പങ്കാളിക്ക് അവസാനമായി നല്‍കിയ സമ്മാനം

വിവാഹിതരായ ദമ്പതികളോട് ഒരൊറ്റ ചോദ്യം മാത്രമാണ് ചോദിക്കുന്നത്. ഏറ്റവും അവസാനമായി എപ്പോഴായിരുന്നു നീ ഇണക്കൊരു സമ്മാനം നല്‍കിയത്? അതിന്റെ ഉത്തരം നിങ്ങളുടെ മനസ്സില്‍ തന്നെ കിടക്കട്ടെ.

ദമ്പതികള്‍ക്കിടയിലെ സമ്മാനങ്ങള്‍ അവര്‍ക്കിടയിലെ പരസ്പര അടുപ്പത്തെ കുറിക്കുന്ന സ്‌നേഹത്തിന്റെ പ്രതീകമാണ്. സ്‌ന്ഹത്തിന്റെ ദൂതനായ അത് പ്രേമം ജനിപ്പിക്കുന്നു. ബന്ധത്തിന് കൂടുതല്‍ തെളിമയും ധാര്‍ഢ്യവും അത് പകര്‍ന്നു നല്‍കുന്നു. ഒരു ഭാര്യയെ സംബന്ധിച്ചടത്തോളം ഒരുപക്ഷേ അവളെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഒന്നായിരിക്കും തന്റെ പങ്കാളിയില്‍ നിന്ന് ലഭിക്കുന്ന സമ്മാനം. സമ്മാനം എത്ര നിസ്സാര വസ്തുവാണെങ്കിലും എപ്പോഴും അദ്ദേഹം തന്നെ ഓര്‍ക്കുന്നുണ്ടല്ലോ എന്ന ചിന്ത അവളില്‍ അതുണ്ടാക്കും. അവളുടെ മനസ്സില്‍ അത് വലിയ സന്തോഷമാണ് പകരുക.

'നിങ്ങള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറൂ, നിങ്ങള്‍ അന്യോനം സ്‌നേഹിക്കും' എന്നത് പ്രവാചകന്‍(സ)യുടെ വാക്കുകളാണ്. സമ്മാനങ്ങള്‍ നല്‍കുന്നതിനുള്ള എത്രയോ അവസരങ്ങള്‍ ദാമ്പത്യ ജീവിതത്തിലുണ്ടാവും. ജോലിക്കയറ്റം, അംഗീകാരങ്ങള്‍ സന്തോഷകരമായ മറ്റ് സന്ദര്‍ഭങ്ങള്‍ തുടങ്ങിയവയെല്ലാം അതിന്നുപയോഗപ്പെടുത്താം. അത്തരം സന്ദര്‍ഭങ്ങള്‍ സ്‌നേഹത്തിന്റെയും ഇണക്കത്തിന്റെയും തുടിപ്പ് വീണ്ടെടുക്കുന്നതിന് ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. പലപ്പോഴും ജീവിത ഭാരങ്ങള്‍ക്കും മക്കളുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലും ആ തുടിപ്പ് മറഞ്ഞ അവസ്ഥയിലെത്തിയിരിക്കും.

സന്തോഷ വേളകളെ ലളിതമായ സമ്മാനങ്ങള്‍ കൊണ്ട് ജീവിപ്പിക്കാാം. അതിന്റെ വില വളരെ തുച്ഛമാണെങ്കിലും അതിന്റെ കൂടെയുള്ള നല്ല വാക്കുകള്‍ക്ക് അത്ഭുതകരമായ ശേഷിയുണ്ട്. ഒരു ദീര്‍ഘയാത്ര കഴിഞ്ഞ് വരികയാണെങ്കില്‍ കൈയ്യിലൊരു സമ്മാനമില്ലാതെ വീട്ടില്‍ പ്രവേശിക്കരുത്. ഒരു ചോക്കളേറ്റെങ്കിലും അതിനായി കൂടെ കരുതണം.

കുടുംബ സന്ദര്‍ശനം, അവര്‍ ഇഷ്ടപ്പെടുന്ന സ്ഥലത്തേക്കുള്ള ചെറിയൊരു യാത്ര പോലുള്ള പ്രതീകാത്മക സമ്മാനങ്ങളുമാവാം. സ്‌ന്ഹം പ്രകടിപ്പിക്കുന്നതിന് ഏറ്റവും യോജിച്ച പ്രതീകാത്മക സമ്മാനമാണ് പനിനീര്‍ പുഷ്പം. വലിയ ചെലവൊന്നും ഇല്ലെങ്കിലും അതുണ്ടാക്കുന്ന ഫലം വളരെ വലുതാണ്. പിന്നെ എന്തുകൊണ്ട് ഇണക്ക് ഇടക്കിടക്ക് ഓരോ പനിനീര്‍ പുഷ്പം സമ്മാനിച്ചു കൂടാ?

സമ്മാനം അതിന്റെ ഭൗതിക മൂല്യത്തിനപ്പുറം പ്രകടിപ്പിക്കുന്ന ഒരു വികാരമുണ്ട്. മനസ്സിന് വലിയ ഊര്‍ജ്ജം പകരുന്ന വിശേഷ മരുന്നാണത്. 'നിനക്ക് ഒരു സമ്മാനം ലഭിച്ചിട്ട് തിരിച്ചൊരു സമ്മാനം നല്‍കാന്‍ നിനക്ക് സാധിക്കുന്നില്ലെങ്കില്‍ അത് ലഭിച്ചതിലുള്ള സന്തോഷവും അത് തന്നയാളോടുള്ള നന്ദിയും പ്രകടിപ്പിക്കലാണ് നിങ്ങള്‍ തിരിച്ചു നല്‍കുന്ന ഏറ്റവും മനോഹരമായ സമ്മാനം.' എന്ന് മുമ്പ് ആരോ പറഞ്ഞത് വളരെ അര്‍ത്ഥവത്താണ്.

ഇണക്ക് സമ്മാനം നല്‍കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. സമ്മാനത്തിന്റെ വില സൂചിപ്പിക്കുന്ന സ്റ്റിക്കര്‍ നീക്കം ചെയ്യുകയെന്നതാണ് അതിലൊന്ന്. വേറെ ഉദ്ദേശ്യങ്ങളൊന്നും ഇല്ലെങ്കില്‍ ജനങ്ങളുടെ മുമ്പില്‍ വെച്ച് ഇണക്ക് സമ്മാനം നല്‍കരുത്. നീ നല്‍കിയ സമ്മാനത്തെ കുറിച്ച് പിന്നീട് ഓര്‍മിപ്പിക്കുന്നതും അതിനെ കുറിച്ച് ആളുകളുടെ മുമ്പില്‍ വെച്ച് സംസാരിക്കുന്നതും ഒഴിവാക്കുക. യുവത്വകാലമെല്ലാം കഴിഞ്ഞു, വയസ്സായി, ഇത്തരം കളികള്‍ക്കൊന്നും സമയമില്ല തുടങ്ങിയ ന്യായങ്ങളുടെ പേരില്‍ വിശേഷ സന്ദര്‍ഭങ്ങളെ അവഗണിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം. അപകടകരമായ അനന്തരഫലമുണ്ടാക്കുന്ന വലിയ വിവരക്കേടാണത്. തന്റെ പങ്കാളിയോടുള്ള ബാധ്യതയെ കുറിച്ച് വിവരമില്ലാത്തവര്‍ മാത്രമേ അത്തരത്തില്‍ ചിന്തിക്കുകയുള്ളൂ. ഇണയോടു കാണിക്കുന്ന ഈ അവഗണ ആരാധനാ കര്‍മങ്ങളുടെ പേരിലാണെങ്കില്‍ പോലും ബാധ്യതയില്‍ വരുത്തിയ വീഴ്ച്ചയുടെ പേരില്‍ അല്ലാഹുവിന്റെ അടുക്കല്‍ വിചാരണ നേരിടേണ്ടി വരുമെന്നും ഓര്‍ക്കുക.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics