ധാര്‍മികഗുണങ്ങളാണ് ഇസ്‌ലാമിക സമൂഹത്തിന്റെ വ്യതിരിക്തത

ഖുര്‍ആന്റെ തണലിലെ സാമൂഹിക വിഷയങ്ങള്‍ - 7

ഖുര്‍ആന്റെ തണലിലെ സാമൂഹിക വിഷയങ്ങള്‍ - 7

അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കുക എന്നതാണ് വിശ്വാസികള്‍ ആത്യന്തികമായി ലക്ഷ്യം വെക്കേണ്ടത്. അത് സാധ്യമാകണമെങ്കില്‍ ജീവിതത്തില്‍ ചില ധാര്‍മ്മിക മൂല്യങ്ങളെല്ലാം പുലര്‍ത്തേണ്ടതുണ്ടെന്ന് സയ്യിദ് ഖുതുബ് സൂചിപ്പിക്കുന്നുണ്ട്. വ്യക്തിതലത്തിലും കുടുംബതലത്തിലും സാമൂഹ്യതലത്തിലും അത് പാലിക്കപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ഉദാഹരണത്തിന് സൂറത്തുന്നൂറിലെ അമ്പത്തിയെത്തെട്ടാം സൂക്തത്തിലടങ്ങിയിരിക്കുന്ന ധാര്‍മ്മികാധ്യാപനത്തെക്കുറിച്ച് ഖുതുബ് വിവരിക്കുന്നതായി നമുക്ക് കാണാം. ദമ്പതികളുടെ കിടപ്പുമുറിയില്‍ പ്രവേശിക്കുമ്പോള്‍, അത് സ്വന്തം മക്കളായാലും അനുവാദം ചോദിക്കണമെന്ന നിര്‍ദേശമാണ് ആ സൂക്തത്തിലുള്ളത്. വളരെ നിസ്സാരം എന്ന് തോന്നിയേക്കാവുന്ന ഈ ധാര്‍മ്മിക നിര്‍ദേശത്തെ സദാചാര ഭദ്രതയുടെ അടിത്തറകളില്‍ വളരെ പ്രധാനപ്പെട്ട ഒന്നായാണ് സയ്യിദ് ഖുതുബ് കാണുന്നത്. പ്രായപൂര്‍ത്തിയെത്താത്ത കുട്ടികള്‍ പോലും എന്തിനാണ് തങ്ങളുടെ മാതാപിതാക്കളുടെ റൂമുകളില്‍ കയറുമ്പോള്‍ അനുവാദം ചോദിക്കുന്നത് എന്ന ആശ്ചര്യത്തിന് സയ്യിദ് ഖുതുബ് മറുപടി നല്‍കുന്നുണ്ട്. ഉന്നതമായ സദാചാര പാഠങ്ങള്‍ അതിലടങ്ങിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

മൂന്ന് സമയങ്ങളിലാണ് ഖുര്‍ആന്‍ കുട്ടികളോട് മാതാപിതാക്കളുടെ റൂമുകളില്‍ കയറുമ്പോള്‍ അനുവാദം ചോദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.
1) പ്രഭാത നമസ്‌കാരത്തിന് മുമ്പ്. ആ സന്ദര്‍ഭങ്ങളില്‍ വീട്ടുകാര്‍ നല്ല വസ്ത്രങ്ങളൊന്നുമായിരിക്കില്ല ധരിക്കുന്നത്.
2) ഉച്ചക്ക് ശേഷം വിശ്രമിക്കുമ്പോള്‍
3) രാത്രി നമസ്‌കാരത്തിന് ശേഷം.
ഇപ്പറഞ്ഞ നിര്‍ദേശങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ അവിടെ സദാചാര ഭദ്രത തകരുമെന്നാണ് സയ്യിദ് ഖുതുബ് പറയുന്നത്. വിശ്വാസികളുടെ ധാര്‍മ്മിക ഭദ്രത കാത്ത്‌സൂക്ഷിക്കാനും ചെറുപ്പം മുതല്‍ തന്നെ കുട്ടികളെ ധാര്‍മ്മിക ശിക്ഷണത്തില്‍ വളര്‍ത്താനും ലക്ഷ്യം വെച്ചാണ് ഇത്തരം നിര്‍ദേശങ്ങളെല്ലാം ഉണ്ടായിട്ടുള്ളത്. വീടിനകത്തെ അംഗങ്ങള്‍ക്ക് മാത്രം ബാധകമായ നിര്‍ദേശമല്ല ഇത്. മറിച്ച് ഒരു വീട്ടിലേക്ക് പ്രവേശിക്കുന്ന ആരും വീട്ടുകാരോട് ആദ്യം അനുമതി തേടിയിരിക്കണം. ജാഹിലിയ്യ സമൂഹത്തില്‍ അങ്ങനെയൊരു വ്യവസ്ഥയുണ്ടായിരുന്നില്ല എന്ന് ഖുതുബ് സൂചിപ്പിക്കുന്നുണ്ട്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എവിടെയും കയറിച്ചെല്ലാമായിരുന്നു. അത് തന്നെയാണ് ആ സമൂഹത്തിന്റെ ധാര്‍മ്മിക തകര്‍ച്ചയുടെ കാരണങ്ങളും.

ധാര്‍മികതകര്‍ച്ചയുടെ മറ്റൊരു ലക്ഷണമായി സയ്യിദ് ഖുതുബ് പറയുന്നത് മനുഷ്യരുടെ പരസ്പരമുള്ള പഴിചാരലും ഏഷണിയും പരദൂഷണവുമൊക്കെയാണ്. അല്ലാഹുവില്‍ വിശ്വസിക്കുന്ന ഒരാള്‍ക്കും അത് സാധ്യമാല്ലെന്നാണ് ഖുതുബ് സൂചിപ്പിക്കുന്നത്. അപ്പോള്‍ അതിലേര്‍പ്പെടുന്നവര്‍ വിശ്വാസികളല്ലെന്ന് ചുരുക്കം. മാത്രമല്ല, ഏഷണിയും പരദൂഷണവും പറഞ്ഞ് നടക്കുന്നവര്‍ക്ക് സമൂഹത്തിലും യാതൊരു സ്ഥാനവുമുണ്ടാവുകയില്ല. പ്രവാചകന്‍ (സ) ഒരിക്കലും തന്റെ സദസ്സില്‍ വെച്ച് വിശ്വാസികളെ പരസ്പരം കുറ്റപ്പെടുത്താന്‍ അനുവദിച്ചിരുന്നില്ല. മറിച്ച് എല്ലാവരിലും ശരിയും നന്‍മയും കണ്ടെത്താനായിരുന്നു അവിടുന്ന് ആഗ്രഹിച്ചിരുന്നത്. മാത്രമല്ല, ഏഷണിക്കാരും പരദൂഷണക്കാരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് അവിടുന്ന് താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ ഈ വിഷയം വളരെ ഗൗരവമേറിയതാണ്. ധാര്‍മിക ബന്ധിതമായ ഒരു സമൂഹത്തിന്റെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്ന ഈ പൈശാചിക സ്വഭാവത്തെ മുളയിലേ നുള്ളിക്കളയണമെന്നാണ് ഖുതുബ് വിശ്വാസികളോട് നസ്വീഹത്തിന്റെ സ്വഭാവത്തില്‍ ആവശ്യപ്പെടുന്നത്.

സദാചാരത്തെ കാര്‍ന്ന് തിന്നുന്ന മറ്റൊരു രോഗമാണ് ആളുകളെ പരിഹസിക്കുക എന്നത്. തമാശരൂപേണയാണ് നമ്മള്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെങ്കിലും പരിഹാസം ഏല്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം മനസ്സിലേക്കുന്ന വലിയൊരു മുറിവായി അതവശേഷിക്കുകയാണ് ചെയ്യുക. ഒരുപക്ഷേ, കാലങ്ങള്‍ക്ക് പോലും അതിനെ മായ്ക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അത്‌കൊണ്ടാണ് ഖുര്‍ആന്‍ ശക്തമായ ഭാഷയില്‍ പരസ്പരം പരിഹസിക്കുന്നവരെ വിമര്‍ശനത്തിന് വിധേയമാക്കുന്നത്. സയ്യിദ് ഖുതുബ് പറയുന്നത് സാമുദായിക സംഘര്‍ഷത്തിലേക്ക് വരെ നയിക്കാന്‍ സാധ്യതയുള്ള രോഗമാണിതെന്നാണ്. ്അതിലൂടെ സമൂഹത്തിന്റെ സന്തുലിതാവസ്ഥയാണ് തകരുക. സയ്യിദ് ഖുതുബ് നിരന്തരം ചോദിക്കുന്ന ചോദ്യമിതാണ്? എന്ത്‌കൊണ്ടാണ് ജനങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത്? എന്താണ് അവര്‍ക്കിതില്‍ നിന്ന് ലഭിക്കുന്നത്? ഈമാനിന്റെ കുറവാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അല്ലാഹുവിലുള്ള വിശ്വാസം ശക്തമായവര്‍ ഒരിക്കലും മറ്റുള്ളവരെ പരിഹസിക്കുകയോ കുത്തുവാക്ക് പറയുകയോ ചെയ്യില്ലെന്നും മറിച്ച് സ്വന്തം സഹോദരന്‍മാരായാണ് മനസ്സിലാക്കുക എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

വളരെ നിസ്സാരമെന്ന് തോന്നിയേക്കാവുന്ന ഇത്തരം വിഷയങ്ങളില്‍ എന്തിനാണ് ഒരു വലിയ ഖുര്‍ആന്‍ വ്യാഖ്യാതാവ് സമയം ചെലവഴിക്കുന്നത് എന്ന് ഒരുപക്ഷെ ആളുകള്‍ അത്ഭുതം കൂറിയേക്കാം. എന്നാല്‍ ഖുതുബിനെ സംബന്ധിച്ചിടത്തോളം നിസ്സാരമെന്ന് ആളുകള്‍ മനസ്സിലാക്കുന്ന സ്വഭാവ വൈകൃതങ്ങള്‍ ഒരു സമൂഹത്തിന്റെ സദാചാര സുഭദ്രതയെയാണ് തകര്‍ക്കുക. അത്‌കൊണ്ടാണ് കേവലമായ ഒരു വിശ്വാസപ്രശ്‌നം എന്നതിലുപരി അവയുടെ സാമൂഹിക വശങ്ങളെക്കുറിച്ച് അദ്ദേഹം ആശങ്കാകുലനാകുന്നത്. ഇസ്‌ലാമിന്റെ സംസ്ഥാപനത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും ഉണ്ടായേക്കാവുന്ന ആശങ്കയാണത്. കാരണം ധാര്‍മികതയും സംസ്‌കരണവും സാധ്യമാകേണ്ടത് കേവലം വ്യക്തി തലങ്ങളില്‍ മാത്രമല്ല, മറിച്ച് കുടുംബതലങ്ങളിലും സാമൂഹ്യതലങ്ങളിലും കൂടിയാണ്. അതേസമയം, വ്യക്തിതലങ്ങളില്‍ അതിനുള്ള ശ്രമങ്ങള്‍ വിശ്വാസികള്‍ നടത്തേണ്ടതുണ്ടെന്നാണ് ഖുതുബ് ആഹ്വാനം ചെയ്യുന്നത്.

വിവ: സഅദ് സല്‍മി

ഖുര്‍ആന്റെ തണലിലെ സാമൂഹിക വിഷയങ്ങള്‍ - 6

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics