‍മത്തിലും ഒരു പോലെ അനുസരിക്കണമെന്ന് ഇതിന് അര്‍ഥമില്ല. ''സ്രഷ്ടാവിനെ ധിക്കരിച്ചു കൊണ്ട് സൃഷ്ടിക്ക് അനുസരണമില്ല, നന്മയില്‍ മാത്രമാണ് അനുസരണം.'' എന്ന് ഹദീസില്‍ വ്യക്തമാണ്. പണ്ഡിതന്‍ ധര്‍മം പറയുകയും അതിന് സാക്ഷ്യം വഹിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. സത്യത്തെ സംബന്ധിച്ച് മൗനം പാലിക്കുന്നവന്‍ ഊമയായ പിശാചാണ്. അതിനേക്കാള്‍ മോശമാണ് അധര്‍മം സംസാരിക്കുന്ന പിശാച്. ഖത്തറിന് മേലുള്ള ഉപരോധം അക്രമവും അനീതിയുമാണ്. ധര്‍മത്തിന്റെ ഒരു കണിക പോലും അതിലില്ല. അതുകൊണ്ടു തന്നെ അതിനെ തള്ളിപ്പറയുകയും അസാധുവാക്കുകയും ചെയ്യേണ്ടതുണ്ട്. നിര്‍ബന്ധിതനായിട്ടല്ലാതെ അതില്‍ മൗനം പാലിക്കുന്നവന്‍ താന്‍ ഏല്‍പിക്കപ്പെട്ട അമാനത്തില്‍ (വിശ്വസിച്ചേല്‍പ്പിച്ച കാര്യം) വഞ്ചന കാണിക്കുകയാണ്. അതിനെ കുറിച്ച് സംസാരിക്കാന്‍ ഒരു നിലക്കും സാധിക്കാത്ത വിധത്തിലുള്ള നിര്‍ബന്ധിതാവസ്ഥയില്‍ ഒരാള്‍ മൗനം പാലിച്ചാല്‍ അതിന് ഇളവുണ്ട്. എന്നാല്‍ അധര്‍മത്തെ പിന്തുണക്കുകയും അക്രമത്തിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്നതിന് യാതൊരു ന്യായവുമില്ല. ''പാപകരവും അതിക്രമപരവുമായ കാര്യങ്ങളില്‍ ആരോടും സഹകരിക്കാവതുമല്ല.''

ഖത്തറിനെതിരെയുള്ള ഉപരോധത്തെ പിന്തുണച്ച അല്‍അസ്ഹര്‍ മുസ്‌ലിം ഉമ്മത്തിന്റെ സംരക്ഷണത്തിന് വേണ്ടിയാണ് അതെന്നാണ് അഭിപ്രായപ്പെട്ടത്. വര്‍ഷങ്ങളായി ഭരണകൂടത്തെ സേവിക്കുന്ന ഒരു സംവിധാനമായി അത് മാറിയിരിക്കുകയാണ്. ആ പൗരാണിക സ്ഥാപനത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതില്‍ നിന്ന് മോചിപ്പിച്ച് അതിന്റെ അടിസ്ഥാനപരമായ ദൗത്യത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ എന്താണ് മാര്‍ഗം?
- ഈജിപ്ഷ്യന്‍ ജനതയെയും ഈജിപ്ഷ്യന്‍ ഭരണകൂടത്തെയും ആയുധബലം കൊണ്ട് തട്ടിയെടുത്തിരിക്കുന്ന അവസ്ഥയില്‍ നിന്ന് എങ്ങനെ മോചിപ്പിക്കാനാവുമെന്നതാണ് ഏറ്റവും പ്രധാനവും പ്രസക്തവുമായ ചോദ്യം. തട്ടിയെടുക്കപ്പെട്ട സംവിധാനങ്ങളില്‍ ഒന്നാണ് അല്‍സ്ഹര്‍. ഈജിപ്ഷ്യന്‍ ഭരണകൂടത്തെയും ജനതയെയും മോചിപ്പിക്കാതെ അല്‍അസ്ഹറിനെയും മോചിപ്പിക്കാനാവില്ല. എന്നാല്‍ പണ്ഡിതന്‍മാര്‍ക്ക് വ്യക്തികളെന്ന നിലയില്‍ ഉത്തരവാദിത്വങ്ങളുണ്ട്. ഓരോരുത്തരും തങ്ങളുടെ രക്ഷിതാവിനോട് ഉത്തരവാദിത്വമുള്ളവരുമാണ്.

ഒരു മതപണ്ഡിതനോ, കര്‍മശാസ്ത്ര പണ്ഡിതനോ പ്രബോധകനോ മുഫ്തിയോ ആയിട്ടുള്ള ഒരാള്‍ക്ക് രാഷ്ട്രീയ തര്‍ക്കങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ എങ്ങനെ സാധിക്കും? കാലഘട്ടത്തിന്റെ മാറ്റങ്ങളും സവിശേഷതകളും അതുയര്‍ത്തുന്ന ചോദ്യങ്ങളും രാഷ്ട്രീയക്കാരെയും സാംസ്‌കാരിക നായകരെയും പോലെ അവരെയും ഇതിലേക്ക് കൊണ്ടുവരില്ലേ?
- ഒരു യഥാര്‍ഥ പണ്ഡിതന്റെ സവിശേഷത തന്റെ അറിവിന്റെ അടിസ്ഥാനത്തിലായിരിക്കും അദ്ദേഹം സംസാരിക്കുകയെന്നതാണ്. പ്രമാണങ്ങളെ പിന്‍പറ്റി സത്യമായിരിക്കും അദ്ദേഹം പറയുക. ഒരിക്കല്‍ ഒരു പള്ളിയില്‍ ഞാന്‍ ക്ലാസ്സെടുത്തു. തുടര്‍ന്നുള്ള ചര്‍ച്ചക്കിടെ ഞാന്‍ പറഞ്ഞതിന് വിരുദ്ധമായിട്ടാണ് രാജ്യത്തെ അധികാര കേന്ദ്രങ്ങള്‍ പറയുന്നതെന്ന് സദസില്‍ നിന്ന് ഒരാള്‍ പറഞ്ഞു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: പവിത്രമായ പള്ളിക്കുള്ളിലാണ് നാം ഉള്ളത്. ഇവിടെ പരമമായ അധികാരം ജ്ഞാനത്തിനും വൈജ്ഞാനിക പ്രമാണങ്ങള്‍ക്കുമാണ്.

അഭിപ്രായ വ്യത്യാസമുള്ള രാഷ്ട്രീയ വിഷയങ്ങളില്‍ പോലും ഒരു പണ്ഡിതന്‍ ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് ശരിയെന്ന് ബോധ്യപ്പെട്ട തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അപ്രകാരം ശരി തെറ്റുകള്‍ നിര്‍ണയിക്കുന്നതില്‍ അദ്ദേഹം ആശയക്കുഴപ്പത്തിലാണെങ്കില്‍ അതില്‍ മൗനം പാലിക്കുന്നതും തെറ്റല്ല. എന്നാല്‍ ശരി തെറ്റുകളും അനീതിയും വ്യക്തമായി ബോധ്യപ്പെട്ടിട്ടും മൗനം പാലിക്കുന്നത് അനുവദനീയമല്ല.

ഖത്തറിനെതിരെയുള്ള ഉപരോധത്തെ പിന്തുണക്കുകയും അതിന് നിയമസാധുത പതിച്ചു നല്‍കുകയും മതവേദികള്‍ക്കും പണ്ഡിതന്‍മാര്‍ക്കും കര്‍മശാസ്ത്രജ്ഞര്‍ക്കും തങ്ങളുടെ സ്ഥാനം വീണ്ടെടുക്കാനും ഭാവിയില്‍ ഏതെങ്കിലും വിഷയത്തില്‍ തങ്ങളെടുക്കുന്ന തീരുമാനം മുസ്‌ലിം പൊതുസമൂഹത്തെ കൊണ്ട് അംഗീകരിപ്പിക്കാനും സാധിക്കുമോ?
- യഥാര്‍ത്ഥത്തില്‍, തങ്ങള്‍ നിര്‍വഹിക്കുന്ന രാഷ്ട്രീയ-ദീനീ സേവനങ്ങള്‍ക്ക് പകരമായി നേടുന്ന നാണയത്തുട്ടുകളല്ലാത്തതെല്ലാം നഷ്ടപ്പെടുത്തുകയാണ് രാഷ്ട്രീയക്കാര്‍ക്ക് വഴിപ്പെട്ടിരിക്കുന്ന ഈ പണ്ഡിതന്‍മാര്‍. ഇത്തരം പണ്ഡിതന്‍മാരെ പോറ്റിവളര്‍ത്തുന്നവരും ഭരണകൂടങ്ങളും അവരെ ആശ്രയിക്കുകയും പല വിഷയങ്ങളിലും അവരുടെ സഹായം തേടുകയും ചെയ്യുന്നു എന്നതാണ് വസ്തുത. അതേസമയം ജനങ്ങള്‍ അവര്‍ക്ക് നേരെ മുഖം തിരിക്കുകയില്ല.

എന്നാല്‍ ഒരാള്‍ പശ്ചാത്തപിക്കാനും തിരുത്താനും തയ്യാറാവുകയാണെങ്കില്‍ വാതിലുകള്‍ സദാ തുറന്നു കിടക്കുകയാണ്, അല്ലാഹുവിന്റെ അടുക്കലാണെങ്കിലും മുസ്‌ലിം പൊതുസമൂഹത്തിന്റെ അടുക്കലാണെങ്കിലും ശരി.

മൊഴിമാറ്റം: നസീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics