അല്‍ജസീറ അടച്ചുപൂട്ടുന്നതിനെ ഞാന്‍ എന്തുകൊണ്ട് എതിര്‍ക്കുന്നു?

രണ്ടു മാസക്കാലത്തെ ഭീഷണികള്‍ക്ക് ശേഷം ഖത്തര്‍ ആസ്ഥാനമായിട്ടുള്ള അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതായി ഇസ്രയേല്‍ വാര്‍ത്താകാര്യ മന്ത്രി അയ്യൂബ് കാറ പ്രഖ്യാപിച്ചിരിക്കുകയാണ്. 'ഇസ്രയേല്‍ പൗരന്‍മാര്‍ക്കെതിരെ പ്രകോപനമുണ്ടാക്കുകയും ഇസ്രയേല്‍ പുത്രന്‍മാരെ നഷ്ടപ്പെടുന്നതില്‍ പങ്കാളികളാവുകയും ചെയ്തു' എന്ന കാരണമാണ് അതിന് അവര്‍ കണ്ടെത്തിയിരിക്കുന്നത്. ഖത്തറിനെ ഉപരോധിച്ച രാഷ്ട്രങ്ങളുടെ ഒപ്പം നിലകൊള്ളാനും സൗദിയുടെ നേതൃത്വത്തിലുള്ള പുതിയ സഖ്യത്തില്‍ ഔദ്യോഗികമായി ചേരാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു തീരുമാനിച്ചിരിക്കുന്നു എന്നാണിത് അര്‍ഥമാക്കുന്നത്.

അല്‍ജസീറ ഓഫീസുകള്‍ അടച്ചുപൂട്ടിയും അവയുടെ പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തിയും കൊണ്ടുമുള്ള അറബ് രാഷ്ട്രങ്ങളുടെ നടപടികളെ അടിസ്ഥാനമാക്കിയാണ് ഇസ്രയേല്‍ ഈ തീരുമാനമെടുത്തതെന്ന് പറഞ്ഞ കാറയുടെ വാക്കുകള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഭീകരതയെ പിന്തുണക്കുന്ന ചാനലിന് ഇസ്രയേലില്‍ ഇടമില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ഫലസ്തീനികളുടെ പ്രതിരോധത്തിന് നല്‍കുന്ന പിന്തുണയാണ് അല്‍ജസീറക്കെതിരെ ഇസ്രയേല്‍ മന്ത്രി ഉന്നയിക്കുന്ന ഭീകരത. തങ്ങളുടെ മണ്ണ് വീണ്ടെടുക്കുന്നതിനും ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും സാധ്യമായ വഴികളിലൂടെയെല്ലാം പോരാടുകയാണവര്‍. അധിനിവേശത്തെ ചെറുക്കലാണ് ഭീകരതയെങ്കില്‍ അല്‍ജസീറയും അതില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളും അതിനെ പോറ്റിവളര്‍ത്തുന്ന രാഷ്ട്രവും ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച കീര്‍ത്തിമുദ്രയാണ് കരസ്ഥമാക്കിയിരിക്കുന്നത്. അതിലൂടെ മുഴുവന്‍ അറബ് ജനതകളുടെയും പിന്തുണക്ക് അവര്‍ അര്‍ഹരായിരിക്കുകയാണ്. അധിനിവേശത്തോടൊപ്പം നിലകൊള്ളുന്നവരല്ലാതെ മറ്റാരും തന്നെ ഇസ്രയേലിന്റെ ഈ നീക്കത്തില്‍ സന്തോഷിക്കുകയോ അതിനെ പിന്തുണക്കുകയോ ചെയ്യില്ല.

അല്‍ജസീറ ഓഫീസുകള്‍ അടച്ചുപൂട്ടുകയും അതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും ചെയ്ത സൗദി, ഈജിപ്ത്, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാഷ്ട്രങ്ങളുടെ പാതയാണ് ഇസ്രയേല്‍ പിന്തുടരുന്നതെന്ന് മന്ത്രി കാറ പറയുമ്പോള്‍ തങ്ങളുടെ നിലപാടിലെ ശരി അറബ് തെരുവുകളെ കൊണ്ട് അംഗീകരിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്ന മേല്‍പറഞ്ഞ നാല് രാഷ്ട്രങ്ങള്‍ക്ക് കനത്ത പ്രഹരമാണ് അതേല്‍പിക്കുന്നത്. ഭീകരതയെ പിന്തുണക്കുന്നു എന്ന ന്യായം ഉയര്‍ത്തിയാണ് ഖത്തറിനും അല്‍ജസീറക്കും എതിരെ തങ്ങള്‍ക്കൊപ്പം ആളെ കൂട്ടാന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ഇസ്രയേല്‍ ഒരിക്കലും ഒരു ജനാധിപത്യരാഷ്ട്രമായിട്ടില്ല, ഇനി ആവുകയുമില്ല എന്നതിന് തെളിവുകളോ മറ്റ് സ്ഥിരീകരണങ്ങളോ ആവശ്യമില്ല. അതുകൊണ്ടു തന്നെ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടിയത് അതിന്റെ ജനാധിപത്യ വിരുദ്ധതയുടെ അടയാളങ്ങളുടെ കൂട്ടത്തിലേക്ക് ചേര്‍ത്തുവെക്കേണ്ട ആവശ്യവുമില്ല. ഏതൊരു ജനാധിപത്യത്തിന്റെയും സത്തയായ അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യമാണ് അതിലൂടെ ലംഘിക്കപ്പെടുന്നത്. ഭൂമിയില്‍ അധിനിവേശം നടത്തുകയും ആധുനിക കാലത്തും കടുത്ത വംശീയവിവേചനം തുടരുകയും മസ്ജിദുല്‍ അഖ്‌സ അങ്കണത്തില്‍ വെച്ച് നിരായുധരായ ആളുകളെ പരസ്യമായി വധിക്കുകയും ചെയ്യുന്ന ഈ രാഷ്ട്രത്തിന് ലോകത്തിന് പരിചിതമായ ജനാധിപത്യവുമായിട്ടോ മനുഷ്യാവകാശങ്ങളുമായിട്ടോ ഒരു ബന്ധവുമില്ല. ദക്ഷിണാഫ്രിക്കയില്‍ നിലനിന്നിരുന്നതിനേക്കാള്‍ നീചമായ വംശീയ വ്യവസ്ഥയുടെ ജനാധിപത്യമാണ് അവരുടേത്.

'അറബ് സാറ്റ്'ല്‍ സിറിയന്‍ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെയും അതിന് മുമ്പ് ലിബിയന്‍, ഇറാഖി ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെയും നാം ഇവിടെയും മറ്റ് സന്ദര്‍ഭങ്ങളിലും എതിര്‍ത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടുന്നതിനെയും നാം അതേശക്തിയോടെ അപലപിക്കുകയാണ്, അത് അധിനിവിഷ്ട പ്രദേശങ്ങളിലാണെങ്കിലും അറബ് തലസ്ഥാനങ്ങളിലാണെങ്കിലും ശരി.

അല്‍ജസീറ ചാനലിനെ ഏറ്റവുമധികം വിമര്‍ശിക്കുന്നവരുടെ കൂട്ടത്തില്‍ ഒരാളാണ് ഞാന്‍. അറബ് നാടുകളിലെ, പ്രത്യേകിച്ചും ലിബിയയിലെയും സിറിയയിലെയും അതിന്റെ റിപോര്‍ട്ടിംഗുകളിലും ഇസ്രയേല്‍ നേതാക്കള്‍ക്ക് അതിന്റെ സ്‌ക്രീനില്‍ ഇടംകൊടുക്കുന്നതിലുമുള്ള വിയോജിപ്പുകള്‍ ഞാന്‍ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ സംപ്രേഷണം നിര്‍ത്തിവെക്കണമെന്നും ഓഫീസുകള്‍ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ എനിക്കാവില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിലും ജനാധിപത്യ മൂല്യങ്ങളിലും നാം വിശ്വസിക്കുന്നതിലാണത്. ഏഴിലേറെ വര്‍ഷമായി അതിന്റെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാത്ത ഒരാളായിരിക്കെ തന്നെയാണിത് പറയുന്നത്.

അല്‍ജസീറക്ക് നിരോധനം ഏര്‍പ്പെടുത്തുകയും അധിനിവിഷ്ട ഫലസ്തീനിലെ അതിന്റെ ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്യുന്നു എന്നും പറഞ്ഞാല്‍ നമ്മെ സംബന്ധിച്ചടത്തോളം യാഥാര്‍ഥ്യത്തിന് മേലാണ് വിലക്കേര്‍പ്പെടുത്തുന്നത്. അധിനിവേശ അതിക്രമങ്ങളെയും വിശുദ്ധ ഭൂമിയെയും അവിടത്തെ മസ്ജിദുല്‍ അഖ്‌സ അടക്കമുള്ള മസ്ജിദുകളെയും അറബ് ദേവാലയങ്ങളെയും ജൂതവല്‍കരിക്കുന്നതും മൂടിവെക്കുകയാണ് അതിലൂടെ. അല്‍ജസീറയോടും അതിന്റെ പരിപാടികളോടും പ്രവര്‍ത്തന രീതിയോടും വിയോജിപ്പുള്ളവര്‍ അത് അടച്ചുപൂട്ടുകയല്ല വേണ്ടത്. അതേ ആയുധം കൊണ്ട് അതിനെ നേരിടുകയും അതിനോട് മത്സരിക്കുകയുമാണ് വേണ്ടത്. അതായത് ടെലിവിഷന്‍ ചാനലുകള്‍ തുടങ്ങുകയും ഉയര്‍ന്ന നിലവാരത്തിലുള്ള മാധ്യമധര്‍മത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും അവസരം ഉണ്ടാക്കുകയുമാണ് അവര്‍ ചെയ്യേണ്ടത്. 'അല്‍ജസീറ'യെ ഉടമപ്പെടുത്തിയ രാഷ്ട്രത്തിന്റെ അനേകമിരട്ടി സമ്പത്തുള്ള ഇവര്‍ക്ക് പണത്തിന്റെ കുറവ് അതിന്നൊരു തടസ്സമാവില്ലെന്നിരിക്കെ അതാണ് വേണ്ടത്.

വിവ: നസീഫ്

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics