ആതിര, ഹാദിയ, കമല സുറയ്യ; ഇസ്‌ലാം ഭീതിയുടെ പല മുഖങ്ങള്‍

ആതിരയുടെ പൂര്‍വ്വ മതത്തിലേക്കുള്ള മടക്കത്തെക്കുറിച്ച പലതരം ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ആതിര ഇസ്‌ലാം സ്വീകരിച്ചതും നിരാകരിച്ചതുമെല്ലാം അത്രമേല്‍ വൈകാരികത ക്ഷണിച്ചു വരുത്തുന്ന ഒരു കാര്യമായതെങ്ങിനെയാണ്? ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്ര പരിസരത്തു നിന്ന് വീക്ഷിക്കുമ്പോള്‍ അതീവ ലളിതവും തീര്‍ത്തും സുതാര്യവുമായ ഒരു പ്രക്രിയയാണ് ഒരാളുടെ ഇസ്‌ലാം തിരഞ്ഞെടുപ്പ്. താല്‍പര്യമുണ്ടെങ്കില്‍ സ്വീകരിക്കാം അല്ലെങ്കില്‍ തിരസ്‌കരിക്കാം. ബലാല്‍ക്കാരം ഒട്ടുമേയില്ല. അടിച്ചേല്‍പ്പിക്കലുകളൊ സമ്മര്‍ദ്ദങ്ങളൊ ഇല്ല. വാള്‍മുനയില്‍ നിര്‍ത്തി ഭീതിപ്പെടുത്തി ഇസ്‌ലാമിലേക്ക് ആളെ കൂട്ടിയെന്ന പ്രചാരണങ്ങളിലൂടെ രൂപപ്പെടുത്തിയ വ്യാജ ചരിത്ര നിര്‍മ്മിതികളെ സര്‍ തോമസ് ആര്‍നോള്‍ഡിനെപ്പോലുള്ള പാശ്ചാത്യ എഴുത്തുകാര്‍ പരിഹാസപൂര്‍വ്വം നിഷേധിച്ചിട്ടുണ്ട്. പരിവര്‍ത്തനത്തിന്റെ പ്രഭവ കേന്ദ്രം മനസ്സാണെന്നിരിക്കെ ശരീര പീഢകളിലൂടെ അതിനെ ഇളക്കി പ്രതിഷ്ഠിക്കാമെന്ന യുക്തിരാഹിത്യത്തെയാണ് അവരൊക്കെയും ചോദ്യം ചെയ്തത്.

കേരളത്തിലെ ഇസ്‌ലാമിന്റെ വളര്‍ച്ചയെ അടയാളപ്പെടുത്തുന്ന പല ചരിത്രരേഖകളിലും ഈ നിര്‍ബന്ധിത മതം മാറ്റത്തിന്റെ 'ഭീകരത'യെ ബോധപൂര്‍വ്വം എഴുന്നള്ളിച്ചിട്ടുണ്ട്. ടിപ്പു സുല്‍ത്താനും ഔറംഗസേബുമെല്ലാം ഇത്തരത്തില്‍ അധികാരത്തിന്റെ ബലത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ ഇന്ത്യയില്‍ നടപ്പിലാക്കിയ വരായിട്ടാണ് സംഘ്പരിവാര്‍ വ്യാപക വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത്. യൂറോപ്പില്‍ ഓറിയന്റലിസ്റ്റുകളും ഇന്ത്യയില്‍ ബ്രാഹ്മണിക്കല്‍ വലതുപക്ഷ എഴുത്തുകാരും നിരന്തരം എഴുതിയും പറഞ്ഞും പ്രചരിച്ചതാണ് നിര്‍ബന്ധ മതപരിവര്‍ത്തനത്തിന്റെ ഈ വ്യാജ ചരിത്രം. 'പൊന്നാനിയില്‍ പോയി തൊപ്പിയിടാം' എന്ന മുസ്‌ലിം വിരുദ്ധ പൊതുബോധം നിരന്തരം മലയാള സിനിമകളിലും മറ്റും ഉപയോഗിച്ചു പോന്നിരുന്ന പ്രസ്താവനകള്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന പ്രക്രിയയെ പരിഹസിച്ചും വില കുറച്ചും പ്രതിരോധിച്ച് നിര്‍ത്തുന്ന സവര്‍ണ്ണ രീതികളിലൊന്നാണ്.

കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം പരിശോധിക്കുമ്പോള്‍ ആതിരക്കു മുമ്പും മതപരിവര്‍ത്തനത്തെക്കുറിച്ച വലിയ ചര്‍ച്ചകള്‍ ഇവിടെ നടന്നിട്ടുണ്ട്. മാധവിക്കുട്ടി കമലാ സുറയ്യയായത് കേരളത്തിന്റെ വ്യാജ സാംസ്‌കാരിക ബോധത്തെ എത്രമേല്‍ അസ്വസ്ഥപ്പെടുത്തിയെന്നത് ചരിത്രമാണ്. ആതിരയുടെയും ഹാദിയയുടെയുമെല്ലാം ഇസ്‌ലാമാശ്ലേഷണത്തെ ഐഎസിലും സിറിയയിലും ആടുമേയ്ക്കലിലുമെല്ലാം വരവ് വെക്കുന്ന രീതിയാണിന്ന് സ്വീകരിക്കുന്നതെങ്കില്‍ കമല സുറയ്യയുടെ കാര്യത്തില്‍ ലിബറബറല്‍ ജനാധിപത്യവാദികള്‍ക്കു പോലും അത് ഭ്രാന്തും ഒരു മുസ്‌ലിം പുരുഷനോടുള്ള പ്രണയത്തിന്റെ ബാക്കിപത്രവുമാണ്. അല്ലാതെ ഇസ്‌ലാമിക ദര്‍ശനത്തിന്റെ എന്തെങ്കിലും മേന്മ കണ്ടല്ല ഇവരൊന്നും അത് തിരഞ്ഞെടുത്തത് എന്ന് വരുത്തി തീര്‍ക്കലായിരുന്നു അവരുടെ ലക്ഷ്യം. കമല സുറയ്യയുടെ ഇസ്‌ലാം ആശ്ലേഷണത്തെ വില കുറച്ചുകാണിക്കാന്‍ അക്കാലത്ത് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ബുദ്ധമതം സ്വീകരിച്ചിരുന്നു. കവയത്രി സുഗതകുമാരിയും പ്രമുഖ പത്രപ്രവര്‍ത്തക ലീലാ മേനോനും അവരിരുവരുടെയും അസഹിഷ്ണുത പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.പല സാഹിത്യകാരന്‍മാരും ഒളിഞ്ഞും തെളിഞ്ഞും അക്കാലത്ത് ഈ മതം മാറ്റത്തിനു നേരെ എയ്തു വിട്ട ഒളിയമ്പുകളെയെല്ലാം ഒരേ ഒരു സംജ്ഞയിലേക്ക് ചുരുക്കിയാല്‍ അതിന്റെ പേരാണ് ഇസ്‌ലാമോഫോബിയ. കമലാദാസിനെപ്പോലെ ലോകമറിയുന്ന ഒരു എഴുത്തുകാരിയുടെ ഇസ്‌ലാം സ്വീകരണത്തെ ശുദ്ധ ഭ്രാന്തായി കണ്ടിരുന്ന അതേ സാമൂഹിക മനോ ഘടനയുടെ മറ്റൊരു എഡിഷനാണ് ആതിരയുടെയും ഹാദിയ യുടെയുമെല്ലാം കാര്യത്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.

ഏറ്റവും അവസാനമായി ആതിരയുടെ നിര്‍ബന്ധിത മതപരിവര്‍ത്തനമായിരുന്നു എന്ന് ജനം ടി.വി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആ അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം പുറത്ത് വിട്ട മീഡിയ വണ്‍ ചാനല്‍ ആതിര ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയോ പ്രണയത്തിന്റെ പേരിലോ അല്ല ആദ്യം ഇസ്‌ലാം തിരഞ്ഞെടുത്തത് എന്ന് പറയുന്നുണ്ട്. ആതിരയുടെയും ഹാദിയയുടെയും കാര്യത്തില്‍ ഇസ്‌ലാം അവരുടെ സഹപാഠികളായ മുസ്‌ലിം പെണ്‍കുട്ടികളുടെ ജീവിത ശൈലിയില്‍ നിന്നാണ് അവര്‍ മനസിലാക്കുന്നത്. യൂറോപ്പിലുടനീളം ഇതു തന്നെയാണ് സംഭവിക്കുന്നത്. മുസ്‌ലിം സുഹൃത്തിന്റെ ജീവിത വെളിച്ചത്തില്‍ നിന്ന് ഒരു തിരി കൊളുത്തുകയാണവര്‍. ഇങ്ങിനെ പരിവര്‍ത്തനം സംഭവിച്ചവരെ ഭീഷണി കൊണ്ട് എത്ര കാലം സംഘ് പരിവാറിന് പിടിച്ചു നിര്‍ത്താനാകും. അല്ലാഹു പറയുന്നത് അവരെത്ര വെറുത്താലും ആഞ്ഞൂതിയാലും ഈ വെളിച്ചം അണയാന്‍ പോകുന്നില്ല എന്നാണ്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus