അഖ്‌സക്ക് വേണ്ടിയുള്ള പ്രതിഷേധം ഞങ്ങളെ ഒന്നിപ്പിച്ചു

ഉമ്മുല്‍ ഫഹ്മില്‍ നിന്നുള്ള മൂന്ന് യുവാക്കള്‍ മസ്ജിദുല്‍ അഖ്‌സ കോമ്പൗണ്ടില്‍ വെച്ച് രണ്ട് ഇസ്രയേല്‍ പോലീസുകാരെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം രണ്ടാഴ്ച്ച പിന്നിട്ടിരിക്കുകയാണ്. അതിനെ തുടര്‍ന്ന് ഇസ്രയേല്‍ മസ്ജിദ് അടച്ചിടുകയും അവിടത്തെ നമസ്‌കാരത്തിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ആക്രമണത്തിന് തൊട്ടുടനെ അതിനെ അപലപിച്ചു കൊണ്ട് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് രംഗത്ത് വന്നിരുന്നു. 'അക്രമസംഭവങ്ങള്‍, പ്രത്യേകിച്ചും ആരാധനാസ്ഥലങ്ങളില്‍ ആരുടെ ഭാഗത്തു നിന്നാണെങ്കിലും അംഗീകരിക്കില്ല' എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.

ഖുദ്‌സ് നിവാസികളെ ഇസ്രയേല്‍ പട്ടാളക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും നിത്യേനെയെന്നോണം കൊലപ്പെടുത്തി കൊണ്ടിരിക്കുന്ന സവിശേഷ സാഹചര്യത്തിലുണ്ടായ ഈ സംഭവത്തെ അദ്ദേഹം ഒരിക്കലും അപലപിക്കില്ലെന്ന് വിശ്വസിച്ചിരുന്ന നിരവധി ഫലസ്തീനികളെ അദ്ദേഹത്തിന്റെ പ്രസ്താവന പ്രകോപിപ്പിച്ചു. അബ്ബാസിന്റെ പ്രസ്താവന ഫലസ്തീനികളെ കൊല്ലാനും ആക്രമിക്കാനും അവര്‍ക്കും അവര്‍ പവിത്രമായി കാണുന്നവക്കും മേല്‍ ആധിപത്യം സ്ഥാപിക്കാനും ഇസ്രയേലിന് പച്ചക്കൊടി കാണിച്ചേക്കുമെന്ന് വരെ ചിലര്‍ ഭയന്നു. ഖുദ്‌സ് നിവാസികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെയും മസ്ജിദുല്‍ അഖ്‌സയിലേക്ക് നിരന്തരം നടക്കുന്ന കടന്നുകയറ്റങ്ങളുടെയും അതിന്റെ കോമ്പൗണ്ടില്‍ നമസ്‌കരിക്കാനെത്തുന്നവര്‍ക്ക് നേരെയുള്ള പോലീസിന്റെ പ്രകോപനങ്ങളുടെയും പേരില്‍ ഇസ്രയേലിനെ ആക്ഷേപിക്കാന്‍ എന്തുകൊണ്ട് അബ്ബാസിന് സാധിക്കുന്നില്ല? അസംഖ്യം സായുധ സൈനികരെ സ്വതന്ത്രമായി റോന്തുചുറ്റാനും ആരാധനക്കെത്തുന്നവരുടെ വികാരങ്ങളെ വ്രണപ്പെടുത്താനും അനുവദിക്കുന്ന ഏതെങ്കിലും ഒരു ആരാധനാ കേന്ദ്രം മറ്റെവിടെയെങ്കിലുമുണ്ടോ?

ഫലസ്തീനികളെന്ന നിലയില്‍ പുനരാലോചന നടത്താനും പോരാട്ടത്തിന് പുതുജീവന്‍ പകരാനും ഖുദ്‌സിലെ ഞങ്ങള്‍ക്ക് ഈ സംഭവങ്ങള്‍ പ്രേരകമായി. ഞങ്ങളുടെ നേതാക്കളുടെ നിലപാടുകള്‍ മാറ്റിവെച്ച് അവകാശങ്ങള്‍ വീണ്ടെടുക്കാനുള്ള നിമിഷങ്ങളാണിത്. അല്‍അഖ്‌സയിലെ സംഭവങ്ങള്‍ ഒരു സുപ്രധാന വഴിത്തിരിവായി മാറി. എല്ലാ വിഭാഗീയതകളും മറന്ന് ഒരൊറ്റ ജനതയായി പൊരുതുന്നതിലേക്കാണ് ഞങ്ങളെയത് എത്തിച്ചത്.

തുടര്‍ന്നു കൊണ്ടിരിക്കുന്ന നമസ്‌കാരങ്ങളും പ്രതിഷേധങ്ങളും അല്‍അഖ്‌സയുടെ വിശുദ്ധ ഹറമിലേക്കുള്ള ഗേറ്റുകള്‍ക്ക് മുമ്പിലെ സമാധാനപരമായ കുത്തിയിരിപ്പുകളുമാണ് ഫലസ്തീനികളുടെ മറ്റൊരു വഴിത്തിരിവ്.

മസ്ജിദുല്‍ അഖ്‌സ അടച്ചിട്ട് നമസ്‌കാരം തടയപ്പെട്ട ഒന്നാം നാള്‍ മുതല്‍ ഞങ്ങള്‍ ഖുദ്‌സ് നിവാസികള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നമസ്‌കരിക്കാനെത്തിയ ഞങ്ങള്‍ അവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും പട്ടാളക്കാരുമായി ഏറ്റുമുട്ടുകയും ചെയ്തു. ഏഴ് പേരുടെ മരണത്തിന് അത് കാരണമായി. പ്രത്യേകിച്ച് ഏതെങ്കിലും പാര്‍ട്ടികളിലൊന്നും സജീവമല്ലാതിരുന്ന സര്‍വകലാശാല വിദ്യാര്‍ഥികളായിരുന്നു അവരിലേറെയും. ഈ മണ്ണിന് മേലുള്ള അവകാശവും മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിച്ച് നമസ്‌കാരിക്കാനുള്ള സ്വാതന്ത്ര്യവുമായിരുന്നു അവരെ ഒന്നിപ്പിച്ചത്.

അമ്പത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് മസ്ജിദുല്‍ അഖ്‌സ അടച്ചിടുകയും അവിടെ നമസ്‌കാരത്തിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്നത്. അഖ്‌സയെ സംരക്ഷിക്കാനും അതിക്രമങ്ങള്‍ തടയുന്നതിനും ശക്തമായ നിലപാടെടുക്കാന്‍ അറബ്, മുസ്‌ലിം, അന്താരാഷ്ട്ര സമൂഹങ്ങളോട് ഞങ്ങള്‍ അഭ്യര്‍ഥിച്ചു. പക്ഷെ ഇസ്രയേല്‍ തല്‍സ്ഥിതി നിലനിര്‍ത്താനുള്ള വ്യവസ്ഥകള്‍ ലംഘിച്ച് കടുത്ത നടപടികള്‍ തുടര്‍ന്നു.

സംഭവം നടന്ന ദിവസം തന്നെ അവര്‍ കടന്നുകയറി അല്‍അഖ്‌സ അടച്ചുപൂട്ടി. രാത്രി ഒരു മണിക്കും മൂന്ന് മണിക്കും ഇടയില്‍ അഖ്‌സയിലെ ഗാര്‍ഡുകള്‍ പോയ സമയത്താണ് ഇസ്രയേല്‍ സൈനിക വാഹനങ്ങള്‍ അകത്തുകടന്നത്. എന്തൊക്കെ കയ്യെഴുത്ത് പ്രതികളും രേഖകളുമാണ് ലൈബ്രറിയില്‍ നിന്ന് അവര്‍ എടുത്തതെന്നോ പതുതായി എന്തൊക്കെയാണ് അവിടെ വെച്ചതെന്നോ ആര്‍ക്കും അറിയില്ല. അതിനെ തുടര്‍ന്ന് ജൂലൈ 17ന് അഖ്‌സയുടെ കവാടങ്ങളില്‍ ഇലക്ട്രോണിക് ഗേറ്റുകളും അവര്‍ സ്ഥാപിച്ചു.

ഇസ്രയേലിലെ ഫലസ്തീനികള്‍ക്കും വെസ്റ്റ്ബാങ്കിലെയും ഗസ്സയിലെയും ഫലസ്തീനികള്‍ക്കുമിടയില്‍ വളരെ ആസൂത്രിതമായി വിഘടിപ്പുണ്ടാക്കാനാണ് ആ സന്ദര്‍ഭത്തില്‍ ഇസ്രയേല്‍ ശ്രമിച്ചത്. ഫലസ്തീനികളുടെയും അറബ് കക്ഷികളുടെയും സഹകരണത്തോടെയാണ് ഇലക്ട്രോണിക് ഗേറ്റുകള്‍ സ്ഥാപിച്ചതെന്ന തരത്തിലുള്ള പ്രകോപനപരവും തെറ്റായതുമായ പ്രചാരങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ അവര്‍ നടത്തി.

പ്രസ്തുത ഗേറ്റുകള്‍ ഉപയോഗിക്കാന്‍ വിശ്വാസികളെ നിര്‍ബന്ധിച്ചത് വിശുദ്ധ ഹറമിനെ സ്ഥലത്തിന്റെയും സമയത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള നീക്കത്തിന്റെ തുടക്കമായിരുന്നില്ലേ? അതല്ല, ചെക്ക്‌പോസ്റ്റുകളിലും ഷോപ്പിംഗ് സെന്ററുകളിലും ആശുപത്രികളിലുമെല്ലാം നടത്തുന്നത് പോലുള്ള ഒരു ദേഹപരിശോധന എന്ന അര്‍ഥത്തിലായിരുന്നോ മസ്ജിദുല്‍ അഖ്‌സയിലും അത് കൊണ്ടുവന്നത്?

ഞങ്ങള്‍ അഖ്‌സയുടെ ഗേറ്റുകളില്‍ നില്‍ക്കുന്നത് സുബ്ഹി മുതല്‍ ളുഹ്ര്‍ വരെ തുടരും. അബൂ വജ്ദിയുടെ -സ്വാഭാവിക മരണം സംഭവിച്ച ഒരു തദ്ദേശീയന്‍- ജനാസ നമസ്‌കരിക്കുന്നതിനായി നില്‍ക്കുന്നവരെ പോലെ ഇലക്ട്രോണിക് ഗേറ്റുകള്‍ക്ക് മുമ്പില്‍ ഞങ്ങള്‍ നില്‍ക്കും. മരിച്ചവരെ പോലും അവര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കാത്തതില്‍ അത്ഭുതമൊന്നും ഉണ്ടായിരുന്നില്ല. തടവറകള്‍ക്ക് മുമ്പില്‍ ബന്ധുക്കളെ കാണാന്‍ നില്‍ക്കുന്നവരെ പോലെ ഞങ്ങള്‍ ഗേറ്റുകള്‍ക്ക് മുമ്പില്‍ നില്‍ക്കും. ബന്ധുക്കളെ കാണുന്നതിന് മുമ്പ്, നമസ്‌കരിക്കാന്‍ പോകുന്നതിന് മുമ്പ് നിങ്ങളുടെ ഷൂസുകള്‍ അഴിക്കൂ, ബെല്‍റ്റ് അഴിക്കൂ, ഹിജാബ് ഒഴിവാക്കൂ എന്നെല്ലാം അവര്‍ പറയുന്നു. ഞങ്ങള്‍ മസ്ജിദുല്‍ അഖ്‌സയില്‍ പോവാതിരിക്കലാണ് അവരുടെ ആവശ്യം. അഖ്‌സക്ക് നേരെയുള്ള ഗൂഢാലോചനയുടെ അവസാന ഘട്ടമല്ലേ ഇതെല്ലാം?

പ്രതിരോധത്തിന്റെ പുതിയ മുഖം
ഖുദ്‌സിലെ ഗേറ്റുകള്‍ക്ക് മുമ്പിലെ കുത്തിയിരിപ്പും അല്‍അഖ്‌സ ഗേറ്റുകള്‍ക്ക് മുമ്പിലെ രണ്ടാഴ്ച്ചയോളം തുടര്‍ന്ന നില്‍പ്പിനോടുള്ള ഐക്യദാര്‍ഢ്യവുമെല്ലാം ഫലസ്തീന്‍ പൊതുജനങ്ങളുടെ ഐക്യത്തെയായിരിക്കാം സൂചിപ്പിക്കുന്നത്. ഒരു ഇടക്കാല സര്‍ക്കാറോ മറ്റേതെങ്കിലും തരത്തിലുള്ള സര്‍ക്കാറോ ഫലസ്തീന്‍ ജനതക്ക് അതിനാവശ്യമായി വന്നില്ല. യാതൊരുവിധ ബാഹ്യപിന്തുണയുമില്ലാതെ അഖ്‌സയെ സംരക്ഷിക്കാന്‍ അവര്‍ ഒരുമിച്ചു നിന്നു. ഗേറ്റുകള്‍ക്ക് മുമ്പില്‍ നിലയുറപ്പിച്ചവര്‍ക്കുള്ള ഭക്ഷണവും വെള്ളവും യഥാസമയം അവിടെയെത്തി. അത് ആര് വിതരണം ചെയ്തുവെന്നോ എങ്ങനെ വിതരണം ചെയ്തുവെന്നോ ആര്‍ക്കും അറിയില്ല.

പ്രശ്‌നം പരിഹരിക്കാന്‍ ഖുദ്‌സ് നിവാസികള്‍ക്ക് നിയമനിര്‍മാണ സഭയുടെയോ മന്ത്രിസഭയുടെയോ യോഗം ചേര്‍ന്ന് നിര്‍ദേശങ്ങള്‍ വെക്കുകയോ പദ്ധതി സമര്‍പ്പിക്കുകയോ ചെയ്യേണ്ടി വന്നില്ല. നിലവിലെ നേതാക്കള്‍ക്കും അവരുടെ ശബ്ദത്തിനും അപ്പുറത്തെ ശബ്ദമാണ് തെരുവുകളില്‍ ഉയര്‍ന്നത്. റോഡുകളിലും ഗേറ്റുകള്‍ക്ക് മുമ്പിലും ഞാന്‍ നിന്ന് നമസ്‌കരിച്ചു. നമസ്‌കാരം കഴിഞ്ഞപ്പോള്‍ നമസ്‌കാരത്തിനെത്തിയവരുടെ നീണ്ട നിര തന്നെ ഇരുവശത്തും ഞാന്‍ കണ്ടു. നമസ്‌കരിക്കാനെത്തിയവര്‍ക്കൊപ്പം നിരവധി ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. അത്തരം ചില ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. ഖുദ്‌സിന്റെ ദൗത്യം മുസ്‌ലിമിനെയും ക്രിസ്ത്യാനിയെയും വേര്‍തിരിക്കലല്ല, മതമുള്ളവനെയും മതമില്ലാത്തവനെയും വേര്‍തിരിക്കലല്ല, മറിച്ച് അഖ്‌സയെ സംരക്ഷിക്കലാണ്. ഏതെങ്കിലും പ്രത്യേക വിഭാഗത്തെ ഞാന്‍ അവിടെ കണ്ടില്ല. ഹമാസിന് വേണ്ടിയുള്ള മുദ്രാവാക്യങ്ങളോ ഫതഹിന് വേണ്ടിയുള്ള മുദ്രാവാക്യങ്ങളോ അവിടെയുണ്ടായിരുന്നില്ല. അഖ്‌സക്ക് വേണ്ടി ഞങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുകയായിരുന്നു.

അഖ്‌സക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ വിജയിക്കാനും വര്‍ഷങ്ങളായി ഞങ്ങള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിക്കുകയും ചെയ്യുന്ന ഇസ്രയേലിനെ ഭയപ്പെടുത്താനും ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെങ്കില്‍, അധിനിവേശത്തെ നേരിടുന്നതിലും അതിനെതിരെ വിജയം വരിക്കുന്നതിലും ഫലസ്തീനികളുടെ ഈ രീതിയിലുള്ള പോരാട്ടത്തെ നമുക്കെങ്ങനെ ഉപയോഗപ്പെടുത്താം?

വിവ: നസീഫ്

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics