ആര്‍.ഇ.സിയിലെ രാജനും ജെ.എന്‍.യുവിലെ നജീബും

നമ്മുടെ ദേശീയതയുടെ മതാത്മക ഉള്ളടക്കത്തെ വെളിപ്പെടുത്തുന്ന പുകഴ്‌പെറ്റ ഒരു സംജ്ഞയുണ്ട്. ദേശീയ മുസ്‌ലിം. ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാനോ അബുല്‍ കലാം ആസാദോ അബ്ദുറഹ്മാന്‍ സാഹിബോ ദേശീയ മുസ്‌ലിമായി പരിഗണിക്കപ്പെടുന്നത് പോലെ മഹാത്മാ ഗാന്ധിയൊ സര്‍ദാര്‍ പട്ടേലോ കെ. കേളപ്പനോ ദേശീയ ഹിന്ദുവായി പരിഗണിക്കപ്പെടില്ല. ഹിന്ദു സ്വാഭാവികമായും ദേശീയമായിരിക്കുമ്പോള്‍ മുസ്‌ലിം, ദേശീയതയുടെ അപരങ്ങളിലൊന്നായി നിലകൊള്ളുന്നു. അത് കൊണ്ട് ഒരു മുസ്‌ലിമിനെ സംബന്ധിച്ച് ദേശീയത സ്വാഭാവികമല്ലെന്ന് സങ്കല്‍പിക്കപ്പെടുന്നു. (സുനില്‍ പി.ഇളയിടം). അടിയന്തരാവസ്ഥാ കാലഘട്ടത്തില്‍ കോഴിക്കോട് ആ.ര്‍.ഇ.സിയില്‍ നിന്ന് അപ്രത്യക്ഷനാക്കപ്പെട്ട് കക്കയം ക്യാമ്പില്‍ വെച്ച് ഉരുട്ടി കൊല ചെയ്യപ്പെട്ട രാജന്‍ എന്ന വിദ്യാര്‍ഥിയെ കുറിച്ച ഓര്‍മപ്പെടുത്തലുകള്‍ കേരളീയ ബോധത്തിലേക്ക് നിരന്തരം ഉണര്‍ത്തിവിടാന്‍ ഒരു കാലഘട്ടത്തില്‍ നമുക്ക് സാധിച്ചിരുന്നു. മീഡിയ ഇത്രത്തോളം വികാസം പ്രാപിക്കാത്ത ആ കാലഘട്ടത്തില്‍ രാജനെ കുറിച്ചുള്ള ചര്‍ച്ചകളാല്‍ സജീവമായിരുന്നു നമ്മുടെ സാമൂഹ്യ പരിസരം. അച്ചന്‍ ഈച്ചര വാര്യരുടെ അടങ്ങാത്ത പോരാട്ട വീര്യവും കൂര്‍ത്ത ചോദ്യങ്ങളും നമ്മള്‍ നെഞ്ചേറ്റിയിരുന്നു. മകന്‍ നഷ്ടപ്പെട്ട ഒരച്ഛന്റെ ദുഖത്തെ ഏറ്റെടുത്ത് ഭരണകൂടത്തോട് നിരന്തരം ചോദ്യം ഉന്നയിച്ചിരുന്നു. എന്റെ മകനെ നിങ്ങള്‍ എന്തിന് മഴയത്ത് നിര്‍ത്തുന്നു എന്ന ഒരച്ഛന്റ ചോദ്യത്തിന് മുന്നില്‍ കേരളത്തിന്റെ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന് രാജിവെക്കേണ്ടി വന്നത് നമ്മുടെ സാമൂഹ്യബോധത്തിലേക്ക് രാജന്റെ തിരോധാനം അലയടിച്ചത് കൊണ്ടാണ്. അത്രമേല്‍ ശക്തമായ ചോദ്യങ്ങള്‍ കൊണ്ട് രാഷ്ട്രീയ നിയമ സംവിധാനത്തെ നീതിനിര്‍വഹണത്തിന്റെ വരുതിയില്‍ കൊണ്ടുവരുവാന്‍ സാധിച്ചിരുന്നു. രാജന്റെ ഡെഡ് ബോഡി എന്ത് ചെയ്തു എന്ന ചോദ്യത്തിന് കൃത്യമായ ഒരുത്തരം ഇപ്പോഴും അധികാരികള്‍ തന്നിട്ടില്ല എന്നുള്ള യാഥാര്‍ത്യം നിലനില്‍ക്കെ തന്നെ രാജന്റെ തിരോധാനം ഭരണകൂടത്തോട് നിരന്തരം ചോദ്യങ്ങള്‍ ചോദിച്ച് പ്രതിസന്ധിയിലാഴ്ത്തുവാന്‍ മാത്രം നമ്മുടെ സാമൂഹ്യബോധം ഉണര്‍ന്നിരുന്നു.

അടിയന്തിരാവസ്ഥയുടെ ഇരുണ്ട ഇടനാഴിയില്‍ നടന്ന ഈ ദുരന്തത്തെ പ്രശ്‌നവല്‍ക്കരിക്കാന്‍ നമുക്ക് സാധിച്ചു എന്നുള്ളത് ജനാധിപത്യത്തിന്റെ വിജയമായി ദര്‍ശിക്കാം. എന്നാല്‍ ഇതിന് സമാനമായതോ അല്ലെങ്കില്‍ അതിനേക്കാള്‍ ദുരന്തപൂര്‍ണമായതോ ആയതാണ് ജെ.എന്‍.യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനം. മാസങ്ങളായി നജീബ് അപ്രത്യക്ഷമായിട്ടും നജീബ് എവിടെ? എന്ന് ഉച്ചത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുവാന്‍ ആളുകളില്ല. ഉള്ള ചോദ്യങ്ങള്‍ക്ക് ശബ്ദവുമില്ല. മകന്‍ നഷ്ടപ്പെട്ട ഒരുമ്മയുടെ കണ്ണീരില്‍ കുതിര്‍ന്ന പോരാട്ടത്തോടൊപ്പം നില്‍ക്കാന്‍ വേണ്ടത്ര നമുക്ക് സാധിക്കുന്നില്ല. എന്തു പറ്റി എന്ന ചോദ്യത്തിന് നജീബിന്റെ സ്വത്വം ഒരു പ്രശ്‌നമാണ് എന്നതാണ് ഒന്നാമത്തെ സവിശേഷത. നജീബിനെ പോലെയുള്ളവരുടെ സ്വത്വം രാജ്യദ്രോഹത്തിന് അനുരൂപമാണെന്ന ഒരു പൊതുബോധം ചെറിയ തോതിലെങ്കിലും നിലനില്‍ക്കുന്ന ഒരു രാജ്യത്ത് നജീബിന് വേണ്ടി വല്ലാതെ ശബ്ദിക്കാന്‍ ആളുകള്‍ മുന്നോട്ട് വരണമെന്നില്ല. സംഘ് പരിവാറിന് മേല്‍ക്കയ്യുള്ള ഒരു ഫാസിസ്റ്റ് ഗവണ്‍മെന്റ് അധികാരത്തിലിരിക്കുമ്പോള്‍ നജീബിനെ പോലെയുള്ള ഒരു മുസ്‌ലിം വിദ്യാര്‍ഥിക്ക് വേണ്ടി ശബ്ദിച്ചാല്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ ഓര്‍ത്ത് പലയാളുകളും മൗനത്തിലേക്ക് വീണു എന്നുള്ളത് ഒരു യാഥാര്‍ത്യമാണ്. അതിനാല്‍ വലിയ ഉച്ചത്തില്‍ ശബ്ദങ്ങള്‍ ഉയര്‍ന്ന് വരും എന്ന് പ്രതീക്ഷിക്കേണ്ടതില്ല. നേര്‍ത്ത ചില ശബ്ദങ്ങള്‍ ഉണ്ട് എന്നുള്ളത് ആശ്വാസത്തിന് വകനല്‍കുന്നുമുണ്ട്.

ഒരു പക്ഷെ നജീബിന് പകരം മറ്റൊരു രാജനോ അതുമല്ലെങ്കില്‍ ഒരു രോഹിത് വെമുലയെങ്കിലുമോ ആയിരുന്നുവെങ്കില്‍ ചോദ്യത്തിന്റെയും പ്രതിഷേധത്തിന്റെയും ശബ്ദം ഉച്ചത്തിലാകുമായിരിക്കും. എന്ത് കൊണ്ടോമതേതര പൊതുബോധത്തിന് മുസ്‌ലിം സ്വത്വത്തിന്റെ ദുരന്തങ്ങളെ അത്ര വലിയ അര്‍ഥത്തില്‍ ഏറ്റെടുക്കാന്‍ സാധിക്കുന്നില്ല. ഒരു ദലിത് പ്രശ്‌നം പോലും ആവാന്‍ കഴിയാത്തവണ്ണം വളരെ ചെറുതായി പോകുന്നു മുസ്‌ലിം സ്വത്വം. അഥവാ മുസ്‌ലിം സ്വത്വം എന്നത് ഇന്ത്യയില്‍ ദലിതരെക്കാളും മറ്റ് പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളെക്കാളും പിന്‍നിരയിലും അടിച്ചമര്‍ത്തപ്പെടുന്നതില്‍ മുന്‍പന്തിയിലുമാണ്. മറ്റൊരര്‍ഥത്തില്‍ ഭരണകൂടത്തിന്റെ കിരാതമായ തേര്‍വാഴ്ച മുസ്‌ലിം സ്വത്വത്തിന് മേല്‍ നിരന്തരം നടന്ന് കൊണ്ടിരിക്കുമ്പോള്‍ വല്ലാതെയങ്ങ് പ്രതിഷേധം ഉയര്‍ന്ന് വരുന്നില്ല എന്ന് ചുരുക്കം. ഇതിന് ഒന്നാമത്തെ ഉത്തരവാദി ആ സമുദായത്തിന് നേതൃത്വം കൊടുക്കുന്ന നേതാക്കന്‍മാരാണ്. ധിഷണയും ധൈര്യവുമുള്ള നേതാക്കള്‍ ഇന്ന് ദേശീയ തലത്തില്‍ ഇല്ല എന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. പക്ഷെ കാക്കത്തൊള്ളായിരം സംഘടനകളും അവക്കെല്ലാം പോഷക സംഘടനകളും ഉള്ള ഒരു സമുദായം എന്തേ ശബ്ദം നഷ്ടപ്പെട്ടവരായിപ്പോയി? ഈ ചോദ്യത്തിന്റെ ഉത്തരം സമുദായത്തിനകത്ത് നിന്ന് ചോദിച്ച് ഉത്തരങ്ങള്‍ കണ്ടെത്താന്‍ സമുദായ നേതത്വം ഇനിയെങ്കിലും മുന്‍കൈ എടുക്കണം. അഥവാ രാജ്യത്തിന്റെ പൊതുബോധത്തിലേക്ക് വിഷയത്തെ കൊണ്ടുവരുവാനും ജനതയെ ഉണര്‍ത്തുവാനുമുള്ള സര്‍ഗാത്മക ഇടപെടല്‍ വേണമെന്നര്‍ഥം. ഈയര്‍ഥത്തിലുള്ള ചെറിയ ഒരു ഇടപെടലിന്റെ ഉദാഹരണം ജുനൈദിന്റെ കൊലപാതകവുമായി ബദ്ധപ്പെട്ട് ഇന്ത്യയിലെ ഇസ്‌ലാമിക വിദ്യാര്‍ഥി സംഘടന നടത്തിയതായി നമുക്ക് കാണാം. മതത്തിന്റെ വിമോചനപരവും പ്രതിരോധ പരവുമായ ഉള്ളടക്കത്തെ സ്വാംശീകരിച്ച് തെരുവില്‍ നിന്ന് ജുനൈദിന് വേണ്ടിയുള്ള പ്രാര്‍ഥനാ നമസ്‌കാരം സംഘടിപ്പിച്ചത്, ജുനൈദിന്റെ കൊലപാതകം പൊതു സമൂഹത്തിന്റെ ബോധത്തിലേക്ക് കൊണ്ടുവരുന്നതില്‍ ചെറുതല്ലാത്ത ഒരു റോള്‍ നിര്‍വഹിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഒറ്റക്ക് കൂട്ടായും വിത്യസ്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നത് പിന്നീട് നാം കണ്ടതാണ്. ഈ സന്ദര്‍ഭങ്ങളിലെല്ലാം മുസ്‌ലിം സമുദായത്തിനകത്തെ സംഘടനകള്‍ തെരുവില്‍ നിന്ന് നമസ്‌കരിച്ചാല്‍ നമസ്‌കാരം ശരിയാകുമോ ഇല്ലെയോ എന്ന വിഡ്ഢി ചോദ്യങ്ങള്‍ ചോദിച്ച് കര്‍മശാസ്ത്രത്തിന്റെ തലനാരിഴ കീറിയ ചര്‍ച്ചയിലായിരുന്നു.

ഇപ്പോള്‍ നജീബിന്റെ തിരോധാനവുമായി ബദ്ധപ്പെട്ട് ഈ വിദ്യാര്‍ഥി സംഘടന നടത്തുന്ന ഇടപെടല്‍ ഒരു പരിധി വരെ വിഷയത്തെ സജീവമായി നിലനിര്‍ത്തുന്നുമുണ്ട്. അഥവാ ദേശത്തിനകത്ത് നിന്ന് ചരിത്രപരമായി പുറത്താക്കപ്പെട്ട അപരന്‍മാരുടെ വിമോചനപരമായ സാമൂഹ്യ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമെ മുസ്‌ലിം സ്വത്വം ഒരു പ്രശ്‌നമായി പോലും ഉയര്‍ന്ന് വരികയുള്ളൂ. ഇതിന് മതേതര സമൂഹത്തിന്റെ പൂര്‍ണമായ പിന്തുണ ആവശ്യമാണ്. ദേശവിരുദ്ധമായ ഒരു സ്വത്വത്തിനുടമകളാണ് മുസ്‌ലികള്‍ എന്ന ഒരു പൊതുബോധം ഉല്‍പാദിപ്പിക്കാന്‍ സാംസ്‌കാരിക ദേശീയതയുടെ മറവില്‍ സംഘ് പരിവാറിന് സാധിച്ചിരുന്നു. ഇതിനെ മറികടന്ന് കൊണ്ടുള്ള ഒരു ഇടപെടലിന് അഥവാ അപരത്വം അടിച്ചേല്‍പിക്കപ്പെട്ട ഒരു സമുദായത്തിന് വേണ്ടി ശബ്ദിക്കാന്‍ മതേതര സമൂഹം കൂടുതല്‍ മുന്നോട്ട് വരണം. മതേതര സമൂഹത്തിന്റെ ജാഗ്രത കുറവ് കൊണ്ട് ചരിത്രത്തില്‍ സംഭവിച്ച ദുരന്തം ഇനിയും ആവര്‍ത്തിക്കരുത്. അഥവാ വര്‍ഗീയതക്ക് പകരം സാമുദായികമോ പ്രതി വര്‍ഗീയമോ ആയ ഇടപെടലുകള്‍ക്ക് മുസ്‌ലിം സമുദായത്തെ തള്ളിവിടുന്നതില്‍ മതേതര സമൂഹത്തിന്റെ മൗനം കാരണമായിട്ടുണ്ട്. മതത്തിന്റെ വിമോചനപരമായ ഉള്ളടക്കത്തിന് പകരം സാമുദായികതയുടെ വര്‍ണ്ണം നല്‍കുമ്പോള്‍ മുഹമ്മദലി ജിന്നക്ക് ചരിത്രത്തില്‍ സംഭവിച്ച മറ്റൊരു ദുരന്തത്തെ വരവേല്‍ക്കലാവും സംഭവിക്കുക എന്ന പ്രമുഖ ചരിത്രകാരന്‍ കെ.എന്‍ പണിക്കരുടെ കണ്ടെത്തല്‍ ഇവിടെ സമരണീയമാണ്. 'ഇന്ത്യന്‍ സമൂഹത്തില്‍ സംഭവിച്ച വര്‍ഗീയവല്‍ക്കരണത്തിന്റെ സ്വാധീനമായിരുന്നു ജിന്നയുടെ മനപരിവര്‍ത്തനത്തിന്റെ പ്രധാന കാരണം. ആ സ്വാധീനത്തെ മറികടക്കാന്‍ കഴിയാതെ പോയതായിരുന്നു ജിന്നയുടെ പരാജയം. വര്‍ഗീയതയുടെ രക്തസാക്ഷിയായിരുന്നു ജിന്ന. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ദേശീയരാഷ്ട്രീയത്തിന് ഉണങ്ങാന്‍ സാധ്യതയില്ലാത്ത മുറിവേല്‍പിച്ചു. ആ മുറിവില്‍ നിന്ന് ഊറുന്ന രക്തം ഇന്ത്യയിലും പാക്കിസ്ഥാനിലും വിദ്വേഷത്തിന് കാരണമാവുന്നു.' അതിനാല്‍ മുസ്‌ലിം സ്വത്വം ഇന്ത്യയില്‍ അനുഭവിക്കുന്ന പ്രതിസന്ധികളെ മറികടക്കാന്‍ ആദര്‍ശപരവും ആശയപരവുമായ പ്രതിനിധാനങ്ങളോടൊപ്പം മതേതര സമൂഹത്തിന്റെ നിതാന്ത ജാഗ്രതയും രാജ്യം ആവശ്യപ്പെടുന്നു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics