അയോധ്യയിലെത്തിയ ശിലകള്‍ ശ്രീരാമന് വേണ്ടിയല്ല, ബി.ജെ.പിക്ക് വേണ്ടിയാണ്

ഉത്തര്‍പ്രദേശ് അസംബ്ലി തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചിരിക്കുന്ന വിജയം അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം പകര്‍ന്നിരിക്കുകയാണ്. 17 മാസത്തെ ശാന്തതക്ക് ശേഷം കര്‍സേവക്പുരത്തെ വിശ്വഹിന്ദു പരിഷത്ത് ആസ്ഥാനത്തെ പണിപ്പുരയില്‍ രണ്ട് ലോഡ് മണല്‍ശിലകള്‍ എത്തിയിരിക്കുന്നത് ചുറ്റുപാടിനെ ശബ്ദമുഖരിതമാക്കിയിരിക്കുന്നു. 1992 ഡിസംബര്‍ ആറിന് കര്‍സേവകരാല്‍ തകര്‍ക്കപ്പെട്ട 464 വര്‍ഷം പഴക്കമുണ്ടായിരുന്ന ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥാനത്ത് നിര്‍മിക്കാന്‍ സംഘ്പരിവാര്‍ ആഗ്രഹിക്കുന്ന ക്ഷേത്രത്തിന് വേണ്ടി തൊഴിലാളികള്‍ ശിലകള്‍ കൊത്തുകയും തൂണുകള്‍ തയ്യാറാക്കുകയുമാണവിടെ. രാജസ്ഥാനില്‍ നിന്നും ജൂലൈ അഞ്ചിന് പതിനെട്ട് ബ്ലോക്ക് മണല്‍ശിലകളാണ് എത്തിയിരിക്കുന്നത്. അതിന് ഒരാഴ്ച്ച മുമ്പ് നാല് ബ്ലോക്കുകളും എത്തിയിരുന്നു.

ബാബരി മസ്ജിദ് - രാമജന്മ ഭൂമി കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടായിരിക്കെ കര്‍സേവക്പുരത്ത് ശക്തിപ്പെടുന്ന ബഹളങ്ങള്‍ അയോധ്യയിലെ സന്യാസിമാരില്‍ ഒരു വിഭാഗത്തെയും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. തര്‍ക്കഭൂമിയുടെ നിലവിലെ അവസ്ഥ നിലനിര്‍ത്തണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 2019ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ശിലകള്‍ എത്തിക്കപ്പെട്ടിരിക്കുന്നതെന്ന് ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നിലകൊള്ളുന്ന താല്‍ക്കാലിക രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ ആചാര്യ സത്യേന്ദ്ര ദാസ് പറയുന്നു.

''രാമന് വേണ്ടി ക്ഷേത്രം നിര്‍മിക്കുന്നതിലല്ല, ബി.ജെ.പിക്ക് അനുകൂലമായ രീതിയില്‍ ഹിന്ദു വോട്ടുകള്‍ ധ്രുവീകരിക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തില്‍ താല്‍പര്യമുള്ള സംഘടനയാണ് വി.എച്ച്.പി.'' എന്ന് ആചാര്യ ദാസ് പറഞ്ഞു. ''രാമക്ഷേത്രത്തിന് വേണ്ടി ഈ ശിലകള്‍ക്ക് ഒന്നും ചെയ്യാനാവില്ല. കാരണം ഈ കേസില്‍ സുപ്രീം കോടതി ഇതുവരെ വാദം കേള്‍ക്കല്‍ പോലും ആരംഭിച്ചിട്ടില്ല. ബി.ജെ.പി രാമക്ഷേത്രത്തെ മറന്നിട്ടില്ലെന്നും അവരത് നിര്‍മിക്കുമെന്നും സാധാരണക്കാരായ ഹിന്ദുക്കളെ വിശ്വസിപ്പിച്ച് അടുത്ത ലോകസഭാ തെരെഞ്ഞെടുപ്പില്‍ അവരുടെ വോട്ടുകള്‍ നേടല്‍ മാത്രമാണ് അവരുടെ ഉദ്ദേശ്യം.'' എന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ലോകസഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി ഉയര്‍ത്തുന്ന പ്രധാന വിഷയമായിരിക്കുമെന്ന സൂചനയാണ് കര്‍സേവക്പുരത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ ഊന്നല്‍ നല്‍കുന്നതില്‍ ആദിത്യനാഥ് സര്‍ക്കാര്‍ നല്‍കുന്ന പരോക്ഷ സഹായം.

കൂടുതല്‍ ശിലകള്‍ എത്തുന്നു
ശ്രീരാമന്റെ ജന്മസ്ഥലമായിട്ടാണ് ഹിന്ദുക്കള്‍ അയോധ്യയെ കാണുന്നത്. ബാബരി മസ്ജിദ് നിലനിന്നിരുന്ന അതേ സ്ഥാനത്താണ് അദ്ദേഹം ജനിച്ചതെന്ന് ചിലര്‍ വാദിക്കുന്നു. 1980കളുടെ അവസാനം മുതല്‍ ബി.ജെ.പി ഇടക്കിടെ നടത്തിയ കടുത്ത പ്രചാരണങ്ങളുടെ അവസാനത്തിലാണ് പള്ളി തകര്‍ക്കപ്പെട്ടത്. ബി.ജെ.പിക്ക് പ്രചാരം നല്‍കുന്നതിനുള്ള ഒരു ഉപകരണമായിരുന്നു രാമജന്മഭൂമി പ്രസ്ഥാനം. പാര്‍ട്ടി ഇന്ന് കേന്ദ്രത്തിലും ഉത്തര്‍പ്രദേശ് അടക്കമുള്ള പല സംസ്ഥാനങ്ങളിലും അധികാരം നേടിയിരിക്കുന്നു.

ശിലകളുടെ വരവ് ഒറ്റപ്പെട്ട സംഭവമല്ലെന്നും അത് തുടരുമെന്നുമാണ് അയോധ്യയിലെ വി.എച്ച്.പി വക്താവ് ശരദ് ശര്‍മ പറയുന്നത്. ''2015 ഡിസംബറില്‍ രണ്ട് ലോഡ് മണല്‍ശിലകള്‍ എത്തിയതിന് ശേഷം കഴിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ രാജസ്ഥാനില്‍ നിന്നും ശിലകള്‍ കൊണ്ടുവരുന്നതിന് അനുമതി നല്‍കിയിരുന്നില്ല. ഇപ്പോള്‍ യോഗിജിയാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന് രാമക്ഷേത്രത്തോട് പ്രതിബദ്ധതയുണ്ട്. രാജസ്ഥാനില്‍ നിന്നും തുടരെതുടരെ ശിലകള്‍ എത്തുന്നത് നിങ്ങള്‍ക്ക് കാണാം.'' എന്ന് ശര്‍മ പറയുന്നു.

രാജ്യത്തെ പരമോന്നത് നീതിപീഠം വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്പേ ക്ഷേത്ര നിര്‍മാണത്തിനായി ശിലകള്‍ ശേഖരിക്കുകയും മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നത് നിയമനടപടികളെ അട്ടിമറിക്കാനാണ് വി.എച്ച്.പി ശ്രമിക്കുന്നതെന്ന വാദം ശര്‍മ നിരാകരിച്ചിട്ടുണ്ട്. ''ഞങ്ങള്‍ ശിലകള്‍ ശേഖരിക്കുകയും അതില്‍ പണിയുകയും ചെയ്യുന്നത് ഞങ്ങളുടെ തന്നെ ഭൂമിയിലാണ്. കര്‍സേവക്പുരത്തെ പണിപ്പുര 1990 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങളുടെ അവകാശമാണിത്. തര്‍ക്കസ്ഥലത്തിന്റെ നിലവിലെ അവസ്ഥക്ക് ഞങ്ങള്‍ യാതൊരും ഭംഗവും വരുത്തുന്നില്ല.'' എന്നദ്ദേഹം വ്യക്തമാക്കി.

തര്‍ക്ക സ്ഥലത്തു നിന്നും അകലെയായതിനാല്‍ തന്നെ കര്‍സേവക്പുരത്ത് ശിലകള്‍ എത്തുന്നത് സാങ്കേതികമായ അതിന്റെ നിലവിലെ അവസ്ഥക്ക് ഭംഗം വരുത്തലല്ല. രാമക്ഷേത്ര നിര്‍മാണത്തിന് ഊന്നല്‍ നല്‍കാനുള്ള പുതിയ നീക്കങ്ങള്‍ പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിച്ചിട്ടുണ്ട്.

മിഷന്‍ 2019?
ഗോരക്‌നാഥ് ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിട്ടുള്ള ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി നിയമിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനം വ്യക്തമാക്കുന്നത് രാമക്ഷേത്ര വിഷയം ബി.ജെ.പിയുടെ അജണ്ടയില്‍ നിന്നും മാഞ്ഞുപോയിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.

ഗോരക്‌നാഥ് ക്ഷേത്രത്തിലെ മുന്‍ സന്യാസിമാരായിരുന്ന മഹന്ത് ദിഗ്‌വിജയനാഥും അവൈദ്യനാഥും സാമുദായിക ധ്രുവീകരണത്തിനുള്ള പ്രതീകമായി ക്ഷേത്രത്തെ ഉപയോഗിച്ചിരുന്നു. 1949ല്‍ ബാബരി മസ്ജിദിനുള്ളില്‍ രാമ വിഗ്രഹം സ്ഥാപിച്ചതിന് പിന്നിലെ പ്രധാന വ്യക്തി ദിഗ്‌വിജയനാഥാണെന്നാണ് കരുതപ്പെടുന്നത്. 1980കളുടെ അവസാനത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍ അവൈദ്യനാഥാണ് ബാബരി മസ്ജിദ് തകര്‍ക്കുന്നതില്‍ അവസാനിച്ച സംഘ്പരിവാറിന്റെ അയോധ്യ പ്രസ്ഥാനത്തിന് തിരക്കഥയെഴുതിയത്.

മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യനായ ആദിത്യനാഥ് നിയമസഭ തെരെഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ഇന്ത്യയില്‍ പലയിടത്തും തീവ്രമതവികാരം ഇളക്കി കൊണ്ട് നടത്തിയ മിക്ക പ്രസംഗങ്ങളിലും രാമക്ഷേത്ര നിര്‍മാണത്തെ മുഖ്യവിഷയമായി ഉയര്‍ത്തിയിരുന്നു. ''എസ്.പിയോ (സമാജ്‌വാദി പാര്‍ട്ടി) ബി.എസ്.പിയോ (ബഹുജന്‍ സമാജ് പാര്‍ട്ടി) ആണ് തെരെഞ്ഞെടുപ്പില്‍ ജയിക്കുന്നതെങ്കില്‍ കര്‍ബലയും കബറിസ്ഥാനുമാണ് സൃഷ്ടിക്കപ്പെടുക. എന്നാല്‍ ബി.ജെ.പിയുടെ വിജയം അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് വഴിയൊരുക്കും.'' എന്നുവരെ ഒരു സ്‌റ്റേജില്‍ അദ്ദേഹം പ്രഖ്യാപിച്ചു.

വിവ: നസീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics