ഗൗരി ലങ്കേഷിന് തുടര്‍ച്ചകളുണ്ടാകും

പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. സംഘ് പരിവാര്‍ ആസൂത്രിതമായ തിരക്കഥകള്‍ക്കനുസൃതമായാണ് മുന്നോട്ട് പോകുന്നത്. തങ്ങളുടെ ശത്രുക്കളുടെ പട്ടിക ആര്‍.എസ്.എസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതില്‍ മുസ്‌ലിം ന്യൂനപക്ഷം മാത്രമല്ല ഉള്‍പെട്ടിട്ടുള്ളത്. ഗൗരി ലങ്കേഷിനെ പോലുള്ള സംഘ് ഭീകരതയെ നിര്‍ഭയമായി തുറന്നു കാട്ടുന്ന ഒരു പറ്റം എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരുമുണ്ട്. അരുന്ധതി റോയി മുതല്‍ വിഷം വമിക്കുന്ന സംഘ് സാഹിത്യങ്ങളുടെ പ്രഭവ കേന്ദ്രമായ ഗീതാപ്രസിനെ തുറന്നു കാട്ടിയ പ്രമുഖ പത്രപ്രവര്‍ത്തകന്‍ അക്ഷയ് മുകുള്‍ വരെ അക്കൂട്ടത്തിലുണ്ട്. കവി സച്ചിദാനന്ദനോളം പച്ചയായി സംഘ് രാഷട്രീയത്തെ നേരിട്ട ഒരാളായിരുന്നില്ല ശ്രീ എം.ടി. വാസുദേവന്‍ നായര്‍. എന്നാല്‍ സംഘ് കോപ്രായത്തരങ്ങള്‍ കണ്ട് മനംപിരട്ടലുണ്ടായ ഒരു നേരത്ത് എം.ടി മോദിക്കെതിരെ ഒരു വാക്ക് പറഞ്ഞു. രണ്ടാമൂഴത്തിലൂടെ മഹാഭാരതത്തിന്റെ സൗന്ദര്യ ദര്‍ശനം അക്ഷരങ്ങിലൂടെ മലയാളക്കരക്ക് സമര്‍പ്പിച്ച എം.ടി അതോടെ സംഘ് പരിവാറിന്റെ കടുത്ത ശത്രുവായി. മലയാളത്തിലെ പല എഴുത്തുകാര്‍ക്കുമുള്ള ഒരു സന്ദേശവും മുന്നറിയിപ്പും കണക്കെയാണ് സംഘ് സൈബര്‍ ഫാക്ടറികളില്‍ നിന്നും എം.ടിക്കെതിരെയുള്ള കാമ്പയിന്‍ നടത്തപ്പെട്ടത്.

മലയാളത്തിലെ പല എഴുത്തുകാരും ഇപ്പോഴും സേഫ് സോണില്‍ തന്നെയാണ്. ചിലരെങ്കിലും തങ്ങളെ സ്വയം സംഘ് ആലയില്‍ തളച്ചിട്ടുമുണ്ട്. പച്ചയായ കൊലപാതകങ്ങളും സൈബര്‍ ആക്രമണങ്ങളുമെല്ലാം ഭയപ്പെടുത്തി നിശബ്ദരാക്കുക എന്ന ഫാഷിസ്റ്റ് തിയറിയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തത്വമാണ്. നിങ്ങള്‍ക്കയാളെ ഇഷ്ടമെല്ലെങ്കില്‍ കൊന്നു കളയുക എന്ന് പണ്ട് ഹിറ്റ്‌ലര്‍ പറഞ്ഞിരുന്നു. ബുദ്ധിയും വിവേകവും പണയം വെച്ചിട്ടില്ലാത്ത അത്തരം അനിഷ്ടക്കാര്‍ സംഘ് ഭരണത്തില്‍ അനുദിനം വര്‍ദ്ധിച്ച് വരികയാണ്. സംഘ് പരിവാറിന്റെ വിശാലമായ താല്‍പര്യങ്ങളുടെ ഏറ്റവും വലിയ ശത്രു അക്ഷരങ്ങളാണ്. സത്യത്തെ ഗര്‍ഭം ധരിക്കുന്ന വാക്കുകളാണ്. ചൂളിപ്പോകുന്ന ചോദ്യങ്ങളാണ്. അവര്‍ കുഴിച്ചു മൂടാന്‍ ശ്രമിക്കുന്ന കിരാതമായ ഭൂതകാലത്തിന്റെ ചീഞ്ഞുനാറുന്ന ശവക്കല്ലറകള്‍ മാന്തിയെടുക്കുന്ന എഴുത്തുകാരന്റെ തൂലികയെയാണ് അവര്‍ക്കിപ്പോഴും ഭയം. സത്യത്തില്‍ സംഘ് പരിവാറിനാണ് ഭയം കൊണ്ട് ഭ്രാന്തിളകുന്നത്. ഗൗരി ലങ്കേഷ് എന്ന വാര്‍ദ്ധക്യത്തിലെത്തിയ ആ ധീരയായ സ്ത്രീയുടെ അക്ഷരങ്ങള്‍ അവരുടെ ഉറക്കം നഷ്ടപ്പെടുത്തുകയായിരുന്നു. തങ്ങളാരാധിക്കുന്ന രാജാവ് ഇതാ നഗ്‌നനാണ് എന്ന് പുറം ലോകത്തെ അറിയിക്കുകയായിരുന്നു അവര്‍. മുട്ടിലിഴഴാന്‍ ആവശ്യപ്പെടുമ്പോള്‍ രാജാവിന്റ ചെരുപ്പ് നക്കുന്ന ഷണ്ഡന്‍മാരായ എഴുത്തുകാരുള്ള ഒരു ലോകത്ത് ഗൗരി ലങ്കേഷിന്റെ രക്തസാക്ഷിത്വം സത്യത്തിന്റെ ധ്വജവാഹകരായ ഒരു ന്യൂനപക്ഷത്തിന് മുന്നോട്ടുള്ള പ്രയാണത്തില്‍ നല്‍കുന്ന ഊര്‍ജം വളരെ വലുതാണ്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics