ഇമാം ശാഫിഇ; ഉസൂലുല്‍ ഫിഖ്ഹിന്റെ പിതാവ്

ഫിഖ്ഹ് പഠനവുമായി ബന്ധപ്പെട്ട് വ്യത്യസ്തങ്ങളായ മദ്ഹബുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമിക ചരിത്രത്തിലെ തന്നെ മഹാന്‍മാരായ നിയമവിദഗ്ധരാണ് അവക്ക് രൂപം നല്‍കിയത്. അവരുടെ പിന്‍ഗാമികളാകട്ടെ ആ മദ്ഹബുകളെ വികസിപ്പിക്കുകയും ചെയ്തു. ഓരോ ഇമാമുമാരും ഇസ്‌ലാമിക നിയമത്തെക്കുറിച്ച് സവിശേഷവും നവീനവുമായ ആശയങ്ങളാണ് പകര്‍ന്ന് നല്‍കിയത്.

ഈ ഇമാമുമാരില്‍ മൂന്നാമത്തെ ആളായ ഇമാം മുഹമ്മദ് അശ്ശാഫിയുടെ ഏറ്റവും വലിയ സംഭാവന എന്നത് ഉസൂലുല്‍ ഫിഖ്ഹ് എന്ന വിജ്ഞാനശാഖയുടെ ക്രോഡീകരണമാണ്. തന്റെ കാലത്ത് ജീവിച്ചിരുന്ന മഹാന്‍മാരായ പണ്ഡിതര്‍ക്ക് കീഴിലാണ് അദ്ദേഹം പഠിച്ചിരുന്നത്. ഖുര്‍ആനെയും സുന്നത്തിനെയും ഇസ്‌ലാമിക നിയമങ്ങളുടെ അടിസ്ഥാനമാക്കി മുറുകെപ്പിടിച്ച് കൊണ്ട് അവരുടെ ആശയങ്ങളെ വികസിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇന്ന്, ഇമാം അബൂഹനീഫയുടെ മദ്ഹബിന് ശേഷം ലോകത്ത് ഏറ്റവും സ്വാധീനമുള്ള മദ്ഹബാണ് ശാഫിഈ മദ്ഹബ്.

ആദ്യകാല ജീവിതം
767ല്‍ ഗസ്സയിലാണ് മുഹമ്മദ് ഇബ്‌നു ഇദ്‌രീസ് അശ്ശാഫി ജനിക്കുന്നത് (ഇമാം അബൂഹനീഫ മരണപ്പെട്ട വര്‍ഷം). ഇമാം ശാഫിഇയുടെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടിരുന്നു. അതിനെത്തുടര്‍ന്ന് ഇമാമിന്റെ ഉമ്മ മക്കയിലേക്ക് തിരിക്കുകയായിരുന്നു. അവിടെയാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ താമസിച്ചിരുന്നത്. യമനില്‍ നിന്ന് അവര്‍ മക്കയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധികളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ വിദ്യ അഭ്യസിപ്പിക്കാന്‍ വേണ്ടി ഉമ്മ പറഞ്ഞയക്കുകയാണ് ചെയ്തത്. അദ്ദേഹം പ്രവാചക കുടുംബത്തിന്റെ പരമ്പരയില്‍ പെട്ടതാണ് എന്നതായിരുന്നു മുഖ്യകാരണം.

യുവാവായിരിക്കെ തന്നെ അറബി വ്യാകരണത്തിലും സാഹിത്യത്തിലും ചരിത്രത്തിലും ഇമാം പ്രാവീണ്യം തെളിയിക്കുകയുണ്ടായി. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന് പഠനോപകരണങ്ങള്‍ നല്‍കാന്‍ ഉമ്മക്ക് കഴിഞ്ഞിരുന്നില്ല. മൃഗങ്ങളുടെ എല്ലിന്‍കഷ്ണങ്ങളിലാണ് അദ്ദേഹം ക്ലാസില്‍ കുറിപ്പുകളെഴുതിയിരുന്നത്. എന്നിട്ടും ഏഴാമത്തെ വയസ്സില്‍ തന്നെ ഖുര്‍ആന്‍ മന:പ്പാഠമാക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയുണ്ടായി. തുടര്‍ന്ന് അദ്ദേഹം ഫിഖ്ഹ് പഠനത്തില്‍ വ്യാപൃതനാവുകയും ഇമാം മാലിക്കിന്റെ മുവത്ത മനപ്പാഠമാക്കുകയും ചെയ്തു. അന്നദ്ദേഹത്തിന് വെറും പത്ത് വയസ്സായിരുന്നു പ്രായം.

ഇമാം മാലികിന്റെ ശിഷ്യന്‍
പതിമൂന്നാമത്തെ വയസ്സില്‍ ഇമാം ശാഫിഇയോട് അന്നത്തെ മക്കാ ഗവര്‍ണര്‍ മദീനയിലേക്ക് പോകാനും ഇമാം മാലിക്കിന് കീഴില്‍ പഠനം തുടരാനും ആവശ്യപ്പെടുകയുണ്ടായി. ഇമാം ശാഫിഇയുടെ ബുദ്ധിശക്തിയിലും വിശകലനപാടവത്തിലും ഇമാം മാലികിന് ഏറെ മതിപ്പ് വരികയുണ്ടായി. അതിനാല്‍ തന്നെ ഫിഖ്ഹ് പഠിക്കാന്‍ വേണ്ടി അദ്ദേഹം ഇമാം ശാഫിഇക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു. മദീനയില്‍ അന്നുണ്ടായിരുന്ന അക്കാദമിക അന്തരീക്ഷത്തില്‍ മുഴുകുകയായിരുന്നു ഇമാം ശാഫിഇ ചെയ്തിരുന്നത്. ഇമാം മാലിക്കിനെക്കൂടാതെ ഇമാം അബൂഹനീഫയുടെ ശിഷ്യന്‍മാരിലൊരാളായ ഇമാം മുഹമ്മദ് അശ്ശയ്ബാനിക്ക് കീഴിലും അദ്ദേഹം വിദ്യ അഭ്യസിക്കുകയുണ്ടായി. ഫിഖ്ഹ് പഠനത്തിലുള്ള വ്യത്യസ്തങ്ങളായ വീക്ഷണങ്ങളെ മനസ്സിലാക്കാന്‍ അതദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. ഫിഖ്ഹിനോടുള്ള വ്യത്യസ്തങ്ങളായ സമീപനങ്ങളെ അടുത്തറിയാനും അദ്ദേഹത്തിന് സാധിച്ചു. ഇമാം മാലിക് 795ല്‍ മരണപ്പെടുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ പണ്ഡിതരിലൊരാളായി ഇമാം ശാഫിഇ മാറിക്കഴിഞ്ഞിരുന്നു. അന്നദ്ദേഹത്തിന് വെറും 20 വയസ്സായിരുന്നു പ്രായം.

ശാഫിഇയുടെ യാത്രകള്‍
ഇമാം മാലികിന്റെ മരണാനന്തരം അബ്ബാസി ഗവര്‍ണറുടെ ജഡ്ജിയായി സേവനമനുഷ്ഠിക്കാന്‍ വേണ്ടി അദ്ദേഹം യമനിലേക്ക് ക്ഷണിക്കപ്പെടുകയുണ്ടായി. എന്നാലത് അധികകാലം നീണ്ടുനിന്നില്ല. ഒരു പണ്ഡിതന്‍ എന്ന നിലയില്‍ രാഷ്ട്രീയ പ്രക്ഷുബ്ദമായ അന്തരീക്ഷത്തില്‍ അദ്ദേഹത്തിന് ജീവിക്കാന്‍ സാധിക്കുമായിരുന്നില്ല. സത്യസന്ധതയില്‍ വിട്ട് വീഴ്ച കാണിക്കാന്‍ തയ്യാറല്ലാതിരുന്നത് കൊണ്ട് തന്നെ ഭരണകൂടത്തിനകത്ത് തന്നെയുള്ള വ്യത്യസ്ത വിഭാഗങ്ങള്‍ ഇമാമിനെ ജഡ്ജി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തുകയുണ്ടായി.

803ല്‍ യെമനിലെ ശിയാ വിമതരെ പിന്തുണച്ചു എന്ന വ്യാജ ആരോപണം ഉന്നയിച്ച് കൊണ്ട് അദ്ദേഹത്തെ അബ്ബാസി ഭരണകൂടം തുറുങ്കിലടക്കുകയുണ്ടായി. തലസ്ഥാനമായ ബഗ്ദാദിലേക്ക് ചങ്ങലയില്‍ ബന്ധിച്ചാണ് അദ്ദേഹത്തെ കൊണ്ടുവന്നത്. അന്നത്തെ ഖലീഫയായിരുന്ന ഹാറൂന്‍ റശീദിനോട് നിര്‍വികാരമായും വാചാലതയോടും കൂടിയാണ് തന്റെ നിരപരാധിത്വം ഇമാം തുറന്ന് പറഞ്ഞത്. അത് ഖലീഫയില്‍ അദ്ദേഹത്തിലുള്ള മതിപ്പ് വര്‍ധിപ്പിക്കുകയുണ്ടായി. തുടര്‍ന്ന് ഖലീഫ ചെയ്തത് ഇമാമിനെ മോചിപ്പിക്കുക മാത്രമല്ല, ബാഗ്ദാദില്‍ നിന്ന് കൊണ്ട് ഇസ്‌ലാമിക വിജ്ഞാനം പ്രചരിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതദ്ദേഹം സമ്മതിക്കുകയും തുടര്‍ന്നുള്ള ജീവിതത്തിലുടനീളം രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു.

ഇറാഖില്‍ വെച്ചാണ് ഹനഫീ മദ്ഹബിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള അവസരം ഇമാം ശാഫിഇ ഉപയോഗപ്പെടുത്തുന്നത്. തന്റെ പഴയ അധ്യാപകനായിരുന്ന മുഹമ്മദ് അശ്ശയ്ബാനിക്ക് കീഴില്‍ അവിടെ വെച്ച് വീണ്ടും അദ്ദേഹം പഠനം തുടരുകയുണ്ടായി. ഹനഫീ മദ്ഹബിന്റെ സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ അശ്ശയ്ബാനിക്ക് കീഴിലാണ് അദ്ദേഹം പഠിക്കുന്നത്. ഇമാം അബൂ ഹനീഫയെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഫിഖ്ഹ് പഠനത്തിന് തുടക്കം കുറിച്ച അദ്ദേഹത്തോടും അദ്ദേഹത്തിന്റെ മദ്ഹബിനോടും ഇമാം ശാഫിഇക്ക് നല്ല ബഹുമാനമായിരുന്നു.

ഒരുപാട് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കിക്കൊണ്ട് സിറിയയിലൂടെയും അറേബ്യന്‍ ഉപദ്വീപിലൂടെയും ഇമാം യാത്ര ചെയ്യുകയുണ്ടായി. ഹമ്പലീ മദ്ഹബിന് രൂപം നല്‍കിയ ഇമാം അഹ്മദ് അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. പിന്നീടദ്ദേഹം ബഗ്ദാദിലേക്ക് തന്നെ തിരിച്ചുപോകുകയുണ്ടായി. അവിടെ അദ്ദേഹം കണ്ടത് അന്നത്തെ ഖലീഫയായിരുന്ന മഅ്മൂന്‍ ഇസ്‌ലാമിനെക്കുറിച്ച് നവീനമായ ചില വിശ്വാസങ്ങള്‍ വെച്ച്പുലര്‍ത്തുന്നതാണ്. തന്നോട് അഭിപ്രായവിത്യാസം വെച്ചുപുലര്‍ത്തുന്നവരെ തൂക്കിക്കൊല്ലുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. അതിനാല്‍ തന്നെ 814 ല്‍ ഇമാം ഈജിപ്തിലേക്ക് തിരിക്കുകയുണ്ടായി. അവിടെ വെച്ചാണ് ഉസൂലുല്‍ ഫിഖ്ഹ് എന്ന വിജ്ഞാനശാഖയുടെ പഠനത്തിനും ക്രോഡീകരണത്തിനും തുടക്കം കുറിക്കുന്നത്.

അര്‍രിസാല
700 കളിലും 800കളുടെ ആദ്യത്തിലും ഇസ്‌ലാമിക നിയമം നിര്‍ധാരണം ചെയ്യുന്നതിനെക്കുറിച്ച് രണ്ട് പ്രധാന തത്വചിന്തകളാണ് നിലവിലുണ്ടായിരുന്നത്. അഹ്‌ലുല്‍ ഹദീസാണ് (ഹദീസിന്റെ ആളുകള്‍) ഒരു തത്വചിന്തയെ പ്രചരിപ്പിച്ചിരുന്നത്. ഹദീസിന്റെ അക്ഷരവ്യാഖ്യാനത്തെ ആശ്രയിക്കുക എന്നതായിരുന്നു അവരുടെ അഭിപ്രായം. മാത്രമല്ല, ഇസ്‌ലാമിക നിയമം നിര്‍മ്മിക്കാന്‍ യുക്തിയെ ആശ്രയിക്കാന്‍ പാടില്ല എന്നായിരുന്നു അവരുടെ പക്ഷം. മറ്റൊരു വിഭാഗം അഹ്‌ലുല്‍ റഅ്‌യ് (യുക്തിയുടെ ആളുകള്‍) ആയിരുന്നു. നിയമമുണ്ടാക്കുന്നതിന് വേണ്ടി  ഹദീസിനെയും മനുഷ്യയുക്തിയെയും ഒരുപോലെ ആശ്രയിക്കുക എന്നതായിരുന്നു അവരുടെ സമീപനം. ഹനഫീ, മാലിക്കി മദ്ഹബുകളുടെ അനുയായികളാണ് പ്രധാനമായും അഹ്‌ലുല്‍ റഅ്‌യ് എന്നറിയപ്പെടുന്നത്.

രണ്ട് മദ്ഹബുകളും പഠിക്കുകയും ഹദീസില്‍ നല്ല പ്രാവീണ്യം നേടിയെടുക്കുകയും ചെയ്ത ഇമാം ശാഫിഇ രണ്ട് തത്വചിന്തകളെയും ഒരുമിപ്പിച്ച് കൊണ്ട് കൃത്യമായ ഒരു ഫിഖ്ഹീ രീതിശാസ്ത്രം രൂപപ്പെടുത്തുകയുണ്ടായി. അങ്ങനെയാണ് അര്‍രിസാല എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം പിറവിയെടുക്കുന്നത്. നിയമപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും അതിന്‍മേലുള്ള  ഇമാമിന്റെ അഭിപ്രായങ്ങള്‍ കൊടുക്കുകയും ചെയ്യുന്ന ഒരു ഗ്രന്ഥമായിരുന്നില്ല അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത്. മറിച്ച്, യുക്തിപൂര്‍വ്വം ഇസ്‌ലാമിക നിയമത്തെ നിര്‍ധാരണം ചെയ്യുന്നതിന് വേണ്ടിയായിരുന്നു അത് രചിക്കപ്പെട്ടത്. നാല് പ്രധാനപ്പെട്ട സ്രോതസ്സുകളെ അവലംബമാക്കിയാണ് ഇസ്‌ലാമിക നിയമം നിര്‍മ്മിക്കേണ്ടത് എന്ന് അതില്‍ ഇമാം പറയുന്നുണ്ട്:

1) പ്രവാചക സുന്നത്ത്
2) മുസ്‌ലിം സമുദായത്തിനിടയിലുള്ള പൊതുസമ്മതം
3) സാധര്‍മ്യ നിഗമനം (ഖിയാസ്)

എങ്ങനെയാണ് ഈ സ്രോതസ്സുകളെ വ്യാഖ്യാനിക്കേണ്ടത് എന്നും അവ പരസ്പരം അനുരജ്ഞിപ്പിക്കേണ്ടതെന്നും ഇമാം സൂചിപ്പിക്കുന്നുണ്ട്. ഇസ്‌ലാമിക നിയമത്തിന് അദ്ദേഹം നല്‍കിയ ഈ ചട്ടക്കൂടാണ് പിന്നീട് വന്ന ഇസ്‌ലാമിക പണ്ഡിതരെല്ലാം ഫിഖ്ഹിന്റെ അടിസ്ഥാന തത്വചിന്തയായി കണക്കാക്കുന്നത്. ഹനഫീ, മാലിക്കീ മദ്ഹബുകള്‍ പോലും പിന്നീട് ഇമാം ശാഫിഇ നല്‍കിയ ഈ ചട്ടക്കൂടനുസരിച്ചാണ് സ്വയം വികസിതമായത്.

ഉസൂലുല്‍ ഫിഖ്ഹിന് ഇമാം നല്‍കിയ സംഭാവനകള്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടേണ്ടതാണ്. അദ്ദേഹത്തിന്റെ ആശയങ്ങളാണ് ഫിഖ്ഹ് പഠനത്തെ നൂറ്കണക്കിന് വ്യത്യസ്തങ്ങളായ മദ്ഹബുകളായി ചിതറുന്നതില്‍ നിന്ന് തടഞ്ഞ്‌കൊണ്ട് പൊതുവായ ഒരു തത്വചിന്ത സമ്മാനിച്ചത്. അതേസമയം തന്നെ വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങളുടെയും മദ്ഹബുകളുടെയും നിലനില്‍പ്പിനുള്ള വിശാലതയും അദ്ദേഹത്തിന്റെ ആശയങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇമാമിന്റെ മരണശേഷം 820ല്‍ അദ്ദേഹത്തിന്റെ നിയമ അഭിപ്രായങ്ങള്‍ അനുയായികള്‍ ക്രോഡീകരിക്കുകയുണ്ടായി. കിതാബുല്‍ ഉമ്മ് എന്ന ഗ്രന്ഥത്തിലാണ് അവയുള്ളത്. അങ്ങനെയാണ് ശാഫിഇ മദ്ഹബ് രൂപപ്പെടുന്നത്. ഇന്ന് ഹനഫീ മദ്ഹബിന് ശേഷം ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മദ്ഹബാണ് ശാഫിഇ മദ്ഹബ്. ഈജിപ്ത്, ഫലസ്തീന്‍, സിറിയ, യെമന്‍, തെക്ക്കിഴക്ക് ഏഷ്യ എന്നിവിടങ്ങളിലാണ് അതിന് പ്രധാനമായും സ്വാധീനമുള്ളത്.

ഇമാം ശാഫിഇയുടെ ഭാഷ
വലിയൊരു ഫിഖ്ഹ് പണ്ഡിതനായിരുന്നു എന്നതിനോടൊപ്പം തന്നെ ഭാഷയുടെ വാക്ചാതുര്യത്തിലും അറബിഭാഷയിലുള്ള പ്രാവീണ്യത്തിലും അദ്ദേഹം വളരെ പ്രശസ്തനായിരുന്നു. ഇമാമിന്റെ യാത്രകള്‍ക്കിടയില്‍ അറബീ ഭാഷയില്‍ അഗ്രഹണ്യരായിരുന്ന ബദുക്കള്‍ അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിക്കാന്‍ ഒരുമിച്ച് കൂടുമായിരുന്നു. ഫിഖ്ഹ് പഠിക്കാന്‍ വേണ്ടിയായിരുന്നില്ല അവര്‍ വന്നിരുന്നത്. മറിച്ച് ഇമാമിന്റെ ഭാഷയുടെ ഉപയോഗവും കവിതയിലുള്ള പാടവവുമായിരുന്നു അവരെ ആകര്‍ഷിച്ചിരുന്നത്. ഇബ്‌നു ഹിശാം പറയുന്നു: 'ഇമാം ശാഫിഇ ഉപയോഗിച്ച പദത്തേക്കാള്‍ മെച്ചപ്പെട്ട മറ്റൊരു പദം അറബിഭാഷയില്‍ ആര്‍ക്കും കണ്ടെത്താന്‍ കഴിയുമായിരുന്നില്ല.'

വിവ: സഅദ് സല്‍മി

അഹ്മദ് ബിന്‍ ഹമ്പല്‍; വിട്ടുവീഴ്ച്ചയില്ലാത്ത വിശ്വാസത്തിനുടമ

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics