ഇസ്‌ലാമും സാമൂഹിക ജീവിതവും

ഖുര്‍ആന്റെ തണലിലെ സാമൂഹിക വിഷയങ്ങള്‍ - 5

ഖുര്‍ആന്റെ തണലിലെ സാമൂഹിക വിഷയങ്ങള്‍ - 5

ഇസ്‌ലാമിക സമൂഹം എന്നത് മുസ്‌ലിംകള്‍ മാത്രം താമസിക്കുന്ന ഒരു ദ്വീപല്ല. ഇതര മതസമൂഹങ്ങള്‍ക്കും കൂടെ ജീവിക്കാന്‍ സാധിക്കുന്ന അന്തരീക്ഷം അവിടെ നിലനില്‍ക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ ഇതര മതസമൂഹങ്ങളും മുസ്‌ലിംകളും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണം എന്ന ചോദ്യം വളരെ പ്രസ്‌ക്തമാണ്. വളരെ മൗലികമായ ഈ ചോദ്യത്തിന് സയ്യിദ് ഖുതുബ് വിശദമായി മറുപടി നല്‍കുന്നുണ്ട്. മുസ്‌ലിംകളോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന മതവിഭാഗം വേദക്കാരാണ്. ഖുര്‍ആന്‍ വേദക്കാര്‍ക്ക് ഇറങ്ങിയ പ്രവാചകരിലും വിശ്വസിക്കാന്‍ മുസ്‌ലിംകളോട് ആഹ്വാനം ചെയ്യുന്നുണ്ട്. പ്രവാചകന്‍മാരില്‍ ഒരിക്കലും വിവേചനം കാണിക്കരുതെന്ന് ഖുര്‍ആന്‍ മുസ്‌ലിംകളോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. അത്‌പോലെ വേദക്കാര്‍ക്ക് ഇറങ്ങിയ മതഗ്രന്ഥങ്ങളിലും വിശ്വസിക്കണമെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. അതേസമയം ആ വേദങ്ങളില്‍ പില്‍ക്കാലത്ത് മനുഷ്യര്‍ കൈകടത്തിയിട്ടുണ്ട് എന്നത് വേറെ വിഷയമാണ്. അതിലേക്കിപ്പോള്‍ ഞാന്‍ കടക്കുന്നില്ല.

ഇന്നത്തെ ജൂതരും ക്രൈസ്തവരുമാണ് വേദക്കാര്‍ എന്ന് പറയുന്ന വിഭാഗം. ഖുര്‍ആന്‍ പല വിഷയങ്ങളിലും വേദക്കാരെ വിമര്‍ശനത്തിന് വിധേയമാക്കുന്നുണ്ട്. മര്‍യം ബീവിക്കെതിരെ മോശമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ ഖുര്‍ആന്‍ ജൂതരെ ശക്തമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. ഈസാ നബിയെ വധിച്ചു എന്ന അവരുടെ അവകാശവാദത്തെയും ഖുര്‍ആന്‍ ഖണ്ഡിക്കുന്നുണ്ട്. മര്‍യം ബീവിയെ ഒരു തുറന്ന പുസ്തകം പോലെ മനോഹരമായി അവതരിപ്പിച്ച് കൊണ്ടാണ് ഖുര്‍ആന്‍ അവര്‍ക്ക് മറുപടി പറയുന്നത്. അതോടൊപ്പം ഈസാ നബി തൂക്കിലേറ്റപ്പെട്ടിട്ടില്ല എന്നും അല്ലാഹു ഈസാ നബിയെ അവനിലേക്ക് ഉയര്‍ത്തുകയാണുണ്ടായതെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. സയ്യിദ് ഖുതുബ് ഈ വിഷയവുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ പറഞ്ഞതിനപ്പുറം ഒന്നും വിശദീകരിക്കുന്നില്ലെങ്കിലും ദൈവിക ശാപം ജൂതരെ പിടികൂടിയതിന് നാല് പ്രധാനപ്പെട്ട കാരണങ്ങളാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.

1) ജൂത ഇതര മനുഷ്യരോട് ക്രൂരമായാണ് ജൂതര്‍ പെരുമാറിയിട്ടുള്ളത്. എപ്പോഴൊക്കെ ജൂതരുടെ കൈയ്യില്‍ അധികാരവും ആധിപത്യവും ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ ജനങ്ങളെ അടിച്ചമര്‍ത്താനാണ് അവരത് ഉപയോഗിച്ചിട്ടുള്ളത്.
2) ജനങ്ങളെ സത്യത്തില്‍ നിന്ന് തടയാനും അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് യാത്ര തിരിക്കുന്നവരെ എല്ലാ വിധത്തിലുളള തന്ത്രങ്ങളുമുപയോഗിച്ച് കൊണ്ട് അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ജൂതര്‍ ശ്രമിക്കാറുണ്ട്. യാഥാര്‍ത്ഥ്യങ്ങളെ വളച്ചൊടിക്കുകയാണ് അവര്‍ എപ്പോഴും ചെയ്യാറുള്ളത്.
3) പലിശ വാങ്ങിക്കൊണ്ട് ജനങ്ങളെ കൊള്ളയടിക്കുന്നവരാണവര്‍.
4) പലതരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് കൊണ്ട് ജനങ്ങളുടെ സമ്പത്ത് കൈക്കലാക്കാന്‍ അവര്‍ നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കും.

മുഹമ്മദ് നബിയുടെ ജനനത്തിന് മുമ്പ് തന്നെ അറേബ്യയില്‍ ജൂതരും ക്രൈസ്തവരുമുണ്ടായിരുന്നു. ജിബ്‌രീലുമായുള്ള ആദ്യത്തെ കൂടിക്കാഴ്ച്ചക്ക് ശേഷം മുഹമ്മദ് നബി ഖദീജ ബീവിയെ സമീപിക്കുകയും തുടര്‍ന്ന് രണ്ട് പേരും വറഖത്ബ്‌നു നൗഫലിന്റെ അടുത്തേക്ക് പോവുകയും ചെയ്തു. വേദക്കാരനായിരിക്കെ തന്നെ മുഹമ്മദിന്റെ പ്രവാചകത്വത്തെക്കുറിച്ച സന്തോഷ വാര്‍ത്ത വറഖത്ത് ബ്‌നു നൗഫലാണ് പ്രവാചകനെയും ഖദീജ ബീവിയെയും അറിയിച്ചത്. മാത്രമല്ല, ജീവിച്ചിരിക്കെ തനിക്കൊരിക്കലും മുഹമ്മദിന്റെ പ്രവാചകത്വത്തിന് ദൃക്‌സാക്ഷിയാകാന്‍ കഴിയില്ലെന്നും ഇസ്‌ലാം സ്വീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പരിതപിക്കുകയും ചെയ്തു. അഹ്‌ലു കിതാബുമായുള്ള ഇസ്‌ലാമിന്റെ ആദ്യത്തെ ബന്ധം എന്ന് വേണമെങ്കില്‍ ഈ സംഭവത്തെ വിശേഷിപ്പിക്കാവുന്നതാണ്. മുഹമ്മദ് എന്ന ഒരു പ്രവാചകന്‍ വരാനുണ്ടെന്ന വാര്‍ത്ത തങ്ങളുടെ വേദപുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു വറഖത് ബ്‌നു നൗഫല്‍ മുഹമ്മദ് നബിയെയും ഖദീജ ബീവിയെയും സമാശ്വസിപ്പിച്ചത്.

അഹ്‌ലുകിതാബടക്കമുള്ളവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ച് കൊണ്ടാണ് മുഹമ്മദ് നബി മക്കയിലെ തന്റെ പതിമൂന്ന് വര്‍ഷം ചെലവഴിച്ചത്. ബഹുദൈവാരാധകരും വേദക്കാരും തിങ്ങി താമസിച്ചിരുന്ന മക്കയില്‍ ഇസ്‌ലാമിക പ്രബോധനം നടത്തുക എന്നത് ഭാരിച്ച ജോലിയായിരുന്നു. മക്കയിലെ പീഢനം സഹിക്കാതെ മദീനയിലേക്ക് പലായനം ചെയ്ത നബിയും വിശ്വാസികളും അവിടെയുണ്ടായിരുന്ന വേദക്കാരുമായി സമാധാന കരാര്‍ ഉണ്ടാക്കുകയുണ്ടായി. മുസ്‌ലിംകളും വേദക്കാരും തമ്മിലുള്ള ബന്ധത്തെ അത് ദൃഢമാക്കുകയും ചെയ്തു. എന്നാല്‍ അവര്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. ഒരു പുതിയ പ്രവാചകന്‍ വരാനുണ്ടെന്ന വാര്‍ത്ത തങ്ങളുടെ വേദപുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് അവര്‍ക്കറിയാമായിരുന്നെങ്കിലും അവര്‍ തങ്ങളുടെ പഴയ മതത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. മാത്രമല്ല, ഇസ്‌ലാമിനെതിരെ അവര്‍ കുപ്രചരണങ്ങള്‍ അഴിച്ച് വിടുകയും ശത്രുക്കളെ ഒരുമിച്ച് കൂട്ടിക്കൊണ്ട് ഇസ്‌ലാമിക രാഷ്ട്രത്തെ തകര്‍ക്കാന്‍ പദ്ധതിയിടുകയും ചെയ്തു. അന്ന് തുടങ്ങിയ അത്തരം പ്രവര്‍ത്തനങ്ങള്‍ പുതിയ രൂപത്തിലും ഭാവത്തിലും അവര്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നുണ്ട്.

വിവ: സഅദ് സല്‍മി

ഖുര്‍ആന്റെ തണലിലെ സാമൂഹിക വിഷയങ്ങള്‍ - 4

ഖുര്‍ആന്റെ തണലിലെ സാമൂഹിക വിഷയങ്ങള്‍ - 6

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics