ഇബ്നു ഹമ്പല്‍; വിട്ടുവീഴ്ച്ചയില്ലാത്ത വിശ്വാസത്തിനുടമ

നാല് ഇമാമുമാരെക്കുറിച്ച ഈ പരമ്പരയിലൂടെ ഓരോ ഇമാമുമാരും വളരെ സവിശേഷവും അവിസ്മരണീയവുമായ പങ്കാണ് ഇസ്‌ലാമിക ചരിത്രത്തില്‍ നിര്‍വ്വഹിച്ചിട്ടുള്ളത് എന്നു നാം കണ്ടു. ഫിഖ്ഹ് ക്രോഡീകരണത്തില്‍ ശ്രദ്ധ ചെലുത്തുകയും എങ്ങനെയാണത് പഠിക്കേണ്ടത് എന്നതിനെക്കുറിച്ച് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുകയുമായിരുന്നു ഇമാം അബൂഹനീഫ ചെയ്തത്. അതേസമയം അല്‍-മുവത്വ എന്ന ഹദീസ് സമാഹാരത്തിലൂടെ ഫിഖ്ഹില്‍ ഹദീസിനുള്ള പ്രാധാന്യം കാണിച്ച് തരുകയായിരുന്നു ഇമാം മാലിക്. ഇമാം ശാഫിഇയാകട്ടെ, ഉസൂലുല്‍ ഫിഖ്ഹ് എന്ന വിജ്ഞാനശാഖക്ക് തുടക്കം കുറിച്ചുകൊണ്ട് ഫിഖ്ഹ് പഠനത്തെ വിപ്ലവവല്‍ക്കരിക്കുകയും ചെയ്തു.

നാല് ഇമാമുമാരില്‍ അവസാനത്തെ ആളായ അഹ്മദ് ഇബ്‌നു ഹമ്പലിന്റെ സംഭാവന ഫിഖ്ഹില്‍ പരിമിതപ്പെടുന്നില്ല. രാഷ്ട്രീയ അധികാരികളുടെ ക്രൂരമായ പീഢനങ്ങളും ജയില്‍വാസവും നേരിട്ടിട്ടും ഇസ്‌ലാമിക അധ്യാപനങ്ങളെ മുറുകെപ്പിടിക്കാന്‍ കാണിച്ച ധൈര്യമാണ് ഇമാം ഹമ്പലിന്റെ പ്രത്യേകത. അതിനാല്‍ തന്നെ ഇമാം ഹമ്പലിന്റെ പാരമ്പര്യം വെറും ഹമ്പലീ മദ്ഹബിന്റെ രൂപീകരണത്തില്‍ ഒതുങ്ങുന്നതല്ല. രാഷ്ട്രീയ അടിച്ചമര്‍ത്തലുകള്‍ക്കിടയിലും ഇസ്‌ലാമിക വിശ്വാസങ്ങളെ മുറുകെപ്പിടിക്കാന്‍ തയ്യാറായി എന്നതാണ് ഇമാം ഹമ്പലിനെ വ്യത്യസ്തനാക്കുന്നത്.

ആദ്യകാല ജീവിതം
778 ല്‍ അബ്ബാസിയ ഖിലാഫത്തിന്റെ തലസ്ഥാനമായ ബഗ്ദാദിലാണ് അഹ്മദ് ഇബ്‌നു ഹമ്പല്‍ അശ്ശൈബാനി ജനിക്കുന്നത്. ഒരു പുതിയ നഗരമായിരുന്ന ബഗ്ദാദ് പാണ്ഡിത്യത്തിന്റെ കേന്ദ്രമായി വികസിച്ച് കൊണ്ടിരിക്കുകയായിരുന്നു. അതിനാല്‍ തന്നെ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ധാരാളം പഠിക്കാനും തന്റെ ബൗദ്ധിക ചക്രവാളങ്ങളെ വികസിപ്പിക്കാനുമുള്ള അവസരങ്ങള്‍ ഇബ്‌നു ഹമ്പലിനുണ്ടായിരുന്നു. പത്ത് വയസ്സാകുമ്പോഴേക്ക് തന്നെ ഖുര്‍ആന്‍ മുഴുവന്‍ മന:പ്പാഠമാക്കാനും ഹദീസ് പഠനത്തിന് തുടക്കം കുറിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.

ഇമാം ശാഫഇയെപ്പോലെത്തന്നെ ഇമാം അഹ്മദിനും വളരെ ചെറുപ്പത്തില്‍ തന്നെ പിതാവിനെ നഷ്ടപ്പെടുകയുണ്ടായി. ബഗ്ദാദിലെ മഹാന്‍മാരായ ചില പണ്ഡിതരുടെ കൂടെ ഫിഖ്ഹും ഹദീസും പഠിക്കുന്നതോടൊപ്പം തന്നെ തന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ വേണ്ടി ഒരു പോസ്‌റ്റോഫിസിലും അദ്ദേഹം ജോലി ചെയ്തിരുന്നു. ഇമാം അബൂഹനീഫയുടെ വിദ്യാര്‍ത്ഥികളിലൊരാളായിരുന്ന അബൂയൂസുഫിന്റെ കീഴില്‍ പഠിക്കാനുള്ള ഭാഗ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇജ്തിഹാദ്, ഖിയാസ് തുടങ്ങിയ അടിസ്ഥാനപരമായ ഫിഖ്ഹീ പാഠങ്ങള്‍ അദ്ദേഹം പഠിക്കുന്നത് അബൂയൂസുഫില്‍ നിന്നാണ്.

ഹനഫീ മദ്ഹബില്‍ പ്രാവീണ്യം നേടിയതിന് ശേഷം അന്ന് ബഗ്ദാദില്‍ ജീവിച്ചിരുന്ന ഹൈഥം ഇബ്‌നു ബിശ്‌റടക്കമുള്ള മഹാന്‍മാരായ ഹദീസ് പണ്ഡിതരുടെ കീഴില്‍ അദ്ദേഹം പഠനം തുടരുകയുണ്ടായി. ഹദീസിലുള്ള തന്റെ വിജ്ഞാനം വര്‍ധിപ്പിക്കാനുള്ള ആവേശത്താല്‍ സുബ്ഹി നമസ്‌കാരത്തിന് ശേഷം അദ്ദേഹം തന്റെ അധ്യാപകരുടെ വീട്ടുമുറ്റത്ത് കാത്തുനില്‍ക്കാറുണ്ടായിരുന്നു. ബഗ്ദാദിലെ പഠനത്തിന് ശേഷം മക്ക, മദീന, യെമന്‍, സിറിയ തുടങ്ങിയ രാഷ്ട്രങ്ങളിലേക്ക് തുടര്‍പഠനത്തിനായി അദ്ദേഹം യാത്ര ചെയ്യുകയുണ്ടായി. അക്കാലത്താണ് മക്കയില്‍ വെച്ച് അദ്ദേഹം ഇമാം ശാഫിഇയെ കണ്ടുമുട്ടുന്നത്. ഹദീസും ഫിഖ്ഹും മന:പ്പാഠമാക്കുന്നതോടൊപ്പം തന്നെ അവയിലടങ്ങിയിരിക്കുന്ന തത്വങ്ങളെ മനസ്സിലാക്കാനും ഇമാം അദ്ദേഹത്തെ സഹായിക്കുകയുണ്ടായി. ഈ രണ്ട് ഇമാമുമാരും തമ്മില്‍ നിലനിന്നിരുന്ന ബന്ധം സൂചിപ്പിക്കുന്നത് മദ്ഹബുകള്‍ പര്‌സപര വിരുദ്ധമല്ല എന്നാണ്. മാത്രമല്ല, ഇമാം ശാഫിഇ ബഗ്ദാദ് വിട്ട സമയത്ത് അദ്ദേഹം പറഞ്ഞതിതായിരുന്നു: 'അബൂഹമ്പലിനോളം വലിയ ഭക്തനും നിയമവിദഗ്ധനും ഇന്ന് ബഗ്ദാദില്‍ ജീവിച്ചിരിപ്പില്ല.'

പണ്ഡിതനായ അഹ്മദ് ഇബ്‌നു ഹമ്പല്‍
ഇമാം ശാഫിഇക്ക് കീഴിലുള്ള പഠനത്തിന് ശേഷം ഇമാം അഹ്മദ് ഫിഖ്ഹില്‍ സ്വന്തമായ നിയമ അഭിപ്രായങ്ങള്‍ രൂപപ്പെടുത്താന്‍ തുടങ്ങുകയുണ്ടായി. ഇമാം അഹ്മദിന് നാല്‍പ്പത് വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ മാര്‍ഗ്ഗദര്‍ശിയായിരുന്ന ഇമാം ശാഫിഇ മരണപ്പെടുന്നത്. അതിന് ശേഷം ബഗ്ദാദിലെ ജനങ്ങള്‍ക്ക് ഇമാം അഹ്മദ് ഹദീസും ഫിഖ്ഹും പഠിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഓടിക്കൂടുമായിരുന്നു. നിര്‍ധരരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ശ്രദ്ധയാണ് അദ്ദേഹം നല്‍കിയിരുന്നത്.

മുസ്‌ലിം ലോകത്തിന്റെ തലസ്ഥാനമായിരുന്ന ബഗ്ദാദിലായിരുന്നു ജീവിച്ചിരുന്നതെങ്കിലും ആര്‍ഭാടജീവിതത്തില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയാണ് ചെയ്തത്. ലളിതജീവിതമാണ് അദ്ദേഹം നയിച്ചത്. ആളുകള്‍ നല്‍കിയിരുന്ന സമ്മാനങ്ങളൊന്നും തന്നെ അദ്ദേഹം സ്വീകരിച്ചിരുന്നില്ല. തനിക്ക് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അദ്ദേഹം ജീവിച്ചിരുന്നത്. രാഷ്ട്രീയ നേതാക്കന്‍മാരില്‍ നിന്നുള്ള സമ്മാനങ്ങളും അദ്ദേഹം സ്വീകരിച്ചിരുന്നില്ല. തന്റെ അധ്യാപനങ്ങളെ പ്രതികൂമായി ബാധിക്കും എന്നതിനാല്‍ തന്നെ രാഷ്ടീയ അധികാരികളില്‍ നിന്ന് സ്വതന്ത്രമായി നില്‍ക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

മിഹ്ന
അബ്ബാസിയ ഖലീഫയായിരുന്ന മഅ്മൂന്റെ ഭരണകാലത്ത് ഇമാം അഹ്മദ് ബഗ്ദാദിലായിരുന്നു. ബഗ്ദാദിനെ ഒരു ബൗദ്ധിക കേന്ദ്രമാക്കി മാറ്റുന്നതില്‍ മഅ്മൂന്റെ പങ്ക് നിര്‍ണ്ണായകമായിരുന്നു. മുഅ്തസില എന്ന റിയപ്പെട്ടിരുന്ന ഒരു വിഭാഗം അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു. ദൈവശാസ്ത്രമടക്കമുള്ള എല്ലാ മേഖലകളിലും യുക്തിപരതയെ മുറുകെപ്പിടിക്കുകയായിരുന്നു മുഅ്തസിലി തത്വചിന്ത ചെയ്തിരുന്നത്. അതിനാല്‍ തന്നെ ദൈവത്തെ മനസ്സിലാക്കാന്‍ ഖുര്‍ആനിനും തിരുസുന്നത്തിനും പകരം പുരാതന ഗ്രീക്കുകാര്‍ ആദ്യമായി വികസിപ്പിച്ച തത്വചിന്താപരമായ സങ്കേതങ്ങളെയായിരുന്നു മുഅ്തസിലി വിഭാഗം ആശ്രയിച്ചിരുന്നത്. അവരുടെ ഒരു പ്രധാന വിശ്വാസം ഖുര്‍ആന്‍ സൃഷ്ടിയാണ് എന്നായിരുന്നു. പുതുതായി സൃഷ്ടിക്കപ്പെടാത്ത, ആദ്യമേയുള്ള അല്ലാഹുവിന്റെ വചനമായിരുന്നു ഖുര്‍ആന്‍ എന്ന വിശ്വാസത്തെ അവര്‍ സ്വീകരിച്ചിരുന്നില്ല.

മുഅ്തസിലി ചിന്തയെയാണ് മഅ്മൂന്‍ പിന്തുടര്‍ന്നിരുന്നത്. തന്റെ ഖിലാഫത്തിന് കീഴിലുണ്ടായിരുന്ന പണ്ഡിതന്‍മാരടക്കമുള്ള എല്ലാ വിഭാഗം ജനങ്ങളുടെ മേലും അപകടകരമായ ഈ ചിന്താധാരയെ അദ്ദേഹം അടിച്ചേല്‍പ്പിക്കുകയായിരുന്നു. പീഢനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി മിക്ക പണ്ഡിതരും മുഅ്തസിലി ആശയങ്ങളെ സ്വീകരിച്ചെങ്കിലും തന്റെ വിശ്വാസത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇമാം അഹ്മദ് തയ്യാറായില്ല.

മിഹ്ന എന്ന് പേരിട്ട ഒരു ശിക്ഷാരീതി മഅ്മൂന്‍ നടപ്പിലാക്കുകയുണ്ടായി. മുഅ്തസിലി ആശയങ്ങളെ സ്വീകരിക്കാന്‍ വിസമ്മതിച്ച പണ്ഡിതരെല്ലാം ക്രൂരമായ പീഢനങ്ങള്‍ക്കാണ് ഇരയായത്. ഇമാം അഹ്മദിനെ മഅ്മൂന്റെ മുന്നില്‍ കൊണ്ടുവരികയും ദൈവശാസ്ത്രത്തെക്കുറിച്ച തന്റെ പരമ്പരാഗതമായ വിശ്വാസങ്ങള്‍ കൈവെടിയാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അത് നിരസിച്ച ഇമാം ക്രൂരമായ പീഢനങ്ങള്‍ നേരിടുകയുണ്ടായി. കൂടാതെ അദ്ദേഹം ജയിലിലടക്കപ്പെടുകയും ചെയ്തു. അദ്ദേഹം നേരിട്ട പീഢനങ്ങള്‍ നേരില്‍ കണ്ടവര്‍ പറഞ്ഞത് ഒരാനക്ക് പോലും ഇമാം അഹ്മദ് നേരിട്ട പീഢനങ്ങള്‍ സഹിക്കാന്‍ കഴിയുമായിരുന്നില്ല എന്നാണ്.

ഇമാം അഹ്മദ് പീഢനങ്ങളെയൊന്നും വകവെക്കാതെ തന്റെ വിശ്വാസത്തിലുറച്ച് നില്‍ക്കുകയും മഅ്മൂന്റെ ഖിലാഫത്തിന് കീഴിലുണ്ടായിരുന്ന മുഴുവന്‍ ജനങ്ങള്‍ക്കും മാതൃകയാവുകയും ചെയ്തു. രാഷ്ട്രീയ അധികാരികളുടെ ഭാഗത്ത് നിന്ന് എന്തെല്ലാം സമ്മര്‍ദ്ദങ്ങളുണ്ടായാലും മുസ്‌ലിംകള്‍ തങ്ങളുടെ വിശ്വാസങ്ങള്‍ വെടിയാന്‍ പാടില്ല എന്ന പാഠമാണ് ഇമാം നല്‍കുന്നത്. മഅ്മൂന്റെയും അദ്ദേഹത്തിന്റെ പിന്‍ഗാമികളുടെയും പീഢനങ്ങളെ ഇമാം അതിജയിക്കുകയുണ്ടായി. ഒടുവില്‍ 847ല്‍ ഖലീഫ അല്‍മുതവക്കിലിന്റെ കാലത്താണ് മിഹ്നക്ക് അന്ത്യം കുറിക്കപ്പെടുന്നത്. അതിനെത്തുടര്‍ന്ന് ബഗ്ദാദിലെ ജനങ്ങളെ പഠിപ്പിക്കാനും എഴുത്ത് തുടരാനും വീണ്ടും ഇമാം അഹ്മദിന് സ്വാതന്ത്ര്യം ലഭിക്കുകയുണ്ടായി. അക്കാലത്താണ് പ്രശസ്തമായ മുസ്‌നദ് അഹ്മദ് ഇബ്‌നു ഹമ്പല്‍ എന്ന ഹദീസ് സമാഹാരം അദ്ദേഹം രചിക്കുന്നത്. ഹമ്പലീ മദ്ഹബിന്റെ അടിസ്ഥാന ഗ്രന്ഥമാണത്.

855ല്‍ ബഗ്ദാദിലാണ് ഇമാം അഹ്മദ് മരണപ്പെടുന്നത്. ഹമ്പലീ മദ്ഹബിലോ ഇമാം സമാഹരിച്ച ഹദീസുകളിലോ ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ പാരമ്പര്യം.  ക്രൂരമായ രാഷ്ട്രീയ പീഢനങ്ങള്‍ക്ക് നടുവിലും ഇസ്‌ലാമിക വിശ്വാസങ്ങളെ കാത്തുസൂക്ഷിക്കാന്‍ കാണിച്ച ധൈര്യവും ജാഗ്രതയുമാണ് ഇമാം അഹ്മദിനെ ഇതര ഇമാമുമാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇതര മദ്ഹബുകളെ അപേക്ഷിച്ച് ചെറിയൊരു മദ്ഹബാണ് ഹമ്പലീ മദ്ഹബെങ്കിലും ചരിത്രത്തിലുടനീളം അബ്ദുല്‍ ഖാദര്‍ ജീലാനി, ഇബ്‌നു തൈമിയ്യ, ഇബ്‌നുല്‍ ഖയ്യിം, ഇബ്‌നു കഥീര്‍, മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബ് തുടങ്ങിയ നിരവധി പണ്ഡിതന്‍മാരെ ഇമാം അഹ്മദും അദ്ദേഹത്തിന്റെ ചിന്തകളും സ്വാധീനിച്ചിട്ടുണ്ട്.

വിവ: സഅദ് സല്‍മി

ഇമാം ശാഫിഇ; ഉസൂലുല്‍ ഫിഖ്ഹിന്റെ പിതാവ്

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics