ദൗത്യം മറന്നവര്‍

'നീ കടയില്‍ പോയി കുറച്ച് സാധനങ്ങള്‍ വാങ്ങണം. 'മകന്‍ ഉപ്പയോട് എന്തൊക്കെയാണ് വാങ്ങേണ്ടത് എന്ന് ചോദിച്ചു. ഉപ്പ കടയില്‍ നിന്നും വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് അവന് കൊടുത്തു. മകന്‍ അതുമായി കടയിലേക്ക് നടന്നു. കടയുടെ അടുത്ത് എത്തിയപ്പോഴാണ് അവിടെ ഒരു ആള്‍കൂട്ടം കണ്ടത്. എന്താണെന്നറിയാന്‍ അടുത്ത് നില്‍ക്കുന്ന ആളോട് അന്വേഷിച്ചു. അയാള്‍ പറഞ്ഞു: 'നീ അറിഞ്ഞില്ലേ? അവിടെ സര്‍ക്കസ് നടക്കുന്നുണ്ട് പോയി നോക്ക് നല്ല രസമുണ്ട്. 'എന്നാല്‍ കുട്ടി തനിക്ക് സാധനങ്ങള്‍ വാങ്ങി വേഗം വീട്ടില്‍ തിരികെയെത്തണമെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചു. അയാള്‍ പറഞ്ഞു: 'അതൊക്കെ പിന്നീട് വാങ്ങാം. പോയി സര്‍ക്കസ് കാണാന്‍ നോക്ക്. അത് കുറച്ച് ദിവസം കൂടിയേ ഉണ്ടാവുകയുള്ളൂ.'

അങ്ങനെ അവനയാളുടെ പ്രേരണയാല്‍ സര്‍ക്കസ് നടക്കുന്ന സ്ഥലത്തേക്ക് പോയി ആ നിറപ്പൊലിമയില്‍ മുഴുകി നിന്നു. ഒടുക്കം താന്‍ അങ്ങാടിയിലേക്ക് വന്നതെന്തിനെന്നു പോലും അവന്‍ മറന്നു പോയിരുന്നു. ഈ ചെറിയ കഥയിലെ കുട്ടി നമ്മള്‍ ഓരോരുത്തരുമാണ്. അവന്‍ കണ്ട സര്‍ക്കസ് ദുനിയാവിലെ അതിരുകവിഞ്ഞ സുഖഭോഗങ്ങളും അവനെ സ്വന്തം ലക്ഷ്യത്തില്‍നിന്ന് വഴിതെറ്റിച്ച ആ മനുഷ്യന്‍ ഇബ്‌ലീസും ആകുന്നു.

ഇഹലോകത്തിന്റെ ചതിക്കുണ്ടില്‍ കൈകാലുകള്‍ ആണ്ടുപോയിട്ടും അതില്‍ നിന്ന് ഒന്നു രക്ഷപ്പെടാന്‍ പോലും കൂട്ടാക്കാതെ അവിടെത്തന്നെ നിലയുറപ്പിച്ചിരിക്കുകയാണ് ചില വ്യക്തികള്‍. ആ പരിതസ്ഥിതിയിലും അവര്‍ക്കവിടെ നിറയെ കൂട്ടുകാര്‍ ഉണ്ടാകും. അതിലവരുടെ ഏറ്റവും വലിയ കൂട്ടുകാരന്‍ ഇബ്‌ലീസും കൂട്ടിന് സര്‍വ്വതിന്മകളുടെയും മൂലകാരണങ്ങളായ അഹങ്കാരം, അസൂയ, പരദുഷണം, കളവ് എന്നിത്യാദിയും.

അല്ലാഹുവും അവന്റെ ദൂതനും എന്ത് ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ടോ അത് മുഴുവന്‍ ഒരു പെട്ടിയിലാക്കി പൂട്ടിയിട്ട് ആ പെട്ടിയുടെ മുകളില്‍ കയറിയിരുന്ന് അതിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഇന്നുള്ളത്. ഒരിക്കല്‍ ഉമര്‍(റ) തന്റെ ഭരണക്കാലത്ത് അനുയായികളോട് ചോദിച്ചു: 'നിങ്ങളുടെ എറ്റവും വലിയ ആഗ്രഹം അഥവാ സ്വപ്നം എന്താണ്? ഒന്നാമത്തെ ആള്‍ പറഞ്ഞു: 'ഈ പള്ളി നിറയെ സ്വര്‍ണ്ണവും വെളളിയും ഉണ്ടാവണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ' അപ്പോള്‍ അവിടെ കൂടിയിരുന്ന ആളുകള്‍ എന്തിനാണ് അതെന്ന് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: അങ്ങനെയുള്ള ആ സ്വര്‍ണ്ണവും വെളളിയും ഞാന്‍ മദീനയിലെ തെരുവിലൂടെ നടന്ന് ആവശ്യമുള്ളവര്‍ക്ക് വിതരണം ചെയ്യും. അങ്ങനെ അല്ലാഹു ഒരുക്കി വെച്ചിട്ടുള്ള സ്വര്‍ഗത്തില്‍ ഞാന്‍ ഒരു ഇടം നേടും. ഇതേയവസരത്തില്‍ രണ്ടാമത്തെയാള്‍ ഒന്നാമനെ കവച്ചു വെക്കുന്ന രീതിയില്‍പറഞ്ഞു: 'ഈ പള്ളി നിറയെ പവിഴങ്ങളും മരതകങ്ങളും ഉണ്ടാവണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നിട്ട് അത് മദീനയില്‍ മാത്രമല്ല മദീനക്ക് പുറത്തേക്കും ഞാന്‍ കൊണ്ടു പോയി കൊടുക്കും. അങ്ങനെ അല്ലാഹുവിന്റെ സ്വര്‍ഗത്തില്‍ ഒരു ഇടം ഞാന്‍ നേടും. അങ്ങനെയൊടുക്കം ഉമര്‍(റ)ന്റെ ഊഴം വന്നപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: 'എനിക്ക് വേണ്ടത് നിറയെ സ്വര്‍ണ്ണമോ പവിഴങ്ങളോ അല്ല, എനിക്ക് വേണ്ടത് കുറച്ച് ആളുകളെയാണ്.'

ഉമര്‍(റ) പറഞ്ഞതിന്റെ സാരം ഇസ്‌ലാമിന് വേണ്ടി പ്രവര്‍ത്തിക്കുന്ന, അതിനെ മറ്റുള്ളവരിലേക്ക് നല്ല രീതിയില്‍ എത്തിക്കുന്ന ആളുകളെയാണ് വേണ്ടതെന്നും അവര്‍ക്കാണ് ദൈവത്തിങ്കല്‍ ഏറ്റവും മുന്തിയ പരിഗണന ലഭിക്കുക എന്നുമാണ്. എന്നാല്‍ ചതിയും വഞ്ചനയും അതിക്രമവും കൂത്താടുന്ന ഒരു കാലഘട്ടത്തില്‍ അരുതായ്മകള്‍ക്കെതിരെ ഉമര്‍(റ) കാണാനാഗ്രഹിച്ചവരായി മാറാന്‍ നമുക്ക് കഴിയുന്നുണ്ടോ? ചൂഷിതര്‍ക്ക് തണലാവാനും മര്‍ദ്ദിതന്റെ ശബ്ദമാകാനും ആട്ടിയിറക്കപ്പെട്ടവന്റെ ആഭയമാകാനും നമുക്ക് സാധിക്കുന്നുണ്ടോ?

ധാര്‍മികതയും ശാക്തിക സന്തുലനവും നഷ്ടപ്പെട്ട പുതിയ ലോകത്തിന് ദിശാബോധം നല്‍കാന്‍ പോന്ന ശക്തിയാണ് ഇസ്‌ലാമിന്റേത്. പക്ഷെ അതിന്റെ അനുയായികള്‍ എവിടെ അതിനായി മുന്നിട്ടിറങ്ങുന്നു? അങ്ങനെ വല്ലതും സംഭവിച്ചാല്‍ തന്നെ അത് സ്വതാല്‍പര്യങ്ങള്‍ക്കും തന്റെ സംഘടനയുടെ പ്രചാരണത്തിനും വേണ്ടി ആകുമ്പോള്‍ അത് ജനങ്ങളുടെ മേല്‍ ഉളള കപടസ്‌നേഹമായി മാറും. ഇന്ന് ഒരു അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ തമ്മിലടിച്ച് പുതിയ സഘടനകള്‍ക്ക് പിറവി കൊടുക്കുകയും എന്നിട്ട് ഞങ്ങള്‍ ആണ് ഇസ്‌ലാം പൂര്‍ണമായവര്‍ എന്ന് പറയുകയും ചെയ്യുന്നു. പക്ഷേ അവര്‍ ഇസ്‌ലാമിലേക്കല്ല മറിച്ച് അവരുടെ സംഘടനയിലേക്ക് ആണ് ആളുകളെ ക്ഷണിക്കുന്നത് ഇവിടെയാണ് വലിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതും. നബി(സ)യുടേതായി ഒരു ഗ്രൂപ്പോ അബൂബക്കര്‍(റ)ന് മറ്റൊരു ഗ്രൂപ്പോ ഉമര്‍, ഉസ്മാന്‍, അലി(റ) എന്നിവര്‍ക്ക് അവരുടേതായ ഗ്രൂപ്പുകളോ ആയിരുന്നോ? അല്ല, നമ്മള്‍ ലംഘിച്ച് കൊണ്ടിരിക്കുന്ന ഇസ്‌ലാമികാധ്യാപനങ്ങള്‍ ഹൃദയത്തിലുറപ്പിച്ച് പ്രവര്‍ത്തിക്കുന്നവരായിരുന്നു അവര്‍. അവര്‍ക്കിടയിലും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. പക്ഷെ ഇവരാരും തമ്മിലടിച്ചില്ല പരസ്പരം അക്രമങ്ങള്‍ അഴിച്ചു വിട്ടില്ല. നമ്മുടെ ഇമാമുമാരും അങ്ങനെ ആയിരുന്നു അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അപ്പുറത്ത് അവര്‍ക്ക് ഒരു ലോകം ഉണ്ടായിരുന്നു. സത്യത്തിന്റെയും സ്‌നേഹത്തിന്റെയും. ഒരു വിഷയം വരുമ്പോള്‍ അതില്‍ ഖുര്‍ആന്‍ എന്തു പറഞ്ഞു, നബി(സ) എന്തു പറഞ്ഞു, സ്വഹാബികളും ഇമാമുകളും എന്ത് പറഞ്ഞു എന്നു നമ്മള്‍ നോക്കാറുണ്ട്. പക്ഷെ ഈ സംഘടന തമ്മിലടിയുടെ വിഷയത്തില്‍ ഇവരെയൊന്നും നമുക്ക് വേണ്ടേ?അഭിപ്രായ വ്യത്യാസമുള്ളതതോടൊപ്പം തന്നെ യോജിക്കാവുന്നിടത്തെല്ലാം യോജിക്കാന്‍ നമുക്ക് സാധിക്കണം. എതിര്‍പക്ഷത്തെ തോല്‍പ്പിക്കാനും അവരെ എങ്ങനെ മറ്റുള്ളവരുടെ മുന്നില്‍ ചെറുതായി കാണിക്കാമെന്നും നോക്കി നടക്കുകയാണ് ചില കണ്ണുകള്‍. അത് എല്ലാ മുസ്‌ലിം വിഭാഗങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്ന ആ കണ്ണുകള്‍ക്ക് നല്ല ചികിത്സ കൊടുക്കാന്‍ കഴിയുന്നത് വരെ ഈ തമ്മില്‍പോര് നിലനില്‍ക്കും. തങ്ങളുടെ കാഴ്ച്ചപ്പാടുകളോട് വിയോജിക്കുന്നവരെ ഇസ്‌ലാം വിരോധികളും ഇസ്‌ലാമിനോട് സ്‌നേഹമില്ലാത്തവരുമായി ചിത്രീകരിക്കുന്നു.

യഥാര്‍ഥത്തില്‍ ഇതാണോ ഇസ് ലാമിനോടുള്ള ആത്മാര്‍ഥമായ സ്‌നേഹപ്രകടനം? പ്രവാചകജീവിതത്തില്‍ നിന്ന് ഒരു ചര്യയെങ്കിലും സ്വന്തം ജീവിതത്തില്‍ പിന്തുടരാതെ, ഇസ്‌ലാമിന്റെ ഭാവി സ്വപ്നങ്ങളെ മാനിക്കാതെ, ഞാനും എന്റെ കൂടെയുള്ളവരുമാണ് അല്ലാഹുവിനും റസൂലിനും എറ്റവും പ്രിയപ്പെട്ടവര്‍ എന്ന് പറയുന്നത് എത്ര മനോഹരമായ വിഢിത്തമാണ്! പ്രവാചകന്റെ അരുമശിഷ്യനായ ഇബ്‌നു ഉമറിന്റെ പ്രവാചകസ്‌നേഹത്തെ നാം വായിച്ചിട്ടില്ലേ?പ്രവാചക ജീവിതത്തിലെ ഓരോ ചലനങ്ങളും അതേ പടി ഒപ്പിയെടുത്ത് പ്രവാചകന്‍ ഇരുന്നിടത്ത് ഇരുന്നും കിടന്നിടത്ത് കിടന്നും ഉപദേശം നല്‍കിയിടത്ത് വെച്ച് ഉപദേശം നല്‍കിയും പ്രവാചകനോടൊപ്പം സഞ്ചരിക്കാന്‍ തിടുക്കംകാട്ടിയ ഇബ്‌നു ഉമറിനെ(റ) ചരിത്രം വിശേഷിപ്പിച്ചത് 'മുത്തബിഉസ്സുന്ന' (പ്രവാചക ചര്യയെ അതേ പടി ഒപ്പിയെടുത്തവന്‍) എന്നാണ്. പ്രവാചക സുന്നത്തിനെ പിന്‍പറ്റുന്നതില്‍ ആരുണ്ട് ഇന്ന് മത്സരിക്കാന്‍? ആരുണ്ട് ഇസ്‌ലാമിന്റെ ദൗത്യം എറ്റെടുക്കാന്‍? അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ ലോക മുസ്‌ലിംകളെ ഏല്‍പിച്ചിട്ടുള്ള ഒരു ജോലിയുണ്ട്. അതിന്റെ വരുമാനം പറഞ്ഞാല്‍ തീരാത്തതാണ്. പക്ഷെ ആരും ആ ജോലിയില്‍ പ്രവേശിച്ചിട്ടില്ലന്ന് മാത്രമല്ല ജോലി വേണ്ടന്ന് വെക്കുകയും ചെയ്യുന്നു. എന്താണ് ആ ജോലി? 'അപ്രകാരം നാം നിങ്ങളെ ഒരു മധ്യമ സമുദായമാക്കിയിരിക്കുന്നു, നിങ്ങള്‍ ജനങ്ങള്‍ക്ക് മേല്‍ സാക്ഷി ആവാനും റസൂല്‍ നിങ്ങളുടെ മേല്‍ സാക്ഷിയാവാനും വേണ്ടി' അപ്പോള്‍ നബി(സ) നമുക്ക് കാണിച്ചു തന്നത് നമ്മുടെ കയ്യില്‍ ഉണ്ട്. അത് മറ്റുള്ള ആളുകളിലേക്ക് എത്തിക്കുകയും വേണീ, ഇതാണ് ജോലി. പക്ഷെ നമുക്ക് അതിനുളള യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഇല്ലാതായിരിക്കുന്നു എന്നതാണ് വാസ്തവം. കാരണം എന്താണോ അല്ലാഹുവും റസൂലും പറഞ്ഞിട്ടുള്ളത് അതിന് നേര്‍ വിപരീതമാണ് നമ്മുടെ ഉമ്മത്തില്‍പ്പെട്ട ചില ആളുകള്‍ ചെയ്യുന്നത് എന്ന സത്യം പത്രമാധ്യമങ്ങളെടുത്ത് പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. പീഡനം, കളവ്, കൊല, ലഹരി, തുടങ്ങിയ മേഖലകളില്‍ മുന്‍പന്തിയിലാണ് നമ്മള്‍. ആ നമ്മള്‍ ആണ് മറ്റുള്ളവര്‍ക്ക് സാക്ഷിയാവേണ്ടത്.

എവിടെയാണ് നാം റസൂലിന്റെ സുന്നത്തിനെ മറന്ന് വെച്ചത്? എവിടെയാണ് നമുക്ക് കാല്‍ ഇടറിയത്? അത് മനസിലാക്കിയാല്‍ മാത്രമേ ഇനി മുന്നോട്ട് ഒരു യാത്ര നമുക്ക് സാധ്യമാവുകയൊള്ളു. അപ്പോള്‍ എങ്ങനെയാണ് നബി(സ) ഒറ്റയാള്‍ പട്ടാളമായിക്കൊണ്ട് വന്ന് ഇസ്‌ലാമിനെ വിജയിപ്പിച്ചത്,
അതിന് പ്രവാചകന്റെ ജീവിതം മനസിലാകേണ്ടതുണ്ട്. പ്രവാചകന്‍ തന്റെ ഭാര്യമാരോട് എങ്ങനെയാണ് പെരുമാറിയത്? അയല്‍വാസികളോടും നാട്ടുകാരോടും, അടിമകളോടും, സസ്യ മൃഗാദികളോടും എങ്ങനെ വര്‍ത്തിച്ചു എന്നതും മനസിലാകേണ്ടതുണ്ട്. 'തന്റെ അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ച് ഭക്ഷിക്കുന്നവന്‍ നമ്മില്‍പ്പെട്ടവനല്ല ' എന്ന് പറഞ്ഞ പ്രവാചകനാണ്. ഇന്ന് ലോകത്ത് തൊലി നിറത്തിന്റെ പേരില്‍ ക്രൂരമര്‍ദത്തിന് ഇരയാവുന്നവരെ നമ്മള്‍ കാണാറുണ്ട്. ഇവിടെയാണ് പ്രവാചകന്റെ ഒരു മാതൃക നാം മനസ്സിലാക്കേണ്ടത്. ഒരിക്കല്‍ ബാങ്ക് വിളിക്കുന്നവനെ നിശ്ചയിക്കണമെന്ന് റസൂലിനോട് അല്ലാഹു പറഞ്ഞ സന്ദര്‍ഭത്തില്‍ നബി(സ) എല്ലാവരോടും കഅബയുടെ സമീപത്തേക്ക് വരാന്‍ പറഞ്ഞു എല്ലാവരും വന്നു കഴിഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു: ഞാന്‍ നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ബാങ്ക് വിളിക്കുന്നവനെ തിരഞ്ഞെടുക്കാന്‍ പോവുകയാണ് അപ്പോള്‍ ആ കൂട്ടത്തിലുള്ള അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി(റ) എന്നിവര്‍ കരുതി പോലും ഞങ്ങളെയാണ് റസൂല്‍ വിളിക്കുക എന്ന്. അവര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പക്ഷെ അല്ലാഹുവിന്റെ പ്രവാചകന്‍ ആ ആള്‍ക്കൂട്ടത്തിന്റെ പിറകില്‍ അര്‍ദ്ധനഗ്‌നനായി നില്‍ക്കുന്ന കറുത്തിരുണ്ട ബിലാലിനെ അടുത്ത് വിളിച്ചിട്ട് പറഞ്ഞു 'എന്റെ ബിലാലേ നിയാണ് ബാങ്ക് വിളിക്കേണ്ടത്. ഇതായിരുന്നു അല്ലാഹു വിന്റെ പ്രവാചകന്‍. ഇങ്ങനെ എത്രയെത്ര മാത്യകകള്‍ നമ്മുടെ മുമ്പിലുണ്ട്. പക്ഷെ, അവ ഉള്‍കൊണ്ട് ജീവിക്കാന്‍ നമുക്ക് സാധിക്കുന്നില്ല എന്നുള്ളതാണ് നമ്മുടെ പ്രശ്‌നം.

പ്രവാചകനെ വിമര്‍ശിക്കലും അവഹേളിക്കലും വരെ ഒരു ഫാഷന്‍ ആയി മാറിയ കാലമാണിത്. ലിബറലിസ്റ്റുകളും കപട മതേതരവാദികളും നിരീശ്വരവാദികളുമെല്ലാം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും ആധുനിക മാധ്യമങ്ങളിലും പ്രവാചകനെ അധിക്ഷേപിക്കാനും തെറ്റായ ധാരണകള്‍ ജനിപ്പിക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതിന് നാം സാക്ഷിയാണ്. അവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളെ പഠിക്കാനും വിലയിരുത്താനും വിവേകത്തോടെ സമൂഹമാധ്യമങ്ങളില്‍ അതിനെ നേരിടാനുമുള്ള ശേഷിയാണ് നേടിയെടുക്കേണ്ടത്.
(ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയ വിദ്യാര്‍ഥിയാണ് ലേഖകന്‍)

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics