അന്വേഷി

ഞാന്‍
പുഴുത്തു പോയവന്‍

എന്നിലെ വെളിച്ചം കാണാതെ
പോയവര്‍ക്ക്
കട്ടപിടിച്ച ഇരുട്ട്.
എന്നില്‍ മൊട്ടിടുന്ന
പനിനീര്‍ പൂവ് തിരയാത്തവര്‍ക്ക്
വെറുമൊരു മുള്ള്.

എന്നില്‍ മരുപ്പച്ചകള്‍ ഉണ്ടായിരുന്നു.
എന്നിട്ടും അവര്‍ എന്നിലെ
മരുഭൂമി മാത്രം തിരയുന്നു..

വെളിച്ചം എന്നിലേക്കരിച്ചെത്തുമ്പോള്‍
ഇരുട്ടിലേക്കവരെന്നെ
തുപ്പിക്കളയുന്നു

എന്നിലെ കാമുകന്‍ ഒരു കോമാളി
എന്നിലെ സുഹൃത്ത് ഒരു പോഴന്‍

ഞാന്‍ വെറുമൊരു നദിയായതിനാല്‍
അവര്‍ സമുദ്രങ്ങള്‍ തിരയുകയാവാം

എന്റെ ചെറിയ ആകാശത്തിനപ്പുറം
അവര്‍ വലിയ ചക്രവാളങ്ങള്‍
തേടുകയാവാം.

നിറങ്ങളുടെ ചിറകറ്റു പോയതിനാലാകാം
അവര്‍ എപ്പോഴും എന്നെ
വെയിലത്തു നിര്‍ത്തി
കനലു കൊണ്ട് കുളിപ്പിക്കുന്നത്...

ഒരു പ്രാര്‍ത്ഥന മാത്രം.
മരണമെന്നിലേക്കു ചേര്‍ന്നു നില്‍ക്കുന്ന നേരത്തെങ്കിലും
ആലിപ്പഴത്തിന്റെ വിശുദ്ധ തണുപ്പു കൊണ്ടെന്നാത്മാവിനെ
കഴുകേണമേയെന്ന്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus