ഫീളിലാലുല്‍ ഖുര്‍ആന്റെ പിറവി

ഫീളിലാലുല്‍ ഖുര്‍ആന്‍; ചരിത്രവും പ്രത്യേകതകളും

ഫീളിലാലുല്‍ ഖുര്‍ആന്‍; ചരിത്രവും പ്രത്യേകതകളും

ഖുര്‍ആന്റെ ഉള്ളടക്കം മനസ്സിലാക്കുക എന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരനിവാര്യതയാണ്. കാരണം, ഖുര്‍ആനെ അടിസ്ഥാനമാക്കിയാണ് ഒരു വിശ്വാസി തന്റെ ജീവിതത്തെ ക്രമപ്പെടുത്തേണ്ടത്. എണ്ണമറ്റ തഫ്‌സീറുകള്‍ പിറവിയെടുത്തത് അത്‌കൊണ്ടാണ്. അതിനാല്‍ തന്നെ ഒരു തഫ്‌സീര്‍ എഴുതുക എന്നതാണ് മുസ്‌ലിം ഉമ്മത്തിനോട് ഒരാള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും മഹത്തരമായ കാര്യം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്നാലിത് എല്ലാ പണ്ഡിതര്‍ക്കും ചെയ്യാന്‍ കഴിയുന്ന കാര്യമല്ല. ജീവിതം തന്നെ അതിനായി ഉഴിഞ്ഞ് വെക്കുന്നവര്‍ക്ക് മാത്രമേ അത് സാധ്യമാവുകയുള്ളൂ. ഫീളിലാലുല്‍ ഖുര്‍ആന്റെ തന്നെ ചരിത്രം പരിശോധിച്ചാല്‍ തഫ്‌സീര്‍ എഴുതുക എന്നത് അങ്ങേയറ്റം ശ്രമകരമായ ദൗത്യം തന്നെയാണെന്ന് മനസ്സിലാകും. ഫീളിലാലുല്‍ ഖുര്‍ആന്‍ ഇന്ന് ലോകത്ത് തന്നെ ഏറ്റവും പ്രസിദ്ധമായ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലൊന്നാണ്. ഏതൊരാള്‍ക്കും സമീപിക്കാവുന്ന വിധം വളരെ ലളിതവും അതേസമയം സാഹിതീയവുമായ ഭാഷയിലാണ് സയ്യിദ് ഖുതുബ് അതെഴുതിയിരിക്കുന്നത്.

1951 ന്റെ അവസാനത്തില്‍ ഒരു ഇസ്‌ലാമിക ജേര്‍ണലിലേക്ക് സയ്യിദ് ഖുതുബ് എഡിറ്ററായി ക്ഷണിക്കപ്പെട്ടിരുന്നു. സയ്യിദ് റമദാന്റെ നേതൃത്വത്തിലായിരുന്നു ആ ജേര്‍ണല്‍ ഇറങ്ങിയിരുന്നത്. അല്‍-മുസ്‌ലിമൂന്‍ എന്നായിരുന്നു അദ്ദേഹം അതിന് പേര്‍ നല്‍കിയിരുന്നത്. ലോകത്തുടനീളമുള്ള മുസ്‌ലിം ബുദ്ധിജീവികളെ ജേര്‍ണലുമായി സഹകരിക്കാന്‍ അദ്ദേഹം ക്ഷണിക്കുകയുണ്ടായി. അതിന്റെ ഭാഗമായാണ് അദ്ദേഹം സയ്യിദ് ഖുതുബിനെയും ക്ഷണിക്കുന്നത്. സയ്യിദ് ഖുതുബ് ആ ക്ഷണം സ്വീകരിക്കുകയും ഫീളിലാലുല്‍ ഖുര്‍ആന്‍ എന്ന പേരില്‍ എല്ലാ മാസവും ഒരു പംക്തി ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. സയ്യിദ് റമദാനാകട്ടെ, അതിന് സമ്മതിക്കുകയും ചെയ്തു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു ഖുര്‍ആന്‍ വ്യാഖ്യാനം തന്റെ ജേര്‍ണലില്‍ സ്ഥിരമായി പ്രസിദ്ധീകരിക്കപ്പെടുക എന്നത് സന്തോഷകരമായ കാര്യമായിരുന്നു. അതിനാല്‍ തന്നെയാണ് സയ്യിദ് ഖുതുബ് തന്റെ ആവശ്യമുന്നയിച്ചപ്പോള്‍ സന്തോഷത്തോടെ റമദാന്‍ അത് സമ്മതിച്ച് കൊടുത്തത്.

സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങള്‍ക്കാണ് സയ്യിദ് ഖുതുബ് പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. അതിനാല്‍ തന്നെ ഇസ്‌ലാമില്‍ നിന്നും സാമൂഹ്യ-രാഷ്ട്രീയ മേഖലകളെ മായ്ച്ചു കളഞ്ഞ മുസ്‌ലിംകളോടാണ് ഖുതുബ് പ്രധാനമായും സംവദിക്കുന്നത്. അതോടൊപ്പം തന്നെ തനിക്ക് മുമ്പ് ജീവിച്ച ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയെല്ലാം പാത പിന്തുടര്‍ന്ന് കൊണ്ടാണ് അദ്ദേഹം തഫ്‌സീറെഴുതിയിട്ടുള്ളത്. അതിനാല്‍ തന്നെ ചിലയാളുകള്‍ ചെയ്യുന്നത് പോലെ ഇസ്‌ലാമിന്റെ തഫ്‌സീര്‍ പാരമ്പര്യത്തില്‍ നിന്ന് അദ്ദേഹത്തെ വേര്‍പ്പെടുത്താന്‍ കഴിയില്ല. സയ്യിദ് ഖുതുബ് ഇസ്‌ലാമിനെ രാഷ്ട്രീയവല്‍ക്കരിച്ചു എന്നതാണ് അവരുടെ പ്രധാന ആരോപണം. എന്നാല്‍ വളരെ മര്‍മ്മപ്രധാനമായ ഇസ്‌ലാമിന്റെ രാഷ്ട്രീയ വശത്തെ ഖുര്‍ആനിക വെളിച്ചത്തില്‍ അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ഈജിപതില്‍ നിലനിന്നിരുന്ന മതപരം, രാഷ്ട്രീയം എന്ന ഇസ്‌ലാമിന് അന്യമായ വിഭജനത്തെ ധൈര്യപൂര്‍വ്വം വെല്ലുവിളിക്കുകയായിരുന്നു അദ്ദേഹം. അത്‌കൊണ്ട് തന്നെയാണ് അദ്ദേഹത്തെ ഭരണകൂടം തൂക്കിലേറ്റുന്നത്.

1952 ലാണ് സയ്യിദ് ഖുതുബിന്റെ ആദ്യത്തെ ലേഖനം ജേര്‍ണലിന്റെ മൂന്നാമത്തെ എഡിഷനിലാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. ഒരുപാട് സമയമെടുത്തും വിഷയത്തെ ആഴത്തില്‍ പഠിച്ചതിന് ശേഷവുമാണ് ആ ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നത്. അത്‌കൊണ്ടാണ് തുടക്കത്തിലെ എഡിഷനുകളിലൊന്നും ലേഖനം വരാതിരുന്നത്. ആദ്യത്തെ ലേഖനത്തില്‍ സൂറത്തുല്‍ ഫാതിഹയുടെയും അല്‍ ബഖറയുടെ ആദ്യസൂക്തങ്ങളുടെയും വ്യാഖ്യാനവുമാണ് ഉണ്ടായിരുന്നത്. സാഹിത്യകാരന്‍മാര്‍ക്കും സാധാരണ ജനങ്ങള്‍ക്കും ഒരുപോലെ ലേഖനം ഇഷ്ടപ്പെടുകയുണ്ടായി. സാഹിത്യ സമ്പുഷ്ടമായിരുന്നതോടൊപ്പം തന്നെ എല്ലാ വിഭാഗം ആളുകള്‍ക്കും പ്രാപ്യമായ ഭാഷയിലായിരുന്നു ആ ലേഖനം സയ്യിദ് ഖുതുബ് എഴുതിയിരുന്നത്. അതിന് ശേഷം പരമ്പരകളായി വീണ്ടും അദ്ദേഹം ഖുര്‍ആന്‍ വ്യാഖ്യാനം എഴുതുകയുണ്ടായി. വലിയൊരു വിഭാഗം വരുന്ന ഈജിപ്ത്യന്‍ ജനതയോട് സംവദിക്കാനുള്ള ഒരു സുവര്‍ണ്ണാവസരമായാണ് ഖുതുബ് അതിനെ മനസ്സിലാക്കിയിരുന്നത്.

ഏഴോളം എഡിഷനുകളിലായി സൂറത്തുല്‍ ബഖറയിലെ 103ാം സൂക്തം വരെയുള്ള വ്യാഖ്യാനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടതിന് ശേഷം അദ്ദേഹം എഴുത്ത് നിര്‍ത്തുകയും ഫീളിലാലുല്‍ ഖുര്‍ആന്‍ എഴുതുന്നതിനായി മുഴുവന്‍ സമയവും അദ്ദേഹം മാറ്റി വെക്കുകയും ചെയ്തു. എന്തിനാണ് താന്‍ തഫ്‌സീര്‍ എഴുതുന്നത് എന്ന ചോദ്യത്തിന് സയ്യിദ് ഖുതുബ് പ്രധാനമായും അഞ്ച് കാരണങ്ങളാണ് നിരത്തുന്നത്.

1) വിശുദ്ധ ഖുര്‍ആന്‍ എന്നത് മാലോകര്‍ക്ക് അല്ലാഹു നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണെന്ന് മുസ്‌ലിംകളെ ബോധ്യപ്പെടുത്തുകയും അത് വഴി തങ്ങളുട ഭാരിച്ച സാമൂഹിക ഉത്തരവാദിത്വത്തെക്കുറിച്ച് അവരെ നിരന്തരം ഓര്‍മ്മപ്പെടുത്തുകയും ചെയ്യുക
2) ഈ ലോകത്തെ സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്താനുള്ള നിയമങ്ങളും നിര്‍ദേശങ്ങളുമാണ് ഖുര്‍ആനില്‍ അടങ്ങിയിരിക്കുന്നത് എന്ന് വിശ്വാസികളെ ബോധ്യപ്പെടുത്തുക.
3) അല്ലാഹുവാണ് സൃഷ്ടാവെന്നും എല്ലാം അവന്റെ നിയന്ത്രണത്തിലാണ് ചലിച്ച് കൊണ്ടിരിക്കുന്നതെന്നും മനുഷ്യരെ ഓര്‍മ്മിപ്പിക്കുക.
4) ഇതര മനുഷ്യരെ ചൂഷണം ചെയ്യുന്ന മനുഷ്യരെ താക്കീത് ചെയ്യുകയും സ്വാതന്ത്ര്യത്തിന് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്യുക
5) ഖുര്‍ആന്റെ നിയമ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ ഒരു സാമൂഹ്യവ്യവസ്ഥ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നവരെ അതിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുക.

വിവ: സഅദ് സല്‍മി

ഖുര്‍ആന്റെ തണലിലെ ദൈവശാസ്ത്ര ചര്‍ച്ചകള്‍

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics