ജനങ്ങളെ ഇസ്‌ലാമില്‍ നിന്നകറ്റുകയാണ് ചില പ്രബോധകര്‍

പ്രബോധന പ്രവര്‍ത്തനങ്ങളിലും ഇസ്‌ലാമിനെ പഠിപ്പിച്ചു കൊടുക്കുന്നതിലും കാത്തുസൂക്ഷിക്കേണ്ട ക്രമപ്രവൃദ്ധി പ്രബോധകര്‍ക്കുണ്ടാവേണ്ട ഗുണങ്ങളില്‍ പെട്ടതാണ്. മുസ്‌ലിം കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് കുടുംബത്തില്‍ നിന്നും ചുറ്റുപാടില്‍ നിന്നും ഇസ്‌ലാമിക സംസ്‌കാരം കൈവരിച്ചിട്ടുള്ള ഒരാളോട് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ പുതുതായി ഇസ്‌ലാമിലേക്ക് കടന്നുവന്ന ഒരാളോട് ഒരു നല്ല പ്രബോധകന്‍ ആവശ്യപ്പെടുകയില്ല. നിര്‍ബന്ധ അനുഷ്ഠാനങ്ങളും സുന്നത്തുകളും നിര്‍വഹിക്കാനും നിഷിദ്ധങ്ങളില്‍ നിന്നും സംശയകരവും അനഭിലഷണീയവുമായ കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും അവരോട് ആവശ്യപ്പെടുന്നതില്‍ കാണിക്കുന്ന കാര്‍ക്കശ്യമാണ് സംഭവിക്കാറുള്ള മറ്റൊരു വീഴ്ച്ച. ഇക്കാര്യത്തില്‍ മതനിഷ്ട പുലര്‍ത്തുന്ന ഒരു മുസ്‌ലിമിനോട് സ്വീകരിക്കുന്ന കാര്‍ക്കശ്യം പുതുതായി വിശ്വാസം ആശ്ലേഷിച്ചവരോട് സ്വീകരിക്കാവതല്ല.

ജപ്പാനിലെ എന്റെ സുഹൃത്തുക്കള്‍ പങ്കുവെച്ച ഒരു കാര്യമുണ്ട്. അവിടെ ആരെങ്കിലും ഇസ്‌ലാമിലേക്ക് കടന്നുവന്നതറിഞ്ഞാല്‍ അയാളെ വിധിവിലക്കുകളുടെ വിശദാംശങ്ങള്‍ കൊണ്ടും നിര്‍ബന്ധവും ഐശ്ചികവുമായ കര്‍മങ്ങള്‍ കൊണ്ടും ഞെരുക്കുകയാണ് ചെയ്യുന്നത്. ജപ്പാന്‍കാര്‍ക്കിടയില്‍ ഇസ്‌ലാം പ്രചരിക്കുകയില്ലെന്ന് വരെ അവരെന്നോട് പറഞ്ഞു. നിങ്ങളുടെ ദീന്‍ വലിയ പ്രയാസങ്ങളുള്ളതാണെന്നാണ് ജപ്പാന്‍കാര്‍ പറയുന്നതെന്നും അവര്‍ പറഞ്ഞു. ഞാന്‍ അവരോട് പറഞ്ഞു: നിങ്ങളാണ് അതിന് കാരണക്കാര്‍, നിങ്ങള്‍ സ്വീകരിക്കുന്ന അധ്യാപന രീതി വെറുപ്പിക്കുന്നതാണ്, സന്തോഷവാര്‍ത്തയറിയിക്കുന്നതല്ല.

ഇസ്‌ലാമിലേക്ക് പുതുതായി കടന്നു വരുന്ന ഒരാളോട് ഏറ്റവും അടിസ്ഥാനപരമായ നിര്‍ബന്ധ കാര്യങ്ങള്‍ മാത്രമാണ് നിര്‍വഹിക്കാന്‍ ആവശ്യപ്പെടേണ്ടത്. അതുപോലെ അദ്ദേഹത്തോട് വിലക്കുന്നത് ഖണ്ഡിതമായ നിഷിദ്ധങ്ങള്‍ മാത്രമായിരിക്കണം. അല്ലാതെ അതൊരിക്കലും സംശയം നിലനില്‍ക്കുന്നതോ അനഭിലഷണീയമോ ആയ കാര്യങ്ങളിലേക്ക് കടക്കരുത്.

ഞാന്‍ പറയുന്നത് വന്‍പാപങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിലായിരിക്കണം ഊന്നല്‍ കൊടുക്കേണ്ടത്. കാരണം വന്‍പാപങ്ങളില്‍ നിന്ന് വിട്ടുനിന്നാല്‍ ഒരാളുടെ അഞ്ചുനേരത്തെ നമസ്‌കാരങ്ങളും ജുമുഅയും റമദാനിലെ നോമ്പും അവക്കിടയില്‍ സംഭവിക്കുന്ന ചെറുപാപങ്ങളെ പരിഹരിക്കുമെന്ന് ഹദീസുകളില്‍ കാണാം. ബുഖാരിയും മുസ്‌ലിമും റിപോര്‍ട്ട് ചെയ്ത് ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ''നിങ്ങളിലൊരാളുടെ വാതിലിന് മുമ്പില്‍ ഒരു നദിയുണ്ടെന്ന് കരുതുക. നിത്യവും അവനതില്‍ അഞ്ച് നേരം കുളിക്കുന്നു. അങ്ങനെയെങ്കില്‍ അവന്റെ ശരീരത്തില്‍ വല്ല അഴുക്കും അവശേഷിക്കുമോ? അപ്രകാരമാണ് അഞ്ചുനേരത്തെ നമസ്‌കാരം. അതിലൂടെ അല്ലാഹു തെറ്റുകള്‍ മായ്ച്ചു കളയുന്നു.''

''പകലിന്റെ രണ്ടറ്റങ്ങളിലും രാവ് അല്‍പം ചെല്ലുമ്പോഴും നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കേണം. സത്യത്തില്‍, നന്മകള്‍ തിന്മകളെ ദൂരീകരിക്കുന്നു.'' (ഹൂദ്: 114) ഖുര്‍ആന്‍ സൂക്തവും ഇതേ ആശയത്തെയാണ് ബലപ്പെടുത്തുന്നത്. ബുഖാരിയും മുസ്‌ലിമും റിപോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസില്‍ പറയുന്നു: ''റമദാനില്‍ വിശ്വാസത്തോടെയും പ്രതിഫലം കാംക്ഷിച്ചും ആരെങ്കിലും നോമ്പെടുത്താല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടും. റമദാനില്‍ വിശ്വാസത്തോടെയും പ്രതിഫലം കാംക്ഷിച്ചും ആരെങ്കിലും നമസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടും.'' സ്വഹീഹായി ഉദ്ധരിക്കപ്പെട്ട മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: ''രണ്ട് ഉംറകള്‍ അവക്കിടയിലുള്ളതിന് (ചെറുപാപങ്ങള്‍) പരിഹാരമാണ്.''

വന്‍പാപങ്ങളില്‍ നിന്ന് വിട്ടുനിന്നാല്‍ തന്നെ ചെറുപാപങ്ങള്‍ പൊറുക്കപ്പെടുമെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. ഒരാള്‍ വന്‍പാപം ചെയ്യാനുള്ള കഴിവും സൗകര്യവും ഉണ്ടായിരിക്കെ ഒരാള്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് അല്ലാഹുവെ കുറിച്ച ഭയത്താലും ദീന്‍ മുറുകെ പിടിക്കാനുള്ള താല്‍പര്യം കൊണ്ടുമാണെങ്കില്‍ അതിനെ കുറിച്ച് അല്ലാഹു പറയുന്നു: ''നിങ്ങളോട് വിരോധിച്ചിട്ടുള്ള മഹാപാപങ്ങള്‍ വര്‍ജിക്കുന്നുവെങ്കില്‍ നിങ്ങളുടെ ചെറു തിന്മകളെ നാം പൊറുത്തുതരുന്നതും53 നിങ്ങളെ മഹത്തായ സ്ഥാനത്തേക്കു പ്രവേശിപ്പിക്കുന്നതുമാകുന്നു.'' (അന്നിസാഅ്: 31)

പുതുതായി ഇസ്‌ലാമിലേക്ക് കടന്നുവന്ന ഒരാളോട് കാണിക്കുന്ന അതേ അനുകമ്പയോടെയായിരിക്കണം ദീര്‍ഘകാലമായി തെറ്റുകളില്‍ ജീവിച്ച് പിന്നീട് പശ്ചാത്തപിച്ച് വരുന്ന ആളെയും നാം സമീപിക്കേണ്ടത്. പശ്ചാത്തപിക്കാനുള്ള മനസ്സ് നല്‍കി നേര്‍മാര്‍ഗത്തിലേക്ക് അല്ലാഹു അയാളെ നേര്‍മാര്‍ഗത്തിലെത്തിച്ചിരിക്കുകയാണ്. പുതുതായി ഇസ്‌ലാമിലേക്ക് പ്രവേശിച്ച ഒരാളായിട്ടാണ് അയാളെ പരിഗണിക്കേണ്ടത്. അദ്ദേഹത്തിന്റെ കാലുറച്ച് സംസ്‌കരണത്തിന്റെയും ദൈവഭക്തിയുെടയും മണ്ണിലേക്ക് വേരുകള്‍ ആഴ്ന്നിറങ്ങുന്നത് വരെ ഭാരമില്ലാത്ത കര്‍മങ്ങളും ലളിതമായ വിധികളും ചെയ്യാനാണ് നാം അയാളോട് നിര്‍ദേശിക്കേണ്ടത്. പിന്നീട് ഘട്ടംഘട്ടമായി ആ അവസ്ഥയില്‍ നിന്ന് നാം അദ്ദേഹത്തെ ഉയര്‍ത്തി കൊണ്ടുവരണം. യഥാര്‍ത്ഥത്തില്‍ അവനില്‍ നിന്ന് തന്നെ സ്വയം ഉയരാനുള്ള പരിശ്രമങ്ങള്‍ ഉണ്ടാവും. തുടക്കത്തില്‍ നിര്‍ബന്ധ കാര്യങ്ങള്‍ മാത്രമാണ് ചെയ്തിരുന്നതെങ്കില്‍ പിന്നീട് അതിനൊപ്പം ചില സുന്നത്തുകളും ചേര്‍ത്തുകൊടുക്കാന്‍ ശ്രമിക്കാം. അപ്രകാരം തുടക്കത്തില്‍ വന്‍പാപങ്ങളില്‍ നിന്ന് മാത്രമാണ് വിട്ടുനിന്നിരുന്നതെങ്കില്‍ ചെറുപാപങ്ങളും അതിലേക്ക് ചേര്‍ത്തുവെക്കാം. അപ്പോഴും തെറ്റാണോ ശരിയാണോ എന്ന് സംശയമുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ടാവും. ക്രമേണ അതും ഇല്ലാതാക്കാം. സംശയകരമായ കാര്യങ്ങളെ സൂക്ഷിക്കുന്നവന്‍ തന്റെ ദീനിനെയും അഭിമാനത്തെയും സംരക്ഷിച്ചിരിക്കുന്നു.

ഇത്തരത്തില്‍ സ്വന്തത്തെ പരിശീലിപ്പിച്ചും പരിശ്രമിച്ചും ഹദീസുകള്‍ വിവരിക്കുന്ന ദൈവഭക്തരുടെ തലത്തിലേക്ക് ഉയരാന്‍ ആ വിശ്വാസിക്ക് അവസരം നല്‍കുകയാണ് നാം വേണ്ടത്. വിലക്കപ്പെടാത്ത കാര്യങ്ങളില്‍ നിന്ന് പോലും സൂക്ഷ്മത കാരണം വിട്ടുനില്‍ക്കുന്നത് വരെ ഒരു അടിമയും മുത്തഖിയുടെ (ദൈവഭക്തന്‍) പദവിയിലെത്തുകയില്ലെന്ന് ഹദീസില്‍ പറയുന്നു.

അര നൂറ്റാണ്ടോ അതിലേറെയോ കാലം കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ജീവിച്ച് പോന്ന നാടുകളുണ്ട്. ദൈവനിരാസത്തിന്റെയും മതനിഷേധത്തിന്റെയും അന്തരീക്ഷത്തിലാണ് അവിടത്തെ യുവതീ യുവാക്കള്‍ ജനിച്ച് വളര്‍ന്നിട്ടുണ്ടാവുക. ഇസ്‌ലാമിനെ കുറിച്ച് തീര്‍ത്തും അജ്ഞരായിരിക്കും അവര്‍. ഇസ്‌ലാമിനെ മനസ്സിലാക്കാനുള്ള അവസരം പോലും അവര്‍ക്ക് ലഭിച്ചിട്ടുണ്ടാവില്ല. അവരുടെ ഇസ്‌ലാമുമായുള്ള ബന്ധം ശഹാദത്ത് കലിമ ചൊല്ലുന്നതിലോ പാരമ്പര്യമായി പകര്‍ന്നു കിട്ടിയ ഇസ്‌ലാമിനോടുള്ള താല്‍പര്യത്തിലോ പരിമിതമായിരിക്കും. അത്തരം നാടുകളിലേക്ക് പോകുന്ന പല പ്രബോധന പ്രവര്‍ത്തകരുടെ സമീപനം എന്നെ ഏറെ ദുഖിപ്പിച്ചിട്ടുണ്ട്. അവര്‍ ഈ ജനങ്ങളോട് സംവദിക്കാന്‍ തുടങ്ങുന്നത് തന്നെ അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളില്‍ നിന്നായിരിക്കും. അവര്‍ക്ക് മേല്‍ തങ്ങളുടെ മദ്ഹബും ചിന്താധാരയും അടിച്ചേല്‍പ്പിക്കുകയും പുരുഷന്‍മാരെ താടിവെക്കാനും സ്ത്രീകളെ നിഖാബ് ധരിക്കാനും നിര്‍ബന്ധിക്കുക വരെ ചെയ്യുന്നു.

നിങ്ങളില്‍ വെറുപ്പിക്കുന്നവരുണ്ട്!
സംസാരത്തിലെയും പെരുമാറ്റത്തിലെയും പാരുഷ്യവും കാര്‍ക്കശ്യവും ആളുകളെ അകറ്റുന്ന കാര്യമാണ്. പെരുമാറ്റത്തിലെ നൈര്‍മല്യവും മുഖത്തെ പ്രസന്നതയും പുഞ്ചിരിയും പ്രബോധകനെ ജനങ്ങള്‍ക്ക് പ്രിയങ്കരനാക്കുകയും അദ്ദേഹത്തിലേക്ക് അവരെ അടുപ്പിക്കുകയും ചെയ്യും. അതേസമയം കാര്‍ക്കശ്യവും പാരുഷ്യവും ഉള്‍ക്കൊള്ളാന്‍ ആളുകള്‍ക്ക് സാധിക്കുകയില്ല. ആകര്‍ഷിക്കുന്നതിന് പകരം അവരില്‍ നിന്ന് ആളുകളെ അകറ്റുകയാണത് ചെയ്യുക. നാം കാണുന്നതും അറിയുന്നതുമായ കാര്യമാണത്.

ഖുര്‍ആന്‍ പ്രവാചകന്‍(സ) അഭിസംബോധന ചെയ്തുകൊണ്ട് പറയുന്നത് ശ്രദ്ധേയമാണ്: ''നീ വളരെ സൗമ്യശീലനായത് അല്ലാഹുവിങ്കല്‍നിന്നുള്ള മഹത്തായ അനുഗ്രഹമാകുന്നു. നീ കഠിന ഹൃദയനായ പരുഷസ്വഭാവിയായിരുന്നുവെങ്കില്‍ നിന്റെ ചുറ്റുനിന്നും അവരെല്ലാം പിരിഞ്ഞുപോയതുതന്നെ.'' അല്ലാഹു തന്റെ ദൂതനായി തെരെഞ്ഞെടുത്ത, പാപസുരക്ഷിതത്വം നല്‍കിയിട്ടുള്ള ഒരാളോടാണ് ഇക്കാര്യം പറയുന്നത്. പാപസുരക്ഷിതനായ ദൈവദൂതനില്‍ നിന്നാണെങ്കില്‍ പോലും പരുഷ സ്വഭാവം ജനങ്ങള്‍ സഹിക്കില്ലെന്ന പാഠമാണത് നല്‍കുന്നത്.

ജനങ്ങളില്‍ ഏറ്റവും നല്ല സ്വഭാവത്തിന്റെയും കാരുണ്യത്തിന്റെയും അനുകമ്പയുടെയും ഉടമയായിരുന്നു നബി തിരുമേനി എന്നതില്‍ ഒരു സംശയവുമില്ല. തെറ്റു ചെയ്തവരോട് പോലും വിട്ടുവീഴ്ച്ചയോടും ദയയോടും കൂടിയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. അദ്ദേഹത്തെ വിശേഷിപ്പിച്ചു കൊണ്ട് ഖുര്‍ആന്‍ പറയുന്നു: ''നിങ്ങള്‍ക്കിടയില്‍ നിങ്ങളില്‍നിന്നുതന്നെ ഒരു ദൈവദൂതന്‍ ഇതാ ആഗതനായിരിക്കുന്നു. നിങ്ങള്‍ വിഷമിക്കുന്നത് അദ്ദേഹത്തിനു അസഹ്യമാണ്. നിങ്ങളുടെ വിജയത്തില്‍ അതീവ തല്‍പരനാണദ്ദേഹം. സത്യവിശ്വാസികളോട് അലിവും കാരുണ്യവുമുള്ളവനാകുന്നു.'' (അത്തൗബ: 128)

ബാഹ്യരൂപത്തിനുള്ള പ്രാധാന്യം
മോശമായ രൂപവും ആളുകളെ അകറ്റിനിര്‍ത്തുന്ന കാരണമാണ്. മോശമായ രൂപവും വസ്ത്രവും പ്രകൃതവുമെല്ലാം പൊതുജനങ്ങളെ, പ്രത്യേകിച്ചും പുതുതലമുറയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അത്തരം രീതി സ്വീകരിക്കുന്നവര്‍ പഴഞ്ചനും പിന്തിരിപ്പനുമായിട്ടാണ് മുദ്രകുത്തപ്പെടുക. പ്രവാചകന്‍(സ) തന്റെ അനുചരന്‍മാരുടെ ബാഹ്യരൂപവും പ്രകൃതവും മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധവെച്ചിരുന്നു എന്ന് കാണാം.

ഒരിക്കല്‍ പ്രവാചകന്‍(സ) അനുചരന്‍മാരോട് പറഞ്ഞു: മനസ്സില്‍ അണുത്തൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അപ്പോള്‍ ഒരാള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എല്ലാ കാര്യത്തിലും സൗന്ദര്യം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. എത്രത്തോളമെന്നാല്‍ ചെരുപ്പിന്റെ വാറിന്റെ കാര്യത്തില്‍ പോലും മറ്റൊരാള്‍ എന്നെ മുന്‍കടക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അപ്പോള്‍ നബി(സ) പറഞ്ഞു: അല്ലാഹു സൗന്ദര്യമുള്ളവനാണ്, സൗന്ദര്യം അവന്‍ ഇഷ്ടപ്പെടുന്നു. സത്യത്തെ നിരാകരിക്കലും ആളുകളെ നിന്ദിക്കലുമാണ് അഹങ്കാരം.'' എത്ര സത്യസന്ധവും ആകര്‍ഷണീയവുമായ പ്രയോഗമാണ് അല്ലാഹു സൗന്ദര്യമുള്ളവനാണ്, അവന്‍ സൗന്ദര്യം ഇഷ്ടപ്പെടുന്നു എന്നുള്ളത്.

ആകര്‍ഷണീയ രൂപവും ആട്ടിയകറ്റുന്ന രൂപവും
ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കപ്പെടുന്ന ഇസ്‌ലാമിന്റെ ചിത്രം വളരെ പ്രധാനപ്പെട്ട സംഗതിയാണ്. ആകര്‍ഷിക്കുന്ന രൂപവുമുണ്ട്. ആട്ടിയോടിക്കുന്ന രൂപവുമുണ്ട്. സന്തോഷവാര്‍ത്തയറിയിക്കുന്ന രൂപവും വെറുപ്പുണ്ടാക്കുന്ന രൂപവുമുണ്ട്. സന്തോഷവാര്‍ത്തയറിയിക്കുന്ന രൂപത്തിലൂടെ മാത്രമേ നമുക്ക് നമുക്ക് ചുറ്റുമുള്ളവരെ ആകര്‍ഷിക്കാനാവൂ. ഇസ്‌ലാമിനെ പേടിപ്പെടുത്തുകയും ഭീതിജനിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ അവതരിപ്പിക്കുന്ന ആളുകളുണ്ട്. വാക്കുകളില്‍ കുരുങ്ങിക്കിടക്കുന്ന അഖീദയുടെയും (വിശ്വാസകാര്യങ്ങള്‍) രൂപങ്ങളില്‍ വിട്ടുവീഴ്ച്ചയില്ലാത്ത അനുഷ്ഠാനങ്ങളുടെയും നിഷേധാത്മകയിലധിഷ്ടിതമായ സ്വഭാവത്തിന്റെയും ഇസ്‌ലാമിലേക്കാണ് അവര്‍ ക്ഷണിക്കുന്നത്. അക്രമത്തിന്റെ മാര്‍ഗമല്ലാത്ത മറ്റൊന്നും അറിയാത്ത പുരികം കോട്ടിയ, മുഖം ചുളിച്ച ഇസ്‌ലാമാണത്. സമീപനത്തിലെ പാരുഷ്യവും കാര്‍ക്കശ്യവുമാണ് അതിന്റെ പ്രകടഭാവം.

അഭിപ്രായ വൈവിധ്യങ്ങള്‍ അറിയാത്ത പാറക്കല്ല് പോലെ മരവിച്ച ഇസ്‌ലാമാണത്. ഗവേഷണ സാധ്യതകളെ അതംഗീകരിക്കുന്നില്ല. ഒരൊറ്റ അഭിപ്രായവും വീക്ഷണവും അഭിപ്രായവുമല്ലാതെ അത് അംഗീകരിക്കുകയില്ല. മറ്റൊരു അഭിപ്രായത്തിനോ വീക്ഷണത്തിനോ ചെവികൊടുക്കുക പോലുമില്ല. എന്റെ നിലപാട് തെറ്റാന്‍ സാധ്യതയുള്ള ശരിയാണെന്നും അപരന്റെ നിലപാട് ശരിയാവാന്‍ സാധ്യതയുള്ള തെറ്റാണെന്നുമുള്ള കാഴ്ച്ചപ്പാട് അതിന്നുണ്ടാവില്ല. ഈ ഇസ്‌ലാം സംശയത്തോടെയാണ് സ്ത്രീയെ നോക്കിക്കാണുന്നത്. അവളെ വീട്ടില്‍ ബന്ധിക്കണമെന്നും ജോലിക്ക് പോകുന്നത് തടയണമെന്നും അതാവശ്യപ്പെടുന്നു. അവള്‍ പ്രബോധന പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിലും ഇടപെടേണ്ടവളല്ല എന്നതാണ് അതിന്റെ നിലപാട്.

ഈ ഇസ്‌ലാം സമ്പത്തിന്റെ വിതരണത്തിലുള്ള നീതിക്ക് പ്രാധാന്യം നല്‍കുന്നില്ല. ഭരണത്തില്‍ കൂടിയാലോചനാ തത്വങ്ങളും ജനങ്ങളുടെ സ്വാതന്ത്ര്യവും വിലമതിക്കുന്നില്ല. സാമ്രാജ്യത്വ, സയണിസ്റ്റ് ശക്തികള്‍ക്ക് വഴങ്ങുന്നതിനെ കുറിച്ച് ജനങ്ങള്‍ക്കത് മുന്നറിയിപ്പ് നല്‍കുന്നില്ല. മറിച്ച് അതിന് താല്‍പര്യം വാക്കുകളിലും ശാഖാപരമായ വിഷയങ്ങളിലും കടിച്ചുതൂങ്ങിയുള്ള തര്‍ക്കങ്ങള്‍ക്കാണ്. അത് ആരാധനാ കര്‍മങ്ങളെ സംബന്ധിച്ചാവാം മറ്റ് ഇടപാടുകളെ സംബന്ധിച്ചാവാം. എന്നാല്‍ ആ വിയോജിപ്പ് ഒരിക്കലും അവസാനക്കാനും പോകുന്നില്ല.

ജീവിതമെന്നാല്‍ ഒരു കൂട്ടം വിലക്കുകളുടെയും നിരോധനങ്ങളുടെയും സംഹിതയാണെന്ന് തോന്നിപ്പിക്കും വിധമാണ് ചിലര്‍ പ്രചരിപ്പിക്കുന്ന ഇസ്‌ലാം. അതിന്റെ പ്രചാരകരുടെ വാക്കുകളിലും അവരുടെ എഴുത്തുകളിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പദം 'ഹറാം' (നിഷിദ്ധം) ആയിരിക്കും.

എന്നാല്‍ നാം ഉയര്‍ത്തിപ്പിടിക്കേണ്ട ഇസ്‌ലാം ഖുര്‍ആനും പ്രവാചകചര്യയും ഖലീഫമാരും പരിചയപ്പെടുത്തിയിട്ടുള്ള ഇസ്‌ലാമാണ്. എളുപ്പമുണ്ടാക്കുന്ന ഇസ്‌ലാമാണത്, പ്രയാസത്തിന്റേതല്ല. സന്തോഷവാര്‍ത്തയറിയിക്കുന്നതാണ് വെറുപ്പുണ്ടാക്കുന്നതല്ല. നൈര്‍മല്യത്തിന്റെതാണ് അക്രമത്തിന്റേതല്ല. പക്ഷപാതത്തിന്റെതല്ല വിട്ടുവീഴ്ച്ചയുടെ ഇസ്‌ലാമാണത്. സത്തയാണത്, രൂപമല്ല. പ്രവര്‍ത്തനമാണത്, തര്‍ക്കങ്ങളല്ല. ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും ഇസ്‌ലാമാണത്, അന്ധമായ പിന്‍പറ്റലിന്റെയോ മരവിപ്പിന്റേതോ അല്ല. ഏകദൈവത്വം ചൈതന്യമായിട്ടുള്ള ആദര്‍ശത്തിനും, ആത്മാര്‍ത്ഥ ചൈതന്യമായിട്ടുള്ള അനുഷ്ഠാനങ്ങള്‍ക്കും, നന്മ ചൈതന്യമായിട്ടുള്ള സ്വഭാവത്തിനും, നീതി ചൈതന്യമായിട്ടുള്ള ശരീഅത്തിനും, സാഹോദര്യം ചൈതന്യമായിട്ടുള്ള ബന്ധത്തിനും മേലാണ് ഇസ്‌ലാം നിലകൊള്ളുന്നത്. സന്തുലിതത്വവും സമ്പൂര്‍ണതയും ചൈതന്യമായിട്ടുള്ള നാഗരികതയാണ് അതിന്റെ ഫലം. ഇങ്ങനെയുള്ള ഇസ്‌ലാമിന് മാത്രമേ നമ്മെ ലോകത്തോട് അടുപ്പിക്കാനും ലോകത്തെ നമ്മോട് അടുപ്പിക്കാനും സാധിക്കുകയുള്ളൂ. ആ ഇസ്‌ലാമാണ് ഇസ്‌ലാമിക നവോത്ഥാനം ഉണ്ടാക്കുക.

മൊഴിമാറ്റം: നസീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics