കുര്‍ത്തക്കുള്ളിലെ പൂണൂല്‍ എന്തുകൊണ്ട് ചര്‍ച്ചയാവുന്നില്ല!

'അടിച്ചമര്‍ത്തപ്പെട്ട' സ്ത്രീകളെക്കുറിച്ച' സവര്‍ണ്ണ നിര്‍വ്വചനത്തെ പ്രചരിപ്പിക്കാന്‍ 'ബ്രാഹ്മണന്‍ ബ്രാഹ്മണന് വേണ്ടിയെടുത്ത' സിനിമയാണ് 'ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ'. തങ്ങളുടെ വ്യക്തിപരവും ലൈംഗികവുമായ വിമോചനത്തെ ഉയര്‍ത്തിപ്പിടിക്കുന്ന സ്ത്രീകളെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. അതേസമയം മുസ്‌ലിം പുരുഷന്‍മാരെ അടിച്ചമര്‍ത്തുന്നവരും സ്ത്രീവിരുദ്ധരുമായി ചിത്രീകരിച്ച് കൊണ്ടാണ് സിനിമ സ്ത്രീ സ്വാതന്ത്ര്യം ആഘോഷിക്കുന്നത്.  ഇസ്‌ലാമോഫോബിയയാണ് ഒരു ബ്രാഹ്മണ-പുരുഷാധിപത്യ സമീപനം സ്വീകരിക്കുന്ന ഈ സിനിമയിലുടനീളം നിറഞ്ഞ് നില്‍ക്കുന്നത്.

ഈ വിവാദ സ്ത്രീപക്ഷ സിനിമ നിങ്ങളൊരുപക്ഷെ കണ്ടിട്ടുണ്ടാകും. ഭോപ്പാലിലെ ഒരു ചെറിയ നഗരത്തില്‍ ജീവിക്കുന്ന നാല് സ്ത്രീകളുടെ കഥയാണ് സിനിമ പറയുന്നത്. സ്വകാര്യജീവിതം നയിച്ച് കൊണ്ട് അവര്‍ ലൈംഗിക സ്വാതന്ത്ര്യത്തെ ആഘോഷിക്കുകയും വ്യവസ്ഥയെ വെല്ലുവിളിക്കുകയും ചെയ്യുന്നു. ബുര്‍ഖ ധരിക്കുന്ന കോളേജ് വിദ്യാര്‍ത്ഥിനിയായ രെഹാന ആബിദി, ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മൂ്ന്ന് കുട്ടികളുടെ ഉമ്മയായ ശിറീന്‍ അസ്‌ലം, ബ്യൂട്ടീഷ്യയായ ലീല, ഒരു നീന്തല്‍ പരിശീലകനുമായി പ്രണയത്തിലാകുന്ന 55 വയസ്സ് പ്രായമുള്ള വിധവയായ ഉഷ പര്‍മാര്‍ തുടങ്ങിയ സ്ത്രീകളുടെ കഥയാണ് സിനിമ പറയുന്നത്.

തീര്‍ച്ചയായും പുരുഷാധിപത്യവും സ്ത്രീവിമോചനവും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്. എന്നാല്‍ എങ്ങനെയാണ് ലിംഗസമത്വം, മനുഷ്യാവകാശം, സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളെ നാം അഭിമുഖീകരിക്കേണ്ടത് എന്നത് വളരെ പ്രസക്തമായ ചോദ്യമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

തീര്‍ച്ചയായും സിനിമാ സംവിധായകര്‍ മുസ്‌ലിംകളെയും അടിച്ചമര്‍ത്തപ്പെടുന്ന മറ്റ് സമുദായങ്ങളെയും കുറിച്ച ബ്രാഹ്മണിക്കലായ വാര്‍പ്പുമാതൃകകളില്‍ നി്ന്ന് സ്വയം വിമോചിതരാകേണ്ടതുണ്ട്. അവര്‍ പ്രധാനമായും ദലിത്-ബഹുജന്‍ സ്ത്രീകളുടെ ലൈംഗിക സ്വാതന്ത്ര്യത്തെയും വിമോചനത്തെയും കുറിച്ചാണ് സംസാരിക്കുന്നത്. ഈ സിനിമയിലൂടെ നിര്‍മ്മാതാവായ പ്രകാശ് ജായും സംവിധായകനായ അലങ്ക്രിത ശ്രീവാസ്തവയും മുസ്‌ലിം, ദലിത് സ്ത്രീ ശരീരങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് നടത്തുന്നത്. ആ സമുദായങ്ങളെക്കുറിച്ച വാര്‍പ്പുമാതൃകകളിലൂടെയാണ് അവരത് സാധ്യമാക്കുന്നത്. സിനിമയിലെ ഒരു മുസ്‌ലിം സ്ത്രീക്ക് ജീന്‍സും മറ്റ് ഇറുകിയ വസ്ത്രങ്ങളും ധരിച്ചാല്‍ മാത്രമേ തന്റെ സവര്‍ണ്ണ സുഹൃത്തുക്കളെ സന്തോഷിപ്പിക്കാനും സ്വാതന്ത്ര്യം സാധ്യമാക്കാനും കഴിയുകയുള്ളൂ. വേറൊരു മുസ്‌ലിം പെണ്ണ് തന്റെ ജോലി മറച്ച് വെക്കുകയും രാത്രികളില്‍ സ്ഥിരമായി 'ബലാല്‍സംഘം' ചെയ്യപ്പെടുന്നവളുമാണ്. കുട്ടികളെ ഉല്‍പ്പാദിപ്പിക്കുന്ന ഒരു മെഷീനായാണ് അവര്‍ സിനിമയില്‍ ചിത്രീകരിക്കപ്പെടുന്നത്. മുസ്‌ലിം പുരുഷന്‍മാരാകട്ടെ, സ്ത്രീകളെ അടിച്ചമര്‍ത്തുന്നവരും പരസ്ത്രീ ബന്ധങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരുമാണ്. കുട്ടികളെ ഉല്‍പ്പാദിപ്പിക്കുക എന്നത് മാത്രമേ അവര്‍ക്കറിയുകയുള്ളൂ. സിനിമയിലെ ഒരു കഥാപാത്രമായ രെഹാന ആബിദിയുടെ ഉപ്പ പോലും മകളെ സ്‌നേഹിക്കാനറിയാത്ത ക്രൂരനായാണ് ചിത്രീകരിക്കപ്പെടുന്നത്. സിനിമയിലെ ഒരു മുസ്‌ലിം കുടുംബം പോലും സന്തുഷ്ട ജീവിതം നയിക്കുന്നില്ല.

ഇസ്‌ലാമോഫോബിയ നിറഞ്ഞ ഉള്ളടക്കമാണ് സിനിമയിലുടനീളം നമുക്ക് കാണാന്‍ കഴിയുക. സൗദി അറേബ്യയെക്കുറിച്ച പരാമര്‍ശം ഷിറീന്റെ ഭര്‍ത്താവിനെ ക്രൂരനാക്കുന്നു. തന്റെ ബാഗില്‍ നിന്ന് തോക്കെടുന്ന ശിറീന്റെ ബുര്‍ഖയാണ് ആ രംഗത്തെ ഭയാനകമാക്കുന്നത്. സമകാലികമായ ഇന്ത്യന്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ തെറ്റായ സന്ദേശമാണ് ഒരു ശരാശരി പ്രേക്ഷകന് ഈ ചിത്രം നല്‍കുക. എത്രത്തോളമാണ് മുസ്‌ലിം പുരുഷന്‍മാരെക്കുറിച്ച സവര്‍ണ്ണ വാര്‍പ്പുമാതൃകകള്‍ നിലനിര്‍ത്താന്‍ സിനിമ ശ്രമിച്ചിട്ടുള്ളത് എന്ന് അത് കണ്ട്കഴിയുമ്പോള്‍ നമുക്ക് ബോധ്യമാകും.

സിനിമയിലെ നാല് സ്ത്രീകളും സവര്‍ണ്ണമായ സാമൂഹിക പശ്ചാത്തലങ്ങളില്‍ നി്ന്ന് വരുന്നവരല്ല. താഴ്ന്ന ജാതിയില്‍ പെട്ട ലീല അവളുടേതായ ഒരു ലൈംഗിക ഭാവനാ ലോകത്ത് ജീവിക്കുവളാണ്. ജീവിക്കാന്‍ വേണ്ടി അവരെന്ത് കള്ളത്തരങ്ങളും കാണിക്കും. അവളുടെ അമ്മയാകെട്ട, പെയിന്റിംഗിന് വേണ്ടി തന്റെ ശരീരത്തെ വില്‍ക്കുവരുമാണ്. മുസ്‌ലിം-ദലിത് സ്ത്രീകളെ െൈലംഗിക വസ്തുക്കളായി മാത്രം കാണുന്ന ബ്രാഹ്മണ-പുരുഷാധിപത്യ സമീപനങ്ങളെ പിന്തുണക്കുകയാണ് ഇവിടെ സിനിമ ചെയ്യുന്നത്. ലൈംഗിക വിമോചനത്തിന്റെ പേരിലാണത് എന്നതാണ് രസകരമായ കാര്യം.

സിനിമയുടെ തലക്കെട്ട് തന്നെ അങ്ങേയറ്റം പ്രശ്‌നകരമാണ്. ബുര്‍ഖയെ പീഢനത്തിന്റെയും ലിപ്സ്റ്റിക്കിനെ സ്വാതന്ത്ര്യത്തിന്റെയും ചിഹ്നമായാണ് അത് ചിത്രീകരിക്കുന്നത്. ബ്രാഹ്മണിക്കലായ പുരുഷാധിപത്യ സമീപനമാണ് അതിലൂടെ സിനിമ പ്രകടിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സ്ത്രീകളുടെ ലൈംഗിക വിമോചനത്തെക്കുറിച്ചല്ല സിനിമ സംസാരിക്കുന്നത്. മറിച്ച് അവരെ വെറും ലൈംഗിക വസ്തുക്കളായി തരംതാഴ്ത്തുകയാണ് ചെയ്യുന്നത്. ദലിത്-മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്ത്രീ വിമോചനത്തിന് ഗൗരവകരമായ അര്‍ത്ഥതലങ്ങളാണുള്ളത്. സവര്‍ണ്ണ ഫെമിനിസ്റ്റുകള്‍ അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകളക്കുറിച്ചും അവരുടെ ഫെമിനിസ്റ്റ് വായനകളെക്കുറിച്ചും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. സവര്‍ണ്ണരെ സംബന്ധിച്ചിടത്തോളം ലിപ്സ്റ്റിക്ക് ആണ് സ്ത്രീവിമോചനത്തിന്റെ അടയാളമെങ്കില്‍ അടിച്ചമര്‍ത്തപ്പെടുന്ന സത്രീ വിഭാഗങ്ങള്‍ക്ക് അതായിരിക്കില്ല. ഒരുക്ഷേ, പീഢനത്തിന്റെ അടയാളമായായിരിക്കാം ദലിത്-മുസ്‌ലിം സ്ത്രീകള്‍ അതിനെ കാണുന്നത്. അല്ലെങ്കിലും ലിപ്സ്റ്റിക്കിന് എങ്ങനെയാണ് സ്ത്രീകളെ വിമോചിപ്പിക്കാന്‍ കഴിയുക? ദേവദാസികള്‍ ലിപ്സ്റ്റിക്കിനെ കാണുന്നത് അടിച്ചമര്‍ത്തലിന്റെ രൂപകമായാണ്. എന്ത് സന്ദേശമാണ് സിനിമ അവര്‍ക്കെല്ലാം നല്‍കുന്നത്?

ഇതൊരു ഫെമിനിസ്റ്റ് സിനിമയാണോ? യഥാര്‍ത്ഥത്തില്‍ ബ്രാഹ്മണിക്കലായ ആഖ്യാനം പുരുഷാധിപത്യത്തെ അഭിമുഖീകരിക്കുകയില്ല. കാരണം, ബ്രാഹ്മണിസത്തിലാണ് പുരുഷാധിപത്യം നിലകൊള്ളുന്നത്. ഈ സിനിമ ചെയ്യുന്നത് ഇസ്‌ലാമോഫോബിയ നിറച്ചുകൊണ്ട് ദലിത്-മുസ്‌ലിം സ്ത്രീകളെക്കുറിച്ച വാര്‍പ്പുമാതൃകകള്‍ അവതരിപ്പിക്കുകയാണ്.


സവര്‍ണ്ണരെ സംബന്ധിച്ചിടത്തോളം ദലിത്-മുസ്‌ലിം ജീവിതങ്ങളെക്കുറിച്ച് ഇങ്ങനെയൊരു സിനിമയെടുക്കുക എന്നത് വളരെ എളുപ്പമാണ്. കാരണം സവര്‍ണ്ണര്‍ക്ക് അത്തരം ജീവിതങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ല. ഇനി എന്റെ അടുത്ത ചോദ്യമിതാണ്: 'സവര്‍ണ്ണ സ്ത്രീകള്‍ ലൈംഗികമായി വിമോചിക്കപ്പെട്ടവരാണോ അതോ അടിച്ചമര്‍ത്തപ്പെട്ടവരോ? എന്ത്‌കൊണ്ടാണ് അവരില്‍ പെട്ട ആരെയും സിനിമയില്‍ ചിത്രീകരിക്കാതിരുന്നത്? എന്ത്‌കൊണ്ടാണ് സവര്‍ണ്ണ ലിബറല്‍ ഫെമിനിസ്റ്റുകള്‍ തങ്ങളുടെ ക്യാമറ എപ്പോഴും ദലിത്-മുസ്‌ലിംകളുടെ നേരെ തിരിച്ചു വെക്കുന്നത്? ആരാണ് അവര്‍ക്കതിന് അധികാരം നല്‍കിയത്? സവര്‍ണ്ണ ജീവിതങ്ങളുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് അവരെന്താണ് ബോധവാന്‍മാരല്ലാത്തത്? വൃദ്ധാവനിലെ വിധവകളെക്കുറിച്ചും കാപ്പ് പഞ്ചായത്തുകളിലെ സ്ത്രീകളെക്കുറിച്ചും അവരെന്ത് കൊണ്ടാണ് സംസാരിക്കാത്തത്?

ദിനേനയെന്നോണം പീഢനങ്ങള്‍ ഏറ്റ് വാങ്ങുന്ന ഒരുപാട് സവര്‍ണ്ണ-ബ്രാഹ്മണ സ്ത്രീകളെ എനിക്ക് നേരിട്ടറിയാം. സവര്‍ണ്ണ പുരുഷന്‍മാരുടെ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വേണ്ടി അവര്‍ ഗര്‍ഭഛിദ്രത്തിന് വിധേയമാകാറുണ്ട്. മാത്രമല്ല, തങ്ങളുടെ ഭര്‍ത്താക്കന്‍മാരുടെ പരസ്ത്രീ ബന്ധത്തിന്റെ ഫലമായി എയ്ഡ്‌സ് ബാധിച്ചവരെയും എനിക്കറിയാം. എന്റെ അയല്‍വാസി കൂടിയായ ഒരു സവര്‍ണ്ണ സ്ത്രീയുടെ വീട്ടില്‍ നിന്ന് ദിവസേന ഞാന്‍ ഉച്ചത്തിലുള്ള നിലവിളികള്‍ കേള്‍ക്കാറുണ്ട്.

എന്ത്‌കൊണ്ടാണ് മുസ്‌ലിം പുരുഷന്‍മാരുടെ കീഴില്‍ 'ഞെരിഞ്ഞമരുന്ന' മുസ്‌ലിം സ്ത്രീകളുടെ കദനകഥകള്‍ മാത്രം നാം നിരന്തരം കേള്‍ക്കേണ്ടി വരുന്നത്? ബലാല്‍സംഘത്തിന് ഇരകളായ മുസ്‌ലിം  സ്ത്രീകളുടെയും കശ്മീരിലെ പകുതി വിധവകളുടെയും അവസ്ഥകള്‍ നാം അറിയേണ്ടതല്ലേ? ജീന്‍സും ലിപ്സ്റ്റിക്കുമെല്ലാം എങ്ങനെയാണ് സാമുദായിക സംഘര്‍ഷങ്ങളുടെയും ഇന്ത്യന്‍ സൈന്യത്തിന്റെയും അക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളെ വിമോചിപ്പിക്കുക?

ഇസ്‌ലാമോഫോബിയ നിറഞ്ഞ ഇന്ത്യയിലെ സാമൂഹ്യ പശ്ചാത്തലത്തില്‍ ഈ സിനിമ മുസ്‌ലിംകള്‍ക്കെതിരായ മുന്‍ധാരണകളും വെറുപ്പും അധികരിപ്പിക്കുകയാണ് ചെയ്യുക. സിനിമക്കെതിരെ സംസാരിച്ച മുസ്‌ലിം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമെതിരെയുണ്ടായ ആക്ഷേപങ്ങള്‍ തന്നെ എന്ത് സന്ദേശമാണ് സിനിമ നല്‍കുന്നതിന് എന്നതിന്റെ തെളിവാണ്. ചുരുക്കത്തില്‍ മുസ്‌ലിം സ്ത്രീകളെ ഇരവല്‍ക്കരിച്ച് കൊണ്ട് അവരുടെ രക്ഷകസ്ഥാനം ചമയുന്ന ബ്രാഹ്മണ-ഹിന്ദുത്വ അജണ്ടകളെയാണ് ഈ സിനിമ പ്രചരിപ്പിക്കുന്നത് എന്ന് പറയുന്നതില്‍ യാതൊരു തെറ്റുമില്ല.

വിവ: സഅദ് സല്‍മി
അവലംബം: roundtableindia.co.in

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics