മുസ്‌ലിം സ്ത്രീയെ എവിടെയൊക്കെ കണ്ടെത്താം?

സൈക്കോളജിസ്റ്റായ ഒരു സുഹൃത്തിനൊപ്പം തലശ്ശേരിയിലെ ഒരു ബുക്ക്സ്റ്റാളില്‍ പുസ്തകങ്ങള്‍ക്കായി പരതുന്നതിനിടയില്‍ യാദൃശ്ചികമായാണ് ഡോ. ഷംഷാദ് ഹുസൈന്റെ 'മുസ്‌ലീമും സ്ത്രീയും അല്ലാത്തവള്‍' ശ്രദ്ധയില്‍ പെടുന്നത്. ആകര്‍ഷണീയമായ കവര്‍ ഡിസൈന്‍ ആണ് പുസ്തകം മറിച്ചു നോക്കുന്നതിനു പ്രേരിപ്പിച്ചതെങ്കില്‍ അതിലെ വിഷയങ്ങളായിരുന്നു അത് വാങ്ങുന്നതിനുള്ള പ്രേരണ. 'മുസ്‌ലിം സ്ത്രീ' എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ചു കൊണ്ട് വ്യത്യസ്ത മേഖലയില്‍ കൂടിയുള്ള സഞ്ചാരമാണ് പുസ്തകത്തിന്റെ ഇതിവൃത്തം. സാഹിത്യത്തിലെയും കലയിലെയും നവോഥാന ചരിത്രത്തിലെയും മുസ്‌ലിം സ്ത്രീ ഇടങ്ങളെ തിരഞ്ഞു പിടിച്ചതിന്റെ ഫലമാണ് 'മുസ്‌ലീമും സ്ത്രീയും അല്ലാത്തവളും'.

സാധാരണ അക്കാദമിക രചനകളില്‍ നിന്ന് ഇതിനെ സവിശേഷമാകുന്നത് ആഖ്യാനപരവും ഭാഷാപരവുമായ അതിന്റെ ലാളിത്യമാണ്. മുസ്‌ലിം സ്ത്രീ കര്‍തൃത്വം എന്നും സാധ്യമാവുന്നത് മതത്തിനെതിരെ നിലപാട് എടുക്കുമ്പോഴാണ് അല്ലെങ്കില്‍ യാഥാസ്ഥിത മതസങ്കല്‍പങ്ങളില്‍ സ്ത്രീ ചൂഷണങ്ങള്‍ക്കെതിരെ നില്‍കുമ്പോള്‍ മാത്രമാണ് എന്ന പൊതുബോധത്തെയത് തുറന്നു കാട്ടുന്നു. മുസ്‌ലിം സ്ത്രീ വിഷയം സൃഷ്ടിക്കുന്ന 'ഇസ്‌ലാംഭീതിയുടെ' പ്രത്യയശാസ്ത്ര മറ നീക്കുകയാണ് ലേഖിക. മുസ്‌ലിം സ്ത്രീയുടെ എല്ലാ സ്വാതന്ത്ര്യവും മതത്തില്‍ നിന്നും വിമോചിതയാവുന്നതിലാണ് എന്ന ബോധം സൃഷ്ട്ടിച്ചു ഇസ്‌ലാമിനെ തന്നെ പ്രതി കൂട്ടില്‍ നിര്‍ത്തുന്ന വായനയോടുള്ള കലഹമാണ് പുസ്തകം മുഴുവനും. പലപ്പോഴും മുസ്‌ലിം സ്ത്രീ വിഷയത്തില്‍ ഇടം ലഭിക്കാതെ പോയ 'മുസ്‌ലിം സ്ത്രീ'യെ കുറിച്ചുള്ള പരിതപവും പുസ്തകത്തില്‍ കാണാന്‍ സാധിക്കും.

ഷംഷാദ് ഹുസൈന്‍ എഴുതുന്നു: 'ഇസ്‌ലാമിനെ കുറിച്ചും കേരളത്തിലെ മുസ്‌ലിം പ്രതിനിധാനങ്ങളെ കുറിച്ചുമെല്ലാമുള്ള പഠനങ്ങള്‍ കൊണ്ട് ഏറെ സമ്പന്നമാണ് മലയാളം. പക്ഷെ ഇവയില്‍ ചുരുക്കം ചില പ്രധാനപ്പെട്ട പഠനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഇവയെല്ലാം മുഖ്യമായും മുസ്‌ലിം സ്ത്രീയെ ഒഴിച്ച്‌നിര്‍ത്തുന്നതായി കാണാം. '(മുസ്‌ലീമും സ്ത്രീയും അല്ലാത്തവള്‍) ഇങ്ങനെ ഇടം ലഭിക്കാതെ പോവുന്ന മുസ്‌ലിം സ്ത്രീയുടെ അവസ്ഥകളെ എങ്ങനെയാണ് 'ലൗ ജിഹാദ്' വിഷയത്തില്‍ വായിച്ചെടുക്കുന്നത് എന്നും പുസ്തകം കാട്ടി തരുന്നു. ലൗ ജിഹാദ് വിഷയം ആളിപടരുകയും വിവധവത്കരിക്കപ്പടുകയും ചെയ്ത സന്ദര്‍ഭങ്ങളില്‍ലൊക്കെയും നടന്ന ചര്‍ച്ചകളില്‍ മുസ്‌ലിം സ്ത്രീയുടെ അഭാവം നമുക്ക് കാണാന്‍ സാധിക്കും. സമുദായ നേതൃത്വം തന്നെ ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാടുകളും വ്യത്യസ്തമല്ല. ലൗ ജിഹാദ് വിഷയത്തെ കുറിച്ചോര്‍ത്തപ്പോള്‍ സമകാലികമായ മറ്റൊരു വിഷയത്തിലുള്ള മത സംഘടനകളുടെയും സമുദായ നേതൃത്വത്തിന്റെയും ഇരട്ടതാപ്പിനെ കുറിച്ച് പറയാതെ വയ്യ. അഖില എന്ന ഹാദിയയുടെ അഭിപ്രായ വിശ്വാസ സ്വാതന്ത്ര്യത്തെ കുറിച്ച് വാചലരായ പല ആളുകളും തലശ്ശേരിയിലെ റാഹിലായുടെ വിഷയം വന്നപ്പോള്‍ നേരെ തിരിച്ചു പറയാന്‍ തുടങ്ങി. രണ്ട് പേരുടെയും വിഷയം സംയോജിപ്പിച്ചു രണ്ട് കാര്യങ്ങള്‍ കൂടി സൂചിപ്പിച്ച് ഈ വിഷയം വിടാം. ഒന്ന് ഹാദിയക്ക് തന്റെ വിശ്വാസ സ്വതന്ത്ര്യം അനുസരിച്ച് ജീവിക്കാമെങ്കില്‍ റാഹിലക്കും അതാവാം. രണ്ട് റാഹിലയുടെ കേസില്‍ വന്ന വിധി തന്നെ ഹാദിയയുടെ കേസിലും ബാധകമാക്കുക. പറഞ്ഞു വന്നത് മുസ്‌ലിം സ്ത്രീ വിഷയത്തിലുള്ള സമുദായ നേതൃത്വത്തിന്റെ നിലപാടുകളെ കുറിച്ചാണ്. തുടര്‍ന്ന് നവോത്ഥാന ചരിത്രത്തെ അപഗ്രഥിച്ചു അതിലെ മുസ്‌ലിം സ്ത്രീ സാന്നിധ്യത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് പുസ്തകത്തില്‍.

പ്രധാനമായും നവോത്ഥാന കാലഘട്ടത്തില്‍ മുസ്‌ലിം സ്ത്രീകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ചും അവര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ചുമാണ്. അതിനു വേണ്ടി മുസ്‌ലിം സ്ത്രീ സമ്മേളന വേദികള്‍ അവര്‍ സജീവമാക്കിയിരുന്നു. അവരുടെ സമ്മേളനങ്ങളെ കുറിച്ച് ഷംഷാദ് എഴുതുന്നു:'അന്ന് ഹലീമ ബീവിയെ കൂടാതെ പി. ജി ഖദീജ, മൈതീന്‍ ബീവി എന്നിവരും സംസാരിച്ചിരുന്നു. സമ്മേളന അധ്യക്ഷ മൈതീന്‍ ബീവിയായിരുന്നു. മൂന്ന് പ്രമേയങ്ങളാണ് അന്ന് സമ്മേളനത്തില്‍ പാസാക്കിയത്. 1. മുസ്‌ലിം പെണ്‍കുട്ടികളുടെ സ്‌കൂള്‍ ഫീസ് റദ്ദക്കുക. 2. പെണ്‍കുട്ടികളുടെ പ്രാഥമിക വിദ്യാഭാസം നിര്ബന്ധമാക്കുക. 3. അഭ്യസ്തരായ സ്ത്രീകള്‍ക്ക് ഉദ്യോഗം നല്‍കുക. കേവലം വിദ്യാഭാസം കൊണ്ട് മാത്രം സാമൂഹികമായ അടയാളപ്പെടുതല്‍ സാധ്യമാവില്ല എന്നും തൊഴില്‍ മേഖലകളില്‍ ഉള്ള പങ്കാളിതമാണ് അതിനു സഹായിക്കുന്നത് എന്നും അവര്‍ക്ക് ബോധ്യമായി. 'തൊഴില്‍ മേഖല സ്ത്രീകളെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. അവരുടെ സമൂഹ്യവത്കരണ പ്രക്രിയയുടെ ഭാഗം തന്നെയാണിത്. തൊഴില്‍ മേഖലയിലെക്കെത്തുനില്ലെങ്കില്‍ സാമൂഹ്യ പൊതുമണ്ഡലത്തില്‍ നിന്ന് തന്നെ അവള്‍ ഒഴിച്ച് നിര്‍ത്തപ്പെടുന്നു എന്നര്‍ത്ഥം.

പുസ്തകത്തിലെ ഏറ്റവും ഹൃദ്യമായ ഭാഗം ഇസ്‌ലാമിക സ്ത്രീവാദത്തെ പരിചയപ്പെടുത്തുന്നതാണ്. ഇരുപതാം നൂറ്റാണ്ടോട് കൂടി ആരംഭിച്ച നവീനമായ ഒരു ബൗദ്ധിക മുന്നേറ്റമായിട്ടാണ് ഇസ്‌ലാമിക സ്ത്രീവാദത്തെ പരിചയപ്പെടുത്തുന്നത്. ഇസ്‌ലാമിക സ്ത്രീ വാദികള്‍ മതങ്ങളുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാടുകളും വൈവിധ്യത്തെ അംഗീകരിച്ചു കൊണ്ടുള്ള വയനകളുമാണ് അവരെ സവിശേമാക്കുന്നത്. ഇസ്‌ലാമിനെ ഒറ്റ വാര്‍പ്പ് മാതൃകയില്‍ അവതരിപിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നവര്‍ക്കെതിരെയുള്ള കനത്ത പ്രഹരം കൂടിയാണ് ഇത്തരം ആശയങ്ങള്‍. ഏറെ അമ്പരിപ്പിക്കുന്നത് മലബാര്‍ കലാപത്തിലെ സ്ത്രീ സാന്നിധ്യത്തെയും ഇടപെടലുകളെയും കുറിച്ചുള്ള ചരിത്ര ഭാഗങ്ങളാണ്. മലബാര്‍ കലാപത്തെ കുറിച്ച് ഗവേഷണം നടത്തിയവര്‍ പോലും ഇത്തരം ചരിത്ര സത്യങ്ങളെ അവഗണിച്ചതില്‍ നിന്ന് എത്ര മാത്രം സ്ത്രീ വിരുദ്ധമാണ് നമ്മുടെ പൊതുബോധം എന്ന് വ്യക്തമാവും.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics