സ്‌നേഹവും സാഹോദര്യവുമാണ് നമ്മുടെ കാവല്‍

മലയാളികള്‍ക്കിടയില്‍ പരിചിതമായ ഒരു ചൊല്ലാണ് വെടക്കാക്കി തനിക്കാക്കുക എന്നുള്ളത്. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കേരളത്തില്‍ കാലുറപ്പിക്കാന്‍ കഴിയാത്ത സംഘ്പരിവാര്‍ ഈ ചൊല്ല് പ്രായോഗികമാക്കാനാണ് ശ്രമിക്കുന്നതെന്ന് തോന്നിപ്പിക്കുന്നതാണ് അവരുടെ നീക്കങ്ങള്‍. കേരളത്തെ ഭീകരവാദികളുടെയും തീവ്രവാദികളടെയും കേന്ദ്രമായി മുദ്രകുത്തുന്ന അവരുടെ അവരുടെ നേതാക്കളുടെ പ്രസ്താവനകളും കഴിഞ്ഞ ദിവസം ജനരക്ഷാ യാത്രയെന്ന പേരില്‍ അവര്‍ തുടക്കം കുറിച്ച യാത്രയുടെ മുദ്രാവാക്യങ്ങള്‍ പോലും അതാണ് വിളിച്ചോതുന്നത്. ഇക്കഴിഞ്ഞ വിജയദശമി ദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് കേരളത്തിലും ബംഗാളിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന ആരോപണമാണ് ഉയര്‍ത്തിയിട്ടുള്ളത്. അടിസ്ഥാന രഹിതമായ പ്രചരണങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളും ഉയര്‍ത്തി കാട്ടിയാണ് ഇത്തരം വാദങ്ങളുമായി അവര്‍ മുന്നോട്ടു വരുന്നത്.

അക്രമങ്ങളിലൂടെയും കൊലപാതകങ്ങളിലൂടെയും മാത്രം വളര്‍ന്ന ഒരു പാര്‍ട്ടി 'എല്ലാവര്‍ക്കും ജീവിക്കണം' എന്ന മുദ്രാവാക്യം ഉയര്‍ത്തി ജാഥ നടത്തുമ്പോള്‍ അത് ഒന്നാമതായി അവരെ തന്നെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. അതുകൊണ്ട് തന്നെ പത്രം വായിക്കുന്ന മലയാളികള്‍ക്ക് മുന്നില്‍ ഇത്തരം ഒരു മുദ്രാവാക്യം ഉയര്‍ത്തിയതിലൂടെ സ്വയം അപഹാസ്യരായി തീരുകയാണവര്‍. ഭീകരതക്കെതിരെ അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ എത്രത്തോളം ആത്മാര്‍ഥമാണെന്നും മനുഷ്യ ജീവനുകള്‍ക്ക് അവര്‍ നല്‍കുന്ന പ്രാധാന്യം എത്രയാണെന്നും നന്നായി അറിയുന്നവരാണ് മലയാളികള്‍. പിഞ്ചുമക്കളുടെ ജീവന് യാതൊരു വിലയും കല്‍പിക്കാത്ത, അവരുടെ മരണങ്ങളെ ന്യായീകരിക്കുന്ന ഒരു സംസ്ഥാന ഭരണകൂടത്തിന്റെ മുഖ്യമന്ത്രിയെയാണ് ജാഥയില്‍ അവര്‍ കൂടെകൂട്ടിയിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ അതിനനുസൃതമായ പ്രതികരണമാണ് ആ ജാഥക്ക് ലഭിച്ചിട്ടുള്ളതും ലഭിച്ചു കൊണ്ടിരിക്കുന്നതും.

പതിറ്റാണ്ടുകളായി വളരെ സ്‌നേഹത്തിലും സൗഹൃദത്തിലും സഹിഷ്ണുതയിലും കഴിയുന്ന കേരളത്തിന്റെ പാരമ്പര്യം തകര്‍ക്കാനും അതിലൂടെ രാഷ്ട്രീയ ലാഭമുണ്ടാക്കാനുമാണ് സംഘ്പരിവാര്‍ ആഗ്രഹിക്കുന്നത്. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷത്തില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ വേരുപിടിക്കില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് അതുണ്ടാകുന്നത്. അക്രവും വര്‍ഗീയതയും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം സ്വസ്ഥയും സമാധാനവുമല്ല കെടുത്തുന്നത് എന്ന തിരിച്ചറിവില്‍ നിന്നാണ് അതിനെതിരെ പ്രതിരോധം ഉയരേണ്ടത്. അരക്ഷിതബോധം നിലനില്‍ക്കുന്ന ഒരു സമൂഹത്തിന് യാതൊരു വളര്‍ച്ചയും പുരോഗതിയും കൈവരിക്കാനാവില്ലെന്ന് നാം തിരിച്ചറിയണം. അതിന് ഉദാഹരണമായി ഉത്തരേന്ത്യന്‍ ഗ്രാമങ്ങളും സംസ്ഥാനങ്ങളും നമ്മുടെ മുമ്പിലുണ്ട്. സ്‌നേഹവും സാഹോദര്യവുമാണ് നമ്മുടെ കാവല്‍ എന്ന തിരിച്ചറിവോടെ വര്‍ഗീയതയുടെ എല്ലാവിധ വേരോട്ടങ്ങളെയും ശക്തമായി ചെറുക്കാന്‍ നാം മുന്നിട്ടിറങ്ങേണ്ടതുണ്ട്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics