വിവാഹമോചിതയോട് ദയ കാണിക്കൂ

ഒരു സ്ത്രീ വിവാഹമോചനം ചെയ്യപ്പെട്ടാല്‍ അതവള്‍ക്കോ അവളുടെ സ്ത്രീത്വത്തിനോ ഒരു കുറവും വരുത്തുന്നില്ല. വിവാഹമോചനം അവളുടെ ജീവിതം അവസാനിപ്പിക്കുകയോ തകര്‍ക്കുകയോ ചെയ്യുന്നുമില്ല. മറിച്ച് ഒരുപക്ഷേ മറ്റൊരു വിവാഹത്തിനുള്ള അവസരവും അതിലൂടെ നല്ലൊരു ജീവിതവും അതിലൂടെ ലഭിക്കുന്നു. അവരെ തകര്‍ക്കുന്നത് അവര്‍ക്കുള്ളിലെ തെറ്റായ ചിന്തകളാണ്. പലപ്പോഴും അത്തരം ചിന്തകള്‍ പകര്‍ന്നു നല്‍കുന്നത് ബന്ധുക്കള്‍ തന്നെയാണ്.

വിവാഹമോചിതയോട് നിങ്ങള്‍ അനുകമ്പയോടെ പെരുമാറണം. അവളെന്തെങ്കിലും തെറ്റ് ചെയ്തിട്ടില്ല. പുതിയൊരു നിയമം അവള്‍ കൊണ്ടുവന്നിട്ടുമില്ല. ലോകരക്ഷിതാവിന്റെ നിയമമനുസരിച്ചാണ് അവള്‍ വിവാഹമോചനം ചെയ്യപ്പെട്ടത്. അല്ലാഹു പറയുന്നു: ''ഇനി ദമ്പതികള്‍ വേര്‍പിരിയുകതന്നെയാണെങ്കില്‍, അപ്പോള്‍ അല്ലാഹു അവന്റെ അപാരമായ അനുഗ്രഹത്താല്‍ ഓരോരുത്തരെയും പരാശ്രയത്തില്‍നിന്നു മുക്തരാക്കുന്നതാണ്. അല്ലാഹുവിന്റെ ഔദാര്യം അതിവിശാലമല്ലോ. അവന്‍ യുക്തിജ്ഞനുമല്ലോ.'' (അന്നിസാഅ്: 130) അതായത് അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ട് ദമ്പതികള്‍ വേര്‍പിരിയുകയാണെങ്കില്‍ അല്ലാഹുവിനെ കുറിച്ച സദ്‌വിചാരത്തോടു കൂടിയായിരിക്കണമത്. തങ്ങള്‍ക്ക് നല്ല മറ്റൊരു പങ്കാളിയെ അല്ലാഹു നല്‍കുമെന്ന ശുഭപ്രതീക്ഷയോടെയായിരിക്കണം ഇരുവരും പിരിയേണ്ടത്.

ഈ ഖുര്‍ആന്‍ സൂക്തത്തെ വിശദീകരിച്ചു കൊണ്ട് ഇബ്‌നു കഥീര്‍ പറയുന്നു: അവരിരുവരും വേര്‍പിരിയുകയാണെങ്കില്‍ അല്ലാഹു അവനെ അവളുടെ ആശ്രയമില്ലാത്തവനും അവളെ അവന്റെ ആശ്രയമില്ലാത്തവളുമാക്കുമെന്നാണ് അല്ലാഹു പറയുന്നത്. അവളേക്കാള്‍ നല്ലൊരു ഇണയെ അല്ലാഹു അവന് പകരം നല്‍കും. അവനേക്കാള്‍ നല്ലൊരു ഇണയെ അവള്‍ക്കും അല്ലാഹു പകരം നല്‍കും. 'അല്ലാഹു അത്യുദാരനും യുക്തിജ്ഞനുമല്ലോ.' അല്ലാഹുവിന്റെ ഔദാര്യം അതിവിശാലമാണ്. അതോടൊപ്പം തന്നെ അവന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കണക്കുകൂട്ടലുകളും നിയമങ്ങളും യുക്തിഭദ്രവുമാണ്.

അതുകൊണ്ടു തന്നെ വിവാഹ മോചനം ഒരു സ്ത്രീയെ സംബന്ധിച്ചടത്തോളം അവളുടെ ഈ ലോക ജീവിത്തിന്റെ അവസാനമല്ല. ചിലര്‍ വാദിക്കുന്നത് പോലെ കുടുംബങ്ങളെ തകര്‍ക്കുന്ന ഒന്നുമല്ല അത്. പലപ്പോഴും അതില്‍ നന്മയും ആശ്വാസവുമുണ്ട്. വിവാഹമോചനം കൊണ്ടല്ലാതെ പരിഹരിക്കപ്പെടാത്ത എത്രയോ പ്രശ്‌നങ്ങളുണ്ട്. പ്രയാസകരമായ കാര്യമാണ് അതെന്നത് ശരിയാണ്. എന്നാല്‍ അതിനേക്കാള്‍ വലിയ പ്രയാസത്തെ ഒഴിവാക്കുന്നതിനാണത്. സമൂഹത്തിന്റെ കണ്ണുകളെ ഭയന്ന് വിവാഹമോചനം വേണ്ടെന്ന് വെച്ച് പ്രശ്‌നങ്ങളുമായി മുന്നോട്ടു പോകുന്ന എത്രയോ കുടുംബങ്ങളുണ്ട്. ചെറിയ കുഴപ്പങ്ങളില്‍ നിന്നും വലിയ വലിയ പ്രശ്‌നങ്ങളിലേക്കാണവ പോകുന്നത്.

പലപ്പോഴും സമൂഹം വിവാഹമോചിതകള്‍ക്ക് നേരെ തെറ്റായ സമീപനമാണ് കൈക്കൊള്ളാറുള്ളത്. അവരെ മാറ്റി നിര്‍ത്തുകയും വിലകുറച്ച് കാണുകയും ചെയ്യുന്ന രീതി ചിലരില്‍ നിന്നെങ്കിലും സംഭവിക്കുന്നുണ്ടന്നത് നിഷേധിക്കാനാവില്ല. എന്തിനാണ് സമൂഹം ആ സ്ത്രീയെ തകര്‍ക്കുന്നതെന്നാണ് ഞാന്‍ ചോദിക്കുന്നത്. എന്തിന് അവളുടെ വേദന ഇരട്ടിപ്പിക്കുന്നു?

ദീനിനിഷ്ഠയുടെയും സല്‍ഗുണങ്ങളുടെയും കുറവിന്റെ ഫലമായിട്ടാണ് ഞാനതിനെ കാണുന്നത്. പ്രവാചകന്‍(സ)യുടെ മക്കളായ റുഖിയയും ഉമ്മു കുല്‍ഥൂമും വിവാഹമോചനം ചെയ്യപ്പെട്ടവരായിരുന്നു. സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്തയറിയിക്കപ്പെട്ട സുബൈര്‍ ബിന്‍ അവ്വാമിന്റെ ഇണയായിരുന്ന അസ്മാഅ് ബിന്‍ത് അബൂബക്‌റും വിവാഹമോചനം ചെയ്യപ്പെട്ടു. വാഗ്ചാതുരി കൊണ്ടും സംസാരമികവ് കൊണ്ടും സ്വഹാബി വനിതകള്‍ക്കിടയിലെ പ്രാസംഗികയായി അറിയപ്പെട്ടിരുന്നു അസ്മാഅ് ബിന്‍ത് യസീദും വിവാഹമോചനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിവാഹമോചനം സ്ത്രീകളുടെ സ്ഥാനത്തെയോ പദവിയെയോ ഒട്ടും കുറക്കുന്നില്ല. അതേസമയം അതിന്റെ പ്രയാസത്തില്‍ പ്രതിഫലം കാംക്ഷിച്ച് അവള്‍ ക്ഷമിക്കുകയാണെങ്കില്‍ പ്രതിഫലവുമുണ്ട്. നഷ്ടപ്പെട്ടതിനേക്കാള്‍ ഉത്തമമായത് അല്ലാഹു അവള്‍ക്ക് നല്‍കിയേക്കാം. അല്ലാഹു പറയുന്നു: ''നിങ്ങള്‍ക്കു ഗുണകരമായ ഒരു കാര്യം അരോചകമായിത്തോന്നിയേക്കാം. ദോഷകരമായ ഒരു കാര്യം ഇഷ്ടകരമായും തോന്നിയേക്കാം.'' (അല്‍ബഖറ: 216) ജനങ്ങളഉടെ കണ്ണുകളില്‍ വിവാഹമോചിത ചെറുതാക്കപ്പെടുന്നുണ്ടെങ്കിലും, അവളുടെ വിശ്വാസവും ദൈവഭക്തിയും ക്ഷമയും കാരണം അല്ലാഹുവിന്റെ അടുക്കല്‍ വലിയ സ്ഥാനം നല്‍കപ്പെട്ടവളായേക്കും.

അവസാനമായി സമൂഹത്തോട് എനിക്ക് പറയാനുള്ളത്, വിവാഹമോചിതയോട് നിങ്ങള്‍ ദയ കാണിക്കണം എന്നാണ്. അവളുടെ വികാരങ്ങളെയും ഉള്ളില്‍ അടക്കിവെച്ചിരിക്കുന്ന അല്ലാഹുവിന് മാത്രം അറിയുന്ന അവളുടെ വേദനകളെയും നിങ്ങള്‍ പരിഗണിക്കണം. ദൈവവിധിയില്‍ ക്ഷമയവലംബിക്കാന്‍ നിങ്ങളവള്‍ക്ക് തുണയാകണം. മോശം പെരുമാറ്റത്തിലൂടെ അവള്‍ക്ക് ഭാരമായി നിങ്ങള്‍ മാറരുത്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics