ഖുര്‍ആന്റെ തണലിലെ സാമൂഹിക വിഷയങ്ങള്‍

ഖുര്‍ആന്റെ തണലിലെ സാമൂഹിക വിഷയങ്ങള്‍ - 1

ഖുര്‍ആന്റെ തണലിലെ സാമൂഹിക വിഷയങ്ങള്‍ - 1

ജീവിതത്തിന്റെ സാമൂഹ്യവശങ്ങളെക്കുറിച്ച ഖുര്‍ആന്‍ സൂക്തങ്ങളുടെ സയ്യിദ് ഖുതുബിന്റെ വ്യാഖ്യാനങ്ങളെയാണ് ഈ അധ്യായം പരിശോധിക്കുന്നത്. ആഴമേറിയ നിരീക്ഷണങ്ങളോടും വിശദീകരണങ്ങളോടും കൂടിയാണ് തന്റെ ഖുര്‍ആന്‍ വ്യാഖ്യാനമായ ഫീ ളിലാലില്‍ ഖുര്‍ആനില്‍ (ഖുര്‍ആന്റെ തണലില്‍) സയ്യിദ് ഖുതുബ് സാമൂഹ്യപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. തന്റെ നിലപാടുകള്‍ക്ക് ബലമേകാന്‍ ഖുര്‍ആനെയും പ്രവാചക പാരമ്പര്യത്തെയുമാണ് അദ്ദേഹം ആശ്രയിക്കുന്നത്. മുസ്‌ലിം സമൂഹത്തിന്റെ മൂല്യങ്ങള്‍, ഇസ്‌ലാമിലെ വൈവാഹിക ജീവിതം, വേദക്കാരും മുസ്‌ലിംകളും തമ്മിലുള്ള ബന്ധം, ഇസ്‌ലാമിലെ സാമ്പത്തിക-ധാര്‍മ്മിക ജീവിതം തുടങ്ങിയ വിഷയങ്ങളാണ് ഈ അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

സമൂഹത്തെക്കുറിച്ച് വളരെ കൃത്യമായ ഏക നിര്‍വ്വചനമൊന്നും സാധ്യമല്ലെങ്കിലും ഈ അധ്യായത്തില്‍ ഏതെങ്കിലുമൊരു നിര്‍വ്വചനത്തെ അടിസ്ഥാനപ്പെടുത്തി സാമൂഹ്യ പ്രശ്‌നങ്ങളെക്കുറിച്ച സയ്യിദ് ഖുതുബിന്റെ വീക്ഷണങ്ങളെ പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു നിര്‍വ്വചനപ്രകാരം സമൂഹം എന്നത് ഒരു സാമൂഹ്യ ജീവിത രീതിയാണ്. വിവിധങ്ങളായ സംഘടിത സമുദായങ്ങളില്‍ ജനങ്ങള്‍ ഒരുമിച്ച് ജീവിക്കുന്ന വ്യവസ്ഥയാണത്. ഈ നിര്‍വ്വചനപ്രകാരം സംഘടിതജീവിതവും സംസ്‌കാരവും സാമൂഹ്യജീവിതത്തിന് അത്യന്താപേക്ഷിതമാണ്.

ഒരുമിച്ച് ജീവിക്കുന്ന വിവിധങ്ങളായ മുസ്‌ലിം വിഭാഗങ്ങളുണ്ട്. അവ ചിലപ്പോള്‍ സംഘടിതമോ അസംഘടിതമോ ആയ വിഭാഗങ്ങളാകാം. അതേസമയം മുസ്‌ലിം സമൂഹങ്ങളായാണ് അവയെല്ലാം പരിഗണിക്കപ്പെടുന്നത്. ഈ സമൂഹങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന ഘടകമാണ് ഇസ്‌ലാം. അത്തരത്തിലുള്ള സമൂഹങ്ങളുടെയെല്ലാം മൂല്യങ്ങളെന്തായിരിക്കും? ഫീ ളിലാലില്‍ ഖുര്‍ആനില്‍ സയ്യിദ് ഖുതുബ് ഈ വിഷയം വളരെ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ഈ സന്ദര്‍ഭത്തില്‍ സമൂഹത്തെക്കുറിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാട് നാം പരിശോധിക്കേണ്ടതുണ്ട്. രണ്ട് പരിപ്രേക്ഷ്യത്തില്‍ നിന്ന് കൊണ്ട് നമുക്ക് മുസ്‌ലിം സമൂഹത്തെ വിശകലനം ചെയ്യാം. അല്ലാഹുവോടും അവന്റെ നിയമ നിര്‍ദേശങ്ങളോടുമുള്ള മുസ്‌ലിംകളുടെ സംഘടിതമായ വിധേയത്വമാണ് അതിലൊന്ന്. ഏത് അധികാരത്തിന്റെ കീഴിലാണ് അവര്‍ ജീവിക്കുന്നതെങ്കിലും അവരുടെ ആത്യന്തികമായ വിധേയത്വം അല്ലാഹുവോടായിരിക്കും. അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം ഇസ്‌ലാമിക ധാര്‍മ്മികത മുറുകെപ്പിടിക്കുക എന്നതാണ്.

രണ്ടാമത്തേത് ഇസ്‌ലാമിക ഭരണത്തിന് കീഴിലുള്ള മുസ്‌ലിം സമൂഹമാണ്. ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്ന വിധം സാമൂഹ്യജീവിതത്തെ ചിട്ടപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്. സയ്യിദ് ഖുതുബ് ആഗ്രഹിച്ചത് രണ്ടാമത് പറഞ്ഞ മുസ്‌ലിം സമൂഹത്തിന്റെ സംസ്ഥാപനമാണ്. അതിന് വേണ്ടിയാണ് ജീവിതകാലം മുഴുവന്‍ അദ്ദേഹം പരിശ്രമിച്ചത്. സൂറത്തുല്‍ മാഇദക്കുള്ള ആമുഖത്തില്‍ അദ്ദേഹം എഴുതുന്നു: 'പ്രവാചകന് ഈ വേദഗ്രന്ഥം ഇറക്കപ്പെട്ടത് തദടിസ്ഥാനത്തില്‍ ഒരു സമുദായവും ഗവണ്‍മെന്റും അദ്ദേഹം സംസ്ഥാപിക്കുന്നതിന് വേണ്ടിയാണ്'. ഈ വ്യാഖ്യാനത്തിന്റെ വെളിച്ചത്തിലാണ് ഒരു ഇസ്‌ലാമിക സമൂഹം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച രൂപരേഖ അദ്ദേഹം തയ്യാറാക്കുന്നത്. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ നന്‍മ കല്‍പ്പിക്കുക തിന്‍മ വിരോധിക്കുക എന്ന ഖുര്‍ആനിക അധ്യാപനത്തെ വിശ്വാസികള്‍ക്കിടയില്‍ വ്യാപിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നുണ്ട്. ഇസ്‌ലാമിക ധാര്‍മ്മികത ജീവിതത്തിലുടനീളം മുറുകെപ്പിടിക്കുന്ന ഒരു സമൂഹത്തെയാണ് അദ്ദേഹം വിഭാവനം ചെയ്യുന്നത്.

ഇസ്‌ലാമിക മൂല്യങ്ങള്‍ സമൂഹത്തില്‍ നടപ്പാക്കണമെങ്കില്‍ ശരീഅത്തിലധിഷ്ഠിതമായ ഒരു ഭരണക്രമത്തിന്റെ ആവശ്യകതയെക്കുറിച്ച് സയ്യിദ് ഖുതുബ് ഊന്നിപ്പറയുന്നുണ്ട്. എങ്കില്‍ മാത്രമേ അച്ചടക്കമുള്ള ഒരു ഇസ്‌ലാമിക സമൂഹത്തിന്റെ സൃഷ്ടിപ്പ് സാധ്യമാകൂ. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഖുതുബ് ഒരിക്കലും മുസ്‌ലിംകള്‍ക്ക് മാത്രം നേട്ടമുണ്ടാകുന്ന ഒരു സാമൂഹ്യസാഹചര്യത്തെക്കുറിച്ചല്ല സംസാരിക്കുന്നത് എന്നതാണ്. മറിച്ച് ഒരു രാജ്യത്ത് ജീവിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കും ലഭിക്കേണ്ട സാമൂഹ്യ സുരക്ഷിതത്വത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. അങ്ങനെ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടി സൃഷ്ടിക്കപ്പെടുന്ന സാമൂഹ്യാന്തരീക്ഷത്തില്‍ മാത്രമേ നീതിയും സമാധാനവും നിലനില്‍ക്കുകയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. സമൂഹത്തിലെ അധസ്ഥിതരായ വിഭാഗങ്ങളോടുള്ള അനീതി നിറഞ്ഞ സമീപനങ്ങള്‍ അവിടെയാരിക്കലും ഉണ്ടാവുകയില്ല. മാത്രമല്ല, അത്തരം നീതിനിഷേധങ്ങള്‍ കര്‍ശനമായി ഇസ്‌ലാമിക ഭരണകൂടം നേരിടുകയും ചെയ്യും.

സയ്യിദ് ഖുതുബ് എഴുതുന്നു: 'ഇങ്ങനെയാണ് ഇസ്‌ലാമിക സമൂഹം നിര്‍മ്മിക്കാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നത്. പ്രബലവും സത്യത്തിലധിഷ്ഠിതവുമായ സമൂഹമാണത്. സത്യസന്ധതയും ക്ഷമയും പരസ്പര സ്‌നേഹവും സാഹോദര്യവുമാണ് ആ സമൂഹത്തിന്റെ മുഖമുദ്ര.'എന്നാല്‍ ഇസ്‌ലാമിക സമൂഹത്തിന്റെ സൃഷ്ടിപ്പിന് മുമ്പായി അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം കാത്തുസൂക്ഷിക്കുന്ന ഒരു വിശ്വാസി സമൂഹത്തെ വാര്‍ത്തെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. അതേസമയം ഇസ്‌ലാമിക രാജ്യത്ത് ജീവിക്കുന്ന ഇതര മതസ്ഥര്‍ക്ക് അവരുടെ വിശ്വാസരീതിയനുസരിച്ച് ജീവിക്കാനും മത-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്താനുമുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കും. എ്ന്നാല്‍ ശരീഅത്ത് വിഭാവനം ചെയ്യുന്ന സാമൂഹ്യാന്തരീക്ഷത്തെ തകര്‍ക്കും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ഭരണകൂടം അത് കര്‍ശനമായി നേരിടേണ്ടതുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സമാധാനത്തോടും സുരക്ഷിതത്വത്തോടും ജീവിക്കാന്‍ കഴിയുന്ന ഒരു സാമൂഹ്യ സാഹചര്യത്തെയാണ് സയ്യിദ് ഖുതുബ് വിഭാവനം ചെയ്യുന്നത്.
(ഡോ. ബദ്മാസ് ലാന്റെ യൂസുഫിന്റെ Sayyid Qutb: A Study of His Tafsir എന്ന പുസ്തകത്തിലെ Social issues in fizilal al-Quran എന്ന അധ്യായത്തില്‍ നിന്നും)

വിവ: സഅദ് സല്‍മി

ഖുര്‍ആന്റെ തണലിലെ സാമൂഹിക വിഷയങ്ങള്‍ - 2

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics