ആഘോഷങ്ങളിലൂടെ ആത്മവിശ്വാസം പകരുകയാണ് ഞങ്ങള്‍

പുതുമയും വൈവിധ്യങ്ങളും നിറഞ്ഞ നിരവധി ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളാലും ആഘോഷങ്ങളാലും ശ്രദ്ധേയമായ ഇടമാണ് സറാതൊവ് നഗരം. എ.ഡി 922ലാണ് ഇസ്‌ലാമിന്റെ വെളിച്ചം അവിടെയെത്തുന്നത്. കുട്ടികളും മുതിര്‍ന്നവരും പങ്കെടുക്കുന്ന പല പരിപാടികളും അവിടെ നടക്കുന്നു. ചിലതിലെല്ലാം മുസ്‌ലിംകള്‍ അല്ലാത്തവര്‍ പോലും പങ്കാളികളാവുന്നു. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന നഗരങ്ങളിലൊന്നാണ് സറാതൊവ്. 105 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള അവിടത്തെ മുസ്‌ലിം ജനസംഖ്യ 12 ശതമാനത്തോളമാണ്. രണ്ടര ദശലക്ഷത്തിനടുത്താണ് അവിടത്തെ ആകെ ജനസംഖ്യ. നഗരം ഉള്‍പ്പെടുന്ന വോള്‍ഗ പ്രദേശത്തെ ഉപമുഫ്തി ഡോ. നിദാല്‍ അല്‍ഹീഹുമായി അല്‍മുജ്തമഅ് വാരിക നടത്തിയ അഭിമുഖം:

ആദ്യമായി നിങ്ങളുടെ പ്രദേശത്തെ ഔദ്യോഗിക ഇസ്‌ലാമിക വേദിയെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു?
-ഞങ്ങളുടെ പ്രദേശത്തെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് വോള്‍ഗ പ്രദേശത്തെ മുസ്‌ലിം വേദിയാണ്. 1994ല്‍ രൂപീകരിച്ച ഈ വേദിക്ക് നേതൃത്വം നല്‍കുന്നത് മുഫ്തി മുഖദ്ദസ് അബ്ബാസ് ബൈബര്‍സോവാണ്.

മുസ്‌ലിം ന്യൂനപക്ഷമെന്ന നിലയില്‍ റഷ്യന്‍ മുസ്‌ലിംകളെ മറ്റുള്ളവരില്‍ നിന്നും വ്യതിരിക്തമാക്കുന്നത് എന്താണ്?
-റഷ്യന്‍ മുസ്‌ലിംകള്‍ തദ്ദേശീയര്‍ തന്നെയാണെന്നതാണ് മറ്റു പല മുസ്‌ലിം ന്യൂനപക്ഷ സമൂഹങ്ങളില്‍ നിന്നും അവരെ വ്യത്യസ്തരാക്കുന്നത്. ആയിരത്തിലേറെ വര്‍ഷം മുമ്പ് ഇസ്‌ലാം ആശ്ലേഷിച്ചിട്ടുള്ളവരാണ് അവര്‍. നൂറ്റാണ്ടുകളോളം ഈ പ്രദേശത്ത് മുസ്‌ലിംകള്‍ തങ്ങളുടേതായ ഭരണമാണ് നടത്തിയിരുന്നത്. എന്നാല്‍ ചരിത്രത്തില്‍ സംഭവിച്ച ചില രാഷ്ട്രീയ പ്രേരകങ്ങളുടെ ഫലമായി തങ്ങളുടെ മണ്ണില്‍ ന്യൂനപക്ഷമായി അവര്‍ മാറി.

മുസ്‌ലിം സ്വത്വത്തിന് ഏറ്റവുമധികം പോറലേല്‍പ്പിക്കപ്പെട്ടത് സോഷ്യലിസ്റ്റ് ഘട്ടത്തിലാണ്. അതില്‍ മതസ്വത്വങ്ങളെല്ലാം നീക്കം ചെയ്ത്, മതവും വംശവുമെല്ലാം മാറ്റിവെച്ചുകൊണ്ടുള്ള പുതിയൊരു സോവിയറ്റ് വ്യക്തിത്വം രൂപപ്പെടുത്താനുള്ള ശക്തമായ ശ്രമങ്ങളാണ് ആ ഘട്ടത്തില്‍ നടന്നത്. എന്നാല്‍ അക്കാര്യം വേണ്ടരീതിയില്‍ വിജയിച്ചില്ല. തങ്ങളുടെ സ്വത്വത്തെ സംബന്ധിച്ച ധാരണയില്ലാത്ത ആള്‍ക്കൂട്ടങ്ങളെ അത് സൃഷ്ടിച്ചു. മതത്തിലേക്കോ വംശത്തിലേക്കോ ചേര്‍ത്ത് പറയുന്നത് വലിയൊരു കുറച്ചിലായി കാണുന്ന ഒരുകൂട്ടം ആളുകള്‍ അവിടെയുണ്ടായി. മുസ്‌ലിംകളില്‍ പോലും അത്തരക്കാര്‍ ഉണ്ടായിരുന്നു.

സോഷ്യലിസത്തിന്റെ പതനത്തിന് ശേഷം മതസ്വാതന്ത്ര്യം വീണ്ടുകിട്ടിയപ്പോള്‍ സറോതൊവ് മുസ്‌ലിംകള്‍ക്കിടയില്‍ ഇസ്‌ലാമിക സ്വത്വത്തിന് പുതുജീവന്‍ നല്‍കാന്‍ എന്തൊക്കെ ശ്രമങ്ങളാണ് നടന്നത്?
-റഷ്യയിലെ സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം മതവേദികള്‍ക്ക് മുമ്പിലുണ്ടായിരുന്ന പ്രഥമ വെല്ലുവിളി മുസ്‌ലിം മനസ്സുകളില്‍ വിശ്വാസവും തങ്ങളുടെ ഇസ്‌ലാമിക സ്വത്വത്തിലുള്ള അഭിമാനവും എങ്ങനെ വീണ്ടെടുക്കാമെന്നതായിരുന്നു. രണ്ട് രീതിയിലാണ് ഞങ്ങള്‍ ആ വെല്ലുവിളിയെ നേരിട്ടത്. നിലവിലെ തലമുറക്ക് വേണ്ടിയായിരുന്നു അതില്‍ ഒന്നാമത്തേത്. രണ്ടാമത്തേത് വരാനിരിക്കുന്ന പുതുതലമുറയെ ലക്ഷ്യം വെച്ചുള്ളതും. അതിന്റെ ഭാഗമായി മുസ്‌ലിം മനസ്സുകളില്‍ സ്വാധീനമുണ്ടാക്കും വിധം പൊതുപരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. സമൂഹത്തില്‍ അഭിമാനമുണ്ടാക്കും വിധം ഇസ്‌ലാമിന്റെ നാഗരിക സാധ്യതകള്‍ അവതരിപ്പിച്ചു. ഇസ്‌ലാമിക ആഘോഷങ്ങള്‍ പൊതുസ്ഥലങ്ങളില്‍ വെച്ച് വളരെ ജനകീയമായിട്ട് തന്നെ സംഘടിപ്പിക്കാനും ഞങ്ങള്‍ ബോധപൂര്‍വം ശ്രമിച്ചിരുന്നു.

ഭാവി തലമുറയില്‍ ഇസ്‌ലാമിക സ്വത്വം അരക്കിട്ടുറപ്പിക്കുന്നതിന് റമദാന്‍ മാസത്തെ ഏത് തരത്തിലാണ് നിങ്ങള്‍ ഉപയോഗപ്പെടുത്തിയത്?
-കുട്ടികള്‍ക്ക് വേണ്ടി ഞങ്ങളുടെ പള്ളികളില്‍ നിരവധി പരിപാടികളുണ്ടായിരുന്നു. സറാതൊവ് നഗരത്തിലെ ഇസ്‌ലാമിക് സെന്ററില്‍ കുട്ടികള്‍ക്കായി റമദാന്‍ മധ്യത്തില്‍ നടത്തിയ പരിപാടി ഒരു ഉദാഹരണമാണ്. വിശുദ്ധ റമദാന്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ ഈ ആഘോഷവുമായി ബന്ധപ്പെട്ട  പരിപാടികളും ആരംഭിക്കും. അതിന്റെ ഭാഗമായി കുട്ടികള്‍ക്ക് വേണ്ടി വ്യത്യസ്തമായ മത്സരങ്ങള്‍ നടത്തും. റമദാന്‍ മധ്യത്തോടെ അതിന്റെ ആഘോഷങ്ങള്‍ നടക്കുകയും നേരത്തെ നടന്ന മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും. ഇത്തരം പരിപാടികള്‍ പള്ളികളില്‍ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കും. കുട്ടികളില്‍ പള്ളികളുമായും മുസ്‌ലിം സമൂഹവുമായും നിരന്തര ബന്ധമുണ്ടാക്കാന്‍ അത് പ്രചോദനമാവുകയും ചെയ്തു.

അവിടത്തെ പെരുന്നാള്‍ ആഘോഷങ്ങളുടെ രീതി എന്താണ്?
-തുടര്‍ച്ചയായി എട്ടാം വര്‍ഷവും വലിയ ആഘോഷപരിപാടികളാണ് ഞങ്ങള്‍ പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ചത്. സറാതൊവിലെ ഏറ്റവും വലിയ പൊതുമൈതാനത്താണ് അത് നടക്കാറുള്ളത്. പ്രദേശത്തെ അമ്പതിനായിരത്തോളം ആളുകള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഭരണകൂടത്തിലെ മുഴുവന്‍ ഔദ്യോഗിക വ്യക്തിത്വങ്ങളുടെയും സാന്നിദ്ധ്യവും ഉണ്ടാവാറുണ്ട്. സമൂഹത്തില്‍ സഹവര്‍ത്തിത്വവും പരസ്പരബന്ധവും ഉണ്ടാകുന്നതിനൊപ്പം മുസ്‌ലിംകളില്‍ ആത്മാഭിമാനവും അത് വളര്‍ത്തുന്നു. ഇസ്‌ലാമിക സ്വത്വം വിളിച്ചോതുന്ന പരിപാടികളാണ് അതില്‍ നടക്കാറുള്ളത്. ഖുര്‍ആന്‍ പാരായണവും കുട്ടികളുടെ ഗാനങ്ങളും കളികളും അതിന്റെ ഭാഗമായി നടക്കുന്നു. അപ്രകാരം നിരവധി മുതിര്‍ന്നവരെയും കുട്ടികളെയും ഈ ആഘോഷങ്ങളിലേക്ക് ഞങ്ങള്‍ അതിഥികളായി സ്വീകരിക്കാറുമുണ്ട്. അതവരെ സന്തോഷിപ്പിക്കുകയും ഇസ്‌ലാമിന്റെ ആഘോഷവുമായി ഒരു ബന്ധം അവരില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. മറ്റ് മുസ്‌ലിംകള്‍ക്ക് കാണുന്നതിനായി ഈ ആഘോഷങ്ങളുടെ ഫോട്ടോകള്‍ എടുത്ത് വെക്കുകയും ചെയ്യുന്നു. തങ്ങളുടെ ആഘോഷങ്ങളെ കുറിച്ച് മതിപ്പും അഭിമാനവും അവരില്‍ ഉണ്ടാക്കാന്‍ അത് സഹായിക്കുന്നു.

സറാതൊവ് മുസ്‌ലിംകളില്‍ ഇസ്‌ലാമിക സ്വത്വം ഉണ്ടാക്കിയെടുക്കുന്നതില്‍ ഈ ആഘോഷങ്ങള്‍ ഏത് രീതിയിലാണ് പ്രതിഫലിക്കുന്നത്?
-ആകര്‍ഷണീയവും ആസ്വാദ്യകരവുമായ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഇത്തരം ആഘോഷങ്ങള്‍ മുസ്‌ലിംകളുടെ അഭിമാന ചിഹ്നമായി മാറിയിരിക്കുകയാണ്. പരിപാടിയിലെ വര്‍ധിച്ച അളവിലുള്ള ഔദ്യോഗിക പങ്കാളിത്തം ഔദ്യോഗിക ആഘോഷങ്ങളുടെ പ്രതീതി അതിന് നല്‍കുന്നു എന്നതും ശ്രദ്ധേയമാണ്. ഹിജാബണിയുന്ന സഹോദരിമാര്‍ക്കും താടിവെച്ച ചെറുപ്പക്കാര്‍ക്കും യൂണിവേഴ്‌സിറ്റികളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കമ്പനികളിലുമെല്ലാം കടന്നു ചെല്ലുമ്പോള്‍ വലിയ ആശ്വാസമാണത് പകരുന്നത്. ഇത്തരം പരിപാടികള്‍ക്ക് വലിയ സാമ്പത്തിക ചെലവുകളുണ്ടെങ്കിലും, ഇസ്‌ലാമോഫോബിയ അതിവേഗം വളര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ അതിനെ ഭേദിക്കാനും മറികടക്കാനും സഹായിക്കുന്ന ഇത്തരം പരിപാടികള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics