ഖദ്‌റിലുള്ള വിശ്വാസം സയ്യിദ് ഖുതുബിന്റെ വീക്ഷണത്തില്‍

ഖുര്‍ആന്റെ തണലിലെ ദൈവശാസ്ത്ര ചര്‍ച്ചകള്‍ - 4

ഖുര്‍ആന്റെ തണലിലെ ദൈവശാസ്ത്ര ചര്‍ച്ചകള്‍ - 4

ഈമാന്‍ കാര്യങ്ങളിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഖദ്‌റിലുള്ള വിശ്വാസം. വിശുദ്ധ ഖുര്‍ആനിലും ഹദീസിലും അതിനെക്കുറിച്ച ധാരാളം വിശദീകരണങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ഖദ്‌റിലുള്ള വിശ്വാസം ഏറ്റവും തീക്ഷണമായി പ്രകടമായിരുന്നത് പ്രവാചകന്റെയും അദ്ദേഹത്തിന്റെ അനുയായികളുടെയും ജീവിതത്തിലായിരുന്നു. എന്നാല്‍ അതൊരിക്കലും സത്യസന്ധമായ ജീവിതം നയിക്കുന്നതില്‍ നിന്നും അല്ലാഹുവോട് നിരന്തരമായി പ്രാര്‍ത്ഥിക്കുന്നതില്‍ നിന്നും അവരെ തടഞ്ഞിരുന്നില്ല. ഖദ്‌റിലുള്ള വിശ്വാസം ഉള്ളതോടൊപ്പം തന്നെ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ മല്‍സരിക്കുകയായിരുന്നു അവര്‍. അതിനാല്‍ തന്നെ ഖദ്‌റില്‍ വിശ്വസിക്കുക എന്നതിനര്‍ത്ഥം ജീവിത വ്യവഹാരങ്ങളിലൊന്നും ഇടപെടാതെ ഏതെങ്കിലും മലമുകളില്‍ പോയി ആരാധനകളുമായി കഴിയുക എന്നതല്ല. മറിച്ച്, അല്ലാഹുവെ മുന്‍നിര്‍ത്തി ഈ ലോകത്ത് നിരന്തരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നതാണ്.

ഖദ്‌റുമായി ബന്ധപ്പെട്ട് ധാരാളം ദൈവശാസ്ത്ര ചര്‍ച്ചകളും വിഭാഗങ്ങളും ഉയര്‍ന്ന് വന്നിട്ടുണ്ട്. ജബരിയ്യ, അശ്അരിയ്യ, ഖദിരിയ്യ എന്നിവ അവയില്‍ ചിലതാണ്. ജബരിയ്യ എന്ന ദൈവശാസ്ത്ര വിഭാഗം പറയുന്നത് മനുഷ്യന് അവന്റെ ജീവിത വ്യവഹാരങ്ങളില്‍ യാതൊരു പങ്കുമില്ല എന്നാണ്. അഥവാ, എല്ലാം അല്ലാഹു മുന്‍കൂട്ടി നിശ്ചയിച്ച് വെച്ചതാണ് എന്നര്‍ത്ഥം. മുആവിയയുടെ കാലത്താണ് ഈ വിഭാഗം ഉയര്‍ന്ന് വരുന്നത്. അതിലൂടെ തനിക്കെതിരായ ജനവികാരത്തെ തടഞ്ഞ് നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മുആവിയയുടെ ഭരണകൂടവുമായി ജബരിയ്യ പണ്ഡിതര്‍ക്ക് ബന്ധങ്ങളുണ്ടായിരുന്നു. ഭരണകൂടത്തിനെതിരെ ശബ്ദിക്കാത്ത, വെറും ആരാധന കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്ന പ്രജകളെ വളര്‍ത്തിയെടുക്കുക എന്നതായിരുന്നു അതിലൂടെ മുആവിയ ലക്ഷ്യമിട്ടിരുന്നത്. ജീവിത വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട എല്ലാം അല്ലാഹു മുന്‍കൂട്ടി നിശ്ചയിക്കുന്നതാണെന്നും മനുഷ്യര്‍ക്ക് യാതൊരു വിധത്തിലുള്ള പങ്കും നിര്‍വ്വഹിക്കാനില്ല എന്നുമാണ് ജബരിയ്യ ദൈവശാസ്ത്രകാരന്‍മാര്‍ പ്രചരിപ്പിച്ചിരുന്നത്.

എന്നാല്‍ ഈ വിഭാഗത്തിനെതിരെ മുആവിയയുടെ കാലത്ത് തന്നെ ചിലയാളുകള്‍ രംഗത്ത് വരുകയുണ്ടായി. അവരെ സംബന്ധിച്ചിടത്തോളം മനുഷ്യന്‍ ഒരു സ്വതന്ത്രജീവിയാണ്. താനെന്താണ് ചെയ്യേണ്ടത്, ചെയ്യരുതാത്തത് എന്ന് തീരുമാനിക്കാന്‍ അവനെക്കൊണ്ട് സാധിക്കും. അതേസമയം ഈ രണ്ട് തീവ്രതക്കും മധ്യേയുള്ള ഒരു ദൈവശാസ്ത്ര സമീപനവുമായാണ് അശ്അരിയ്യ വിഭാഗം കടന്ന് വരുന്നത്. അവരെ സംബന്ധിച്ചിടത്തോളം മനുഷ്യന്റെ പ്രവര്‍ത്തനത്തിനും ഖദ്‌റിനും ഒരേസമയം പ്രാധാന്യമുണ്ട്. ഒരു പ്രവര്‍ത്തനത്തിലുമേര്‍പ്പെടാതെ വെറുതെയിരുന്ന് ദൈവികവിധികളെ ഏറ്റ് വാങ്ങലല്ല ഖദ്ര്‍ എന്നാണവര്‍ പറയുന്നത്. മറിച്ച്, അല്ലാഹുവെ മുന്‍നിര്‍ത്തിയുള്ള സല്‍ക്കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ട് കൊണ്ട് ജീവിതം നയിക്കുകയാണവന്‍ ചെയ്യേണ്ടത്. മനുഷ്യന്റെ പരിപൂര്‍ണ്ണമായ സ്വാതന്ത്ര്യത്തിനും അസ്വാതന്ത്ര്യത്തിനും മധ്യേയുള്ള സന്തുലിതമായ ഒരു സമീപനമാണത്.

എന്നാല്‍, ഖദിരിയ്യ വിഭാഗം വിശ്വസിക്കുന്നത് മനുഷ്യര്‍ക്ക് പരിപൂര്‍ണ്ണമായ സ്വാതന്ത്ര്യം ദൈവം വകവെച്ചു നല്‍കിയിട്ടുണ്ട് എന്നാണ്. മനുഷ്യന്റെ ദിനേനയുള്ള ജീവിതവ്യവഹാരങ്ങളുടെ പരിപൂര്‍ണ്ണമായ ഉത്തരവാദിത്വം അവന് തന്നെയാണ് എന്നാണവര്‍ പറയുന്നത്. അതേസമയം ഈ വിഭാഗം അധിക കാലം നിലനിന്നിട്ടില്ല. പിന്നീട് ഖദിരിയ്യ ദൈവശാസ്ത്രത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തി്‌ക്കൊണ്ട് ഒരുവിഭാഗം ഉയര്‍ന്ന് വരികയുണ്ടായി. നവ ഖദിരിയ്യക്കാര്‍ എന്നാണവര്‍ അറിയപ്പെടുന്നത്. അവര്‍ മനുഷ്യന്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്പോള്‍ തന്നെ അനശ്വരമായ ജ്ഞാനം അല്ലാഹുവിങ്കലാണ് എന്ന് വാദിക്കുകയും ചെയ്യുന്നു. അഥവാ, മനുഷ്യരുടെ പരിണതി എന്താണെന്ന് നേരത്തെത്തന്നെ അ്ല്ലാഹു തീരുമാനിച്ച് വെച്ചിട്ടുണ്ട് എങ്കിലും തന്റെ ഇഷ്ടം പോലെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും അവന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ മനുഷ്യന്റെ വളരെ പരിമിതിമായ യുക്തിക്കകത്ത് നിന്ന് കൊണ്ട് സങ്കീര്‍ണ്ണമായ ഈ വിഷയം മനസ്സിലാക്കുക പ്രയാസമാണ് എന്നാണവര്‍ പറയുന്നത്.

സയ്യിദ് ഖുതുബിനെ സംബന്ധിച്ചിടത്തോളം മനുഷ്യരുടെ കൈകള്‍ രണ്ടും കെട്ടിയിടുന്നതിനല്ല ഖദ്ര്‍ എന്നു പറയുന്നത്. ഒരു വിശ്വാസി യഥാര്‍ത്ഥത്തില്‍ മുകല്ലഫാണ് (ചുമതലയേല്‍പിക്കപ്പെട്ടവന്‍). പ്രായപൂര്‍ത്തിയാവുക എന്നാണതിനര്‍ത്ഥം. അഥവാ, മനുഷ്യന് മതപരവും സാമൂഹികവുമായ രംഗങ്ങളില്‍ ഇടപെടാനും നിലപാടുകള്‍ സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം അല്ലാഹു മനുഷ്യര്‍ക്ക് വകവെച്ചു കൊടുത്തത് കൊണ്ടാണ് എണ്ണിയാലൊടുങ്ങാത്ത ദൈവശാസ്ത്ര ചര്‍ച്ചകളും വിഭാഗങ്ങളും ഇസ്‌ലാമിലുണ്ടായത് എന്നാണ്. ഖുതുബ് പറയുന്നത് മനുഷ്യന് ജ്ഞാനവും തന്റെ വഴി തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അല്ലാഹു നല്‍കിയിട്ടുണ്ട് എന്നാണ്. അതിനാല്‍ തന്നെ ശരിയായ വഴിയേത്, തെറ്റായ വഴിയേത് എന്ന് നിര്‍വ്വചിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും മനുഷ്യന് സാധ്യമാണ്. അതേസമയം സയ്യിദ് ഖുതുബിനെ സംബന്ധിച്ചിടത്തോളം മനുഷ്യന്റെ ഈ സ്വാതന്ത്ര്യം എന്നത് അല്ലാഹുവിന്റെ പരീക്ഷണമാണ്. അല്ലാഹു നല്‍കിയ സ്വാതന്ത്ര്യമുപയോഗിച്ച് മനുഷ്യന്‍ എന്താണ് ചെയ്യുന്നത് എന്ന് നിരീക്ഷിക്കുകയാണവന്‍. ഖദ്‌റിനെക്കുറിച്ച പരാമര്‍ശങ്ങളിലെല്ലാം സയ്യിദ് ഖുതുബ് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, തെറ്റായ രീതിയില്‍ ഖദ്‌റിനെ മനസ്സിലാക്കിക്കൊണ്ട് സാമൂഹ്യ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുന്നവരെ അദ്ദേഹം രൂക്ഷമായ വിമര്‍ശനത്തിന് വിധേയമാക്കുന്നുണ്ട്.

വിവ: സഅദ് സല്‍മി

ഫീളിലാലുല്‍ ഖുര്‍ആന്‍; ചരിത്രവും പ്രത്യേകതകളും

ഖുര്‍ആന്റെ തണലിലെ ദൈവശാസ്ത്ര ചര്‍ച്ചകള്‍ - 3

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics