കുറ്റങ്ങളും കുറവുകളും സ്‌നേഹത്തിന് തടസ്സമാവരുത്

ഇണ എങ്ങനെയാണോ ഉള്ളത് ആ അവസ്ഥയില്‍ അവളെ സ്‌നേഹിക്കാന്‍ കഴിയുക എന്നത് ദാമ്പത്യത്തില്‍ പ്രധാനമാണ്. അവളുടെ ന്യൂനതകളെ അതിജയിക്കുന്നതായിരിക്കണം ആ സ്‌നേഹം. അവളുടെ ദൗര്‍ബല്യത്തിന്റെ നിമിഷങ്ങള്‍ ആ സ്‌നേഹത്തെ തടയരുത്. ശ്രേഷ്ഠതകളും ന്യൂനതകളും ശക്തി ദൗര്‍ബല്യങ്ങളുമെല്ലാം അടങ്ങുന്ന അവളുടെ സ്വത്വത്തെ അംഗീകരിച്ചു കൊണ്ട് സ്‌നേഹിക്കാന്‍ സാധിക്കണം.

ദമ്പതികള്‍ക്ക് നല്‍കപ്പെടുന്ന ഏറ്റവും വലിയ ദൈവികാനുഗ്രഹമാണ് സ്‌നേഹം. സന്തോഷത്തിന്റെയും വിജയത്തിന്റെയും എല്ലാ പൂക്കളും അതില്‍ നിന്നാണ് വിടരുന്നത്. അത് നിലനിര്‍ത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇണയുടെ കുറവുകള്‍ക്ക് നേരെ കണ്ണടക്കല്‍ അതില്‍ പ്രധാനമാണ്. പകരം ആ ന്യൂനതകളെ മറക്കുന്ന അവളിലെ സല്‍ഗുണങ്ങളും നന്മകളും ഓര്‍ക്കുക. എല്ലാം ഒത്തിണങ്ങിയ പരിപൂര്‍ണയായ ഒരാളും തന്നെ ഈ ഭൂമുഖത്തുണ്ടാവില്ല. അതുകൊണ്ട് കുറവുകളുണ്ടായിരിക്കെ അവളെ തൃപ്തിപ്പെടുക. ഭൂമിയിലെ മുഴുവന്‍ സ്ത്രീകളുമായും താരതമ്യം ചെയ്തിട്ട് അതില്‍ ഏറ്റവും മികച്ചതായി നീ മനസ്സിലാക്കി തെരെഞ്ഞെടുത്ത പെണ്ണിനും കുറവുകളുണ്ടാവും. സന്തോഷകരമായ ജീവിതത്തിന്റെ താക്കോല്‍ തൃപ്തിയാണെന്ന് പറയാം. ഒരുപക്ഷേ നിനിക്കിഷ്ടമില്ലാത്ത ഒന്നിലായിരിക്കാം നിനക്കുള്ള ഒരുപാട് നന്മകള്‍ അല്ലാഹു നിക്ഷേപിച്ചിരിക്കുന്നത്.

അവസരം കിട്ടുമ്പോഴെല്ലാം ഇണയോട് സ്‌നേഹം പ്രകടിപ്പിക്കുക എന്നതാണ് മറ്റൊന്ന്. നിന്റെ സ്‌നേഹവും പരിചരണവും അനുഭവിക്കാന്‍ അവള്‍ക്ക് സാധിക്കണം. അവള്‍ രോഗിയായാല്‍ അനുകമ്പയോടെ സഹായിക്കുക. നിന്റെ ഭാഗത്തു നിന്നുള്ള വീഴ്ച്ചയുടെ പേരില്‍ അവള്‍ ദേഷ്യപ്പെട്ടാല്‍ അവളെ തൃപ്തിപ്പെടുത്തുക. അതൊരിക്കലും നിന്റെ അഭിമാനത്തെയോ സ്ഥാനത്തെയോ കളങ്കപ്പെടുത്തില്ല. ജീവിതത്തിലെ ചില ശീലങ്ങള്‍ അത്ര പെട്ടന്ന് മാറ്റാന്‍ സാധിക്കുന്നവയല്ല, അത് തെറ്റാണെന്ന് നിനക്ക് അഭിപ്രായമുണ്ടെങ്കിലും ഒറ്റയടിക്ക് അത് തിരുത്താന്‍ ശ്രമിക്കരുത്. ചെറിയ വീഴ്ച്ചകളെ പെരുപ്പിച്ച് കാണിക്കരുത്. ഓരോന്നിനും നല്‍കേണ്ട ഗൗരവവും പ്രാധാന്യവും മാത്രമേ നല്‍കാവൂ.

വീഴ്ച്ചകളോ അബദ്ധങ്ങളോ സംഭവിക്കാത്ത ഒരു ജീവിത പങ്കാളിയെയാണ് ഒരാള്‍ തേടുന്നതെങ്കില്‍ അസംഭവ്യമായ ഒന്നിന്റെ പിറകെയാണ് അയാള്‍ പോകുന്നത്. ഇണയോടുള്ള സ്‌നേഹത്തിനൊപ്പം നിന്റെ മാതാപിതാക്കളോടും കുടുംബത്തോടുമുള്ള സ്‌നേഹത്തെയും ഒരുമിച്ചു കൊണ്ടുപോകാന്‍ സാധിക്കേണ്ടത് അനിവാര്യമാണ്. അതില്‍ ഒന്ന് മറ്റൊന്നിന് തടസ്സമായി മാറരുത്.

ഇമാം ശാഫിഇയുടെ 'സമര്‍ത്ഥനായ ബുദ്ധിശാലി ഗ്രഹിച്ചിട്ടും അജ്ഞത നടിക്കുന്നവനാണ്' എന്ന വാക്കുകള്‍ പൊതുജീവിതത്തില്‍ പ്രസക്തമാണ്. എന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ അതിന് കൂടുതല്‍ പ്രസക്തിയും പ്രാധാന്യവുമുണ്ട്. തനിക്ക് ഉള്‍ക്കൊള്ളാനാവാത്ത പെരുമാറ്റങ്ങളും തെറ്റുകളും വിയോജിപ്പുകളും ഇണയില്‍ ഉണ്ടാവുക സ്വാഭാവികമാണ്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിന് ഉചിതമായ സമയം തെരെഞ്ഞെടുക്കേണ്ടതും നൈര്‍മല്യത്തിന്റെ ശൈലി ഉപയോഗിക്കേണ്ടതും അനിവാര്യമാണ്. ദേഷ്യപ്പെട്ടോ ക്ഷോഭിച്ചോ ആയിരിക്കരുത് അത്. എന്നാല്‍ പങ്കാളിയിലെ ചില വീഴ്ച്ചകളെല്ലാം കണ്ടില്ലെന്ന് നടിക്കുന്നതാണ് ഏറ്റവും നല്ലത്. താന്‍ സൂക്ഷമ നിരീക്ഷണത്തിലാണെന്ന തോന്നല്‍ ഇണയില്‍ അതുണ്ടാക്കിയേക്കും. വീട്ടിലെ നിസ്സാരമായ കാര്യങ്ങള്‍ക്ക് നേരെ ഭര്‍ത്താവ് കണ്ണടച്ചതു കൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കാന്‍ പോകുന്നില്ല. മറിച്ച് ഇണയിലെ ചെറിയ വീഴ്ച്ചകള്‍ കണ്ടെത്തി തിരുത്താനാണ് അയാള്‍ മെനക്കെടുന്നതെങ്കില്‍ വീടൊരു നരകമായി തീരാന്‍ അത് തന്നെ മതിയാവുകയും ചെയ്യും.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus