നിങ്ങള്‍ക്കതില്‍ നന്മയുണ്ടാവാം

അടുക്കളയില്‍ അവിടത്തെ എല്ലാ ഉപകരണങ്ങളും എടുത്ത് കളിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു കുട്ടിക്കാലം നിങ്ങള്‍ക്കുണ്ടായിരുന്നത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? സാധാരണയായി ഉമ്മ ചില വസ്തുക്കളൊക്കെ നിങ്ങള്‍ക്ക് കളിക്കാന്‍ വിട്ടുതരുമ്പോഴും മറ്റു ചിലതെല്ലാം നിങ്ങളില്‍ നിന്ന് മാറ്റിവെക്കും. വര്‍ഷങ്ങള്‍ പിന്നിട്ട് നിങ്ങള്‍ക്ക് കുറച്ചുകൂടി പ്രായമായപ്പോള്‍ വ്യത്യസ്ത വസ്തുക്കള്‍ പരീക്ഷിക്കാനും പല സ്ഥലങ്ങളിലേക്കും പോകാനും നിങ്ങളാഗ്രഹിച്ചിരുന്നു. എന്നാല്‍ രക്ഷിതാക്കള്‍ അതില്‍ ചിലതെല്ലാം അനുവദിക്കുകയും മറ്റ് ചിലത് വിലക്കുകയും ചെയ്യുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആഗ്രഹിച്ചത് നേടാനാവാത്തതില്‍ നിങ്ങള്‍ അസ്വസ്ഥരാവുകയും ദേഷ്യപ്പെടുകയും ചെയ്തിരുന്നു.

ഇന്ന് സ്വന്തം നിലക്ക് ജീവിതത്തെ അഭിമുഖീകരിക്കുന്നവരാണ് നിങ്ങള്‍. രക്ഷിതാക്കള്‍ നിങ്ങളെ സംരക്ഷിച്ച് പരിപാലിക്കുകയും സാധ്യമായതെല്ലാം നിങ്ങളെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സ്വന്തം വഴിയിലാണ്. അഥവാ നിങ്ങളും നിങ്ങളുടെ സ്രഷ്ടാവും മാത്രം. ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിച്ചത് ലഭിക്കാതിരിക്കുമ്പോള്‍ ഇപ്പോഴും നിങ്ങള്‍ അസ്വസ്ഥപ്പെടുകയും ദേഷ്യപ്പെടുകയും ചെയ്യാറുണ്ടോ?

മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍ കൊണ്ട് കളിക്കാന്‍ നിങ്ങളുടെ രക്ഷിതാക്കള്‍ അനുവദിച്ചിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്ന് സങ്കല്‍പിച്ചു നോക്കൂ. അവ മാറ്റിവെച്ചപ്പോള്‍ നിങ്ങളെങ്ങനെയായിരുന്നു ദേഷ്യം പ്രകടിപ്പിച്ചിരുന്നതെന്ന് ഓര്‍ത്തുനോക്കൂ. ചീത്തകൂട്ടുകാര്‍ക്കൊപ്പം നടക്കാന്‍ അന്ന് രക്ഷിതാക്കള്‍ നിങ്ങളെ അനുവദിച്ചിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്നാലോചിച്ചു നോക്കൂ. ആ കൂട്ടുകെട്ടിലെ പലരും ഇന്ന് പോലീസിന്റെ പിടിയിലാണ്.

നമ്മെ അതിയായി സ്‌നേഹിക്കുകയും നമ്മുടെ കാര്യങ്ങളില്‍ ശ്രദ്ധവെക്കുകയും ചെയ്യുന്ന രക്ഷിതാക്കള്‍ അപകടകരമായ വസ്തുക്കള്‍ നമ്മില്‍ നിന്നും മാറ്റിവെക്കുന്നു. അതില്‍ നമ്മള്‍ എത്ര ദേഷ്യപ്പെട്ടാലും അവരത് കാര്യമാക്കുന്നില്ല. എന്നാല്‍ അവരേക്കാളെല്ലാം നമ്മോട് കരുണയുള്ളവനാണ് അല്ലാഹു. അവന്‍ പലതും നമ്മില്‍ നിന്നും മാറ്റിനിര്‍ത്തുന്നു. നമ്മെ സംബന്ധിച്ചടത്തോളം അത് ഗുണകരമല്ല എന്നതാണ് കാരണം. അതുണ്ടാക്കുന്ന ദോഷമെന്താണെന്ന് ഒരുപക്ഷെ നമുക്കറിയില്ലായിരിക്കാം.

നമ്മുടെ രോഗ പ്രതിരോധശക്തി രോഗങ്ങളെ പ്രതിരോധിക്കുന്നത് പോലെയാണിത്. ജീവിതത്തില്‍ പലവിധ വെല്ലുവിളികളെയും നാം അഭിമുഖീകരിക്കേണ്ടി വരും. അവ നമ്മുടെ ആന്തരികശക്തിക്ക് കരുത്തുപകരുന്നു. വഴിയില്‍ നമുക്കെതിരെ വരുന്ന എന്തിനെയും നേരിടാന്‍ നമ്മെയത് ഒരുക്കുന്നു.

സഹായത്തിനും മാര്‍ഗദര്‍ശനത്തിനും വിട്ടുവീഴ്ച്ചക്കുമെല്ലാം നമ്മള്‍ അല്ലാഹുവിനെ ആശ്രയിക്കണമെന്നാണ് അവന്‍ താല്‍പര്യപ്പെടുന്നത്. സര്‍വവും അറിയുന്നവനായിരിക്കെ തന്നെ അവന്‍ നമുക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനും ജീവിക്കാനുമുള്ള അവസരം തന്നിരിക്കുകയാണ്. എന്നാല്‍ നാം ആത്മാര്‍ഥമായി അവനെ വിളിക്കുകയും അവന്റെ പ്രീതി തേടുകയുമാണെങ്കില്‍ അവന്‍ അവിടെയുണ്ടാകും. നമ്മില്‍ വീഴ്ച്ചകള്‍ സംഭവിക്കുമെന്ന് അവന് അറിയാം. നമ്മെ പരീക്ഷിക്കുന്നതിനും പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനും ആളുകളെയും സാഹചര്യങ്ങളെയും നമ്മുടെ അടുത്തേക്ക് അവന്‍ അയക്കും. ചില സന്ദര്‍ഭങ്ങളില്‍ ചിലതെല്ലാം അവന്‍ നമ്മില്‍ നിന്ന് പിടിച്ചെടുക്കും. എന്നാല്‍ നാമതില്‍ ക്ഷമിക്കുകയും അവനില്‍ വിശ്വാസമര്‍പിക്കുകയുമാണെങ്കില്‍ അതിനേക്കാള്‍ ഉത്തമമായത് അവന്‍ നല്‍കും.

അല്ലാഹു പറയുന്നു: ''നിങ്ങള്‍ക്കു ഗുണകരമായ ഒരു കാര്യം അരോചകമായിത്തോന്നിയേക്കാം. ദോഷകരമായ ഒരു കാര്യം ഇഷ്ടകരമായും തോന്നിയേക്കാം. അല്ലാഹു അറിയുന്നു. നിങ്ങളോ അറിയുന്നില്ല.'' (അല്‍ബഖറ: 216)

ഹസന്‍ ബസ്വരി പറയുന്നു: ''ദുരന്തങ്ങളിലും അതുണ്ടാക്കുന്ന നാശങ്ങളിലും നീ നീരസനാവരുത്. ഒരുപക്ഷേ നിങ്ങള്‍ ഇഷ്ടപ്പെടാത്ത കാര്യത്തിലായിരിക്കാം നിങ്ങളുടെ മോക്ഷം. അതുപോലെ നിങ്ങള്‍ തെരെഞ്ഞെടുക്കുന്നത് നിങ്ങളുടെ നാശഹേതുവുമാകാം.''

ഏറ്റവും വലിയ കാരുണ്യത്തിന്റെയും അനുകമ്പയുടെയും ഉടമ അല്ലാഹുവാണെന്ന് അവന്‍ ഖുര്‍ആനിലൂടെ നിരവധി തവണ പറഞ്ഞിട്ടുണ്ട്. ഇക്കാര്യം മനസ്സില്‍ നിലനിര്‍ത്തി കൊണ്ടാണ് നാം ജീവിക്കുന്നതെങ്കില്‍ അവന്റെ അടയാളങ്ങള്‍ നമുക്ക് ചുറ്റും കാണാന്‍ സാധിക്കും. അതുകൊണ്ട് നാം അല്ലാഹുവില്‍ വിശ്വസിക്കുകയും അവനില്‍ വിശ്വാസമര്‍പിക്കുകയും വേണം. സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് പിന്നിലെ യുക്തിക്ക് തിരിച്ചറിയാന്‍ ചിലപ്പോള്‍ നമുക്ക് സാധിച്ചു കൊള്ളണമെന്നില്ല. എങ്കിലും സംഭവിക്കുന്നതെല്ലാം നമ്മുടെ നന്മക്ക് വേണ്ടിയാണെന്ന വിശ്വാസത്തോടെ അവനെ അനുസരിക്കാന്‍ നമുക്ക് സാധിക്കണം.

കുട്ടിയായിരുന്നപ്പോള്‍ അടുക്കളയിലെ ഉപകരണങ്ങള്‍ക്ക് ആഗ്രഹിച്ച പോലെ ഇപ്പോള്‍ നാം ആഗ്രഹിക്കുന്നത് നല്ലൊരു വീടോ കാറോ ജോലിയോ ആയിരിക്കാം. അവ നമുക്ക് നല്ലതിനാണോ എന്നത് അല്ലാഹുവിന് മാത്രമേ അറിയൂ. അവ നമ്മെ നേര്‍മാര്‍ഗത്തില്‍ ചലിപ്പിക്കുകയും നമുക്ക് ഗുണകരമാവുകയും ചെയ്യുമോ എന്നത് നന്നായി അറിയുന്നവന്‍ അല്ലാഹുവാണ്. അവ നമുക്ക് നല്‍കേണ്ട എന്നാണ് അവന്റെ തീരുമാനമെങ്കില്‍ അവനില്‍ വിശ്വാസമര്‍പിക്കുകയാണ് നാം വേണ്ടത്. അതോടൊപ്പം 'ഏറ്റവും നന്നായി അറിയുന്നവന്‍ അല്ലാഹുവാണ്' എന്ന് പറയുകയും വേണം.

പ്രയാസകരമായ രോഗങ്ങളും വിപത്തുകളും നമ്മെ ബാധിച്ചേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ പ്രവാചകന്‍(സ)യുടെ ഈ വചനം നാം ഓര്‍ക്കണം: ''അല്ലാഹു ഒരു നന്മ രേഖപ്പെടുത്തുകയോ ഒരു തെറ്റ് മായ്ച്ചുകളയുകയോ ചെയ്തിട്ടല്ലാതെ സത്യവിശ്വാസിയെ ഒരു പ്രയാസവും ബാധിക്കുന്നില്ല, ഒരു മുള്ള് തറക്കുന്നത് പോലും അങ്ങനെയാണവന്.'' (മുസ്‌ലിം)

യാതൊരു തെറ്റുമില്ലാതെ ഈ ലോകത്തോട് വിടപറയുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് സങ്കല്‍പിക്കാനാവുമോ? പ്രവാചകന്‍(സ) പറയുന്നു: ''യാതൊരു തെറ്റുമില്ലാതെ അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വരേക്കും സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും അവരുടെ സ്വന്തത്തിലും സന്താനങ്ങളിലും സമ്പത്തിലും അല്ലാഹു പരീക്ഷിക്കും.'' (തിര്‍മിദി)

മഹാനായ ഇബ്‌നു തൈമിയ പറയുന്നു: ''അല്ലാഹുവിനെ കുറിച്ച സ്മരണയില്‍ നിന്ന് നിങ്ങളെ തെറ്റിക്കുന്ന അനുഗ്രഹങ്ങളേക്കാള്‍ നിങ്ങള്‍ക്കുത്തമം അല്ലാഹുവിലേക്ക് നിങ്ങളെ അടുപ്പിക്കുന്ന വിപത്തുകളാണ്.''

നമ്മുടെ ഇഹപര വിജയങ്ങളുടെ അടിസ്ഥാനം നിശ്ചയിക്കുന്നത് ജീവിതത്തിലെ സംഭവങ്ങളോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ്. അല്ലാഹുവില്‍ വിശ്വാസമര്‍പ്പിക്കന്‍ നാം പഠിക്കണം എന്നതാണ് ഏറ്റവും പ്രധാനം. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുമ്പോഴും അവന്‍ നമ്മോട് കരുണ കാണിക്കുകയും സഹായിക്കുകയും ചെയ്യുമെന്ന വിശ്വാസം വേണം. ജീവിതത്തിലെ ഓരോ കാര്യത്തിനും അര്‍ഥങ്ങളുണ്ട്. നാം ഉള്‍ക്കൊള്ളുന്ന ഓരോ പാഠവും അല്ലാഹുവിലേക്ക് നമ്മെ കൂടുതല്‍ അടുപ്പിക്കുകയും ഉള്‍ക്കാഴ്ച്ച പകരുകയും വേണം.

ഖുദ്‌സിയായ ഒരു ഹദീസില്‍ അല്ലാഹു പറയുന്നു: ''എന്റെ അടിമ എന്നെ കുറിച്ച് എന്താണോ കരുതുന്നത് അതാണ് ഞാന്‍. അവന്‍ എന്നെ ഓര്‍ക്കുമ്പോള്‍ ഞാന്‍ അവനൊപ്പമുണ്ട്.'' (ബുഖാരി, മുസ്‌ലിം)

പ്രയാസങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ നമുക്ക് സാധിക്കുന്നില്ലെങ്കില്‍ അതിലൂടെ കടന്നു പോയാലും നാമൊന്നും നേടുന്നില്ല. അതുപോലെ നാം നന്ദി കാണിക്കേണ്ടുന്ന അസംഖ്യം സന്ദര്‍ഭങ്ങളുണ്ട്. അനുഗ്രഹങ്ങള്‍ക്ക് നാം എത്രത്തോളം നന്ദി കാണിക്കുന്നുണ്ട് എന്നതും പരീക്ഷണം തന്നെയാണ്. നമ്മുടെ മനസ്സിന് പരിമിതികളുണ്ട്. സര്‍വശക്തനായ അല്ലാഹുവിന്റെ യുക്തിയും അപരിമിതമായ കാരുണ്യവും ഗ്രഹിക്കാന്‍ മനുഷ്യരായ നമുക്ക് സാധിച്ചു കൊള്ളണമെന്നില്ല. ''അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവര്‍ക്ക് അവന്‍തന്നെ മതി. അല്ലാഹു അവന്റെ കാര്യം നിറവേറ്റുക തന്നെ ചെയ്യും.'' (അത്ത്വലാഖ്: 3)

നബി(സ) പറഞ്ഞു: 'നിങ്ങള്‍ അല്ലാഹുവില്‍ പൂര്‍ണമായി ഭരമേല്‍പിക്കുകയാണെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് വിഭവങ്ങള്‍ ഒരുക്കും, പറവകള്‍ക്ക് അന്നം നല്‍കുന്നത് പോലെ. ഒഴിഞ്ഞ വയറുമായി രാവിലെ പോകുന്ന അവ നിറവയറുമായി വൈകുന്നേരം മടങ്ങുന്നു.' (തിര്‍മിദി)

അതുകൊണ്ട് സര്‍വശക്തനായ അല്ലാഹുവില്‍ വിശ്വാസമര്‍പിക്കുക. അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവര്‍ക്ക് മഹത്തായ പ്രതിഫലമാണുള്ളത്. പരീക്ഷണങ്ങള്‍ അല്ലാഹുവിന് ഒരാളോടുള്ള സ്‌നേഹത്തിന്റെ അടയാളമാണ്. പ്രയാസങ്ങള്‍ ഔഷധങ്ങള്‍ പോലെയാണ്. അതിന് കയ്പ്പാണെങ്കിലും സ്‌നേഹമുള്ളവര്‍ക്ക് നിങ്ങളത് കൊടുക്കുന്നു.

''വലിയ പരീക്ഷണങ്ങളിലാണ് വലിയ പ്രതിഫലമുള്ളത്. അല്ലാഹു ഒരു സമൂഹത്തെ ഇഷ്ടപ്പെട്ടാല്‍ അവരെ പരീക്ഷിക്കും. അതിനെ തൃപ്തിയോടെ സ്വീകരിച്ചാല്‍ അല്ലാഹു അവരില്‍ തൃപ്തിപ്പെടും അതില്‍ അസന്തുഷ്ടനാവുന്നവന്റെ കാര്യത്തില്‍ അവനും അസന്തുഷ്ടനാകും.''

വിവ: നസീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics