പശുക്കള്‍ക്ക് ആംബുലന്‍സുള്ള നാട്ടില്‍ കുഞ്ഞുങ്ങള്‍ പിടഞ്ഞുമരിക്കുന്നു

ജനസംഖ്യാ ആനുപാതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഉത്തര്‍പ്രദേശാണ്. അതിനാല്‍ തന്നെ  ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷങ്ങളെ രൂപപ്പെടുത്തുന്നതില്‍ ഈ സംസ്ഥാനത്തിനുള്ള പങ്കും വളരെ വലുതാണ്. അഖ്‌ലാക്കിനെയും ജുനൈദിനെയും തല്ലി കൊന്ന ഉത്തര്‍പ്രദേശ് നിലവില്‍ ഭരിക്കുന്നത് ഹിന്ദു യുവവാഹിനി എന്ന  ഭീകരവാദ സഘടനക്കു ജന്മം നല്‍കിയ തീവ്ര പശുവാദ രാഷ്ട്രീയത്തിന്റെ പ്രചാരകനായ സാക്ഷാല്‍ യോഗി ആദിത്യനാഥാണ്. എന്നാല്‍, ഏറ്റവും പുതിയ വാര്‍ത്ത അതൊന്നുമല്ല; യു.പി. മുഖ്യനെ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച ഗോരക്പൂര്‍ മണ്ഡലത്തിലെ 60 ഓളം (അതില്‍ കൂടുതലാണ് അനൗദ്യോഗിക കണക്ക്) പിഞ്ചുകുഞ്ഞുങ്ങളാണ് ഓക്‌സിജന്‍ നിഷേധിക്കപ്പെട്ട് പിടഞ്ഞ് മരിച്ചത്.

ഉത്തര്‍ പ്രദേശിലെ ഗോരക്പൂര്‍ മണ്ഡലത്തിലെ ബാബ രാഗവ് ദാസ് മെഡിക്കല്‍ കോളേജിലാണ് ദാരുണമായ ഈ സംഭവം. സ്വന്തം മണ്ഡലത്തില്‍ സംഭവിച്ച അത്യഹിതത്തെ പറ്റി ഇതെഴുതുമ്പോഴും ആദിത്യനാഥ്  പ്രതികരിച്ചിട്ടില്ല. മാത്രമല്ല, തങ്ങള്‍ക്ക് സ്വാധീനമുള്ള മാധ്യമങ്ങളെ ഉപയോഗിച്ച് ഇതര വിഷയങ്ങള്‍ കത്തിച്ച് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ചില ഹിന്ദി പത്രങ്ങള്‍ ഇങ്ങനെ ഒരു സംഭവം അറിഞ്ഞിട്ടേ ഇല്ല എന്ന് അറിയുമ്പോഴാണ് മാധ്യമങ്ങളെ ഫാഷിസ്റ്റുകള്‍ എത്രമാത്രം വിലക്കെടുത്തിരിക്കുന്നു വെന്നതിന്റെ ആഴം മനസ്സിലാവുക.

ഈ വിഷയകമായി ഉദ്യോഗസ്ഥ തലത്തില്‍ നിന്ന് വരുന്ന വിശദീകരണം വ്യത്യസ്തമായ ആരോഗ്യപരമായ കാരണങ്ങളാല്‍ കുഞ്ഞുങ്ങള്‍ മരിച്ചതാണെന്ന ഒഴുക്കന്‍ മട്ടിലെ നിരുത്തരവാദ പ്രസ്ഥാവനകളാണ്. ആരോഗ്യ മന്ത്രിയാവട്ടെ, അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്, കുറ്റകാരായവരെ കണ്ടെത്തിയാല്‍ ശക്തമായ നടപടി എടുക്കുമെന്ന് പറഞ്ഞ് കൈയ്യൊഴിയുന്നു. എന്നാല്‍, പ്രതിപക്ഷ പാര്‍ട്ടികളില്‍ പ്രമുഖരായ കോണ്‍ഗ്രസിന്റെ സാരഥി ശ്രീമതി സോണിയാഗാന്ധി ശക്തമായ നടപടികള്‍ ആവശ്യപെട്ട് രംഗത്ത് വന്നിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖ പ്രതിപക്ഷമായ  സമാജ് വാദി പാര്‍ട്ടിയും അതിന്റെ നായകന്‍ ശ്രീ അഖിലേഷ് യാദവും യോഗിയുടെ പരാജയത്തിന്റെ പ്രകടമായ സൂചനയായാണ് വിഷയത്തെ കാണുന്നത്. 20 ലക്ഷത്തില്‍ കുറയാത്ത തുക ഓരോ കുടുംബത്തിനും നല്‍കാനും അവര്‍ ആവശ്യപെട്ടു കഴിഞ്ഞു.

യോഗി ആദിത്യനാഥ് അധികാരത്തിലേറിയതിന് ശേഷം സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ ആരോഗ്യരംഗവും അതില്‍ നിന്ന് ഭിന്നമല്ല എന്നതിലേക്കാണ് ഈ ദാരുണ സംഭവം വിരല്‍ ചൂണ്ടുന്നത്. പശുവിന്റെ പേരില്‍ നിരവധി ആക്രമങ്ങള്‍ നടക്കുന്ന ഉത്തര്‍പ്രദേശില്‍ അയോധ്യ അടക്കമുള്ള വിഷയങ്ങള്‍ കത്തിച്ച് 2019ലെ തെരെഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള കരുക്കള്‍ മോദി സര്‍ക്കാര്‍ നീക്കുമ്പോള്‍ പശു രാഷ്ട്രീയത്തിലൂടെ അതിനുള്ള മണ്ണൊരുക്കുകയാണ് ആദിത്യനാഥ്. യോഗിയും വെറുപ്പിന്റെ രാഷ്ട്രീയം കളിക്കുന്നവരും മുസ്‌ലിംകളുടെ മാത്രമല്ല മുഴുവന്‍ മനുഷ്യരുടെയും ശത്രുക്കളാണെന്നാണ് ഈ സംഭവം ബോധ്യപ്പെടുത്തുന്നത്.
(അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ഥിയാണ് ലേഖകന്‍)

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics