അവളെ കുറ്റപ്പെടുത്താന്‍ ധൃതിവെക്കരുത്

നിന്റെ ഇണ നിനക്ക് വേണ്ടി വളരെയേറെ സേവനങ്ങള്‍ ചെയ്യുന്നുണ്ടെന്ന കാര്യം ഒരിക്കലും വിസ്മരിക്കരുത്. നിനക്ക് വേണ്ട കാര്യങ്ങള്‍ ഒരുക്കിത്തരുന്നതിനൊപ്പം അവള്‍ മക്കളെ പരിപാലിക്കുകയും നിന്റെ മാതാപിതാക്കള്‍ അടക്കമുള്ളവര്‍ അടങ്ങുന്ന കുടുംബത്തിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. ഇങ്ങനെ പരിധികളില്ലാതെ സേവനം ചെയ്യുന്ന അവള്‍ക്ക് മിക്കപ്പോഴും പകരം ലഭിക്കുന്നത് ആക്ഷേപവും അതൃപ്തി പ്രകടനവുമാണ്.

നിന്നോടുള്ള ബാധ്യതകളില്‍ ഏതെങ്കിലും ദിവസം അവളൊരു വീഴ്ച്ച വരുത്തിയാല്‍ അതിന്റെ പേരില്‍ നീ അവളെ ആക്ഷേപിക്കരുത്. ആക്ഷേപത്തിന്റെ വാതില്‍ തുറന്ന് അവള്‍ക്ക് മേല്‍ വേദനിക്കുന്ന വാക്കുകള്‍ നീയൊരിക്കലും ചൊരിയരുത്. അവള്‍ക്ക് വല്ല വീഴ്ച്ചയും സംഭവിക്കുന്നുണ്ടോ എന്ന് പാത്തിരുന്ന് നിരീക്ഷിക്കുന്നവനായും നീ മാറരുത്.

വീഴ്ച്ചയുടെ പേരില്‍ ഇണ കുറ്റപ്പെടുത്താന്‍ നീയൊരിക്കലും ധൃതിവെക്കരുത്. നീ ആക്ഷേപിക്കുന്ന വിഷയത്തില്‍ ഒരുപക്ഷേ അവര്‍ക്ക് ന്യായമായ കാരണമുണ്ടായിരിക്കാം. അത്തരം കാരണങ്ങളെയാണ് നീ തേടേണ്ടത്. സ്ത്രീകളുടെ ഹോര്‍മോണുകളില്‍ മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. പ്രസ്തുത മാറ്റങ്ങള്‍ മറ്റുള്ളവരോടുള്ള അവളുടെ പെരുമാറ്റത്തിലും മാറ്റങ്ങള്‍ക്കും കാരണമായേക്കും.

സ്ത്രീയുടെ ദൗര്‍ബല്യം തിരിച്ചറിഞ്ഞ പ്രവാചകന്‍(സ) തന്റെ അന്ത്യപ്രഭാഷണത്തില്‍ പോലും അവരുടെ കാര്യത്തില്‍ പുരുഷന്‍മാരെ പ്രത്യേകം ഉപദേശിച്ചിട്ടുണ്ട്.  ഒരു സ്ത്രീ എത്ര ഉയര്‍ന്ന വിദ്യാഭ്യാസവും സര്‍ട്ടിഫിക്കറ്റുകളും നേടിയാലും, വലിയ നിശ്ചയദാര്‍ഢ്യത്തിന്റെ ഉടമയായിരുന്നാലും സ്‌നേഹസമ്പന്നനായ ഒരു പുരുഷന്റെ തണല്‍ അവള്‍ക്ക് ആവശ്യമാണ്. സ്‌നേഹമസൃണമായ വാക്കുകളും വാത്സല്യപ്രകടവും അവള്‍ കൊതിക്കുന്നു.

ഇണകളോടൊപ്പമുള്ള പ്രവാചകന്‍(സ)യുടെ ജീവിതത്തിലേക്കൊന്ന് നോക്കൂ. അദ്ദേഹം അവര്‍ക്കൊപ്പം സംസാരിച്ചിരിക്കുകയും അവര്‍ക്ക് വേണ്ടി സേവനങ്ങള്‍ ചെയ്യാറുമുണ്ടായിരുന്നു. പ്രവാചകന്‍(സ) ഒരിക്കല്‍ പോലും ആഹാരത്തെ കുറ്റം പറഞ്ഞിരുന്നില്ല.

സ്വന്തത്തിന്റെ സന്തോഷത്തെ കുറിച്ച് ഏറെ ബോധവാന്‍മാരാണ് ചില പുരുഷന്‍മാര്‍. അതേസമയം ആ സന്തോഷം ഇണക്ക് നല്‍കുന്നതിനെ കുറിച്ച് അവര്‍ ആലോചിക്കുന്നില്ല. സ്വീകരിക്കുന്നതില്‍ നിന്ന് ഒട്ടും കുറയാത്ത ആനന്ദം നല്‍കുന്നതിലുമുണ്ടെന്നത് അവര്‍ മറക്കുകയാണ്. വീഴ്ച്ചവരുത്തുന്നതിന് തുടക്കം കുറിച്ചത് നീയായിരുന്നു എന്ന് പലപ്പോഴും സ്വന്തത്തിലേക്ക് ഒന്നു കണ്ണുപായിച്ചാല്‍ മനസ്സിലാക്കാം. നിന്റെ ആ വീഴ്ച്ചക്ക് എന്തെങ്കിലും കാരണങ്ങള്‍ അവള്‍ തേടിയിരിക്കാം. എന്നാല്‍ അതിന്റെ പേരില്‍ നിന്നെ അവള്‍ കുറ്റപ്പെടുത്തിയിട്ടുണ്ടാവില്ല.

ഒരു പുരുഷന്‍ മറ്റ് പുരുഷന്‍മാരോട് പെരുമാറുന്നത് പോലെ നീയൊരിക്കലും അവളോട് പെരുമാറരുത്. ഒരു സ്ത്രീയെന്ന പരിഗണന അവള്‍ക്ക് നല്‍കണം. 'അവധാനതയോടെയായിരിക്കണം നീ ചില്ലുപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത്' എന്ന പ്രവാചകന്‍(സ) ഉപദേശം വിസ്മരിക്കരുത്. സന്താനപരിപാലനത്തില്‍ അവള്‍ക്ക് വീഴ്ച്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ എല്ലാ കുറ്റവും അവള്‍ക്ക് മേല്‍ നീ കെട്ടിവെക്കരുത്. അവരെ പരിപാലിക്കേണ്ട ഉത്തരവാദിത്വത്തില്‍ ഒട്ടും കുറവല്ലാത്ത പങ്ക് നിനക്കും ഉണ്ട്.

അവളുടെ ഭാഗത്തു നിന്നും വീഴ്ച്ചകള്‍ സംഭവിക്കുമ്പോള്‍ സൗമ്യതയാണ് നീ പ്രകടിപ്പിക്കേണ്ടത്. കുറ്റപ്പെടുത്താതെ ശാന്തമായി അതിനെ കുറിച്ച് സംസാരിക്കണം. ഉറുമ്പുകളെ നിങ്ങള്‍ കണ്ടിട്ടില്ലേ? മനുഷ്യനുമായി തട്ടിച്ചു നോക്കുമ്പോള്‍ എത്ര ചെറുതും നിസ്സാരവുമായ ജീവിയാണത്. എന്നിട്ടും എത്ര ബുദ്ധിപരമായും യുക്തിയോടെയുമാണ് അവയുടെ പെരുമാറ്റം. അവയുടെ സദ്ചിന്തയെ കുറിച്ച് ഖുര്‍ആന്‍ വിവരിക്കുന്നത് നോക്കൂ: ''അവര്‍ ഉറുമ്പുകളുടെ താഴ്‌വരയിലെത്തിച്ചേര്‍ന്നു. അപ്പോള്‍ ഒരു ഉറുമ്പ് പറഞ്ഞു: 'അല്ലയോ ഉറുമ്പുകളേ, സ്വന്തം മാളങ്ങളില്‍ പോയൊളിച്ചുകൊള്ളുവിന്‍. സുലൈമാനും സൈന്യവും അറിയാതെ നിങ്ങളെ ചവിട്ടിയരക്കാനിടയാവാതിരിക്കട്ടെ.'' (അന്നംല്: 18) 'അവര്‍ അറിയാതെ' നിങ്ങളെ ചവിട്ടിയരച്ചേക്കാം എന്ന് പറഞ്ഞ ആ ഉറുമ്പ് അതിന് കാരണം കണ്ടെത്തുകയാണ് ചെയ്തത്. അതിന്റെ കാഴ്ച്ചപ്പാടിന്റെ വിശാലതയാണ് അത് വ്യക്തമാക്കുന്നത്. തന്റെ സഹോദരന്റെ ഭാഗത്തു നിന്നും വല്ല വീഴ്ച്ചയും സംഭവിച്ചാല്‍ അതിന് കാരണങ്ങള്‍ കണ്ടെത്താത്തവരാണ് മനുഷ്യരില്‍ അധികപേരും. ഇക്കാര്യത്തില്‍ ജീവിതപങ്കാളിയുടെ കാര്യത്തിലല്ലേ ഏറ്റവും മുന്തിയ പരിഗണന നല്‍കേണ്ടത്!

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics