പര്‍ദയും ഒടുങ്ങാത്ത വിവാദങ്ങളും

സ്ത്രീപീഡനത്തിന്റെ മൗലിക കാരണം തീര്‍ച്ചയായും വസ്ത്രമല്ല, മനോവൈകല്യം തന്നെയാണ്. അതേയവസരം അതിലേക്ക് പ്രേരിപ്പിക്കുന്ന ചില ഘടകങ്ങളുണ്ട്. അടുത്തിടെ ശ്രീ. യേശുദാസ് അക്കാര്യം പറഞ്ഞത് ഓര്‍ക്കുക. 'സ്ത്രീകള്‍ തങ്ങളുടെ ശരീര സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍, പ്രകോപനപരമായി വസ്ത്രം ധരിക്കുന്നത്  എന്തിനാണ്?' എന്നാണ് അദ്ദേഹം ഉയര്‍ത്തിയ ചോദ്യത്തിന്റെ ചുരുക്കം.

ഇതില്‍ വസ്തുതയുണ്ടെന്നു തന്നെയാണ് സഹോദരിമാരുടെ കാലിക വസ്ത്രധാരണ രീതി തെളിയിക്കുന്നത്. ഇതിനര്‍ത്ഥം എല്ലാത്തിന്റെയും പരിഹാരം പര്‍ദ്ദയാണ് എന്നല്ല, മറിച്ച് ഒരിക്കല്‍ വിഖ്യാത സാഹിത്യകാരി മാധവിക്കുട്ടി (സുറയ്യ) പറഞ്ഞതു പോലെ പര്‍ദ്ദ അത് ധരിക്കുന്നവര്‍ക്ക്  സുരക്ഷിതബോധം നല്‍കുന്നുണ്ട്. അവര്‍ അതിനെ മാന്യതയുടെ ശ്രേയസ്‌കരമായ ചിഹ്നമായി കാണുന്നു. അതോടൊപ്പം ഒരു വിഭാഗം ജനതയുടെ വസ്ത്രധാരണാ രീതിയാണ് പര്‍ദ്ദ. അത് അംഗീകരിച്ചു കൊടുക്കലാണ് മതേതര ജനാധിപത്യ രീതി.

യഥാര്‍ത്ഥത്തില്‍ പര്‍ദ്ദ ധരിക്കാനല്ല, തങ്ങളുടെ വേഷവിധാനങ്ങളില്‍ നഗ്‌നത വെളിവാകാത്തതും സ്ത്രീ-പുരുഷ ഇടപഴകലുകളില്‍ മാന്യത പാലിക്കുന്നതുമായ ഒരു തരം മറ (ഹിജാബ്) ഉണ്ടായിരിക്കണമെന്നു മാത്രമാണ് വിശുദ്ധ ഖുര്‍ആന്‍ സ്ത്രീകളോട് കല്‍പിച്ചത്. ഇതാവട്ടെ പുരുഷന്മാരോടും പറഞ്ഞിട്ടുണ്ട്. എന്നാല്‍ നഗ്‌നത (ഔറത്) സ്ത്രീ - പുരുഷന്മാര്‍ക്കിടയില്‍ സ്വാഭാവികമായും വ്യത്യസ്തമാണെന്നു മാത്രം.

സ്ത്രീ വസ്ത്രം, പഴയ കാച്ചിത്തുണിയും കുപ്പായവും തട്ടവും മുതല്‍ ഇപ്പോഴത്തെ സാരി, ചൂരിദാര്‍... എന്തും ആവാം. നഗ്‌നവും അര്‍ധനഗ്‌നവുമായി ശരീരവടിവുകള്‍ പ്രദര്‍ശിപ്പിക്കുന്നവയാകരുതെന്നു മാത്രം. കറുത്ത പര്‍ദ്ദ മുസ്‌ലിം സ്ത്രീകളുടെ 'ഔദ്യോഗിക വേഷം' ആണെന്ന് പൊതുവേ എല്ലാവരും തെറ്റിധരിച്ചിട്ടുണ്ട്. വസ്തുതയുമായി ഇതിന് ബന്ധമില്ല.

കറുപ്പിന്റെ പ്രദേശം ഇറാനാണ്. പേര്‍ഷ്യ വഴി ഗള്‍ഫ് കടന്ന് കേരളത്തിലെത്തിയതാണ് ഈ പര്‍ദ്ദകള്‍. അതില്‍ തന്നെ കണ്ണോളം മൂടി മനുഷ്യരെ പേടിപ്പിക്കുന്ന രീതി അഭികാമ്യമല്ലെങ്കിലും ഈയ്യിടെ തദ്‌സംബന്ധിയായ ചര്‍ച്ചയില്‍ ഒരു വനിത ചോദിച്ചതു പോലെ, 'എല്ലാം തുറന്നിടാന്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍ എല്ലാം മൂടാനുമില്ലേ സ്വാതന്ത്ര്യം?'

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus