ലാസ് വേഗാസ് കൊലയാളി ഒരു മുസല്‍മാനായിരുന്നെങ്കില്‍...

ഞായറാഴ്ച്ച ലാസ് വേഗാസില്‍ നടന്ന സംഗീത നിശയില്‍ പങ്കെടുത്തവര്‍ക്ക് നേരെ 64 വയസ്സുകാരന്‍ സ്റ്റീഫന്‍ പാഡോക്ക് നടത്തിയ വെടിവെപ്പിനെ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണം എന്നാണ് പോലിസ് വിളിച്ചത്.

പാഡോക്കിന്റെ വശം പത്തിലധികം റൈഫിളുകള്‍ ഉണ്ടായിരുന്നത് ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നുണ്ടെങ്കിലും, ലാസ് വേഗാസ് ഷരീഫ് ജോ ലൊമ്പാര്‍ഡോ വളരെ പെട്ടെന്ന് തന്നെ സംഭവത്തിന് ഭീകരവാദവുമായുള്ള ബന്ധത്തെ തള്ളിക്കളയുകയും, പാഡോക്കിനെ ലാസ് വേഗാസില്‍നിന്നും 80 മൈല്‍ അകലെയുള്ള ഒരു നാട്ടിന്‍പുറത്ത് നിന്നും വരുന്ന ഒരു വെളുത്ത വര്‍ഗക്കാരനായ 'സാധാരണ വ്യക്തി'യായും, 'ഒറ്റയാനായും' വിശേഷിപ്പിക്കുകയും ചെയ്തു.

പാഡോക്കിനെ ആരെങ്കിലും അല്ലെങ്കില്‍ എന്തെങ്കിലും പ്രചോദിപ്പിച്ചതാണോ എന്ന കാര്യത്തില്‍ നാമിനിയും വ്യക്തത വരുത്തേണ്ടതുണ്ട്, 'ഭീകരവാദി' പോലെയുള്ള പ്രയോഗങ്ങള്‍ പലരും വളരെ സൂക്ഷ്മതയോടെയാണ് ഉപയോഗിക്കുന്നത്. പക്ഷെ, പാഡോക്ക് ഒരു മുസ്‌ലിം ആയിരുന്നെങ്കില്‍, ഇപ്പോള്‍ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന ഒരു 'സാധാരണ വ്യക്തി' എന്ന പദവി തികച്ചും അപ്രധാനമാകുമായിരുന്നു, അദ്ദേഹത്തിന് പ്രചോദനമായി വര്‍ത്തിച്ചത് 'ഇസ്‌ലാമിക ഭീകരവാദം' അല്ലെങ്കില്‍ 'ജിഹാദ്' ആണെന്ന് യാതൊരു തെളിവുകളുടെയും പിന്‍ബലമില്ലാതെ വളരെ പെട്ടെന്ന് തന്നെ ഊഹിച്ചെടുക്കപ്പെടുമായിരുന്നു.

ഭീകരവാദവുമായി ബന്ധപ്പെട്ട നമ്മുടെ ഭാവനകളിലും, നയരൂപീകരണത്തിലും മതവും വംശവും എങ്ങനെ വര്‍ത്തിക്കുന്നു? തുടങ്ങിയ അനേകം ചോദ്യങ്ങള്‍ ലാസ് വേഗാസ് വെടിവെപ്പ് ഉയര്‍ത്തുന്നുണ്ട്. ഭീകരവിരുദ്ധ യുദ്ധത്തിന്റെ മൂന്നാം ഘട്ടത്തിന് പ്രസിഡന്റ് ട്രംപ് നേതൃത്വം വഹിച്ചു കഴിഞ്ഞു, അമേരിക്കയുടെ ഭീകരവിരുദ്ധ നയപരിപാടികള്‍ മുസ്‌ലിംകളെയാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

'രാജ്യത്ത് വളരുന്ന' (homegrown) മുസ്‌ലിം റാഡിക്കലുകളെ തിരിച്ചറിയാനും, അറസ്റ്റ് ചെയ്യാനുമുള്ള കൗണ്ടര്‍ റാഡിക്കലൈസേഷന്‍ പോലീസിംഗുമായി ട്രംപ് മുന്നോട്ട് പോവുകയാണ്. മുന്‍പ്രസിഡന്റ് ബറാക്ക് ഒബാമയാണ് പ്രസ്തുത ഭീകരവിരുദ്ധ പദ്ധതിക്ക് തുടക്കംകുറിച്ചത്. പാഡോക്കിനെ പോലെ തന്നെ, 2015-ല്‍ ചാള്‍സ്റ്റണില്‍ ചര്‍ച്ചിലേക്ക് പോവുകയായിരുന്ന ഒമ്പത് പേരെ കൊലപ്പെടുത്തിയ ഡെയ്‌ലന്‍ റൂഫും 'ലോണ്‍ വൂള്‍ഫ്' (ഒറ്റയാന്‍) ആയാണ് വിശേഷിപ്പിക്കപ്പെട്ടത്.

എന്തുകൊണ്ടാണ് ഒരാള്‍ 'homegrown' ആവുമ്പോള്‍, മറ്റൊരാള്‍ 'lone wolf' ആവുന്നത്? 'ലോണ്‍ വൂള്‍ഫ്', 'മനോരോഗി' എന്നിങ്ങനെയുള്ള സവിശേഷ പദവികള്‍ കൊടുംകുറ്റകൃത്യങ്ങള്‍ ചെയ്ത വെളുത്ത വര്‍ഗക്കാരായ കുറ്റവാളികള്‍ക്ക് ലഭ്യമാണ്. ലാസ് വേഗാസ് വെടിവെപ്പോടെ 'ഒരു സാധാരണ വ്യക്തി' എന്ന പദവി കൂടി ആ പട്ടികയിലേക്ക് കടന്നുവന്നിട്ടുണ്ട്.

എന്നാല്‍, സ്റ്റേറ്റിന്റെ കണ്ണിലും, രാജ്യത്ത് വളരുന്ന മുസ്‌ലിം റാഡിക്കലുകളെ കണ്ടെത്തി ശിക്ഷിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട ലോക്കല്‍ ലോ എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ണിലും തവിട്ട്-കറുപ്പ് നിറക്കാരും, മുസ്‌ലിംകളും പുറത്ത് നിന്നും വന്നവരായാണ് അടയാളപ്പെടുത്തപ്പെടുന്നത്. അതേസമയം, വെളുപ്പ് നിറം വ്യക്തിത്വവുമായും, തദ്ദേശീയതയുമായാണ് അഭേദ്യമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്.

(പേരു കൊണ്ടോ, ജന്മം കൊണ്ടോ) മുസ്‌ലിം ആയ ഒരു വ്യക്തി ഉള്‍പ്പെട്ടിട്ടുള്ള ഒരു ഭീകരാക്രമണത്തെ അമേരിക്കന്‍ മുസ്‌ലിംകളെല്ലാം ഒന്നടങ്കം അപലപിക്കേണ്ടത് നിര്‍ബന്ധമാണ്. ബാക്കി പൊതുസമൂഹം അത് പ്രതീക്ഷിക്കുന്നുമുണ്ട്. ഈ കുറ്റഭാരം ആധുനിക അമേരിക്കന്‍ മുസ്‌ലിം അനുഭവങ്ങളുടെ ഒരു കേന്ദ്രഘടകമായി മാറിയിട്ടുണ്ട്.

അതേസമയം, 1982 മുതല്‍ക്ക് നടന്ന മാസ് ഷൂട്ടിംഗുകളിലെ 63 ശതമാനവും നടത്തിയത് വെളുത്ത വര്‍ഗക്കാരാണെങ്കിലും, വെളുത്ത വര്‍ഗക്കാര്‍ ചെയ്യുന്ന കുറ്റകൃത്യത്തിന് മറ്റു വെളുത്ത വര്‍ഗക്കാര്‍ മാപ്പു പറയണമെന്ന് ഒരാളും പറയില്ല. മുസ്‌ലിം സ്വത്വം എല്ലായ്‌പ്പോഴും ഭീകരവാദ സംശയവുമായി കൂട്ടിക്കെട്ടപ്പെടുമ്പോള്‍, വെളുത്ത നിറം പാഡോക്കിനെ പോലെയുള്ളവരെ മറ്റു വെളുത്ത അമേരിക്കക്കാരില്‍ നിന്നും പെട്ടെന്ന് തന്നെ വേര്‍പ്പെടുത്തും, പാഡോക്ക് ചെയ്ത ഭീകരപ്രവര്‍ത്തിയെ അപലപിക്കുകയോ, അതിന്റെ പേരില്‍ മാപ്പു പറയുകയോ ചെയ്യേണ്ടതായ ഒരു ഭാരവും മറ്റു വെളുത്ത അമേരിക്കക്കാര്‍ക്കില്ല.

ഈ ഇരട്ടത്താപ്പുകളും, ഭീകരവാദത്തെ ഒരു സമുദായത്തോട് മാത്രം കൂട്ടിക്കെട്ടുന്നതും ജനപ്രിയ വാര്‍പ്പുമാതൃകകളെ മാത്രമല്ല പ്രതിഫലിപ്പിക്കുന്നത്, മറിച്ച് അമേരിക്കന്‍ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തെയും കൂടിയാണ് അത് പ്രതിഫലിപ്പിക്കുന്നത്. ഭീകരവാദ കുറ്റവാളികള്‍ മുസ്‌ലിംകളാവുമ്പോള്‍ നീതി തേടാനും, രാജ്യത്തിന്റെ പേരില്‍ പകരംവീട്ടാനും ഒരു സമൂഹമെന്ന നിലയില്‍ അവ നമ്മോട് കല്‍പിക്കുന്നു, പക്ഷെ കുറ്റവാളികള്‍ വെളുത്ത വര്‍ഗക്കാരാകുമ്പോള്‍ ചൂണ്ടുവിരലുകളും, രാഷ്ട്രീയ നിരീക്ഷണങ്ങളും അപ്രത്യക്ഷമാകും.

സമീപത്തും അകലെയുമുള്ള മുസ്‌ലിം ഭീകരരെ തിരഞ്ഞുകൊണ്ടിരിക്കുന്ന നാം, നമ്മുടെ തൊട്ടടുത്തുള്ള ആയുധധാരികളായ വെളുത്ത ഭീകരവാദികളെ സംബന്ധിച്ച് അശ്രദ്ധരാണ്.


മൊഴിമാറ്റം: irshad shariati

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics