ലജ്ജയില്ലെങ്കില്‍ നിനക്ക് തോന്നിയത് ചെയ്യാം

പ്രവാചകന്‍(സ) അരുള്‍ ചെയ്തതായി ഉഖ്ബഃ ഇബ്‌നു അംറ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: 'പ്രവാചകന്റെ ആദ്യകാല അധ്യാപനങ്ങളില്‍ ഒന്നിതാണ്: 'നിങ്ങള്‍ക്ക് ഹയാഅ് (ലജ്ജ) ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് തോന്നിയത് ചെയ്തുകൊള്ളുക.' (ബുഖാരി)

ചില സന്ദര്‍ഭങ്ങളില്‍ നെഗറ്റീവ് അര്‍ത്ഥം സൂചിപ്പിച്ചേക്കാവുന്ന 'ലജ്ജ' (shame) എന്ന പദത്തേക്കാള്‍ വലിയ അര്‍ത്ഥമാണ് 'ഹയാഅ്'നുള്ളത്. എന്നാല്‍ ചിലപ്പോഴൊക്കെ പോസീറ്റീവായ അര്‍ത്ഥത്തില്‍ ഹയാഅ് ലജ്ജ (shame) എന്ന പദത്തെ സൂചിപ്പിച്ചേക്കാം. നാണം, താഴ്മ എന്നീ അര്‍ത്ഥങ്ങളിലൊക്കെ ആ പദം ഉപയോഗിക്കപ്പെട്ടേക്കാം.

അതിനാല്‍ തന്നെ 'നിങ്ങള്‍ക്ക് ലജ്ജയില്ലെങ്കില്‍ നിങ്ങള്‍ക്ക് തോന്നിയത് ചെയ്ത് കൊള്ളുക' എന്ന പ്രവാചകവചനത്തെ നാമെങ്ങനെയാണ് മനസ്സിലാക്കുക? 'എന്നെയൊന്ന് അടിച്ചു നോക്ക്' എന്ന് ഭീഷണി സ്വരത്തില്‍ ഒരാള്‍ നമ്മോട് പറയുന്നത് പോലെയുള്ള ഒരു പ്രസ്താവനയായി ഇതിനെ കാണാവുന്നതാണ്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവും ഈ ശൈലി പ്രയോഗിച്ചിട്ടുണ്ട്.

''നമ്മുടെ സൂക്തങ്ങളില്‍ ദുരര്‍ഥമാരോപിക്കുന്നവരുണ്ടല്ലോ,അവര്‍ നമ്മില്‍നിന്ന് മറഞ്ഞുപോകുന്നൊന്നുമില്ല.സ്വയം ചിന്തിച്ചുനോക്കുക, നരകത്തിലെറിയപ്പെടുന്ന മനുഷ്യനാണോ ഉത്തമന്‍, അതല്ല പുനരുത്ഥാന നാളില്‍ നിര്‍ഭയനായി ഹാജരാകുന്നവനോ? നിങ്ങള്‍ക്കിഷ്ടമുള്ളതെന്തും ചെയ്തുകൊള്ളുവിന്‍. ചെയ്യുന്നതൊക്കെയും അല്ലാഹു കണ്ടുകൊണ്ടിരിക്കുകയാകുന്നു.'' (ഫുസ്സിലത്ത് 41: 40)

അതിനാല്‍, ഇതൊരു ഭീഷണിയാണ്. ഒരു കല്‍പ്പനയുടെ രൂപത്തിലാണ് അത് സൂചിപ്പിക്കപ്പെട്ടിരിക്കുന്നതെങ്കിലും അത് ചെയ്യുന്നത് അഭികാമ്യമല്ല എന്നതാണ് യാഥാര്‍ഥ്യം. അത്‌പോലെ സൂറത്ത് അസ്സുമറില്‍ അല്ലാഹു പറയുന്നത് അല്ലാഹുവെക്കൂടാതെ നിങ്ങളാഗ്രഹിക്കുന്നവരോടെല്ലാം പ്രാര്‍ത്ഥിച്ച് കൊള്ളുക എന്നാണ് (അസ്സുമര്‍ 39:15). അപ്പോള്‍ ഭീഷണി തന്നെയാണിത്. ഹൃദയത്തിന്റെ സവിശേഷമായ ഗുണം എന്ന നിലക്കുള്ള 'ഹയാഅ്'ന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു എന്നര്‍ത്ഥത്തിലും മുകളില്‍ പറഞ്ഞ ഹദീസിനെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. പ്രവാചകന്‍(സ) 'നിങ്ങള്‍ക്ക് ലജ്ജയില്ലെങ്കില്‍ (ഹയാഅ്) നിങ്ങള്‍ക്ക് തോന്നിയതെല്ലാം ചെയ്തുകൊള്ളുക' എന്ന് പറയുമ്പോള്‍ അതിനര്‍ത്ഥം തെറ്റ് ചെയ്യുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നത് ഹയാഅ് ആണെന്നാണ്.

അതിനാല്‍ തന്നെ ഒരാള്‍ക്ക് ഹയാഅ് ഇല്ലെങ്കില്‍ അയാള്‍ക്കത് വലിയ നഷ്ടമാണെന്ന് ഇബ്‌നു അബ്ബാസ്(റ) പറഞ്ഞത് കാണാം. അദ്ദേഹം പറയുന്നു: 'ഹയാഉം ഈമാനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അവയില്‍ ഒന്നില്ലെങ്കില്‍ പിന്നെ മറ്റേതിനും നിലനില്‍പ്പില്ല'.

പ്രവാചകന്‍(സ) അരുള്‍ ചെയ്തതായി അബൂഹുറൈറ(റ) പറയുന്നു: 'ഹയാഅ് ഈമാനിന്റെ ഭാഗമാണ്.' (ബുഖാരി, മുസ്‌ലിം). മറ്റൊരു ഹദീസില്‍ പ്രവാചകന്‍(സ) പറയുന്നു: 'ഹയാഅ് നന്‍മ മാത്രമേ കൊണ്ടുവരികയുള്ളൂ' ( ബുഖാരി, മുസ്‌ലിം)

തുടക്കത്തില്‍ പരാമര്‍ശിച്ച ഹദീസിനെ ഇങ്ങനെയും മനസ്സിലാക്കാവുന്നതാണ്: ഹയാഅ് യഥാര്‍ത്ഥത്തില്‍ ഒരു സൂചകമാണ്. നിങ്ങള്‍ക്ക് ഹയാഅ് ഇല്ലെങ്കില്‍, അല്ലെങ്കില്‍ ഒരു കാര്യം ചെയ്യാന്‍ ലജ്ജ തോന്നുന്നില്ലെങ്കില്‍ നിങ്ങള്‍ക്കത് ചെയ്യാവുന്നതാണ്. പ്രവാചകന്റെ മറ്റൊരു ഹദീസിനോട് ഈ ആശയത്തിന് സാമ്യതയുണ്ട്: 'ഉത്തരത്തിനായി നിങ്ങളുടെ ഹൃദയത്തോട് തേടുക' ( അഹ്മദ്). എന്നാല്‍ ശരിയായ ഒരു ഗ്രന്ഥമോ സൂചകമോ ഇല്ലെങ്കില്‍ മാത്രമേ ഈ രീതി അവലംബിക്കാവൂ.

അപ്പോള്‍ എന്താണ് ഹയാഅ്? ഒരു വ്യക്തിക്ക് അതെങ്ങനെയാണ് നേടാനാവുക? ഇനി നാം അതാണ് പരിശോധിക്കാന്‍ പോകുന്നത്. ലജ്ജാകരമായ ഒരു കാര്യം ചെയ്യാന്‍ പോകുമ്പോള്‍ നിങ്ങള്‍ക്കനുഭവപ്പെടുന്ന അസ്വസ്ഥതയാണ് ഹയാഅ് എന്ന് മനസ്സിലാക്കാവുന്നതാണ്. നിരോധിക്കപ്പെട്ട കാര്യം ചെയ്യുന്നതില്‍ നിന്ന് ഒരു വ്യക്തിയെ തടയുന്ന വികാരമാണത്. ഇവിടെ ഹയാഅ് പോസിറ്റീവായിത്തീരുന്നു.

ഹയാഅ് നമുക്ക് കൈവരിക്കാന്‍ സാധിക്കും. അത്‌പോലെ അത് നഷ്ടപ്പെടുകയും ചെയ്യും. പതിവായി പാപം ചെയ്യുന്നതിലൂടെ ഈമാനുമായി ശക്തമായ ബന്ധമുള്ള ഈ ഗുണം ഒരാള്‍ക്ക് നഷ്ടപ്പെടുമെന്നത് തീര്‍ച്ചയാണ്. നിങ്ങള്‍ ആദ്യമായി ഒരു തെറ്റ് കാണുമ്പോള്‍ അത് നിങ്ങളെ അസ്വസ്ഥപ്പെടുത്തുമെങ്കിലും ക്രമേണ നിങ്ങളതിലേക്ക് വീണുപോവുകയും പതിവായി അത് ചെയ്ത് തുടങ്ങുകയും ചെയ്യും. പിന്നീട് തെറ്റ് ചെയ്യുമ്പോള്‍ നിങ്ങളുടെ ഹൃദയത്തില്‍ ഒരു കുലുക്കവുമുണ്ടാവുകയില്ല. ഹയാഅ് നഷ്ടപ്പെട്ടതിന്റെ ഫലമാണത്. അതുപോലെ നഷ്ടപ്പെട്ട ഹയാഅ് വീണ്ടെടുക്കാനും സാധിക്കും. അല്ലാഹുവെക്കുറിച്ചും അവന്റെ മാഹാത്മ്യത്തെക്കുറിച്ചും അവനെല്ലാം കാണുന്നവനാണ് എന്നും മനസ്സിലാക്കുന്നതിലൂടെയാണ് അത് സാധ്യമാകുക.

അല്ലാഹു എല്ലാം കണ്ട് കൊണ്ടിരിക്കുന്നുണ്ട് എന്ന ബോധം നമുക്കുണ്ടെങ്കില്‍ അത് നമ്മുടെ ഹൃദയത്തില്‍ ഹയാഅ് സൃഷ്ടിക്കുമെന്നത് തീര്‍ച്ചയാണ്. നമ്മുടെ ഹൃദയത്തിലുള്ളതെന്താണെന്നും നാം ചെയ്യുന്നതെന്താണെന്നും അല്ലാഹു അറിയുണ്ടെന്ന ബോധ്യമാണത്.

മനോഹരമായ വേറൊരു ഹയാഅ് കൂടിയുണ്ട്. അതായത്, നമ്മള്‍ അല്ലാഹുവിന് വേണ്ടി ചെയ്യുന്നതൊന്നും അവന്റെ മാഹാത്മ്യത്തിന് സമമല്ല എന്ന ബോധ്യമാണത്. മാത്രമല്ല, നമ്മള്‍ കാര്യമായൊന്നും ചെയ്യുന്നില്ലെന്നും അല്ലാഹുവിന് മുമ്പില്‍ ചെയ്യേണ്ടതൊന്നും നമുക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ലെന്നുമുള്ള തിരിച്ചറിവ് കൂടിയാണത്. ആ തിരിച്ചറിവ് നമ്മുടെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താനും അല്ലാഹുവോടുള്ള കടമകള്‍ പൂര്‍ത്തീകരിക്കാനും നമ്മെ പ്രാപ്തരാക്കുമെന്നത് തീര്‍ച്ചയാണ്.

വിവ: സഅദ് സല്‍മി

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics