സമാന്തര ബന്ധങ്ങള്‍

മഴ മേഘങ്ങള്‍ പെയ്യാന്‍ വെമ്പി നില്‍ക്കുന്ന പോലെയുണ്ട്. വെള്ളം കെട്ടി നില്‍ക്കുന്ന ഒറ്റയടിപ്പാതയിലൂടെ അയാള്‍ വേഗത്തില്‍ നടന്നു. അറ്റമില്ലാത്തൊരു വഴിയായി അതയാള്‍ക്ക് തോന്നി. ക്ഷീണിച്ചു  വിളര്‍ത്ത മുഖം. എന്തോ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ട് എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ അറിയാം. നീണ്ടു കിടക്കുന്ന ആ പാത എത്തിയത് ആശുപത്രിക്ക് മുന്നിലാണ്. അപ്പോള്‍ അയാള്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.

ഹൃദയമിടിപ്പിന്റെ ശബ്ദം അയാളുടെ കര്‍ണ്ണപുടങ്ങളില്‍ പ്രകമ്പനം സൃഷ്ടിച്ചു. ആര്‍ദ്രമായ ചാറ്റല്‍ മഴയും തുടങ്ങി. ശരീരത്തില്‍ വീഴുന്ന തുള്ളികളെക്കാള്‍ കൂടുതല്‍, ആ തണുത്ത അന്തരീക്ഷത്തിലും വിയര്‍പ്പ് അയാളുടെ ദേഹത്തെ നനച്ചു കൊണ്ടിരുന്നു.

കാലുകള്‍ ചെന്നു നിന്നത് ICU എന്നെഴുതിയ വാതിലിന് മുന്നില്‍. അയാള്‍ എഴുതിയത് ഒന്ന് കൂടി വായിച്ച് നോക്കി, ICU 'ഞാന്‍ നിന്നെ കണ്ടോളാം' എന്ന് ദൈവം പറയുന്ന പോലെയയാള്‍ക്ക് തോന്നി. പുറത്ത് മഴ ആര്‍ത്തലച്ച് പെയ്യുന്നുണ്ടായിരുന്നു.

ഇരുപത് വര്‍ഷം പിണങ്ങിനിന്ന പുഴകള്‍ ഒന്നായ പോലെ, വാതിലില്‍ നിന്നിരുന്ന പയ്യന്‍ അയാളെ അകത്തേക്ക് കടക്കാന്‍ അനുവദിച്ചു. ഇത്രയും നാള്‍ സമാന്തരമായി സഞ്ചരിച്ചിരുന്ന  കൈവഴികള്‍  ഒന്നാകാന്‍ വെമ്പി.  വഴിമാറിയൊഴുകിയിരുന്ന ചോലകളുടെ സംഗമം   കണ്ണടച്ച് കിടക്കുന്ന സ്വന്തം രക്തത്തെ നോക്കി അയാള്‍ വിതുമ്പി. വര്‍ഷങ്ങളായി കെട്ടിനിര്‍ത്തിയ വികാരം അണപൊട്ടിയൊഴുകി. കട്ടിലില്‍ കിടക്കുന്ന ആള്‍ക്ക് ഒരു മാറ്റവും ഇല്ലായിരുന്നു. മരണത്തെ മുന്നില്‍ കാണുന്ന തന്റെ സഹോദരനെ ശല്യപ്പെടുത്തേണ്ടെന്നു കരുതി അയാള്‍ പുറത്തിറങ്ങി.

പുറത്തിരുന്ന പയ്യന്‍ ചോദിച്ചു, ങ്ങള് കണ്ടില്ലേ ഉപ്പയെ?.. ഇനി കുറച്ച് മണിക്കൂറുകള്‍ മാത്രേ ബാക്കിയുള്ളൂ എന്നാ ഇവര്‍ പറയുന്നത്. അവന്‍ കരയാന്‍ തുടങ്ങി. അവനെ ചേര്‍ത്ത് നിര്‍ത്തി അയാള്‍ പറഞ്ഞു, ഉപ്പ ഉറങ്ങുകയാണെന്ന് തോന്നുന്നു. ഞാന്‍ ഡോക്ടറെ കണ്ട് വിവരങ്ങള്‍ അറിഞ്ഞു വരാം.

പയ്യന്‍ ആകെ അമ്പരന്നു. അയാള്‍ വരുന്നതിനു നിമിഷങ്ങള്‍ മുന്‍പ് വരെ ഉപ്പ സംസാരിച്ചിരുന്നല്ലോ തന്നോട്. ചിന്തകള്‍ വല്ലാതെ വിഷമിപ്പിച്ചപ്പോള്‍ പയ്യന്‍ വാതില്‍ തുറന്നു ICU വില്‍ കയറി. ഉപ്പ ചിരിച്ചു കിടക്കുന്നു. അയാള്‍  പറഞ്ഞു 'ഇക്ക വന്നിരുന്നു, ഒരുപാട് കരഞ്ഞു, സങ്കടപ്പെട്ടു, ഇരുപത് വര്‍ഷത്തെ പിണക്കം കണ്ണീരു കൊണ്ട് കഴുകിയിട്ടാ ഇപ്പൊ പോയത്. '

പന്ത്രണ്ടോളം വയറുകള്‍ നെഞ്ചില്‍ ഘടിപ്പിച്ച്, മരണത്തോട് മല്ലിട്ട് കിടക്കുന്ന, അങ്ങേ ലോകത്തിന്റെ ചൂടും ചൂരും അനുഭവിച്ചു കൊണ്ടിരിക്കുന്ന ആ മനുഷ്യന്‍ പറഞ്ഞു..  'അവന്‍ വന്നത് ഞാന്‍ കണ്ടിരുന്നു. മനപ്പൂര്‍വ്വം കണ്ണടച്ച് കിടന്നതാ..'.

പത്ത് മാസം ചുമന്നില്ലെങ്കിലും, നൊന്തു പ്രസവിച്ചില്ലെങ്കിലും, സ്‌നേഹക്കടലാണ് ഉപ്പയെന്നു കരുതിയ പയ്യന്‍  തല കറങ്ങി താഴെ വീണു. കയ്യിലുരുന്ന ബില്‍ ഹൃദയ താപം കൊണ്ട് ഉരുകിയൊലിച്ചു.  അപ്പോഴും പുറത്ത് മഴ ശക്തിയായി  പെയ്യുന്നുണ്ടായിരുന്നു. കുത്തിയൊലിക്കുന്ന വെള്ളം കൂടിക്കലരാതെ സമാന്തരമായി....

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus