ഫലസ്തീന് മേലുള്ള ജൂതന്‍മാരുടെ ചരിത്രപരമായ അവകാശം

ഫലസ്തീന്‍ മുമ്പ് ഭരിച്ചിരുന്നതും, ബൈബിളില്‍ ആ ഭൂമി വാഗ്ദാനം ചെയ്യപ്പെട്ട അബ്രഹാം പ്രവാചകന്റെ (ഇബ്‌റാഹീം നബി) പിന്‍തലമുറക്കാരും തങ്ങളെന്നും അതുകൊണ്ടു തന്നെ അതിന്റെ അവകാശികള്‍ തങ്ങളാണെന്നാണ് ജൂത ക്രൈസ്തവ വിഭാഗങ്ങള്‍ വാദിക്കുന്നത്. ഈ വാദത്തിന് മറുപടി നല്‍കുമ്പോള്‍ മൂന്ന് പ്രധാന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
1. ജൂതന്‍മാര്‍ ഇബ്‌റാഹീം നബിയുടെ സന്താന പരമ്പരയില്‍ പെട്ടവരാണോ? അവരുടെ വംശപരമ്പര അദ്ദേഹത്തില്‍ ചെന്നു ചേരുന്നുണ്ടോ?
2. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ എത്രകാലം ജൂതന്‍മാര്‍ ഫലസ്തീന്‍ ഭരിച്ചു?
3. അതിന്‍മേലുള്ള തങ്ങളുടെ മതപരമായ അവകാശത്തെ കുറിച്ചാണ് ജൂതന്‍മാര്‍ വീമ്പുപറയുന്നത്, അവരുടെ ഈ വാദത്തില്‍ എത്രത്തോളം ശരിയുണ്ട്?

ഇബ്‌റാഹീമീ പാരമ്പര്യം
മൂസാ നബി(സ) നിയോഗിതനായ ബനൂ ഇസ്‌റാഈല്‍ സന്താനപരമ്പരയില്‍ പെട്ടവരല്ല ഇന്നത്തെ ജൂതന്‍മാര്‍ സമൂഹങ്ങളുടെ ചരിത്രം പഠനം നടത്തിയിട്ടുള്ള നിരവധി ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇബ്‌റാഹീം നബിയുടെ സന്താനപരമ്പരയില്‍ പെട്ടവരുമല്ല അവര്‍. 'വംശവും നാഗരികതയും' എന്ന പുസ്തകത്തില്‍ ഫ്രെഡ്രിക് ഹെര്‍ട്‌സ് (Race and civilization - Friedrich Otto Hetrz), 'യൂറോപിലെ വംശങ്ങള്‍' (The Races of Europe - Ripley) എന്ന പുസ്തകത്തില്‍ വില്യം റിപ്ലെ, 'വംശങ്ങളും ചരിത്രവും' (Races and History - Eugène Pittard) എന്ന പുസ്തകത്തില്‍ യൂജെന്‍ പീറ്റാഡ് തുടങ്ങിയ ഗവേഷകര്‍ അക്കാര്യം വ്യക്തമാക്കുന്നുണ്ട്.

ഒരാള്‍ ജൂതനായിരിക്കാന്‍ അയാളുടെ മാതാപിതാക്കള്‍ ഇരുവരുമോ അല്ലെങ്കില്‍ മാതാവോ ജൂതരായിരിക്കണം എന്ന ഉപാധി ജൂതന്‍മാര്‍ക്കിടയില്‍ കര്‍ശനമായി പരിഗണിക്കുന്നുണ്ട്, പ്രത്യേകിച്ചും അവരിലെ തീവ്രത പുലര്‍ത്തുന്നവര്‍ക്കിടയില്‍. ഒരാളുടെ പിതാവ് ജൂതനായിരിക്കുകയും മാതാവ് ജൂതവംശജ അല്ലാതിരിക്കുകയും ചെയ്താല്‍ അയാളെ ജൂതരുടെ കൂട്ടത്തില്‍ അവര്‍ എണ്ണാറില്ല. എത്യോപ്യന്‍ ജൂതന്‍മാരെ പോലുള്ള വിഭാഗങ്ങള്‍ അവര്‍ക്കിടയിലുണ്ടെന്നതിന് വിരുദ്ധമല്ല ഇത്. താഴ്ന്ന ജോലികളായി പരിഗണിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന അവര്‍ ഇപ്പോഴും കടുത്ത വംശീയ വിവേചനമാണ് അനുഭവിക്കുന്നത്.

ഇബ്‌റാഹീമി പാരമ്പര്യത്തിന്റെ പേരിലുള്ള അവരുടെ മേനിനടിക്കലിനെ ഖുര്‍ആന്‍ കൈകാര്യം ചെയ്യുന്നുണ്ട്. ''ഇബ്‌റാഹീമിന്റെ ഉറ്റവരായിരിക്കാന്‍ ആര്‍ക്കെങ്കിലും അര്‍ഹതയുണ്ടെങ്കില്‍ അത്, അദ്ദേഹത്തിന്റെ മാര്‍ഗം പിന്തുടര്‍ന്നവര്‍ക്കാകുന്നു. ഇപ്പോള്‍ ഈ പ്രവാചകനും അദ്ദേഹത്തില്‍ വിശ്വസിച്ചവരും ഈ ബന്ധത്തിന് കൂടുതല്‍ അര്‍ഹരായിരിക്കുന്നു. അല്ലാഹു, വിശ്വാസികളുടെ തുണയും രക്ഷകനുമാകുന്നു.'' (ആലുഇംറാന്‍: 68) ഇതില്‍ പറയുന്ന പ്രവാചകന്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യാണ്. ഇതിലൂടെ അവരുടെ വാദത്തെ എത്ര ലളിതമായാണ് ഖുര്‍ആന്‍ തകര്‍ത്തെറിയുന്നത്. പ്രവാചകന്‍മാരുടെ സന്താനപരമ്പരയിലായി എന്നത് മാത്രം ഒരാളെ ദൈവത്തിന്റെ അടുക്കല്‍ സ്വീകാര്യനാക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് മകന്റെ വിഷയത്തില്‍ പ്രവാചകന്‍ നൂഹ്(അ)ക്ക് അല്ലാഹു നല്‍കിയിട്ടുള്ള മറുപടി. 'അല്ലയോ നൂഹേ, അവന്‍ നിന്റെ കുടുംബത്തില്‍ പെട്ടവനല്ല.'' (ഹൂദ്: 46)
യേശു പറഞ്ഞതായി യോഹന്നാന്‍ പറയുന്നു: '''നിങ്ങള്‍ അബ്രഹാമിന്റെ ചില കൈയെഴുത്തു പ്രതികളില്‍ 'നിങ്ങള്‍ അബ്രഹാമിന്റെ മക്കളാണെങ്കില്‍ നിങ്ങള്‍ അബ്രഹാമിന്റെ പ്രവൃത്തികള്‍ ചെയ്യുക' എന്നാണ്. മക്കളായിരുന്നെങ്കില്‍ അബ്രഹാമിന്റെ പ്രവൃത്തികള്‍ നിങ്ങള്‍ ചെയ്യുമായിരുന്നു.'' (യോഹന്നാന്‍ 8:39)

എത്രകാലം ജൂതന്‍മാര്‍ ഫലസ്തീന്‍ ഭരിച്ചു?
ഡോ. മുഹ്‌സിന്‍ സാലിഹ് അദ്ദേഹത്തിന്റെ 'ഫലസ്തീന്‍ പ്രശ്‌നത്തിലെ നാല്‍പത് യാഥാര്‍ഥ്യങ്ങള്‍' (അല്‍ഹഖാഇഖുല്‍ അര്‍ബഊന്‍ ഫി ഖള്വിയത്തില്‍ ഫിലസ്ത്വീനിയ്യ) എന്ന പുസ്തകത്തില്‍ പറയുന്നു: ഫലസ്തീന് മേലുള്ള ജൂതന്‍മാരുടെ ചരിത്രപരമായ അവകാശം അറബ് മുസ്‌ലിംകള്‍ക്ക് അവരുടെ ഭൂമിക്ക് മേലുള്ള അവകാശത്തിന് മുമ്പില്‍ തീര്‍ത്തും പൊള്ളയായ വാദമാണ്. ഇസ്രയേല്‍ കുടുംബം അവരുടെ രാഷ്ട്രം സ്ഥാപിച്ചത് മുതല്‍ 1500 വര്‍ഷത്തോളം അവിടം ഭരിച്ചത് ഫലസ്തീന്‍ മക്കള്‍ (കനാന്‍ദേശവാസികള്‍) ആയിരുന്നു. ജൂതന്‍മാര്‍ ഫലസ്തീന്റെ ചില ഭാഗങ്ങള്‍ (പൂര്‍ണമായിട്ടല്ല) നാല് നൂറ്റാണ്ടോളം ഭരിച്ചിരുന്നു. വിശിഷ്യാ ബി.സി 586നും 1000നും ഇടയിലായിരുന്നു അത്. അസീരിയക്കാരുടെയും പേര്‍ഷ്യക്കാരുടെയും ഫറോവമാരുടെയും ഗ്രീക്കുകാരുടെയും റോമയുടെയുമെല്ലാം ഭരണം ഇല്ലാതായത് പോലെ അവരുടെ ഭരണവും ഇല്ലാതായി. അതേസമയം ഫലസ്തീന്‍ ജനത തങ്ങളുടെ മണ്ണില്‍ തന്നെ അടിയുറച്ച് നിലകൊള്ളുകയും ചെയ്തു.

അവിടെ ഏറ്റവും കൂടുതല്‍ കാലം നിന്നത് ഇസ്‌ലാമിക ഭരണമായിരുന്നു. എഡി. 636നും 1917നും ഇടയില്‍ കുരിശുപടയുടെ കൈകളില്‍ അകപ്പെട്ട 90 വര്‍ഷം മാറ്റി നിര്‍ത്തിയാല്‍ അവശേഷിക്കുന്ന 1200 ഓളം വര്‍ഷങ്ങള്‍ മുസ്‌ലിംകളായിരുന്നു അവിടം ഭരിച്ചത്. 1800ഓടെ ജൂതന്‍മാരുടെ ഫലസ്തീനുമായുള്ള ബന്ധം പ്രയോഗത്തില്‍ വിച്ഛേദിക്കപ്പെട്ടിരുന്നു. അവരുടെ രാഷ്ട്രീയമോ നാഗരികമോ ആയ യാതൊരു സാന്നിദ്ധ്യവും അവിടെ ഉണ്ടായിരുന്നില്ല. മാത്രമല്ല, അവരുടെ മതാധ്യാപനങ്ങള്‍ അവിടേക്ക് മടങ്ങുന്നത് വിലക്കുകയും ചെയ്തിരുന്നു.

ആര്‍ഥര്‍ കോസ്‌ലറെ പോലുള്ള ജൂതവംശജരായ പ്രശസ്തരായ എഴുത്തുകാരുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നത് പ്രകാരം നിലവിലെ ജൂതന്‍മാരുടെ 80 ശതമാനത്തിലേറെയും ചരിത്രപരമായി ഫലസ്തീനുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്. അപ്രകാരം ഇസ്രയേല്‍ വംശവുമായിട്ടും അവര്‍ക്ക് ബന്ധമില്ല. ഇന്നത്തെ ജൂതന്‍മാരിലെ ബഹുഭൂരിപക്ഷവും വംശപരമായി ഖസര്‍ (Khazar) ജൂതരില്‍ (അഷ്‌കനാസ് ജൂതര്‍) ചെന്നുചേരുന്നവരാണ്. ക്രിസ്താബ്ദം എട്ടാം നൂറ്റാണ്ടില്‍ ജൂതമതത്തിലേക്ക് കടന്നുവന്ന ഉത്തര കൊക്കേഷ്യയിലെ താര്‍ത്താരി -തുര്‍ക്കി ഗോത്രങ്ങളാണവ. യഥാര്‍ഥത്തില്‍ ഈ ജൂതന്‍മാര്‍ക്ക് മടങ്ങാനുള്ള അവകാശമുണ്ടെങ്കില്‍ അത് ഫലസ്തീനിലേക്കല്ല, ദക്ഷിണ റഷ്യയിലേക്ക് മടങ്ങാനാണ്.

ഇസ്രയേലിന്റെ ഫലസ്തീന് മേലുള്ള ചരിത്രപരമായ അവകാശം കെട്ടിച്ചമച്ചത് മാത്രമാണ്. ജൂതന്‍മാരുടെ ഫല്‌സ്തീനുമായുള്ള ബന്ധം സംബന്ധിച്ച വാദങ്ങള്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് മുമ്പില്‍ നിലനില്‍ക്കുന്നതല്ല. വിശുദ്ധ ഭൂമിയിലേക്കുള്ള പ്രയാണത്തില്‍ മൂസാ പ്രവാചകനോടൊപ്പം ചേരാന്‍ ബനൂ ഇസ്രായീല്യരിലെ ഭൂരിഭാഗവും തയ്യാറായില്ല. പേര്‍ഷ്യന്‍ ചക്രവര്‍ത്തി സൈറസ് അവര്‍ക്ക് മേല്‍ ആധിപത്യം നേടിയപ്പോള്‍ ബാബിലോണില്‍ നിന്നും മടങ്ങാനും അവരില്‍ ഭൂരിഭാഗവും വിസമ്മതിച്ചു. അബ്രഹാം പ്രവാചകന്‍ പോലും അവിടെ സ്ഥിരതാമസമാക്കിയിരുന്നില്ലെന്നാണ് ബൈബിള്‍ വിവരണത്തില്‍ നിന്ന് മനസ്സിലാവുന്നത്. കാനാന്‍ദേശത്ത് അതിഥിയായി എത്തിയ എത്തിയ അദ്ദേഹത്തെ യെബൂസ്യരുടെ രാജാവ് സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തുവെന്നാണ് ഉല്‍പത്തി പുസ്തകം പറയുന്നത്.

വാഗ്ദത്ത ഭൂമി
തങ്ങളുടെ പ്രവാചകന്‍മാരുടെ കാലടികള്‍ പതിഞ്ഞ മണ്ണും തങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഭൂമിയുമാണെന്നതാണ് ജൂതന്‍മാരുടെ മറ്റൊരു വാദം. അവര്‍ പറയുന്ന മതപരമായ ഈ അവകാശം പ്രവാചകന്‍മാരെ കൊലപ്പെടുത്തുകയും അവര്‍ക്ക് മേല്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തതിന്റെ പേരില്‍ വിലക്കപ്പെട്ടിരിക്കുന്നുവെന്ന് വാഗ്ദത്ത ഭൂമിയെന്ന് അതിനെ വിശേഷിപ്പിച്ച അവരുടെ വിശുദ്ധ വേദഗ്രന്ഥങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അല്ലാഹു പറയുന്നു: ''ഇബ്‌റാഹീമിനെയും ലൂത്വിനെയുംനാം രക്ഷപ്പെടുത്തി, ലോകര്‍ക്ക് അനുഗ്രഹങ്ങള്‍ നിക്ഷേപിച്ചിട്ടുള്ള നാട്ടിലേക്കു കൊണ്ടുപോയി.'' (അല്‍അമ്പിയാഅ്: 105)
ഇബ്‌റാഹീം, ലൂത്വ് പ്രവാചകന്‍മാരെ അല്ലാഹു രക്ഷപ്പെടുത്തിയ വിശുദ്ധ മണ്ണാണ് ഫലസ്തീന്‍ എന്ന് അല്ലാഹു പറയുന്നു: ''ഇബ്‌റാഹീമിനെയും ലൂത്വിനെയുംനാം രക്ഷപ്പെടുത്തി, ലോകര്‍ക്ക് അനുഗ്രഹങ്ങള്‍ നിക്ഷേപിച്ചിട്ടുള്ള നാട്ടിലേക്കു കൊണ്ടുപോയി.'' (അല്‍അമ്പിയാഅ്: 71)

ജൂതമതത്തിലുള്ള വിശ്വാസം ശരിയാവുന്നതിനുള്ള നിബന്ധനായി അവര്‍ വെച്ചിട്ടുള്ളതാണ് മാതാപിതാക്കളോ മാതാവോ ജൂതമത വിശ്വാസികളായിരിക്കണമെന്നത് നാം മനസ്സിലാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ അവരുടെ മതപ്രമാണങ്ങള്‍ തന്നെ മതപരമായ അവരുടെ അവകാശം സംബന്ധിച്ച വാദം പൊളിക്കുന്നു.
''ജനത്തെ നയിക്കുന്നവര്‍ അവരെ വഴിതെറ്റിക്കുന്നു. ഈ നേതാക്കള്‍ നയിക്കുന്നവര്‍ നശിച്ചുപോകുന്നു. തന്നിമിത്തം അവരുടെ യുവാക്കളില്‍ അവിടുന്നു പ്രസാദിക്കുന്നില്ല. അവരുടെ അനാഥരോടും വിധവകളോടും കരുണ കാട്ടുന്നതുമില്ല. എല്ലാവരും അധാര്‍മികരും ദുര്‍വൃത്തരുമാകുന്നു. എല്ലാ നാവും വ്യാജം സംസാരിക്കുന്നു. അതിനാല്‍ അവിടുത്തെ കോപം ശമിക്കുന്നില്ല. അവിടുന്ന് ഇപ്പോഴും അവരെ ശിക്ഷിക്കാന്‍ കൈ നീട്ടിയിരിക്കുന്നു.'' (യെശയ്യാ 9: 16-17)

വിശുദ്ധ ഖുര്‍ആന്‍ അവരുടെ വഴികേടിനെ കുറിച്ച് വിവരിക്കുന്നു: ''ഒടുവില്‍ അവര്‍ നിന്ദ്യതയിലും ദൈന്യതയിലും ദാരിദ്ര്യത്തിലും അകപ്പെട്ടു; അല്ലാഹുവിന്റെ കോപത്തില്‍ വീഴുകയും ചെയ്തു. അവര്‍ ദൈവികദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയുംപ്രവാചകന്മാരെ അന്യായമായി വധിക്കുകയും ചെയ്തുകൊണ്ടിരുന്നതിന്റെ ഫലമത്രെഅത്. ധിക്കാരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെയും നിയമപരിധികള്‍ ലംഘിച്ചുകൊണ്ടിരുന്നതിന്റെയും ഫലവുമത്രെ.'' (അല്‍ബഖറ: 61)
''ഇസ്രാഈല്‍ വംശത്തില്‍ നിഷേധത്തിന്റെ മാര്‍ഗം സ്വീകരിച്ചവര്‍ ദാവൂദിന്റെയും മര്‍യമിന്റെ പുത്രന്‍ ഈസായുടെയും നാവുകളാല്‍ ശപിക്കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍, അവര്‍ ധിക്കാരികളായിരുന്നു. അതിക്രമങ്ങളനുവര്‍ത്തിക്കുന്നവരുമായിരുന്നു. തങ്ങള്‍ ചെയ്ത ദുഷ്‌ചെയ്തികളെ അവര്‍ പരസ്പരം വിലക്കാറുണ്ടായിരുന്നില്ല.'' (അല്‍മാഇദ: 78)

ഫിര്‍ഔനില്‍ നിന്നും അവരെ രക്ഷപ്പെടുത്തി അധികം കാലം കഴിയുന്നതിന് മുമ്പേ അവര്‍ മൂസാ നബി(അ) കളവാക്കുകയും പശുക്കുട്ടിയെ ആരാധിക്കുകയും ചെയ്തതിനെ സംബന്ധിച്ച് ഖുര്‍ആന്‍ വിവരിച്ചു തരുന്നുണ്ട്. ഫലസ്തീന്‍ ഭരിച്ചവരുമായി ശരിയായ ഒരു വംശപരമ്പരയും അവര്‍ക്കില്ല. അതിനവരെ സഹായിക്കുന്ന ഒരു ചരിത്രവുമില്ല. അവരുടെ മതവിശ്വാസവും അതിനവരെ യോഗ്യരാക്കുന്നില്ല. പിന്നെയും ഇതെല്ലാം വിസ്മരിച്ചു കൊണ്ട് അവരുമായി ചര്‍ച്ചകള്‍ നടത്തുകയും അനുരഞ്ജനത്തിലേര്‍പ്പെടുകയും ചെയ്യണമെന്ന് മുസ്‌ലിംകളായിട്ടുള്ളവര്‍ പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളനെ വീട്ടുടയുമയും  യഥാര്‍ഥ ഉടമയെ സേവകനുമാക്കി മാറ്റാന്‍ സന്ധിസംഭാഷണം നടത്തുകയാണോ വേണ്ടത്?

മൊഴിമാറ്റം: നസീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics