ക്ലീന്‍ചിറ്റ് നേടി വന്‍സാരയും സംഘവും പുറത്തിറങ്ങുമ്പോള്‍

സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് രാഷ്ട്രീയ മാഫിയ രാജ്യത്തിന് മേല്‍ പിടിമുറുക്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ ഭീതിയല്ല, ദുഖമാണ് പരക്കുന്നത്. എങ്ങും നിരാശയാണ്. ഈ സ്വതന്ത്രരാജ്യത്തില്‍ യഥാര്‍ഥത്തില്‍ എനിക്ക് സ്വാതന്ത്ര്യം അനുഭവപ്പെടുന്നില്ല. നാം എന്തു ധരിക്കണം? എന്തു ഭക്ഷിക്കണം? എങ്ങനെ അഭിവാദ്യം ചെയ്യണം? എന്നെല്ലാം തീരുമാനിക്കുന്നതിന് മുമ്പ് ഒരു നൂറ് തവണയെങ്കിലും ആലോചിക്കേണ്ടി വരുന്നു. ഞാന്‍ പറയുന്ന 'അസ്സലാമു അലൈകും' അല്‍പം ഉച്ചത്തിലായാല്‍ കണ്ണുകളെല്ലാം എനിക്ക് മേല്‍ പതിയും. മിക്കയിടത്തും അന്യതാബോധമാണ് അനുഭവപ്പെടുന്നത്.

ഭരണകൂട മാഫിയ അതിവിദഗ്ദമായി നമ്മുടെ നാടിനെ നശിപ്പിക്കുമ്പോള്‍ നിശബ്ദ കാഴ്ച്ചക്കാരായി നാം നോക്കിയിരിക്കുകയാണ്. ഇന്ന് രാവിലെ ഖുശ്‌വന്ത് സിംഗിന്റെ The End of India ഒരിക്കല്‍ കൂടി ഞാന്‍ വായിച്ചു. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം എന്നെ വളരെയേറെ ആശ്ചര്യപ്പെടുത്തി. ഫാഷിസം റോഡില്‍ നിന്നും നമ്മുടെ മുറ്റത്തേക്ക് കടന്നുവരുന്നതിന്റെ അപകടത്തെ കുറിച്ച് ആ ചെറിയ പുസ്തകത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. നിങ്ങള്‍ ചുറ്റുപാടിലേക്ക് ഒന്നു കണ്ണോടിച്ചു നോക്കൂ. തീവ്രവലതുപക്ഷ ശക്തികള്‍ മനുഷ്യരെയും സ്ഥാപനങ്ങളെയും മറ്റും ഉന്മൂലനം ചെയ്യുന്നത് എങ്ങനെയെന്ന് നോക്കൂ. അവസരവാദികളായ മുഖ്യമന്ത്രിമാര്‍ ഈ വിധ്വംസക ശക്തികള്‍ക്കൊപ്പം ചേരുമ്പോള്‍ ഭയം ഒന്നുകൂടി വര്‍ധിക്കുന്നു.

ആരാണ് ഡി.ജി വന്‍സാര
ഗുജറാത്തില്‍ നിന്നുള്ള മുന്‍ ഐ.പി.എസ് ഓഫീസര്‍ ഡി.ജി. വന്‍സാരയെയും രാജസ്ഥാന്‍ കേഡറില്‍ നിന്നുള്ള ഐ.പി.എസ് ഓഫീസര്‍ ദിനേഷം എം.എന്നിനെയും സൊഹ്‌റാബുദ്ദീന്‍, തുള്‍സിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ നിന്ന് കുറ്റവിമുക്തരാക്കി കൊണ്ടുള്ള സി.ബി.ഐ കോടതി ഉത്തരവ് ഈ ആഴ്ച്ച പത്രത്തില്‍ ഞാന്‍ വായിച്ചു. ഒരു ഞെട്ടലോടെ ഞാന്‍ ഇരുന്നു. വന്‍സാരെയും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെയും പീഡനരീതികളെയും കുറിച്ച് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഞാന്‍ വായിച്ചിട്ടുള്ള കാര്യങ്ങളാണ് ശരിക്കും എന്നെ ഞെട്ടിച്ചത്. അയാളിപ്പോള്‍ ക്ലീന്‍ ചിറ്റോടെ സ്വതന്ത്രനായിരിക്കുന്നു.

ഡി.ജി വന്‍സാരയെയും അയാളുടെ സാഹസങ്ങളെയും സംബന്ധിച്ച രണ്ട് പുസ്തകങ്ങളെങ്കിലും ഞാന്‍ വായിച്ചിട്ടുണ്ട്. അതിലെ ഉദ്ധരണികളിലേക്ക് പോകും മുമ്പ് ഡി.ഐ.ജി റാങ്കിലുള്ള ഓഫീസറായ വന്‍സാരെ വ്യാജഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന്റെ വിശദാംശങ്ങള്‍ വിവരിക്കേണ്ടതുണ്ട്. സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് 2007 എപ്രില്‍ 24നാണ് വന്‍സാര അറസ്റ്റ് ചെയ്യപ്പെടുന്നത്. പാക്ഭീകരസംഘടനയായ ലഷ്‌കറെ തൈ്വബയുമായി സൊഹ്‌റാബുദ്ദീന് ബന്ധമുണ്ടെന്നാണ് ഗുജറാത്ത് പോലീസ് വാദിച്ചത്. ഹൈദരാബാദില്‍ നിന്നും മഹാരാഷ്ട്രയിലെ സാംഗ്‌ലിയിലേക്കുള്ള യാത്രക്കിടെ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് സൊഹ്‌റാബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും തട്ടിക്കൊണ്ടു പോവുകയായിരുന്നു. 2005ല്‍ ഗാന്ധിനഗറിലുണ്ടായ ഒരു വ്യാജ ഏറ്റുമുട്ടലില്‍ ശൈഖ് കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ ഭാര്യയെ കാണാതാവുകയും ചെയ്തു. എല്ലാ സാധ്യതയും വ്യക്തമാക്കുന്നത് അവരും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ്. തട്ടിക്കൊണ്ടുപോകലിന് സാക്ഷിയായ സൊഹ്‌റാബുദ്ദീന്റെ സുഹൃത്ത് പ്രജാപതിയും 2006ല്‍ പോലീസിനാല്‍ കൊലചെയ്യപ്പെട്ടെന്ന് പറയുന്നു. ശരിയായ വിചാരണ നടക്കുന്നതിന് സി.ബി.ഐ ആവശ്യപ്പെട്ടതനുസരിച്ച് സൊഹ്‌റാബുദ്ദീന്‍ കേസ് 2012ല്‍ മുംബൈയിലേക്ക് മാറ്റി. 2013ല്‍ സുപ്രീം കോടതിയ പ്രജാപതിയുടെയും ശൈഖിന്റെയും കേസുകള്‍ ഒരുമിച്ചാക്കുകയും ചെയ്തു.

ഇന് രണ്ട് പുസ്തകങ്ങളിലേക്ക് വരാം. ജംഇയ്യത്തുല്‍ ഉലമ അഹമ്മദാബാദ് പ്രസിദ്ധീകരിച്ച മുഫ്തി അബ്ദുല്‍ ഖയ്യൂമിന്റെ I Am A Mufti & I Am Not A Terrorist - 11 Years Behind the Bars  എന്ന പുസ്തകത്തില്‍ വന്‍സാരയില്‍ നിന്നും തനിക്കേറ്റ പീഡനങ്ങളെ കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. ഗുജറാത്ത് ക്രൈം ബ്രാഞ്ച് ഒരുക്കിയ വഞ്ചനയിലൂടെ 2003 ആഗസ്റ്റ് 17ന് മുഫ്തി തട്ടിക്കൊണ്ടുപോകപ്പെട്ട ദിവസം മുതലാണ് അത് ആരംഭിക്കുന്നത്. മൂന്നാം മുറയടക്കമുള്ള കടുത്ത പീഡനങ്ങള്‍ക്ക് വിധേയനാക്കിയതിനൊപ്പം അക്ഷര്‍ധാം കേസില്‍ അദ്ദേഹത്തിന് മേല്‍ കെട്ടിവെക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പുസ്തകത്തില്‍ നിന്നുള്ള രണ്ട് ഖണ്ഡികകള്‍ വായിച്ചാല്‍ തന്നെ വന്‍സാരെയും അയാളുടെ മൂന്ന് കൂട്ടാളികളും അദ്ദേഹത്തിന് മേല്‍ ഏല്‍പിച്ച പീഡനത്തിന്റെ ആഴം എത്രയായിരുന്നുവെന്ന് ഒരാള്‍ക്ക് മനസ്സിലാക്കാം. അതില്‍ വിവരിക്കുന്നു: ''കൗണ്ടറിലെ ടേബിളില്‍ ചുവന്ന താടിയുള്ള കണ്ണടവെച്ച വന്‍സാര സാഹിബ് മറ്റ് ഓഫീസര്‍മാര്‍ക്കൊപ്പം ഇരിക്കുന്നത് ഞാന്‍ കണ്ടു. അക്കൂട്ടത്തില്‍ സിംഗാള്‍ സാഹിബും ഉണ്ട്. കഴിഞ്ഞ രാത്രിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. വി.ഡി. വാനാര്‍, ആര്‍.ഐ പട്ടേല്‍ എന്നിവരാണ് മറ്റ് ഓഫീസര്‍മാര്‍. പിന്നീടാണ് ഇരുവരെയും പരിചയപ്പെട്ടത്. അവരുടെ ഷൂസുകള്‍ക്കരികില്‍ നിലത്താണ് എന്നെ ഇരുത്തിയിരിക്കുന്നത്. കഴിഞ്ഞ രാത്രി ചോദിച്ച ചോദ്യം തന്നെ ആവര്‍ത്തിച്ചു കൊണ്ട് വന്‍സാര സംസാരിക്കാന്‍ തുടങ്ങി. ഹൈദരാബാദില്‍ നിന്ന് വന്നത് ആരായിരുന്നു? എന്നതായിരുന്നു അത്. മൗലാനാ അബ്ദുസ്സമദ് സാഹിബാണ് വന്നതെന്ന അതേ മറുപടി ഞാനും നല്‍കി. വന്‍സാര പറഞ്ഞു: ക്ലബ് (സ്റ്റിക്ക്) പാര്‍ട്ടിയെ വിളിക്കൂ. (മനുഷ്യത്വമില്ലാത്ത അഞ്ചും ആറും പേരടങ്ങുന്ന സംഘമാണ് ഈ ക്ലബ് സ്റ്റിക്ക് പാര്‍ട്ടി. ഭീതിപ്പെടുത്തുന്ന കിരാതസ്വഭാവമുള്ള അവര്‍ അടിച്ചമര്‍ത്തപ്പെട്ടവരും നിസ്സഹായരുമായി അളുകള്‍ക്ക് മേല്‍ വിശക്കുന്ന ചെന്നായ്ക്കളെ പോലെ പാഞ്ഞുകയറി അടിക്കും. അതു നിര്‍ത്തണമെങ്കില്‍ ഒന്നുകില്‍ അവര്‍ ക്ഷീണിക്കണം, അല്ലെങ്കില്‍ ഇര ബോധരഹിതനാവുകയോ മരിക്കുകയോ ചെയ്യണം) അപ്പോഴേക്കും ക്ലബ് പാര്‍ട്ടി വന്നു. അവരുടെ ഭീതിപ്പെടുത്തുന്ന മുഖം തന്നെ എന്നെ ഭയപ്പെടുത്താന്‍ മതിയായതായിരുന്നു. അവര്‍ വന്നയുടനെ എന്റെ കൈകളില്‍ വിലങ്ങുവെച്ചു. പോത്തുപോലെ തടിച്ച ഒരു മര്‍ദ്ദകന്‍ എന്റെ അരക്കെട്ടിന് പിടിച്ചു. മറ്റൊരാള്‍ എന്റെ ഇരുകാലുകളും പിടിച്ചുവെച്ചു. എന്റെ കൈകള്‍ ഇരുമ്പുചങ്ങലകള്‍ കൊണ്ട് ബന്ധിച്ചിരുന്നെങ്കിലും രണ്ടു പേര്‍ എന്റെ തോളുകളിലും പിടിച്ച് ചുമരിന് അഭിമുഖമായി എന്നെ നിര്‍ത്തി. തുടര്‍ന്ന് വി.ഡി വാനാര്‍ മനുഷ്യത്വരഹിതമായി എന്റെ മുതുകില്‍ ഇടിക്കാന്‍ തുടങ്ങി.''

ഡി.ജി വന്‍സാരയെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് വിവരിക്കുന്ന രണ്ടാമത്തെ പുസ്തകമാണ് ആര്‍.ബി. ശ്രീകുമാറിന്റെ Gujarat: Behind The Curtain (Manas). അതില്‍ അദ്ദേഹം വിവരിക്കുന്നു: ''2002 സെപ്റ്റംബര്‍ 5ന്, അഹമ്മദാബാദ് പോലീസ് കമ്മീഷണറായിരുന്ന കെ.ആര്‍. കൗഷികിന് ഞാനൊരു ഇന്റലിജന്‍സ് റിപോര്‍ട്ട് അയച്ചു. 2002 ജൂലൈയില്‍ രഥയാത്രയുടെ തലേ ദിവസം ആയുധങ്ങള്‍ പിടിച്ചെടുത്തതിനെയും മുസ്‌ലിംകളുടെ അറസ്റ്റിനെയും സംബന്ധിച്ചായിരുന്നു അത്. സിറ്റി ക്രൈം ബ്രാഞ്ച് ഡി.ഐ.ജി വന്‍സാര മെനഞ്ഞെടുത്ത സംഭവമായിരുന്നു അത്. പ്രസ്തുത വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ അഹമ്മദാബാദ് പോലീസ് കമ്മീഷണറോട് ഞാന്‍ ആവശ്യപ്പെട്ടു. പിടിച്ചെടുത്ത ആയുധങ്ങള്‍ സബര്‍കന്ത ജില്ലയിലെ പ്രാദേശിക രാഷ്ട്രീയക്കാരുടെ ഉടമസ്ഥതയിലുള്ള ഫാക്ടറികളില്‍ നിര്‍മിച്ചതായിരുന്നു എന്നും അറസ്റ്റ് ചെയ്യപ്പെട്ട മുസ്‌ലിംകളുടെ അടുത്ത് അത് കൊണ്ടുവെക്കുകയായിരുന്നു എന്നുമുള്ള വിവരമാണ് എനിക്ക് ലഭിച്ചത്.''

ഈ പുസ്തകത്തില്‍ സൂചിപ്പിച്ച ഗുജറാത്തിലെ ഉന്നതസ്ഥാനീയരുമായി വന്‍സാരക്കുള്ള അടുപ്പം വിവരിക്കുന്നിടത്ത് പല തടസ്സങ്ങളും ഞാന്‍ നേരിട്ടു. കുറ്റകൃത്യത്തില്‍ പങ്കാളികളായ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമിടയിലെ അവിശുദ്ധ കൂട്ടുകെട്ട് എങ്ങനെയുള്ളതാണെന്ന് മനസ്സിലാക്കാന്‍ ഈ പുസ്തകം നിര്‍ബന്ധമായും വായിക്കണമെന്നാണ് ഞാന്‍ പറയുക.

അതിന്നൊരു ഉദാഹരണമാണ് ഈ പുസ്തകത്തില്‍ പ്രസിദ്ധീകരിച്ച വന്‍സാരയുടെ കത്ത്: ''വ്യാജ ഏറ്റുമുട്ടലിന്റെ പേരില്‍ 2007 ഏപ്രില്‍ മുതലാണ് വന്‍സാര ജയിലില്‍ അടക്കപ്പെട്ടത്. ഗുജറാത്ത് സര്‍ക്കാറിന് 2013 സെപ്റ്റംബര്‍ ഒന്നിന് 'വിരമിക്കലിന്റെ മുഴുവന്‍ ആനുകൂല്യങ്ങളോടെയും സര്‍വീസില്‍ നിന്നും രാജിവെക്കുന്നതുന്നതിനുള്ള നിവേദനം' എന്ന തലക്കെട്ടില്‍ അദ്ദേഹം അയച്ച രാജികത്തില്‍ എഴുതി: 'വ്യത്യസ്ത ഏറ്റുമുട്ടല്‍ കേസുകളില്‍ എന്നെയും എന്റെ ഓഫീസര്‍മാരെയും ഗുജറാത്ത് സി.ഐ.ഡി/ കേന്ദ്ര സി.ബി.ഐ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇത് ശരിയാണെങ്കില്‍ സൊഹ്‌റാബുദ്ദീന്‍, തുള്‍സിറാം, സാദിഖ് ജമാല്‍, ഇഷ്‌റത്ത് ജഹാന്‍ എന്നീ നാല് ഏറ്റുമുട്ടല്‍ കേസുകള്‍ അന്വേഷിക്കുന്ന സി.ബി.ഐ അതിന് വേണ്ട നയരൂപീകരണം നടത്തിയവരെയും അറസ്റ്റ് ചെയ്യണം. അത് നടപ്പാക്കുന്ന ഓഫീസര്‍മാര്‍ മാത്രമാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ഞങ്ങളെ നിരീക്ഷിക്കുകയും ചെയ്യുന്ന സര്‍ക്കാറിന്റെ നയം നടപ്പാക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്. ഈയര്‍ത്ഥത്തില്‍ ഈ സര്‍ക്കാറിന്റെ സ്ഥാനം ഗാന്ധിനഗറിന് പകരം നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലോ അഹമ്മദാബാദിലെ സബര്‍മതി സെന്റര്‍ ജയിലിലോ ആയിരിക്കണമെന്ന ഉറച്ച അഭിപ്രായമാണ് എനിക്കുള്ളത്.''

വിവ: നസീഫ്
അവലംബം: milligazette.com

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics