കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത തന്നെയാണോ ഇത്

മിഡിലീസ്റ്റ് പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏറ്റവും അധികം ഉയര്‍ന്നത് മിസൈലുകളെയും സൈനിക സംവിധാനങ്ങളെയും ആണവറിയാക്ടറുകളെയും സംബന്ധിച്ച വര്‍ത്തമാനങ്ങളായിരുന്നു. തന്റെ മോസ്‌കോ സന്ദര്‍ശന വേളയില്‍ റഷ്യയുടെ അത്യാധുനിക എസ്-400 മിസൈലുകള്‍ വാങ്ങുന്നതിനുള്ള ഇടപാടുകളില്‍ ഒപ്പുവെച്ചതായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചിരിക്കുന്നു. സൗദിയുമായുള്ള THAAD മിസൈല്‍ പ്രതിരോധ സംവിധാന ഇടപാടിനെ കുറിച്ച് തൊട്ടുടനെ അമേരിക്കയും പ്രഖ്യാപനം നടത്തി. അതിന് രണ്ടാഴ്ച്ച മുമ്പ് റഷ്യയില്‍ നിന്നും മിസൈല്‍ സംവിധാനങ്ങള്‍ വാങ്ങാന്‍ ധാരണയായതായി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാനും പ്രഖ്യാപിച്ചിരുന്നു.

ശരിക്കും എന്താണ് സംഭവിക്കുന്നത്? അമേരിക്കയും സഖ്യകക്ഷികളും പ്രദേശത്ത് എന്താണ് പാകം ചെയ്തുകൊണ്ടിരിക്കുന്നത്? അതും ഇത്തരം ഒരു സന്ദര്‍ഭത്തില്‍... ഇറാഖിലെയും സിറിയയിലെയും ഐഎസ്, അന്നുസ്‌റ അടക്കമുള്ള ഗ്രൂപ്പുകള്‍ ഉന്മൂലനത്തിന്റെ വക്കിലെത്തി നില്‍ക്കെ എന്താണ് അവരുദ്ദേശിക്കുന്നത്? ഈ പ്രദേശത്തിനും അവിടത്തുകാര്‍ക്കും ഏതാനും മാസങ്ങളെങ്കിലും ശാന്തതയിലും സ്വസ്ഥതയിലും ജീവിക്കാനുള്ള അവസരം നിഷേധിക്കുകയാണോ?

യുദ്ധമാണത്... മറ്റൊരു ഉത്തരവും നമ്മുടെ പക്കലില്ല. സൈനിക മേധാവികളെയും അവരുടെ ഭാര്യമാരെയും വൈറ്റ്ഹൗസിലെ ഡൈനിംഗ് ഹാളിലേക്ക് വിളിച്ചുവരുത്തിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് നമ്മെ ആ 'സന്തോഷവാര്‍ത്ത്' അറിയിച്ചിരിക്കുകയാണ്. അവിടത്തെ വിഭവസമൃദ്ധമായ വിരുന്നിനും ഫോട്ടോ എടുക്കലിനും ശേഷം ഇറാനോടും ഉത്തര കൊറിയയോടുമുള്ള രാജ്യത്തിന്റെ നിലപാടിനെ 'കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഈ രണ്ട് രാഷ്ട്രങ്ങള്‍ക്കുമെതിരെയുള്ള സൈനിക നീക്കത്തിന്റെ സാധ്യകളെ പറ്റി സേനാ നായകരോട് അദ്ദേഹം ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. 'ഏത് കൊടുങ്കാറ്റി'നെ കുറിച്ചാണ് താങ്കള്‍ പറയുന്നതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അധികം വൈകാതെ നിങ്ങളതിനെ കുറിച്ച് അറിയുമെന്നായിരുന്നു ട്രംപിന്റെ മറുപടി.

ട്രംപ് വെല്ലുവിളിക്കുന്നത് പോലെ യുദ്ധം സമീപസ്ഥമാണെങ്കില്‍ അത് എവിടെയായിരിക്കും ആദ്യം തുടങ്ങുക? ഭീകരതയെ സഹായിക്കുകയും അത് കയറ്റുമതി ചെയ്യുകയും പ്രദേശത്തിന്റെ സുരക്ഷിതത്വം തകര്‍ക്കുകയും ചെയ്യുന്നവരെന്ന് അവര്‍ പറയുന്ന ഇറാനിലായിരിക്കുമോ? അതല്ല, അമേരിക്കയെയും സഖ്യങ്ങളെയും ചെറുക്കാന്‍ ആവശ്യമെങ്കില്‍ അമേരിക്കയെ പൂര്‍ണമായും തകര്‍ത്ത് തരിപ്പണമാക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഭീഷണി ഉയര്‍ത്തിയ ഉത്തര കൊറിയയിലായിരിക്കുമോ അത്?

അതിന്റെ കൃത്യമായ ഉത്തരം ട്രംപിനും അദ്ദേഹത്തിന്റെ അടുത്ത സഹായികള്‍ക്കുമാണ് അറിയുക. അതിനെ കുറിച്ച നിഗമനങ്ങള്‍ മാത്രമാണ് നമുക്ക് സാധിക്കുക. ആണവശക്തിയുള്ള രണ്ട് രാജ്യങ്ങള്‍ക്കെതിരെ ഒരേസമയം അവര്‍ യുദ്ധത്തിലേര്‍പ്പെടില്ലെന്ന് നമുക്ക് പ്രവചിക്കാം. പ്രയാസകരമായതിന് പരിശീലനം എന്ന നിലയില്‍ ഏറ്റവും എളുപ്പമുള്ളത് അഥവാ ഇറാനായിരിക്കാം അവര്‍ തെരെഞ്ഞെടുക്കുക.

ഇറാനുമായുണ്ടാക്കിയ ആണവ കരാറില്‍ നിന്നും ഒക്ടോബര്‍ പതിനഞ്ചോടെ പിന്‍മാറാനുള്ള ട്രംപിന്റെ തീരുമാനം സംബന്ധിച്ച റിപോര്‍ട്ടുകള്‍ നമ്മുടെ ഈ അഭിപ്രായത്തെയാണ് ശക്തിപ്പെടുത്തുന്നത്. അദ്ദേഹം പറഞ്ഞിട്ടുള്ള പോലെ അമേരിക്കയുടെ ദേശീയസുരക്ഷയൊന്നും അദ്ദേഹത്തിന്റെ താല്‍പര്യമല്ല. അതിന്റെ ഭരണഘടനാപരവും നിയമപരവുമായ എല്ലാ വശങ്ങളെയും കുറിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളുമായി അദ്ദേഹം ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇറാന്റെ ആണവമോഹങ്ങള്‍ക്കും നിരന്തരമുള്ള ആക്രമണങ്ങള്‍ക്കും തടയിടുന്നതിന് പുതിയ തന്ത്രം മെനയുന്നത് സംബന്ധിച്ചാണ് ട്രംപിന്റെ സെക്രട്ടറിമാര്‍ സംസാരിക്കുന്നത്.

ട്രംപിന്റെ വാക്കുകളെ ചില നിരീക്ഷകര്‍ കാണുന്നത് മനശാസ്ത്ര യുദ്ധത്തിന്റെ ഭാഗമായിട്ടാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിരുന്നൊരുക്കിയ ശേഷം കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തതയെ സംബന്ധിച്ച ഭീതിയുണ്ടാക്കുന്ന അദ്ദേഹത്തിന്റെ പ്രസ്താവന വളരെ പെട്ടന്നായിരുന്നു. പരിപാടിയുടെ ഭാഗമായിരുന്നില്ല അത്. ഇക്കാര്യം അമേരിക്കന്‍ ജനതയെയും ലോകത്തെയും അറിയിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്നാണത് വ്യക്തമാക്കുന്നത്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവന കാര്യത്തില്‍ തന്നെയാണെന്നാണ് ചില നിരീക്ഷകരുടെ അഭിപ്രായം. ട്രംപ് ആലോചനയില്ലാത്തവനും യുദ്ധ തല്‍പരനുമാണെന്നാണ് അവര്‍ പറയുന്നത്. നടപ്പാക്കാത്ത നിരവധി ഭീഷണികള്‍ ഉയര്‍ത്തുന്ന 'വായാടി'യാണ് അദ്ദേഹമെന്ന് വിമര്‍ശകര്‍ ആരോപിക്കുമ്പോള്‍ ഇപ്പോഴത്തെ പ്രസ്ഥാവന കാര്യത്തില്‍ തന്നെയായിരിക്കുമെന്നാണ് അവരുടെ നിരീക്ഷണം.

ഇറാനികള്‍ അപകടം മനസ്സിലാക്കുകയും അതിനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ആണവകരാര്‍ റദ്ദാക്കുന്നത് 'നരക വാതില്‍ തുറക്കും' എന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് ളരീഫ് പറഞ്ഞിട്ടുള്ളത്. ഇറാന്റെ മുമ്പില്‍ നിരവധി സാധ്യതകളുണ്ടെന്നും അതിന്റെ പ്രതിരോധ ശേഷിക്ക് തടയിടുന്ന ഒന്നിനോടും യോജിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനേക്കാള്‍ ശക്തമായ മറുപടിയാണ് രണ്ട് ദിവസം മുമ്പ് ആശൂറാ ആഘോഷ ചടങ്ങുകള്‍ക്കിടെ ഹസന്‍ നസ്‌റുല്ലയില്‍ നിന്നും ഉണ്ടായിട്ടുള്ളത്. ഇസ്രയേലില്‍ നിന്നും വന്ന നാട്ടിലേക്ക് മടങ്ങിപ്പോവാന്‍ ആവശ്യപ്പെട്ട ജൂതന്‍മാരോട് അദ്ദേഹം പറഞ്ഞത് ഹിതപരിശോധന നടന്ന കുര്‍ദിസ്താന്റെ മണ്ണിലെ തൊട്ടടുത്തെത്തി നില്‍ക്കുന്ന യുദ്ധത്തിലെ ഇന്ധനമായി മാറുമെന്നാണ്. ആ യുദ്ധം എപ്പോള്‍, എവിടെ അവസാനിക്കുമെന്ന് ഒരാള്‍ക്കും പ്രവചിക്കാനാവില്ലെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.

അറബികളുടെ അവസ്ഥ 'കള്ളസാക്ഷികളുടെ' അവസ്ഥക്ക് സമാനമാണ്. തീരുമാനമെടുക്കാന്‍ ശേഷിയില്ലാത്തവരെന്നാണ് ഈജിപ്തുകാരെ വിശേഷിപ്പിക്കേണ്ടത്. തങ്ങള്‍ക്ക് കിട്ടുന്ന ഉത്തരവുകളും നിര്‍ദേശങ്ങളും നടപ്പാക്കാനുള്ള ഉപകരണങ്ങള്‍ മാത്രമാണവര്‍. അവരില്‍ ചിലരെങ്കിലും ഈ യുദ്ധത്തിന് തുടക്കം കുറിക്കപ്പെട്ടാല്‍ അതിന്റെ വിറകായി മാറ്റപ്പെടും. അവരും അതിന് വിലയൊടുക്കേണ്ടി വരും.

വിവ: നസീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics