അഞ്ജനമെന്നാൽ ഞാനറിയും മഞ്ഞള്‍ പോലെ വെളുത്തിരിക്കും

ഇസ്‌ലാമിക ഫെമിനിസത്തെ കുറിച്ച 'സൂഫിസവും ഫെമിനിസവും' എന്ന ലേഖനം (പച്ചക്കുതിര 2017 ഒക്ടോബര്‍ ലക്കം) ദുര്‍ഗ്രഹത (obscurity) നിമിത്തം സുഗ്രാഹ്യമല്ലെന്ന് ഖേദപൂര്‍വം പറയേണ്ടിയിരിക്കുന്നു. ആശയപരമായ അവ്യക്തതയും ആശയക്കുഴപ്പവും വരമൊഴിയില്‍ നിഴലിക്കുക സ്വാഭാവികമാണ്. തെളിഞ്ഞ ചിന്തയില്‍ നിന്ന് തെളിമയാര്‍ന്ന ആശയങ്ങള്‍ സരളതയോടെ നിര്‍ഗളിക്കുന്നു. വാചാടോപം കൊണ്ട് എന്തോ വലിയ കാര്യം പറയുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനുള്ള വൃഥാ വേല അന്തിമ വിശകലനത്തില്‍ ഫലശൂന്യമാണ്. ചിലപ്പോള്‍ അനര്‍ഥകരവും.

ഇസ്‌ലാമില്‍ ഫെമിനിസമില്ല. ഫെമിനിസത്തില്‍ ഇസ്‌ലാമുമില്ല. ഫെമിനിസമെന്ന മാരക വിഷത്തെ ഇസ്‌ലാമിലേക്ക് -മുസ്‌ലിംകളിലേക്ക്- കടത്തിവിടാനുള്ള കുതന്ത്രത്തിന്റെ ഭാഗമാണ് ഇസ്‌ലാമിക ഫെമിനിസമെന്ന പ്രയോഗം. അതിലൂടെ ഫെമിനിസമെന്ന ആശയത്തെ പര്‍ദ്ദ (ഹിജാബ്) അണിയിച്ച് മാര്‍ക്കറ്റ് ചെയ്യുകയാണ്.

'ഇസ്‌ലാം' എന്ന ഖുര്‍ആനിക സംജ്ഞ സ്വയം സമ്പൂര്‍ണവും അര്‍ഥപൂര്‍ണവും സമഗ്രവുമാണ്. എന്നിരിക്കെ ഒരു വാല്‍ (suffix) ചേര്‍ക്കേണ്ടതില്ല. കള്‍ച്ചറല്‍ ഇസ്‌ലാം, സ്പിരിച്വല്‍ ഇസ്‌ലാം, പൊളിറ്റിക്കല്‍ ഇസ്‌ലാം തുടങ്ങിയ പ്രയോഗങ്ങളും ഇസ്‌ലാമിന്റെ സമ്പൂര്‍ണതയെയും സമഗ്രതയെയും നിഹനിക്കുന്നവയാണ്. ഇസ്‌ലാമിനെ വിവിധ ബ്രാന്റുകളില്‍ പരിചയപ്പെടുത്തുന്നതില്‍ പലവിധ ദുരുദ്ദേശ്യങ്ങളുമുണ്ട്.

സൂഫിസം എന്നത് പൂര്‍ണ ഇസ്‌ലാമല്ല. ഇസ്‌ലാമിക തത്വങ്ങളുടെ ശകലങ്ങള്‍ അതില്‍ ഉണ്ടാവാം. ശകലത്തില്‍ സകലവും ഉള്‍ക്കൊള്ളില്ലല്ലോ. എന്നാല്‍ ഇസ്‌ലാമില്‍ സൂഫിസമില്ല; ഇസ്‌ലാമേ ഉള്ളൂ. പില്‍ക്കാലത്ത് സൂഫിവര്യന്മാരായി പരിചയപ്പെടുത്തപ്പെട്ടവര്‍ ജീവിതകാലത്ത് തങ്ങള്‍ സൂഫിവര്യന്മാരാണെന്ന് അവകാശപ്പെട്ടവരല്ല. പില്‍ക്കാലത്ത് വേറെ ചിലര്‍ എന്തെല്ലാമോ താല്‍പര്യങ്ങളുടെ പേരില്‍ അവരെ ആവശ്യത്തിലേറെ വാഴ്ത്തുകയും ഒരര്‍ത്ഥത്തില്‍ വിഗ്രഹവല്‍കരിക്കുകയും ചെയ്തതാണ്. ഇസ്‌ലാമിന്റെ വിപ്ലവാത്മകതയെയും സമഗ്രതയാര്‍ന്ന ഉള്ളടക്കത്തെയും ഷണ്ഡീകരിക്കാന്‍ സൂഫിസത്തെയും സമാന സ്വഭാവമുള്ള പരിപാടികളെയും വാഴ്ത്തിപ്പറയാറുണ്ട്. അര്‍ധസത്യങ്ങളും അസത്യങ്ങളുമായ കുറെ വര്‍ത്തമാനങ്ങള്‍ പറഞ്ഞുപരത്തി കൊണ്ടാണ് സൂഫിസത്തിന് മാര്‍ക്കറ്റുണ്ടാക്കിയത്/ ഉണ്ടാക്കികൊണ്ടിരിക്കുന്നതും. വാമൊഴികളില്‍ വക്രീകരണ - പര്‍വതീകരണ പ്രവണതകള്‍ ധാരാളമുണ്ടാകും. ''വരമൊഴിയേക്കാള്‍ വാമൊഴിക്ക് സൂഫിസത്തില്‍ ഏറെ പ്രാധാന്യമുണ്ട്...'' എന്ന് മുന്‍കൂര്‍ ജാമ്യം (anticipatory bail) എടുത്തതു കൊണ്ട് അബദ്ധങ്ങള്‍ അബദ്ധങ്ങളല്ലാതാവില്ല. ലേഖന കര്‍ത്താവ് ഉദ്ധരിച്ച ഇബ്‌നു തൈമിയ്യയെ പറ്റിയുള്ള വര്‍ത്തമാനം തന്നെ ഉദാഹരണമായെടുക്കാം. പ്രസ്തുത വര്‍ത്തമാനത്തിന്റെ ആധികാരിക സ്രോതസ്സ് പറയാതെ തട്ടിവിട്ടിരിക്കുകയാണ്. ''.....ഉമ്മു സൈനബ് നടത്തുന്ന പൊതുപ്രഭാഷണങ്ങള്‍ ഇബ്‌നു തൈമിയ്യ നീരസത്തോടെയാണ് കണ്ടിരുന്നത്. എന്നാല്‍ പ്രവാചകന്‍ മുഹമ്മദ് ഇബ്‌നു തൈമിയ്യയുടെ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തെ ശാസിക്കുകയും ചെയ്തുവത്രെ. അങ്ങിനെ ഇബ്‌നു തൈമിയ്യ തന്റെ തെറ്റ് തിരുത്തുകയും പരസ്യമായി തെറ്റ് ഏറ്റുപറയുകയും ചെയ്തു....'' മേല്‍ വിവരം അവിശ്വസനീയമാണ്.

ഇബ്‌നു തൈമിയ്യ സൂഫിസത്തെ അതിന്റെ ഗുരുതര തകരാറുകള്‍ കാരണം നിശിതമായി വിമര്‍ശിച്ച മഹാപണ്ഡിതനാണ്. ഇബ്‌നു അറബിയെ അദ്ദേഹം കടുത്ത ഭാഷയില്‍ തന്നെ യുക്തിയുക്തം നിരൂപണം ചെയ്തിട്ടുണ്ട്. ഈ സ്വപ്‌നത്തിന്റെ വര്‍ത്തമാനം ഇബ്‌നു തൈമിയ്യയെ ഇകഴ്ത്താന്‍ വേണ്ടി ആരോ കെട്ടിച്ചമച്ചതാണോ എന്ന് സംശയിക്കണം. കാരണം സൂഫികളെന്ന് പറഞ്ഞ് മതരംഗത്ത് വിലസിയ വ്യാജന്‍മാരെ അദ്ദേഹം അത്രമാത്രം വിമര്‍ശിച്ചിട്ടുണ്ട്. പ്രവാചകനെ സ്വപ്‌നം കാണുക എന്നതില്‍ തന്നെ പ്രശ്‌നമുണ്ട്. ഒരാളെ സ്വപ്‌നത്തില്‍ തിരിച്ചറിയണമെങ്കില്‍ ആ വ്യക്തിയെ നേരത്തെ തന്നെ കണ്ടറിഞ്ഞിരിക്കണമല്ലോ? ഇബ്‌നു തൈമിയ്യ ഏതായാലും പ്രവാചകനെ നേരിട്ട് കണ്ടിട്ടില്ല. പ്രവാചകന് ശേഷം ഏകദേശം ഏഴ് നൂറ്റാണ്ട് പിന്നിട്ടിട്ടാണ് ഇബ്‌നു തൈമിയ്യ ജീവിക്കുന്നത്. അതുകൊണ്ട് നബിയെ സ്വപ്‌നത്തില്‍ ദര്‍ശിച്ചുവെന്ന് ആര് പറഞ്ഞാലും വിശ്വസിക്കാന്‍ വയ്യ. ഇക്കാലത്തും തട്ടിപ്പുവീരന്‍മാരായ പല പുരോഹിതന്‍മാരും നബിയെ സ്വപ്‌നത്തില്‍ ദര്‍ശിച്ചുവെന്ന് പറഞ്ഞ് സമുദായത്തെ വഞ്ചിക്കുന്നുണ്ട്. പരിശുദ്ധ ഇസ്‌ലാമില്‍ വിശുദ്ധ ഖുര്‍ആനും അത് മാനവതക്ക് എത്തിച്ച് വിശദീകരിച്ച് സമുദായത്തില്‍ നടപ്പാക്കിയ അന്ത്യപ്രവാചകന്റെ അധ്യാപനങ്ങളും മാത്രമാണ് ഖണ്ഡിത പ്രമാണം. സ്വപ്‌നദര്‍ശനങ്ങള്‍ ഒരിക്കലും ഒരു രേഖയേ അല്ല.

ഇസ്‌ലാമില്‍ സ്ത്രീ പുരുഷ വിവേചനമില്ല. രണ്ടും ഒരേ സ്വത്വത്തില്‍ നിന്നുള്ളതാണ്. പരസ്പര പൂരകമായ വൈജാത്യങ്ങളേയുള്ളൂ. അതിന്റെ പേരില്‍ വിവേചനമോ അനീതിയോ ഉണ്ടെങ്കില്‍ തിരുത്തപ്പെടണം. പല കാരണങ്ങളാല്‍ പലരും സ്ത്രീകളോട് അനീതിയും വിവേചനവും കാണിക്കുന്നുണ്ട്. ഇത് മുസ്‌ലിംകളില്‍ മാത്രമല്ല; എല്ലാ സമൂഹങ്ങളിലുമുണ്ട്. സ്ത്രീക്ക് ആത്മാവില്ലെന്ന് ദീര്‍ഘകാലം വാദിച്ചു യൂറോപ്പിലെ ക്രൈസ്തവ പണ്ഡിതര്‍. അതുകൊണ്ടാണല്ലോ മറിയക്കുട്ടി പിന്നീട് മിസിസ് മാത്യു ആയി ചുരുങ്ങുന്നത്. ദീര്‍ഘകാല സംവാദങ്ങള്‍ക്കൊടുവില്‍ പുരുഷന്റെ ഉത്തര അര്‍ദ്ധാംശം (Better half of man) എന്നിടത്തേ പാശ്ചാത്യര്‍ എത്തിയിട്ടുള്ളൂ. എന്നാല്‍ ഇസ്‌ലാം അങ്ങിനെയല്ല. അതുകൊണ്ടാണ് പാശ്ചാത്യ നാടുകളില്‍ ഇസ്‌ലാമിനെ പുല്‍കുന്നവരില്‍ ഭൂരിപക്ഷവും സ്ത്രീകളായത്. ''ഉണ്ണിയെ കണ്ടാലറിയാം ഈരിലെ പഞ്ഞം'' എന്ന പോലെ ഫെമിനിസ്റ്റുകളില്‍ പലരുടെയും ജീവിത കഥയും ചിത്രവും തന്നെ അവരെ മനസ്സിലാക്കാന്‍ ഒരളവോളം സഹായകമാണ്. അഞ്ജനമെന്നതു ഞാനറിയും അത് മഞ്ഞള്‍ പോലെ വെളുത്തിട്ടാണ് എന്ന മട്ടിലാണ് അവരില്‍ പലരുടെയും നിരീക്ഷണങ്ങള്‍.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics