മൂസാ-ഫിര്‍ഔന്‍ കാലഘട്ടവും ഇന്ത്യന്‍ സാഹചര്യവും

വര്‍ത്തമാനകാല ഇന്ത്യന്‍ മുസ്ലിംഅവസ്ഥകളോട് പൂര്‍ണമായിട്ടല്ലെങ്കിലും ഏറെ സാമ്യമുള്ളതാണ് പോയകാല ഈജിപ്തിലെ മൂസ(അ)യുടെയും ഫിര്‍ഔന്റെയും കാലഘട്ടം. ഫിര്‍ഔന്‍ ലക്ഷണമൊത്ത ഫാഷിസ്റ്റ് ഭരണാധികാരിയായിരുന്നു. വംശീയതയും ദേശീയതയും ഇളക്കിവിട്ട് ജനങ്ങളെ ഖിബ്ത്തികള്‍, ബനൂ സ്രാഈല്യര്‍ എന്നിങ്ങനെ ഫിര്‍ഔനും അയാളുടെ 'സംഘ'വും വിഭജിച്ചു. തുടര്‍ന്ന് പീഢിത ജനത ശാക്തീകരിക്കപ്പെട്ട് തന്റെ അധികാരം പിടിച്ചുപറ്റുമോയെന്ന ഭീതിയില്‍ (ഇസ്ലാമോഫോബിയ) പിറക്കുന്ന ആണ്‍കുഞ്ഞുങ്ങളെ മുഴുവന്‍ കൊന്നൊടുക്കാന്‍ ആ കൊടുംഭീകരനും അയാളുടെ ഭീകര സംഘവും ഉത്തരവിട്ടു.

ഈ സന്ദിഗ്ദ വേളയെ രണ്ടു മുഖങ്ങളുള്ള സമര പോരാട്ടങ്ങള്‍ വഴിയാണ് മൂസാ പ്രവാചകന്‍ നേരിട്ടത്. ഒന്ന്, ഫിര്‍ഔന്‍ ഉള്‍പ്പെടുന്ന അന്നാട്ടിലെ അവിശ്വാസികള്‍ക്കിടയില്‍ (ഖിബ്തി) സമാധാനപൂര്‍ണമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ചു. രണ്ട്, മുസ്‌ലിം സമുദായത്തെ (ബനൂസ്രാഈല്‍ ) രാഷ്ട്രീയമായി ശാക്തീകരിച്ചു. ഒപ്പം തവക്കുല്‍, തഖ്‌വ, നമസ്‌കാരം, സ്വബ്ര്‍്, എന്നിവയിലൂന്നി സമഗ്രമായ ഇസ്‌ലാമിക ജീവിതം നയിക്കാന്‍ സ്വസമുദായത്തെ പ്രേരിപ്പിച്ചു.

മനസ്സിലാക്കാനുള്ള മറ്റൊരു കാര്യം, ഫിര്‍ഔനിന്റെ കൊട്ടാരത്തിലും നീതിയുടെ പക്ഷത്ത് മനസ്സുറപ്പിച്ചു നിന്ന ചിലരുണ്ടായിരുന്നു. തീര്‍ച്ചയായും ഇന്ത്യന്‍ സാഹചര്യത്തിലും അത്തരക്കാര്‍ ധാരാളമുണ്ട്. ഫാഷിസത്തിനെതിരെയുള്ള സമര പോരാട്ടങ്ങളില്‍ അവരെക്കൂടി ഒന്നിച്ചു നിര്‍ത്തലാണ് ഇന്ത്യന്‍ ബഹുസ്വരതയില്‍ നമുക്ക് കരണീയം.

മറ്റൊന്ന്, മുസ്‌ലിംകളുടെ ഭാഗത്ത് നിന്ന് ഫാഷിസത്തിന് സ്വാര്‍ത്ഥംഭരികളായ ചില കുഴലൂത്തുകാരെ ലഭിക്കും. (വിശുദ്ധഖുര്‍ അത്തരം രണ്ടാളുകളുടെ പേരുകള്‍ സൂചിപ്പിച്ചിട്ട് - സാമിരി, ഖാറൂന്‍) അതിനാല്‍ ആധുനിക 'മീര്‍ ജാഫര്‍മാരെ' പറ്റി നാം അധികം വേവലാതിപ്പെടേണ്ടതില്ല. ഇസ്രാഈല്യര്‍ പൊതുവെ നിരന്തരമായ ദൈവധിക്കാരം കാണിച്ചപ്പോഴും അവരില്‍ ഒരു വിഭാഗം അല്ലാഹുവിന്റെ വഴിയില്‍ ഉറച്ചു നിന്ന് മൂസാ നബിക്ക് അതിശക്തമായ പിന്തുണ നല്‍കിയിരുന്നു എന്ന കാര്യം വിശുദ്ധ ഖുര്‍ആന്‍ അടിവരയിട്ടിട്ടുണ്ട്.

എക്കാലത്തും ഇസ്‌ലാമിന്റെ മുഖ്യധാരയില്‍ ഇടം കണ്ടെത്തുന്ന അത്തരക്കാരായിത്തീരാനും ഫാഷിസത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശപ്പോരാട്ടം നടത്തുന്ന അത്തരം കൂട്ടായ്മകളോട് ചേര്‍ന്നു നില്‍ക്കാനുമാവട്ടെ നമ്മുടെ ശ്രമം. ഒപ്പം സങ്കുചിത സാമുദായികത, വര്‍ഗീയത, സായുധ പ്രതിരോധം പോലുള്ള വാചാടോപങ്ങളിലും അതിവാദങ്ങളിലും പെട്ടു പോകാതെ തീര്‍ത്തും ഗുണകാംക്ഷയോടെ നമുക്കു ചുറ്റുമുള്ള മനുഷ്യ സഞ്ചയത്തെ ദീനീ മാര്‍ഗത്തിലേക്ക് ക്ഷണിക്കുകയെന്ന മൗലിക ദൗത്യം നിര്‍വ്വഹിക്കാനും നമുക്കാവേണ്ടതുണ്ട്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus