ആരാണ് വിശുദ്ധ ഖുര്‍ആനെ വെടിഞ്ഞത്?

പരിശുദ്ധ ഖുര്‍ആനെ വെടിയാതിരിക്കാന്‍ നാം എന്താണ് ചെയ്യേണ്ടത്? ഖുര്‍ആന്‍ വെടിഞ്ഞിട്ടില്ല എന്നു പറയാന്‍ ദിനേനയുള്ള പാരായണം മാത്രം മതിയാവുമോ? ലോകരക്ഷിതാവായ അല്ലാഹുവിന്റെ സംസാരമാണ് ഖുര്‍ആന്‍. വഴിവെളിച്ചമാണത്. അതിനെ മുറുകെ പിടിച്ചവനെ അത് നേര്‍വഴിക്ക് നടത്തുന്നു. അതിനെ മുന്‍നിര്‍ത്തി ചരിക്കുന്നവര്‍ക്ക് രക്ഷയുമുണ്ട്. അല്ലാഹു പറയുന്നു: 'നിങ്ങളില്‍, അല്ലാഹുവിങ്കല്‍നിന്നുള്ള വെളിച്ചവും സുവ്യക്തമായ വേദവും വന്നിരിക്കുന്നു. അതുവഴി, അല്ലാഹു അവന്റെ പ്രീതി തേടുന്നവര്‍ക്ക് രക്ഷാസരണി കാണിച്ചുകൊടുക്കുകയും അവന്റെ ഹിതത്താല്‍ അവരെ അന്ധകാരത്തില്‍നിന്ന് പ്രകാശത്തിലേക്കെത്തിക്കുകയും നേര്‍വഴിയിലേക്കു നയിക്കുകയും ചെയ്യുന്നു.' (അല്‍മാഇദ: 16)

വിശ്വാസിയുടെ കര്‍മമാര്‍ഗമാണ് ഖുര്‍ആന്‍. എല്ലാവിധ അനുഗ്രഹങ്ങളുടെയും നന്മകളുടെയും മാര്‍ഗദര്‍ശനത്തിന്റെയും സമാഹാരം. മുന്‍കഴിഞ്ഞ എല്ലാ വേദങ്ങള്‍ക്കും മേല്‍ അപ്രമാദിത്വം അതിനുണ്ട്. അല്ലാഹു പറയുന്നു: 'പ്രവാചകാ, നാം ഇതാ ഈ ഗ്രന്ഥം സത്യത്തോടെ നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. അത്, വേദത്തില്‍നിന്ന് അതിന്റെ മുമ്പില്‍ അവശേഷിച്ചിട്ടുള്ളതിനെ ശരിവെക്കുന്നതാകുന്നു. അതിനെ സുസൂക്ഷ്മം കാത്തുസൂക്ഷിക്കുന്നതുമാകുന്നു.' (അല്‍മാഇദ: 48)

അപ്പോള്‍ പരിശുദ്ധ ഖുര്‍ആനിനെ അനുദാവനം ചെയ്യാതെ അതിനോട് അടുക്കാതെ അതിന്റെ പ്രകാശമില്ലാതെ അതിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ മഹത്തായ അതിന്റെ വിശ്വാസ സന്ദേശത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാതെ ഒരു വിശ്വാസിക്ക് വിജയമില്ല. അതിലെ സൂക്തങ്ങളെ പിന്‍പറ്റാനും അത് പാരായണം ചെയ്യാനും കല്‍പനകള്‍ നിര്‍വഹിക്കാനും വിരോധിച്ചതില്‍ നിന്ന് വിട്ടുനില്‍കാനും അല്ലാഹു നമ്മോട് കല്‍പിച്ചതാണ്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, മുസ്‌ലിം സമുദായത്തിലെ ഒരു കൂട്ടം ആളുകള്‍ ഖുര്‍ആനെ കൈകാര്യം ചെയ്യുന്നതില്‍ അലംഭാവം കാണിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അവരതിനെ ഉപേക്ഷിക്കുകയാണ്. 'അല്ലയോ യഹ്‌യാ, വേദം മുറുകെപ്പിടിച്ചുകൊള്ളുക.'' 'ദിവ്യബോധനം വഴി നിന്നിലേക്കയക്കപ്പെട്ടുകൊണ്ടിരിക്കുന്ന വേദത്തെ മുറുകെ പിടിച്ചുകൊള്ളുക.' അല്ലാഹുവിന്റെ ഗ്രന്ഥം മുറുകെപിടിക്കാനുള്ള ഈ കല്‍പനകളോട് അവര്‍ അശ്രദ്ധരായിരിക്കുന്നു.

ഖുര്‍ആന്‍ ഉപേക്ഷിക്കപ്പെടുന്നത് അഞ്ച് രീതിയിലാണെന്ന് ഇബ്‌നുല്‍ ഖയ്യിം വിശദീകരിച്ചിട്ടുണ്ട്; ഖുര്‍ആന്‍ പാരായണം ചെയ്യാനോ ശ്രവിക്കാനോ തയ്യാറാവാതിരിക്കുക, ഖുര്‍ആനനുസരിച്ച് തീര്‍പ്പ് കല്‍പിക്കാതിരിക്കുക, അതനുസരിച്ച് പ്രവര്‍ത്തിക്കാതിരിക്കുക, ഖുര്‍ആന്‍ മുഖേനെ ശമനം തേടാതിരിക്കുക, അതിലെ കാര്യങ്ങളെകുറിച്ച് ചിന്തിക്കാനോ പഠിക്കാനോ തയ്യാറാവാതിരിക്കുക. ഈ അഞ്ച് കാര്യങ്ങളില്‍ ഏതെങ്കിലുമൊന്ന് സംഭവിച്ചാല്‍ അവന്‍ ഖുര്‍ആന്‍ ഉപേക്ഷിച്ചു.

ഖുര്‍ആന്‍ പാരായണം ചെയ്യുകയും മനഃപാഠമാക്കുകയും ചെയ്യുന്നുണ്ട് എന്നാല്‍ കഴിവുള്ള ഒരാള്‍ അതിലെ സൂക്തങ്ങളെ സംബന്ധിച്ച് ചിന്തിക്കുകയോ പഠിക്കുകയോ ചെയ്യുന്നില്ല. ഇത് ഖുര്‍ആനെ ഉപേക്ഷിക്കലാണ്. എന്നാല്‍ പഠിക്കാനും ചിന്തിക്കാനും കഴിവില്ലാത്തവര്‍ അത് സ്വായത്തമാക്കാന്‍ ശ്രമിക്കണമെന്നാണ് എന്റെ അഭിപ്രായം. അല്ലാഹു പറയുന്നു: 'ഇതൊരനുഗൃഹീതമായ മഹദ് വേദമാകുന്നു. (പ്രവാചകാ) നാം ഇത് നിനക്ക് ഇറക്കിത്തന്നു. ഈ ജനം ഇതിലെ പ്രമാണങ്ങളില്‍ ചിന്തിക്കേണ്ടതിനും ബുദ്ധിയും വിവേകവുമുള്ളവര്‍ അതുവഴി പാഠമുള്‍ക്കൊള്ളേണ്ടതിനും.' (സ്വാദ്: 38) ഖുര്‍ആനിലെ പ്രമാണങ്ങളില്‍ 'ചിന്തിക്കുക' എന്നതില്‍ മുഫസ്സിറുകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാമുണ്ട്. ശന്‍ഖീത്വി(റ) പറയുന്നു: അറബി ഭാഷ അറിയുന്ന എല്ലാവര്‍ക്കും ഖുര്‍ആന്‍ പഠിക്കാനും ചിന്തിക്കാനും സാധിക്കും. അതില്‍ മറ്റ് ഒഴികഴിവുകളൊന്നുമില്ല.

ഗസാലി പറഞ്ഞതു പോലെ, നാവും ബുദ്ധിയും ഹൃദയവും ഒരുപോലെ പങ്കെടുക്കുന്ന പാരായണമാണ് യഥാര്‍ത്ഥ ഖുര്‍ആന്‍ പാരായണം. അക്ഷരങ്ങളെ ശരിയായി ക്രമീകരിക്കലാണ് നാവിന്റെ പണി. അര്‍ത്ഥങ്ങളുടെ വ്യാഖ്യാനം കണ്ടെത്തുന്ന ജോലിയാണ് ബുദ്ധിക്കുള്ളത്. അതിന്റെ ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളുകയും വിലക്കുകളില്‍ നിന്ന് വിട്ടുനിന്നും കല്‍പനകള്‍ ശിരസാവഹിച്ചും പ്രതികരിക്കലുമാണ് ഹൃദയത്തിന്റെ ഉത്തരവാദിത്വം. നാവിന്റെ പാരായണത്തെ ബുദ്ധി വിവര്‍ത്തനം ചെയ്യുകയും മനസ്സ് അത് നടപ്പിലാക്കുകയും ചെയ്യുന്നു.

ഇപ്രകാരം ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനും കേള്‍ക്കുന്നതിനുമുപരിയായി അത് പ്രവൃത്തിപദത്തിലേക്ക് കൊണ്ടുവരാനും അതനുസരിച്ച് വിധിക്കാനും പരിഹാരം കണ്ടെത്താനും ശ്രമിക്കല്‍ അനിവാര്യമാണ്. അതായത് മുസ്‌ലിം സമുദായത്തിന്റെ പൊതുവായതും സവിശേഷവുമായ വിഷയങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കേണ്ടത് ഖുര്‍ആനായിരിക്കണം. ജ്ഞാനികളായിട്ടുള്ളവര്‍ പറയുന്നു: ആര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നില്ലയോ അവന്‍ അതിനെ ഉപേക്ഷിച്ചു. ആര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും അതിലുള്ളതിനെ പറ്റി ചിന്തിച്ച് മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്നുവോ അവനും അതിനെ വെടിഞ്ഞവനാണ്. ആര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും അതിലുള്ളതിനെക്കുറച്ച് ചിന്തിച്ച് മനസ്സിലാക്കുകയും ചെയ്തിട്ട് അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നില്ലയോ അവനും ഖുര്‍ആനെ ഉപേക്ഷിച്ചു.

''റസൂല്‍ പറയും: 'എന്റെ റബ്ബേ, എന്റെ ജനം ഈ ഖുര്‍ആനെ പരിഹാസപാത്രമാക്കിക്കളഞ്ഞിരുന്നു.'' എന്ന സൂക്തത്തെ നാം ഗൗരവത്തില്‍ തന്നെ പരിഗണിക്കേണ്ടതുണ്ട്.

വിവ: ഉമര്‍ ഫാറൂഖ്

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics