ഉമ്മത്ത്; നാം ആര്‍ജ്ജിച്ചെടുക്കേണ്ട വിശേഷണം

മനുഷ്യന്‍ എന്നത് ഈ പ്രപഞ്ചത്തിന്റെ ഏറ്റവും നിര്‍ണായക അസ്ഥിത്വമാണ്. ലോകത്തുള്ള മത സംഹിതകളും ദര്‍ശനങ്ങളുമെല്ലാം തന്നെ മനുഷ്യന്റെ ആദരണീയതയും മഹത്വവും സ്വാതന്ത്ര്യവും ഉദ്ഘോഷിക്കുന്നതായി കാണാം. മനുഷ്യന്റെ നിലപാടും നടപടികളും പ്രപഞ്ച നിലനില്‍പ്പിന്റെ അടിസ്ഥാനവുമായി ബന്ധിതമാണ്. അത് കൊണ്ട് തന്നെ നൈതികതയിലും നന്മയിലുമൂന്നിയ ഒരു ജനതിതി വളര്‍ന്ന് വരേണ്ടത് ലോകത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. അത്തരത്തിലുള്ള ഒരു സമൂഹ ഗാത്രത്തെ രൂപപ്പെടുത്താന്‍ വേണ്ടിയാണ് പ്രവാചകന്‍മാര്‍ ആഗതരായതും. വിശുദ്ധ ഗ്രന്ഥങ്ങള്‍ അവതരിച്ചതും.

ഇസ്‌ലാമിലെ ഒരു ആദര്‍ശ സംജ്ഞയാണ് ഉമ്മത്ത്. സമുദായം എന്ന് ഒറ്റ വാക്കില്‍ പരിഭാഷപ്പെടുത്താമെങ്കിലും സാങ്കേതികമായി പല രീതിയിലും ഖുര്‍ആന്‍ ആ പദം പ്രയോഗിച്ചിട്ടുണ്ട്. ആദര്‍ശ നിബദ്ധവും മാനവിക മൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന ഇസ്‌ലാമിക സമൂഹത്തിന്റെ സമുന്നതമായ മാതൃകയാണ് 'ഉമ്മത്ത്' പ്രതിനിധാനം ചെയ്യുന്നത്.

മനുഷ്യകത്തിന്റെ സര്‍വ്വവിധ മാര്‍ഗ്ഗദര്‍ശനങ്ങളുടെയും സമ്പൂര്‍ണ്ണ രജത രേഖയാണ് വിശുദ്ധ ഖുര്‍ആന്‍. അത് കൊണ്ട് തന്നെ വ്യക്തിയും സമൂഹവും സമുദായവുമെല്ലാം വ്യക്തമായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ടതില്‍. ചരിത്രത്തിന്റെ ഇന്നെലെകളില്‍ കഴിഞ്ഞു പോയ പല സമുദായങ്ങളെകുറിച്ചും ഖുര്‍ആന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ചരിത്രത്തിന്റെ ഗതിനിര്‍ണ്ണയിച്ചവരെ പോലെ തന്നെ ഭാവിയുടെ സ്രഷ്ടാക്കളെകുറിച്ചും ഖുര്‍ആന്‍ സ്പഷടമായി വിശദീകരിക്കുന്നുണ്ട്. സമുദായത്തിന്റെ സഞ്ചാര പാതകള്‍ ഏതെല്ലാമായിരിക്കണമെന്നതിന്റെ ഉത്തമ മാതൃകയാണ് ഖുര്‍ആനിക അധ്യാപനങ്ങള്‍.

ചരിത്രത്തില്‍ കഴിഞ്ഞു പോയ പല സമുദായങ്ങളും ഖുര്‍ആനില്‍ വിഷയീഭവിച്ചിട്ടുണ്ട്. ചിലര്‍ക്ക് മറ്റു ചിലരേക്കാള്‍ കനിഞ്ഞേകിയ അപാരമായ അനുഗ്രഹങ്ങളെ കുറിച്ച് അത് ഇടക്കിടെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠത നല്‍കപ്പെട്ട സമുദായത്തെ കുറിച്ച് ഖുര്‍ആന്‍ പലതും പറഞ്ഞിട്ടുണ്ട് പക്ഷെ, ഒരേയൊരു സമുദായത്തെ കുറിച്ച് മാത്രമാണ് 'ഉത്തമ സമുദായം' (ഖൈറു ഉമ്മ) എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത്; അത് മുഹമ്മദ് നബിയുടെ സമുദായമാണ്. (3:110).
ഒരു സമുദായത്തെ വാഴ്ത്തിപ്പാടി സുഖിപ്പിക്കുകയല്ല ഖുര്‍ആനിന്റെ രീതി. സ്ഥാനമാനങ്ങളെന്ന പോലെ തന്നെ കര്‍മ ധര്‍മങ്ങളെകുറിച്ചും വിശുദ്ധഗ്രന്ഥം വിശദമായി പ്രതിപാതിക്കുന്നുണ്ട്. ഖുര്‍ആനെന്ന ഭരണഘടനയും സുന്നത്തെന്ന സംസ്‌കാരവും മുഖമുദ്രയാക്കിയ ഒരു സമുദായമാണ് ഖൈറു ഉമ്മ. ഏറ്റവും ഉന്നതമായ സ്ഥാനം നല്‍കപ്പെട്ടവര്‍ തന്നെയാണ് ഏറ്റവും ഉത്തമമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കേണ്ടതും.

ഈ മഹാ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന്റെ അച്ചുതണ്ടാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ഖൈറു ഉമ്മ. സാമൂഹ്യ സന്തുലിതത്വത്തിന്റെ സമുന്നതമായ മാതൃകയും അവര്‍ തന്നെ. സര്‍വ്വ ലോകത്തിന്റെയും ഭരണാധികാരികളോ, ഭരണാധികാരികളെ നിയന്ത്രിക്കുന്ന ശക്തിയോ ആണവര്‍. സാമൂഹിക സമുദ്ധാരണത്തിന്റെ ഏറ്റവും അമൂര്‍ത്തമായ രൂപമാണത്. വൃഷ്ടിയില്‍ നിന്ന് സമഷ്ടിയിലേക്ക് വികാസം പ്രാപിച്ച ഇസ്‌ലാമിക സമൂഹത്തിന്റെ സമുജ്ജ്വല മാതൃക. പക്ഷെ, അത്തരമൊരു സമുദായത്തെ ഇന്ന് നമുക്കിവിടെ കാണാന്‍ കഴിയില്ല. നഷ്ട പ്രതാപത്തിന്റെ ഉടല്‍ രൂപമായി നിര്‍ജീവമായി കിടക്കുന്ന ഒരു സമുദായമാണിന്നുള്ളത്. അരുതായ്മകള്‍ എന്തൊക്കെയോ സംഭവിച്ചതിന്റെ വ്യക്തമായ അപായ സൂചനകളാണത്.

പ്രപഞ്ചത്തിലെ മുഖ്യ കഥാപാത്രമെന്ന നിലക്ക് നമുക്കിവിടെ ചിലതൊക്കെ ചെയ്യാനുണ്ട്. പലതും ഉടച്ചു വാര്‍ക്കപ്പെടണം. ഒരു അപനിര്‍മാണത്തിന്റെ സമയം വളരെ അതിക്രമിച്ചിരിക്കുന്നു. നമുക്ക് മുന്നില്‍ രണ്ട് വഴികളുണ്ട്. ഒന്നുകില്‍ ഈ കൂരിരൂട്ടില്‍ തന്നെ നടന്നു നീങ്ങുക. അല്ലെങ്കില്‍ നമുക്ക് തന്നെയുള്ള വെളിച്ചത്തിന്റെ പൊട്ടുകള്‍ ചികഞ്ഞെടുത്ത് സ്വന്തം കര്‍മ പാത പ്രശോഭിതമാക്കുക. എന്നാല്‍ ചരിത്രം നമുക്ക് നല്‍കിയ ധര്‍മമനുസരിച്ച് ഒന്നാമത്തെ വഴി ഏതര്‍ത്ഥത്തിലും നമുക്ക് അഭികാമ്യമല്ല. കര്‍മ ഗോദയിലിറങ്ങാന്‍ നമ്മെക്കാള്‍ അനുയോജ്യരായവര്‍ ലോകത്തില്ല തന്നെ. നമുക്ക് നമ്മില്‍ നിന്ന് തന്നെ തുടങ്ങാം. നാം എന്താവണമെന്ന് നാം തന്നെ തീരുമാനിക്കണം. എന്താവണമെന്നത്, എന്താണ് എന്നതിനെ ആശ്രയിച്ചിരിക്കും. അത് കൊണ്ട് ആദ്യം നമുക്ക് വര്‍ത്തമാനത്തിലൂടെ ചരിത്രത്തിലേക്ക് നടക്കാം. പിന്നെ ചരിത്രത്തിന്റെ വഴിയേ ഭാവിയിലേക്കും.

ഒന്നാമധ്യായം മുതല്‍ തന്നെ മുന്‍ സമുദായങ്ങളെകുറിച്ച് ഖുര്‍ആന്‍ പ്രതിപാദിച്ചു തുടങ്ങുന്നുണ്ട്. തുടര്‍ന്ന് ഇടക്കിടെ അവരെകുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നു. അതിന്റെ ചരിത്ര കഥനരീതി തന്നെ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. ചരിത്രത്തിനു പിന്നില്‍ വിശ്വാസവും വിശ്വാസത്തില്‍ നിന്നും ജനിക്കുന്ന ചിന്താരീതികളും പ്രവര്‍ത്തിക്കുന്നുവെന്നാണ് ഖുര്‍ആനിന്റെ വീക്ഷണം. മനുഷ്യ പ്രവര്‍ത്തനങ്ങള്‍ക്കും ചിന്തക്കും ചരിത്രത്തിലുള്ള സ്വാധീനം ഖുര്‍ആനിന്റെ സിദ്ധാന്തങ്ങളിലൊന്നാണ്.

ചരിത്രത്തിന്റെ ചാക്രിക ചലനത്തിനിടക്കുള്ള ആവര്‍ത്തനങ്ങള്‍ മാത്രമാണ് നാമിന്ന് നമ്മിലൂടെ ദര്‍ശിച്ചു കൊണ്ടിരിക്കുന്നത്. മൂന്ന് കാര്യങ്ങളാണ് ഇവിടെ പ്രധാനം; നാമെവിടെ തുടങ്ങിയെന്നും എവിടെ ഒടുങ്ങിയെന്നും ഏത് വഴിയെ സഞ്ചരിക്കുന്നുവെന്നതുമാണ്. ഓരോ ഉത്ഥാനപതനങ്ങള്‍ക്കും ചരിത്രത്തില്‍ ഒരു മുന്‍ മാതൃകയുണ്ടാകും. ജയപരാജയങ്ങളുടെ മാനദണ്ഡങ്ങള്‍ ചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ ഖുര്‍ആന്‍ നിര്‍വ്വഹിക്കുന്നുണ്ട്. മനുഷ്യസൃഷ്ടിപ്പിന്റെ ലക്ഷ്യങ്ങളെകുറിച്ച് നമ്മെ ബോധവാന്മാരാക്കിയ ശേഷം ഖുര്‍ആന്‍ ചരിത്രം പറഞ്ഞു തുടങ്ങുകയാണ്. ഖുര്‍ആനിക സൂക്തങ്ങളുടെ ഘടന തന്നെ സമൂഹ നിര്‍മിതിയുടെ ഒരു ഉത്തമ മാതൃകയാണ്.

മനുഷ്യവംശത്തിലെ സമൂഹമാതൃകയുടെ ഏറ്റവും ഉന്നതമായ ശ്രേണിയിലാണ് ഉമ്മത്തിന്റെ സ്ഥാനം. ഉമ്മത്ത് എന്ന പദം അഞ്ചിലേറെ വ്യത്യസ്ത വിഷയങ്ങളിലായി ഖുര്‍ആന്‍ ഉപയോഗിക്കുന്നുണ്ട്. സവിശേഷമായൊരു ആദര്‍ശ ദൗത്യവും അതിലധിഷ്ഠിതമായ ജീവിത ക്രമവുമുള്ള സമൂഹം എന്ന വിവക്ഷയാണ് കൂടുതലായി ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. ഭൂമിയില്‍ സൃഷ്ടാവിന്റെ പ്രാതിനിധ്യം ദൈവിക സന്ദേശം (രിസാലത്ത് ) എന്നിവയാണ് ഉമ്മത്തിന്റെ ആത്യന്തിക ബന്ധം. മനുഷ്യന്‍ സന്ദേശം, സന്ദേശ സാക്ഷാത്കാരത്തിനുള്ള യജ്ഞം, എന്നിവയാണ് സാങ്കേതികമായി ഉമ്മത്തിന്റെ മൂന്ന് പ്രധാന ഘടകങ്ങള്‍. ചുരുക്കത്തില്‍ ആദര്‍ശ ബന്ധമാണ് ഉമ്മത്തിനെ ഒരുമിപ്പിക്കുന്ന പ്രധാന ഘടകം.

പല അര്‍ത്ഥങ്ങളിലും ഉമ്മത്ത് ഉപയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും ദേശീയമോ, വംശീയമോ, ഭാഷപരമോ, ആയ വൈജാത്യങ്ങളെയോ ഏകതയെയോ ഒരിക്കലും അത് സൂചിപ്പിച്ചിക്കുന്നില്ല. വ്യത്യസ്ത സംസ്‌കാരങ്ങളുമായി സമ്പര്‍ക്കപ്പെടുമ്പോഴും ഭാഷാ-ദേശങ്ങളുമായി സംലയിക്കുമ്പോഴും ഉമ്മത്തില്‍ ഉള്‍ചേര്‍ന്നിരിക്കുന്ന ആദര്‍ശ വിശുദ്ധിയാണ് ഏകതാനതയുടെ മാനദണ്ഡം. അതിലുപരി ഇത്തരം വൈജ്യാത്യങ്ങളെ തൃണവത്ഗണിച്ച് മുന്നോട്ട് പോവാന്‍ ഉമ്മത്തിലെ അംഗങ്ങള്‍ക്ക് സാധിക്കണമെന്നര്‍ത്ഥം.

ഉമ്മത്തിന്റെആദിമ മാതൃകയായി ഖുര്‍ആന്‍ അവതരിപ്പിക്കുന്ന മഹാ വ്യക്തിത്വം ഇബ്റാഹീം നബി(അ) യാണ്. ഒരു മഹാപ്രസ്ഥാനത്തോളം വലിപ്പമുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു ഇബ്റാഹീം നബി(അ). വ്യക്തി സമൂഹമായി വികാസം പ്രാപിച്ച അനുപമമായ ജീവിതം. ഇബ്റാഹീം നബി(അ) നെ നാല്കാര്യങ്ങളിലായി അല്ലാഹു പരീക്ഷിച്ചു. ഒന്ന്, ആത്മാര്‍പ്പണ ബോധം. രണ്ട്, ദേശ-വംശ ബിംബങ്ങളെ അവഗണിച്ച് സത്യത്തിന് വേണ്ടി പാലായനം ചെയ്യാനുള്ള സന്നദ്ധത. മൂന്ന്, നിലവിലുള്ള വിശ്വാസങ്ങളെയും സമകാലിക സാംസ്‌കാരിക ചിഹ്നങ്ങളെയും വെല്ലുവിളിക്കാനുള്ള ത്രാണി. നാല്, പുത്ര ബലിയിലൂടെയുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണം. ഈ പരീക്ഷണങ്ങളില്‍ വിജയം വരിച്ചപ്പോള്‍ അല്ലാഹു മഹാനവര്‍കളെ വിശേഷിപ്പിച്ചു: 'നബിയെ, താങ്കളെ നാം സര്‍വ്വ ജനതക്കും നേതാവായി നിയോഗിച്ചിരിക്കുന്നു.' (2:124). ഒരു നേതാവിനെ നിയോഗിക്കുന്നതിലൂടെ ഉമ്മത്തിന്റെ ആദിമ അടിത്തറ പാകുകയായിരുന്നു അവിടെ. തുടര്‍ന്ന് അദ്ദേഹം ചെയ്തത്, ഒരു ആസ്ഥാനം പണിയുകയായിരുന്നു; കഅ്ബയെന്ന സര്‍വ്വാശ്രയ തീര്‍ത്ഥാടന കേന്ദ്രം.

ഇബ്റാഹീം നബി(അ)ന്റെ പ്രബോധന മേഖല മധ്യേഷ്യയായിരുന്നു. അന്നത്തെ സകല നാഗരിക സമൂഹങ്ങളുടെയും ഒത്ത നടുവില്‍. സിറിയ, ആഫ്രിക്ക, ബാബിലോണിയ, മെസപ്പെട്ടോമിയ, ഇറാന്‍ തുടങ്ങിയ നാഗരിക കേന്ദ്രങ്ങളുടെ മധ്യത്തിലാണ് മക്ക സ്ഥിതി ചെയ്യുന്നത്. പ്രത്യയശാസത്രമെന്ന പോലെ ഭൂമി ശാസ്ത്ര പരമായും നമ്മുടെ ലോക വീക്ഷണം ഒരു മധ്യമ സ്വഭാവത്തെ സൂചിപ്പിക്കുന്നു എന്നര്‍ത്ഥം. 'നിങ്ങളെ മധ്യവര്‍ത്തികളായ സമുദായമാക്കിയിരിക്കുന്നു.' (2:143) എന്ന ഖുര്‍ആനിക സൂക്തം ഇതിനോട്ചേര്‍ത്തി വായിക്കേണ്ടതാണ്.

പരീക്ഷണങ്ങളെ തുടര്‍ന്ന് ഇബ്റാഹീം നബി(അ) നെ നേതാവാക്കി നിയോഗിച്ചെങ്കില്‍, ഉമ്മത്തിന്റെ കര്‍മ്മ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുകയാണെങ്കില്‍ നമുക്കും ലോകത്തിന്റെ നെറുകയിലെത്താം. അതാണ് ചരിത്രം നമുക്കു നല്‍കുന്ന പാഠവും. മഹാ കവി ഇഖ്ബാലിന്റെ മനോഹരമായ ഒരു കവിതാശകലത്തിന്റെ ആശയം ഇപ്രകാരമാണ്: 'മഞ്ഞു തുള്ളിയെ മഹാസമുദ്രം മാടിവിളിച്ചു വാ, എന്റെ മടിത്തട്ടില്‍ നിനക്ക് ഞാന്‍ അഭയം നല്‍കാം. മഞ്ഞു തുള്ളി പ്രതിവചിച്ചു: ഈ ചുട്ടുപഴുത്ത മണലില്‍ വീണ് നശിക്കുന്നതാണ് നിന്നില്‍ ലയിച്ചതാവുതിനേക്കാള്‍ എനിക്കിഷ്ടം. ഇസ്‌ലാാമിക സംസ്‌കാരം വളര്‍ത്തിയ ഒരു സമൂഹത്തിന്റെ സ്വത്വബോധത്തിന്റെ പ്രതീകമാണീ മഞ്ഞുതുള്ളി.'

ഖൈറു ഉമ്മ (ഉത്തമ സമുദായം) യിലേക്കുള്ള നവോത്ഥാന വഴിയില്‍ നാം മുറുകെ പിടിക്കേണ്ട അഞ്ച് ഘടകങ്ങളുണ്ട്. ഒന്ന്, പ്രത്യയ ശാസ്ത്രം, രണ്ട്, ലോക വീക്ഷണം, മൂന്ന്, ചരിത്ര ദര്‍ശനം, നാല്, മാതൃകാ വ്യക്തിത്വം, അഞ്ച്, മാതൃകാ സമൂഹം. ഇവയെ ഖുര്‍ആനിക അടിത്തറയില്‍ വെച്ച് സലക്ഷ്യം സമര്‍ത്ഥിക്കണം.

ചുരുക്കത്തില്‍, ഉമ്മത്ത് എന്നത് സ്വയം വന്ന് ചേരുന്ന ഒരു വിശേഷണമല്ല; അതൊരു ആര്‍ജ്ജിത വിശേഷണമാണ്. അത് കൊണ്ടാണ് ഉമ്മത്തിന്റെ കര്‍മ ധര്‍മങ്ങള്‍ വിവരിക്കുന്നിടത്ത് ഖുര്‍ആന്‍ 'നിങ്ങളില്‍ നിന്ന് ഉണ്ടായിവരട്ടെ' (3:104) എന്ന് തന്നെ പ്രയോഗിച്ചത്. അതിന്റെ രീതിശാസ്ത്രം ഖുര്‍ആന്‍ സുതരാം വ്യക്തമാക്കിയിട്ടുണ്ട്. വരാനുള്ളതെല്ലാം ഇന്നുള്ളതിനെ ആശ്രയിച്ചിരിക്കുന്നമെതിനാല്‍ നമുക്ക് വര്‍ത്തമാനത്തില്‍ നിന്ന് ഒന്നു കൂടി ചരിത്രത്തിലേക്ക് നടക്കേണ്ടി വരും. അവിടെയാണ് നമ്മുടെ വഴികൂടുതല്‍ ശോഭനമാകുത്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics