കാമുകനൊപ്പം ഒളിച്ചോടാനാണ് എന്റെ തീരുമാനം

വരുമാനം കുറഞ്ഞ കുടംബത്തില്‍ മൂത്ത രണ്ട് സഹോദരങ്ങള്‍ക്കൊപ്പം ജീവിക്കുന്ന കൗമാരപ്രായത്തിലുള്ള യുവതിയാണ് ഞാന്‍. വ്യക്തിപരമായി ദുര്‍ബലയാണ് ഉമ്മ. വീട്ടില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഉപ്പയാണ്. ഒരു സോഷ്യല്‍ മീഡിയയിലൂടെ ഞാനൊരു ചെറുപ്പക്കാരനെ പരിചയപ്പെട്ടു. കേവലം സൗഹൃദ ബന്ധം എന്ന നിലക്കായിരുന്നു തുടക്കം. പിന്നീടത് വളര്‍ന്ന് പ്രണയത്തിലേക്കെത്തി. ഞാന്‍ അവനുമായുള്ള വിവാഹബന്ധത്തിന് തയ്യാറായി. വിവാഹാലോചനയുമായി ഉപ്പയെ സമീപിച്ചപ്പോള്‍ കുടുംബങ്ങള്‍ക്കിടയില്‍ പൊരുത്തമില്ലെന്ന് പറഞ്ഞ് അദ്ദേഹമത് നിരസിച്ചു. ഇതേ കാരണത്താല്‍ മുമ്പും ഒരാലോചന ഉപ്പ വേണ്ടെന്ന് വെച്ചിട്ടുണ്ട്. അദ്ദേഹത്തിന് എന്നെ വീട്ടില്‍നിന്ന് പറഞ്ഞയക്കാന്‍ ഉദ്ദേശ്യമില്ല. കാരണം, കുടുംബത്തിന്റെ അടിസ്ഥാന വരുമാന സ്രോതസ്സ് ഞാനാണ്. അതിനാല്‍ മറ്റൊരു സ്ഥലത്തേക്ക് ഒളിച്ചോടാനാണ് ഞങ്ങളുടെ തീരുമാനം. ഉമ്മ എനിക്കനുകൂലമാണ്. ഉപ്പയുടെ കുടുസ്സായ ചിന്താഗതി അവര്‍ക്കറിയാം. എന്താണ് ഇതിനൊരു പരിഹാരം?

ഉത്തരം: അല്ലാഹു അവന്റെ ശരീഅത്തിനോട് സ്വീകരിക്കുന്ന സമീപനങ്ങള്‍ക്കനുസരിച്ച് ഇഹപര വിജയം നിശ്ചയിക്കുന്നത്. ഉപ്പയെ ആക്ഷേപിക്കുന്നതും കുറ്റങ്ങള്‍ മുഴുവന്‍ അദ്ദേഹത്തിന്റെമേല്‍ ചാര്‍ത്തുന്നതുമായ നിങ്ങളുടെ കത്തും അതിനെത്തുടര്‍ന്ന് നിങ്ങളില്‍ നിന്നുണ്ടായ തെറ്റായ പ്രവണതയും  ഞാന്‍ വായിച്ചു. തീര്‍ച്ചയായും നിങ്ങളുടെ ഈ കത്ത് വൈകാരികമായ ഒരവസ്ഥയില്‍ എഴുതിയതാണെന്നതില്‍ സംശയമില്ല. മറുഭാഗത്ത് നിങ്ങളുടെ ഉപ്പയുടെയും സഹോദരങ്ങളുടെയും അഭിപ്രായം എന്താണെന്ന് വിശദമായി അറിയേണ്ടതുണ്ട്. പക്ഷെ അതിനിപ്പോള്‍ സാഹചര്യമില്ല. നിങ്ങളുടെ പ്രശ്‌നം എനിക്ക് മനസ്സിലായിട്ടുണ്ട്. പക്ഷെ അതിന് നിങ്ങള്‍ കണ്ടെത്തിയ പരിഹാരം അംഗീകരിക്കാനാവില്ല. ശറഈപരവും ധാര്‍മികവുമായ ഒത്തിരി വീഴ്ചകള്‍ നിങ്ങള്‍ക്ക് സംഭവിച്ചിട്ടുണ്ട്. ധാര്‍മികതയില്‍ കാര്യമായ ജാഗ്രത വേണം. നിങ്ങള്‍ ചരിക്കേണ്ട മാര്‍ഗത്തെക്കുറിച്ച് ബോധമുള്ളവളായിരിക്കണം. ഈ ഉപദേശം മോളോടുള്ള എന്റെ ബാധ്യതയാണ്.

ഒന്ന്, മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്നാണ് അല്ലാഹു ഉപദേശിച്ചിരിക്കുന്നത്. ഉപ്പ നിങ്ങളെ വീട്ടു ചെലവുകളില്‍ അദ്ദേഹത്തിന്‍ സഹായമായി ഉപയോഗപ്പെടുത്തുകയാണ്, നിങ്ങളുടെ നന്മയേക്കാള്‍ അദ്ദേഹത്തിന്റെ സുഖത്തിനാണ് പ്രാധാന്യം കൊടുക്കുന്നത് എന്നിങ്ങനെയുള്ള മോശമായ ചിത്രമാണ് അദ്ദേഹത്തെ സംബന്ധിച്ച് പിശാച് നിങ്ങള്‍ക്ക് കാണിച്ച് തരുന്നത്. അങ്ങനെ അദ്ദേഹം നിങ്ങള്‍ക്കെതിരാണ് കൂടെയല്ല എന്ന് നിങ്ങള്‍ കരുതുന്നു. സമാനമായ നൂറുകണക്കിന് പ്രശ്‌നങ്ങള്‍ ഞാന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അവയിലധികവും ന്യായം പിതാവിന്റെ ഭാഗത്തായിരിക്കും. നിങ്ങളുടെ ഉപ്പ കുടുംബങ്ങള്‍ തമ്മിലെ പൊരുത്തം നോക്കി എന്നത് നിങ്ങളേക്കാള്‍ അദ്ദേഹം ഈ വിഷയത്തില്‍ അനുഭവസ്ഥനായത് കൊണ്ടാണ്. സന്തോഷകരമായ വൈവാഹിക ജീവിതത്തിന് ദമ്പതികള്‍ തമ്മിലുള്ള പൊരുത്തം അടിസ്ഥാനമാണ് എന്ന നിലക്ക് ഉപ്പയുടെ നിലപാട് വളരെയധികം ശരിയാണ്. സ്‌നേഹവും പരസ്പര യോചിപ്പുമെല്ലാം സാധാരണഗതിയില്‍ ഇണകള്‍ തമ്മിലുള്ള പൊരുത്തത്തിലൂടെയാണ് ഉണ്ടാവുന്നത്. വെറുപ്പും വിദ്വേഷവുമില്ലാത്ത ഉറച്ച തൂണിന്മേല്‍ വൈവാഹിക ജീവിതത്തെ പടുത്തുയര്‍ത്തുന്നതും ഈയൊരു ഗുണമാണ്. അപ്പോള്‍ ഇണകള്‍ തമ്മിലുള്ള പരസ്പര പൊരുത്തം വിജയകരവും സുദൃഢവുമായ ദാമ്പത്യത്തിനുള്ള അടിസ്ഥാന ഘടകമാണ്.

രണ്ട്, മക്കളോട് പരുഷമായിപ്പെരുമാറുന്ന രക്ഷിതാക്കള്‍ കര്‍ശനമായും അതില്‍നിന്ന് വിട്ട്‌നില്‍ക്കണം എന്നതാണ്. അത് അവരുടെ മനസ്സില്‍ സ്‌നേഹത്തിന് പകരം വെറുപ്പും വിദ്വേഷവുമാണ് വളര്‍ത്തുക. മര്‍ക്കടമുഷ്ടിക്കാരനായ മകനെ നമ്മള്‍ കുറ്റപ്പെടുത്തും. എന്നാല്‍ അവന്റെ മര്‍ക്കടമുഷ്ടിക്ക് കാരണമെന്താണെന്ന് നാം തിരക്കാറില്ല. തെറ്റ് കണ്ടാല്‍ നമ്മളവനെ ശകാരിക്കും. തെറ്റ് ചെയ്യാനുണ്ടായ കാരണമെന്തെന്ന് അന്വേഷിക്കാന്‍ വിട്ടുപോകും. എന്ത്‌കൊണ്ടാണ് പിതാക്കന്മാര്‍ മക്കളോട് സംവദിച്ച് അവരുമായി ഹൃദയബന്ധമുണ്ടാക്കാത്തത് ? സമ്മര്‍ദം സ്‌ഫോടനത്തിലേക്കെത്തിക്കുമെന്ന് അറിവുള്ളവരായിരുന്നിട്ടും ദൗര്‍ഭാഗ്യവശാല്‍ അധിക പിതാക്കളും പരുഷ ഹൃദയരായിത്തുടരുകയാണ്. മക്കളോട് കുറച്ചൊക്കെ കാര്‍ക്കശ്യം ആവശ്യമാണ്. പക്ഷെ, പരസ്പര സംഭാഷണത്തിനും സൗഹൃദത്തിനുമുള്ള തുറന്ന മനസ്സോടുകൂടിയായിരിക്കണം.

മൂന്ന്, നിങ്ങള്‍ ആ ചെറുപ്പക്കാരനുമായി പരിചയപ്പെട്ട രീതി അല്ലാഹുവോ അവന്റെ ശരീഅത്തോ ത്രിപ്തിപ്പെടാത്ത തെറ്റായ രീതിയാണെന്ന് ഞാനിവടെ പറയേണ്ടതില്ലല്ലോ. പിന്നീട് നിങ്ങളുടെ ബന്ധത്തിലുണ്ടായ പുരോഗതിയും ഗുരുതരമായ വീഴ്ചയാണ്. ആ ബന്ധം ഉപേക്ഷിക്കുകയും ചെയ്ത തെറ്റില്‍ ഖേദിക്കുകയും അതിലേക്ക് ഇനി മടക്കമില്ലെന്ന് ഉറപ്പിക്കുകയും ചെയ്ത് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങലല്ലാതെ അതിന് വേറെ പരിഹാരമില്ല.   

നാല്, ഒളിച്ചോടാനുള്ള നിങ്ങളുടെ ചിന്ത തികഞ്ഞ വിഢിത്തവും തെറ്റുമാണ്. വിഢിത്തമാണെന്ന് പറയാന്‍ കാരണം, അങ്ങനെ സംഭവിച്ചാല്‍ ജീവിതം ഏറെ കുടുസ്സുറ്റതും പ്രയാസകരവുമായി മാറും. ഉത്തരവാദിത്വങ്ങള്‍ ഇരട്ടിയാവും. നിങ്ങള്‍ കരുതുന്നതുപോലെ അത്ര നിസാരമല്ല അത്.  നിങ്ങളുടെ കൈകാര്യകര്‍ത്താവിനെ അവഗണിച്ച് ഒരു അന്യപുരുഷനുമായി സഹവാസത്തിലേര്‍പ്പെടുക എന്നത് അല്ലാഹുവിനോടുള്ള ധിക്കാരവും പിതാവിനോടുള്ള അനുസരണക്കേടുമാണ് എന്ന നിലയില്‍  പാപവുമാണ്. വലിയ്യിന്റെ സമ്മതമില്ലാതെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതും ധിക്കാരം തന്നെ.

നിങ്ങളുമായി വിവാഹ ബന്ധത്തിലേര്‍പ്പെടാന്‍ തയ്യാറായ ആളുടെ സഹോദരിയാണ് ഇതുപോലെ ഒളിച്ചോടാന്‍ ശ്രമിച്ചതെങ്കില്‍ അയാളത് ഇഷ്ടപ്പെടുമോ? ഒരിക്കലുമില്ല. അന്തസും അഭിമാനവുമുള്ള ആരും അതിനനുവദിക്കുകയില്ല. അയാള്‍ തന്റെ സഹോദരിയെ കഴിവതും അതില്‍നിന്ന് പിന്തിരിപ്പിക്കും. നിങ്ങള്‍ അനിവാര്യമായും മനസ്സിലാക്കേണ്ട സംഗതി, നിങ്ങള്‍ ഒളിച്ചോടി അയാളെ വിവാഹം ചെയ്താല്‍ പിന്നീട് ജീവിതകാലം മുഴുവനും നിങ്ങളുടെ ഈ മോശം പ്രവണതയുടെ പേരില്‍ നിങ്ങള്‍ ആക്ഷേപിക്കപ്പെടുകയും ചെയ്യും.

പരുഷപ്രകൃതരായ പിതാക്കന്മാരെ എനിക്കിഷ്ടമല്ല എന്ന് ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. നിങ്ങളെ സ്‌നേഹിക്കുന്നുവെന്ന് നിങ്ങള്‍ കരുതുന്ന ഒരാള്‍ക്കൊപ്പം ഒളിച്ചോടാനുള്ള ന്യായീകരണമായി അതിനെ മനസ്സിലാക്കേണ്ടതില്ല. ഉപ്പ എത്രതന്നെ പരുഷ പ്രകൃതക്കാരനാണെങ്കിലും അദ്ദേഹത്തോളം സ്‌നേഹം ഈ ലോകത്ത് മറ്റാര്‍ക്കുമുണ്ടാകില്ലെന്ന് നിങ്ങള്‍ മനസ്സിലാക്കണം. അദ്ദേഹത്തിന്റെ മനസ്സില്‍ നിങ്ങളെക്കുറിച്ചുള്ള സുന്ദരമായ രൂപത്തെ നിങ്ങള്‍ കണക്കിലെടുക്കണം. നിങ്ങളാണ് അദ്ദേഹത്തിന് ഏറ്റവും പ്രധാനം. അദ്ദേഹത്തിന്റെ ഉയര്‍ത്തിപ്പിടിച്ച ശിരസ്സ് നിങ്ങളാണ്. നിങ്ങളുടെ തെറ്റായ ഈ പ്രവൃത്തി അദ്ദേഹത്തിനും ഈ ദീനിനും നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും അപകീര്‍ത്തിയാണുണ്ടാക്കുക.

അതേസമയം നിങ്ങളുടെ ഉമ്മയുടെ നിലപാട് എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തി. ഉപ്പയോട് എത്രതന്നെ ദേഷ്യമുണ്ടെന്ന് പറഞ്ഞാലും അവര്‍ ഒരിക്കലും ഈ തെറ്റിന് കൂട്ടുനില്‍ക്കാന്‍ പാടില്ലായിരുന്നു. അവര്‍ നിങ്ങളെ സ്‌നേഹിക്കുന്നവരും നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധയുള്ളവരുമാണെങ്കില്‍ നല്ല രൂപത്തില്‍ നിങ്ങളെ ഉപദേശിക്കാനും വിവാഹഭ്യര്‍ത്ഥനയുമായി വന്ന ആളുമായി യോജിപ്പിലെത്താനും അതല്ലെങ്കില്‍ അദ്ദേഹത്തിന് യോജിക്കാവുന്ന മറ്റൊരാളെ കണ്ടെത്താനും ഉപ്പയെ പറഞ്ഞ് ബോധ്യപ്പെടുത്താനുമാണ് ശ്രമിക്കേണ്ടിയിരുന്നത്. ഇനി നിങ്ങളെ അയാള്‍ വിവാഹം ചെയ്യുന്നുണ്ട് എങ്കില്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും മുമ്പില്‍ ഉപ്പയുടെ കൈപിടിച്ചുകൊണ്ടായിരിക്കണമെന്നാണ് ഞാന്‍ പറയുക. തല ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരിക്കണം നിങ്ങള്‍ വീടുവിട്ടിറങ്ങേണ്ടത്. അപ്പോള്‍ മാത്രമേ അല്ലാഹുവിന്റെയും ഉപ്പയുടെയും കുടുംബത്തിന്റെയും തൃപ്തി കാത്തുസൂക്ഷിക്കാന്‍ നിങ്ങള്‍ക്കാവൂ.

വിവ: ഉമറുല്‍ ഫാറൂഖ്

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics