ഇന്ത്യന്‍ പാരമ്പര്യവും കൊളോണിയല്‍ ചരിത്രരചനയും

"ആളുകളെ തകര്‍ക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം തങ്ങളുടെ ചരിത്രത്തെ സംബന്ധിച്ച അവരുടെ ധാരണ മായ്ച്ചുകളയലും നിരാകരിക്കലുമാണ്." - ജോര്‍ജ്ജ് ഓര്‍വെല്‍

മുസ്‌ലിം ഭരണാധികാരികളെക്കുറിച്ച പൊതുവ്യവഹാരങ്ങളെല്ലാം തന്നെ ആവര്‍ത്തനവിരസവും എന്താണ് അവരെക്കുറിച്ച് പറയാന്‍ പോകുന്നത് എന്ന് നമുക്ക് മുന്‍കൂട്ടി പ്രവചിക്കാന്‍ പറ്റുന്നതുമായിരിക്കും. അവരോടുള്ള പൊതുജനങ്ങളുടെയും ബുദ്ധിജീവികളുടെയുമെല്ലാം സമീപനവും അത് തന്നെയാണ്. മാത്രമല്ല, വലത്പക്ഷ ചരിത്രകാരന്‍മാര്‍ മുസ്‌ലിം ഭരണാധികാരികളെക്കുറിച്ച് സൃഷ്ടിച്ചെടുത്ത ഭാവനകളെ അടിസ്ഥാനപ്പെടുത്തിയാണ് സാധാരണ ജനങ്ങളും അവരെ മനസ്സിലാക്കുന്നത് എന്നതാണ് വസ്തുത. സ്ഥാപിത പണ്ഡിത കേന്ദ്രങ്ങളില്‍ നിന്ന് തന്നെ അതിനുള്ള തെളിവുകള്‍ നമുക്ക് ലഭ്യമാണ്.

ഇസ്‌ലാമിനെക്കുറിച്ച നെഗറ്റീവായ ചിത്രം വരുന്നതിന് ഒരു കാരണം അമുസ്‌ലിംകളുടെ ഇസ്‌ലാമിനെക്കുറിച്ച തെറ്റായ ധാരണ തന്നെയാണ്. മറ്റൊന്ന് തങ്ങളെ സ്വയം വിശദീകരിക്കുന്നതില്‍ മുസ്‌ലിംകള്‍ക്ക് സംഭവിച്ച പരാജയമാണ്. പരസ്പരമുള്ള വെറുപ്പും വിദ്വേഷവും വളരുക എന്നത് തന്നെയാണ് അതിന്റെ ഫലം. മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കുമിടയില്‍ ഇസ്‌ലാമിനെക്കുറിച്ച അജ്ഞത നിലനില്‍ക്കുന്നുണ്ട്. അമുസ്‌ലിംകള്‍ ഇസ്‌ലാമിനെക്കുറിച്ച തെറ്റിദ്ധാരണ കാരണം അതിനെ ഭയപ്പെടുകയാണ് ചെയ്യുന്നത്. തങ്ങളുടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് ഇസ്‌ലാം ഭീഷണിയാണ് എന്നാണവര്‍ വിശ്വസിക്കുന്നത്. അതേസമയം മുസ്‌ലിംകള്‍ക്കിടയിലും മിഥ്യാബോധങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അമുസ്‌ലിംകളുടെ വെറുപ്പിനും ദേഷ്യത്തിനും അവര്‍ തങ്ങളുടെ സമുദായത്തില്‍ പ്രതിരോധം തീര്‍ക്കുകയും കലഹത്തിന്റേതായ ഒരന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. അതിനിടയില്‍ മുങ്ങിപ്പോകുന്നത് വിവേകത്തിന്റെ ശബ്ദങ്ങളാണ്.

ഏലിയറ്റ് (Elliot), ഡാവ്‌സണ്‍ (Dawson) എന്നിവര്‍ ചേര്‍ന്ന് രചിച്ച The History of India, as Told by its own Historians എന്ന കുപ്രസിദ്ധ പുസ്തകം മുസ്‌ലിം ചരിത്രത്തിന് കനത്ത നാശമാണ് വരുത്തിവെച്ചിരിക്കുന്നത്. സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പിക്കാന്‍ വേണ്ടി ഈ പുസ്തകം നിര്‍ദേശിക്കപ്പെട്ടിരുന്നു. പുസ്തകത്തിന്റെ പേജുകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ തന്നെ എത്രത്തേളം സൂക്ഷ്മമായാണ് മുസ്‌ലിം ഭരണാധികാരികള്‍ക്കെതിരെ വായനക്കാരുടെ മനസ്സില്‍ വിഷം കുത്തി വെക്കാന്‍ ഗ്രന്ഥകാരന്‍മാര്‍ ശ്രമിച്ചിട്ടുള്ളതെന്ന് നമുക്ക് മനസ്സിലാകും. നീതിയോടെയും കാര്യക്ഷമതയോടെയുമുള്ള ബ്രിട്ടീഷ് ഭരണത്തിന് മുമ്പുള്ള മുസ്‌ലിം ഭരണാധികാരികളുടെ കാലഘട്ടം ക്രൂരവും ഏകാധിപത്യപരവുമായിരുന്നു എന്നാണവര്‍ ആരോപിക്കുന്നത്. ഇന്ത്യന്‍ ചരിത്രത്തിലെ 'മുഹമ്മദന്‍' കാലഘട്ടത്തോട് ഒരു സഹാനുഭൂതിയും ഗ്രന്ഥകാരന്‍മാര്‍ കാണിക്കുന്നില്ല. സാമുദായിക സ്പര്‍ധ വളര്‍ത്തുകയാണ് ഇന്ത്യയിലെ ചരിത്ര പാഠപുസ്തകങ്ങള്‍ ചെയ്യുന്നത്. മാത്രമല്ല, സമുദായങ്ങള്‍ തമ്മില്‍ ചരിത്രത്തിലുടനീളം നടന്നിട്ടുള്ള സംഘട്ടനങ്ങളെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് സമകാലിക സംഘര്‍ഷങ്ങളെ അവ ന്യായീകരിക്കുകയും ചെയ്യുന്നു.

മിക്ക പുതിയ പാശ്ചാത്യ പഠനങ്ങളും കാണിക്കുന്നത് മുഗള്‍ ഭരണാധികാരികള്‍ ബഹുസ്വരവാദികളായിരുന്നു എന്നാണ്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ മതപഠന വിഭാഗത്തില്‍ ഗവേഷകയായ ഓഡ്രി ട്രുഷ്‌ക (Audrey Truschke) പറയുന്നത് ഇന്ത്യയിലെ ഈയടുത്ത് നടന്ന മത സംഘര്‍ഷങ്ങളുടെയെല്ലാം കാരണം മുഗള്‍ കാലഘട്ടത്തെക്കുറിച്ച പ്രത്യയശാസ്ത്രപരമായ അനുമാനങ്ങളാണ് എന്നാണ്.

Culture of encotuer: sanskrit at the mughal court എന്ന പുസ്തകത്തില്‍ ദ്രുഷ്‌ക (Truschke) പറയുന്നത് 16 മുതല്‍ 18ാം നൂറ്റാണ്ട് വരെയുള്ള ഇന്ത്യയിലെ മുസ്‌ലിം ഭരണത്തിന്റെ പ്രതാപകാലത്ത് വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങളുടെ പരസ്പര സഹവര്‍ത്വിത്തവും വികാസവും സജീവമായിരുന്നു എന്നാണ്. മത-സാംസ്‌കാരിക സംഘര്‍ഷങ്ങളൊന്നും അക്കാലത്തുണ്ടായിരുന്നില്ല. ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും നല്ല പാണ്ഡിത്യമുള്ള ദ്രുഷ്‌ക വാദിക്കുന്നത് 1757 മുതല്‍ 1947 വരെയുള്ള കൊളോണിയല്‍ കാലത്താണ് മതസമുദായങ്ങളെ പരസ്പരം ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത് എന്നാണ്.

അവര്‍ പറയുന്നു: 'മുസ്‌ലിംകളെയും ഹിന്ദുക്കളെയും പരസ്പരം ഭിന്നിപ്പിച്ച് കൊണ്ടും ഇരു സമുദായങ്ങളുടെയും രക്ഷകരായി സ്വയം ചമഞ്ഞ്‌കൊണ്ടുമാണ് ബ്രിട്ടീഷുകാര്‍ നേട്ടം കൈവരിച്ചത്. പുരാതനമായ മതസംഘര്‍ഷങ്ങളെ തങ്ങള്‍ക്ക് മാത്രമേ പരിഹരിക്കാന്‍ സാധിക്കൂ എന്നായിരുന്നു അവരുടെ വാദം. കൊളോണിയലിസം 1940കളില്‍ തന്നെ അവസാനിച്ചിരുന്നുവെങ്കിലും ആധുനിക ഹിന്ദു വലത്പക്ഷം ഹിന്ദു-മുസ്‌ലിം സംഘര്‍ഷത്തെ നിലനിര്‍ത്തുകയും അതില്‍ നിന്ന് രാഷ്ട്രീയ നേട്ടം കൈവരിക്കുകയും ചെയ്തു.'

അതേസമയം ട്രുഷ്‌ക മുസ്‌ലിംകളും ഹിന്ദുക്കളും തമ്മില്‍ നിലനിന്നിരുന്ന മതപരവും ഭാഷാപരവുമായ പരസ്പര ബന്ധത്തെക്കുറിച്ചും സഹവര്‍ത്വിത്തത്തെക്കുറിച്ചുമുള്ള വിവരങ്ങളാണ് നല്‍കുന്നത്.

'തകര്‍ത്തതിനേക്കാള്‍ കൂടുതല്‍ ഒരുപാട് ഹിന്ദു അമ്പലങ്ങള്‍ നിര്‍മ്മിക്കുകയാണ് ഔറഗസേബ് ചെയ്തിട്ടുള്ളത്. അദ്ദേഹമായിരുന്നു മറ്റെല്ലാ മുഗള്‍ ഭരണാധികാരികളേക്കാളും കൂടുതല്‍ ഹിന്ദുക്കള്‍ക്ക് ഭരണകാര്യാലയത്തില്‍ ജോലി നല്‍കിയിരുന്നത്. അക്ബറിന്റെ ഭരണകാലത്തുള്ളതിനേക്കാള്‍ അമ്പത് ശതമാനത്തിലധികം ഹിന്ദുക്കള്‍ ഔറംഗസേബിന്റെ കാലത്ത് അദ്ദേഹത്തിന് കീഴില്‍ ജോലി ചെയ്തിരുന്നു. തന്റെ ജീവിതത്തിലുടനീളം ഹിന്ദു ഡോക്ടര്‍മാരോടും ജ്യോല്‍സ്യന്‍മാരോടും അദ്ദേഹം ഉപദേശം തേടാറുണ്ടായിരുന്നു. അതേസമയം, അദ്ദേഹം ചില അമ്പലങ്ങള്‍ തകര്‍ക്കുകയും ജിസ്‌യ നടപ്പിലാക്കുകയും മറാത്തകളുടെ കൂടെ മധ്യേഷ്യയിലും ദക്ഷിണേന്ത്യയിലും ഒരുപാട് മനുഷ്യരെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഒരു ചരിത്രകാരന്‍ ചെയ്യേണ്ടത് ഔറംഗസേബിന്റെ ജീവിതത്തിന്റെ എല്ലാ ഏടുകളെയും അടയാളപ്പെടുത്തുക എന്നതാണ്. അല്ലാതെ, അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തെ മാത്രം എടുത്തുകാണിക്കുകയല്ല വേണ്ടത്.'

ചരിത്രകാരന്‍മാര്‍ മലിനപ്പെടുത്തിയ മറ്റൊരു ഭരണാധികാരിയാണ് ടിപ്പുസുല്‍ത്താന്‍. ബ്രിട്ടീഷുകാരുടെ ശക്തനായ എതിരാളിയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാര്‍ക്കെതിരെ വീരമൃത്യു വരിച്ച ആദ്യകാലത്തെ ഇന്ത്യന്‍ ഭരണാധികാരികളിലൊരാളായ ടിപ്പുവിന്റെ പ്രതിമ ബ്രിട്ടീഷ് സൈന്യം എക്കാലത്തും നേരിട്ട ശക്തരായ പത്ത് സൈന്യാധിപരുടെ കൂട്ടത്തില്‍ ബ്രിട്ടീഷ് ആര്‍മ്മി മ്യൂസിയത്തില്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഒരു സൈനിക തന്ത്രജ്ഞന്‍ എന്ന നിലയില്‍ ടിപ്പുവിനെ നെപ്പോളിയന്‍ ബോണപ്പാട്ടിനോട് (Napoleon Bonaparte) തുലനം ചെയ്യാവുന്നതാണ്.

ഒരു സൈനിക തന്ത്രജ്ഞന്‍ എന്നതിനോടൊപ്പം ടിപ്പു നല്ലൊരു ദാര്‍ശനികനുമായിരുന്നു. മാത്രമല്ല, നവീനമായ ആശയങ്ങള്‍ അദ്ദേഹം കൊണ്ടുവരാറുണ്ടായിരുന്നു. സൈന്യത്തെ നവീകരിച്ചത് കൂടാതെ പുതിയ നാണയ വ്യവസ്ഥ, കലണ്ടര്‍, ഫ്രഞ്ച് സാങ്കേതിക വിദഗ്ധര്‍ നിര്‍മ്മിച്ച രീതികളെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ അളവ്-തൂക്ക സംവിധാനം എന്നിവയും അദ്ദേഹം കൊണ്ടുവരികയുണ്ടായി. മാത്രമല്ല, ഫ്രഞ്ച് വിപ്ലവകാരികള്‍ക്കുള്ള ആദരസൂചകമായി ശ്രീരാഗപട്ടണത്തെ കോട്ടയില്‍ അദ്ദേഹം 'സ്വാതന്ത്ര്യത്തിന്റെ  മരം' സ്ഥാപിക്കുകയുണ്ടായി.

എന്നാല്‍ ബ്രിട്ടീഷ് ചരിത്രരചന അദ്ദേഹത്തെ പൈശാചികവല്‍ക്കരിക്കുകയാണ് ചെയ്തിട്ടുള്ളത്. അസഹിഷ്ണുതയുള്ള മതഭ്രാന്തനായിട്ടാണ് ചരിത്രകാരന്‍മാര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. മഹ്മൂദ് ഗസ്‌നവിയുമായും നാദിര്‍ ഷായുമായും അദ്ദേഹത്തെ സമീകരിക്കുന്നവരുമുണ്ട്. വില്‍ക്‌സും (Wilks) കിര്‍ക്പാട്രികും (Kirkpatrick) 60,000ത്തോളം വരുന്ന കാനരീസ് ക്രൈസ്തവരെ (Kanarese Christians) ടിപ്പു നാടുകടത്തിയെന്നാണ് ആരോപിക്കുന്നത്. എന്നാല്‍ രണ്ടാം ആഗ്ലോ-മൈസൂര്‍ യുദ്ധക്കാലത്ത് മംഗലാപുരം കീഴടക്കാന്‍ ബ്രിട്ടീഷുകാരെ സഹായിച്ചത് കാനരീസ് ക്രൈസ്തവരാണ് (Kanarese Christians) എന്ന വസ്തുത നമ്മള്‍ മറക്കാന്‍ പാടില്ല. തന്റെ ഭരണത്തിന് കീഴില്‍ ജീവിച്ചിരുന്ന സിറിയന്‍ ക്രൈസ്തവരോട് നല്ല രീതിയിലാണ് ടിപ്പു പെരുമാറിയിരുന്നത്. മാത്രമല്ല, അര്‍മീനിയന്‍ കച്ചവടക്കാരെ മൈസൂരില്‍ സ്ഥിരതാമസമാക്കാന്‍ അദ്ദേഹം പ്രോല്‍സാഹിപ്പിക്കുകയും ചെയ്തിരുന്നു.

നിര്‍ബന്ധപൂര്‍വ്വമുള്ള മതപരിവര്‍ത്തനങ്ങള്‍ ടിപ്പു നടത്തിയിരുന്നു എന്നുള്ള ആരോപണവും അദ്ദേഹത്തിനെതിരെ നിലനില്‍ക്കുന്നുണ്ട്. അതേസമയം, ശ്രിങ്കേരി (Sringeri) സന്യാസിമഠത്തിന് അദ്ദേഹമെഴുതിയ 23 കത്തുകളടങ്ങിയ ചരിത്രരേഖകള്‍ 1913 ല്‍ കണ്ടെടുക്കുകയുണ്ടായി. അവ കാണിക്കുന്നത് മിക്ക അമ്പലങ്ങളുടെയും രക്ഷാധികാരിയായിരുന്നു ടിപ്പുവെന്നാണ്. കൊളോണിയല്‍ അധികാരികളെ വെല്ലുവിളിച്ചത് കൊണ്ടാണ് വിഷം വമിക്കുന്ന ആരോപണങ്ങള്‍ ടിപ്പുവിനെതിരെ ഉന്നയിക്കപ്പെട്ടത് എന്നതാണ് യാഥാര്‍ത്ഥ്യം. രജ്പുതനയിലെ (Rajputana) രാജാക്കന്‍മാര്‍ കീഴടങ്ങുകയും പഞ്ചാബിന്റെ സിംഹം എന്നറിയപ്പെട്ടിരുന്ന രഞ്ജിത് സിംഗ് അനുരജ്ഞനത്തിന് തയ്യാറാകുകയും മറാത്തകള്‍ ബ്രിട്ടീഷ് ഭീഷണിക്ക് മുമ്പില്‍ അടിയറവ് പറയുകയും ചെയ്തപ്പോഴും ടിപ്പു ധൈര്യപൂര്‍വ്വം കൊളോണിയലിസ്റ്റുകള്‍ക്കെതിരെ നിലകൊള്ളുകയായിരുന്നു.

ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധമില്ലാതിരുന്ന സന്ദര്‍ഭങ്ങളില്‍ ടിപ്പു ജലസേചന-കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു ചെയ്തിരുന്നത്. 1786 ല്‍ ടിപ്പു ഒരു വിളംബരം പുറപ്പെടുവിച്ചിരുന്നു. ടിപ്പു സുല്‍ത്താന്‍ ഗവേഷക കേന്ദ്രം (Tipu Sultan Research Institute) 1988 ല്‍ പുറത്തിറക്കിയ വാര്‍ഷിക ജേര്‍ണലില്‍ അതിന്റെ ഒരു പുതിയ പതിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ പറയുന്നത് ചാട്ടവാറടി പോലുള്ള ശിക്ഷാരീതികള്‍ ടിപ്പു നിരോധിച്ചിരുന്നു എന്നാണ്. ആ വിളംബരത്തില്‍ ഇങ്ങനെയും പറയുന്നുണ്ട്: 'കീഴടങ്ങിയ ഒരു സൈന്യത്തെ കൊള്ളയടിക്കുന്നതിലൂടെ ചെറിയൊരു വിഭാഗം മാത്രമാണ് സമ്പന്നമാകുന്നത്. നമ്മുടെ രാഷ്ട്രത്തിന്റെ ശക്തി ക്ഷയിപ്പിക്കുകയാണത് ചെയ്യുക. മാത്രമല്ല, നമ്മുടെ സൈന്യത്തിന് അത് അപമാനമാണ് വരുത്തിവെക്കുക. യുദ്ധം യുദ്ധമേഖലയില്‍ മാത്രമാണ് നടത്തേണ്ടത്. നിരപരാധികളായ മനുഷ്യരെ അതൊരിക്കലും ബാധിക്കാന്‍ പാടുള്ളതല്ല. ശത്രുപക്ഷത്തുള്ള കുട്ടികളെയും രോഗികളെയും പരിപാലിക്കുക എന്നത് നമ്മുടെ കര്‍ത്തവ്യമാണ്.'

ഡോ.ബി എന്‍ പാണ്ടെ നടത്തിയ ഗവേഷണത്തില്‍ പറയുന്നത് ടിപ്പു 156 അമ്പലങ്ങള്‍ക്ക് വര്‍ഷം തോറും ധനസഹായം നല്‍കാറുണ്ടായിരുന്നു എന്നാണ്. മാത്രമല്ല, ശ്രിങ്കേരിയിലെ (Sringeri) ശങ്കരാചാര്യയുമായി അദ്ദേഹത്തിന് സൗഹൃദ ബന്ധവുമുണ്ടായിരുന്നു. മുപ്പതോളം കത്തുകള്‍ ടിപ്പു അദ്ദേഹത്തിനെഴുതിയിട്ടുണ്ട് എന്നാണ് പാണ്ടെ പറയുന്നത്.

ഇന്ത്യാ വിഭജനത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ വിഭജന രാഷ്ട്രീയം വളര്‍ന്ന് വരാനിടയാക്കുകയുണ്ടായി. വ്യത്യസ്തങ്ങളായ രാഷ്ട്രങ്ങളുടെ പിറവിയിലേക്കാണ് ഒടുവില്‍ അത് കൊണ്ടെത്തിച്ചത്. വിഭജനം നടന്നിട്ട് ഇപ്പോള്‍ ഏഴ് പതിറ്റാണ്ടോളമായി. എന്താണ് വിഭജനത്തിന് കാരണമാക്കിയ ഘടകം എന്നതിനെക്കുറിച്ച സംവാദം ഒരു അക്കാദമിക വിഷയമാണ്. അതേസമയം, അതുണ്ടാക്കിയ തീപ്പൊരികളെ എങ്ങനെ തടഞ്ഞ്‌നിര്‍ത്താം എന്നതാണ് ഏറ്റവും പ്രായോഗികമായ കാര്യം. ഹിന്ദു ദേശീയവാദികളാകട്ടെ, ഇപ്പോഴും മുസ്‌ലിംകളുടെ ദേശസ്‌നേഹം പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. 300 വര്‍ഷത്തോളം നീണ്ടു നിന്ന മുഗള്‍ ഭരണത്തെ (മുഗള്‍ സാമ്രാജ്യം ബര്‍മ മുതല്‍ അഫ്ഗാനിസ്ഥാന്‍ വരെ നീണ്ടുകിടന്നിരുന്നു. താജ്മഹലും ഉര്‍ദുഭാഷയുമൊക്കെ അവരുടെ സംഭാവനയാണ്.) ഹിന്ദുക്കളെ അടിച്ചമര്‍ത്തിക്കൊണ്ട് നടപ്പിലാക്കിയ ഒരു മുസ്‌ലിം കൊളോണിയല്‍ ഭരണം എന്നാണവര്‍ വിശേഷിപ്പിക്കുന്നത്. ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞനായിരുന്ന ജെയിംസ് ബാല്‍ഡ്‌വിന്‍ തന്റെ notes of a native son എന്ന പുസ്തകത്തില്‍ എഴുതുന്നു: 'ജനങ്ങള്‍ ചരിത്രത്തിന്റെ കെണിയിലാണ്. ചരിത്രമാകട്ടെ, ജനങ്ങളുടെയും'.

ചരിത്രത്തിന്റെ ശരിയായ ദിശയിലുള്ള ഒരു പുനരെഴുത്തിലൂടെ മാത്രമേ പക്ഷപാതികളായ ചരിത്രകാരന്‍മാര്‍ നിര്‍മ്മിച്ചെടുത്ത മിഥ്യാബോധങ്ങളെയും വാര്‍പ്പുമാതൃകകളെയും തിരുത്താന്‍ സാധിക്കുകയുള്ളൂ. ' ചരിത്രം രചിച്ചിട്ടുള്ളത് വിജയികളാണ്' എന്നാണ് തത്വചിന്തകനായ വാള്‍ട്ടര്‍ ബെഞ്ചമിന്‍ പറഞ്ഞിട്ടുള്ളത്. ചരിത്രത്തിന്റെ വളച്ചൊടിക്കലുകളെ തിരുത്താന്‍ നാം തയ്യാറായില്ലെങ്കില്‍ ബെഞ്ചമിന്‍ പറഞ്ഞത് പോലെ വിജയികള്‍ ചരിത്രം രചിക്കുന്നത് നാമിനിയും കാണേണ്ടി വരും.

ചരിത്രത്തിന്റെ ഈ വിരോധാഭാസത്തെക്കുറിച്ചാണ് ഭഗ്‌വാന്‍ എസ് ഗിദ്‌വാനി (Bhagwan S Gidwani) അര ഡസണോളം രാഷ്ട്രങ്ങളിലെ ചരിത്രരേഖകളിലൂടെ 13 വര്‍ഷം നടത്തിയ ഗവേഷണത്തിനൊടുവില്‍ രചിച്ച The Sword of Tipu Sultan എന്ന നോവലിന്റെ സമര്‍പ്പണ പേജില്‍ എഴുതിയിട്ടുള്ളത്. അതിങ്ങനെ വായിക്കാം: ' ഒരു ചരിത്രകാരനില്ലാത്ത രാഷ്ട്രത്തിന്; ചരിത്രം പുനരധിവസിപ്പിക്കേണ്ട മനുഷ്യര്‍ക്കും' (To the country which lacks a historian; to men whom history owes rehabilitation)

വിവ: സഅദ് സല്‍മി

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics